ഓരോ ഫയലിലും ജീവിതമെന്ന് മുഖ്യമന്ത്രി; ചുവപ്പുനാടയിൽ കുരുങ്ങി 1,08,917 ഫയലുകൾ
Mail This Article
തിരുവനന്തപുരം ∙ കെട്ടിട നിര്‍മാണത്തിന് അനുമതി നല്കുന്ന ഫയല്‍ നിസാര കാരണങ്ങള്‍ പറഞ്ഞു പിടിച്ചുവച്ചതിനെത്തുടര്‍ന്ന് വ്യവസായി ആത്മഹത്യ ചെയ്തെന്ന സംഭവം വിവാദമാകുമ്പോള്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ചുവപ്പുനാടയ്ക്ക് പരിഹാരമില്ല. ഓരോ ഫയലിലും ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 1,08,917 ഫയലുകള്‍. രണ്ടു വര്‍ഷം പഴക്കമുള്ള 15,034 ഫയലും മൂന്നു വര്‍ഷം പഴക്കമുള്ള 25,731 ഫയലുകളുമുണ്ട്. റവന്യൂ വകുപ്പിലാണ് കൂടുതല്‍ ഫയലുകള്‍ തീരുമാനമാകാതെ കിടക്കുന്നത്. രണ്ടാം സ്ഥാനം മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനും മൂന്നാം സ്ഥാനം വിദ്യാഭ്യാസ വകുപ്പിനുമാണ്.
2019 മേയ് ഒന്നു വരെയുള്ള കണക്കനുസരിച്ച് 1,27,057 ഫയലുകളാണ് തീര്‍പ്പാക്കാനുണ്ടായിരുന്നത്. ഇന്നത്തെ കണക്കനുസരിച്ച് ഇതില്‍ 18,140 ഫയലില്‍ തീരുമാനമെടുത്തു. ഇനി തീര്‍പ്പാക്കാനുള്ളത് 1,08,917 ഫയലുകള്‍. മേയ് ഒന്നു വരെയുള്ള കണക്കനുസരിച്ച് 1,27,057 ഫയലുകളില്‍ മൂന്നു വര്‍ഷത്തിലേറെ പഴക്കമുള്ള ഫയലുകള്‍ 29,098. ഇന്നത്തെ കണക്കനുസരിച്ച് 3367 ഫയലുകള്‍ തീര്‍പ്പാക്കി. ഇനിശേഷിക്കുന്നത് 25,731 ഫയല്‍. രണ്ടുവര്‍ഷം പഴക്കമുള്ള 16,732 ഫയലുകളില്‍ 1698 എണ്ണം തീര്‍പ്പാക്കിയതോടെ ഇനി ശേഷിക്കുന്നത് 15,034 ഫയല്‍. ഈ മാസത്തെ കണക്കെടുപ്പ് നടക്കുകയാണെന്നും അതതു ദിവസം വരുന്ന ഫയലുകള്‍പോലും തീർപ്പാകേണ്ട ഇനത്തിലാണ് പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
2016 ജൂണ്‍ എട്ടിന് സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്. മുന്നില്‍വരുന്ന പല ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നു ഓര്‍മിക്കണമെന്നും ആ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പാകും ഒരു പക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും ജീവിക്കണോ മരിക്കണോ എന്നു നിശ്ചയിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം (മേയ് 1, 2019)
കൃഷി - 6055
മൃഗസംരക്ഷണം - 1397
ആയുഷ് - 1122
വിനോദസഞ്ചാരം - 930
തീരദേശ പരിപാലനം - 177
സഹകരണം - 4691
സാംസ്കാരികം - 1439
പരിസ്ഥിതി - 683
ധനം - 6628
ഫിഷറീസ്- 332
ഭക്ഷ്യം - 1617
വനം, വന്യജീവി സംരക്ഷണം - 3396
പൊതുഭരണം - 4946
പൊതുവിദ്യാഭ്യാസം - 11399
ആരോഗ്യം - 7223
ഉന്നത വിദ്യാഭ്യാസം - 7038
ആഭ്യന്തരം - 13900
ഭവനം - 395
വ്യവസായം - 6247
പിആര്‍ഡി - 764
തൊഴില്‍ - 3245
നിയമം - 1296
പ്രവാസി - 860
പാര്‍ലമെന്ററികാര്യം - 417
ഭരണപരിഷ്കാരം - 1173
പ്ലാനിങ് - 2112
തുറമുഖം - 1152
ഊര്‍ജം - 1814
മരാമത്ത് - 2985
റവന്യൂ - 17974
സൈനികം - 762
പട്ടികജാതി പട്ടികവര്‍ഗക്ഷേമം - 2375
ശാസ്ത്ര സാങ്കേതികം - 478
സ്റ്റോക്ക് പര്‍ച്ചേസ് - 381
വിനോദം - 1030
വിജിലന്‍സ് - 3290
ജലവിഭവം - 5133
ആകെ - 1,27,057 (ചില വകുപ്പുകളിലെ ഫയലുകളുടെ കണക്ക് ലഭ്യമല്ല)
English summary: Files dumped in kera secretariat