ADVERTISEMENT

തൊടുപുഴ ∙ ഏലക്കാ വില സർവകാല റെക്കോർഡിൽ. ചരിത്രത്തിൽ ആദ്യമായി ഉയർന്ന വില 5000 രൂപയിലെത്തി. ശരാശരി വില 3244 രൂപയിലും. മേയ് ആദ്യവാരം ഏലക്കായുടെ ഉയർന്ന വില 4000 മറികടന്നിരുന്നു. ഏപ്രിൽ 26ന് ആദ്യമായി 3000 രൂപയിൽ എത്തിയ ഉയർന്ന വിലയാണ് വ്യാഴാഴ്ച 5000 രൂപയിൽ എത്തിയത്.

ഏലക്കായുടെ വില കുതിച്ച് ഉയരുകയാണെങ്കിലും അതിന്റെ പ്രയോജനം ഏലം കർഷകർക്കു കാര്യമായി ഉണ്ടായിട്ടില്ല. വിളവ് ഇല്ലാത്ത സമയത്തു വില ഉയർന്നതാണു തിരിച്ചടിയാകുന്നത്. പ്രളയത്തിൽ ഒലിച്ചുപോയ കൃഷിയുടെ അവശേഷിക്കുന്ന ഭാഗം സംരക്ഷിക്കാനുള്ള കർഷകരുടെ ശ്രമത്തിനിടെയാണു വെല്ലുവിളിയായി വേനൽ എത്തിയത്.

അതോടെ ഹൈറേഞ്ചിൽ വൻതോതിൽ ഏലം കൃഷി നശിക്കാൻ കാരണമായി. ഉൽപാദനം നാമമാത്രമായി ചുരുങ്ങിയതോടെ ഏലക്കായുടെ ഇ-ലേലത്തിൽ വില ഓരോ ദിവസവും റെക്കോർഡുകൾ പഴങ്കഥയാക്കി. ഏപ്രിൽ 2 മുതലാണ് ഏലക്കായുടെ വില റെക്കോർഡുകൾ ഭേദിച്ചു കുതിക്കാൻ തുടങ്ങിയത്. 2016ൽ 500 രൂപയ്ക്കു വിൽപന നടന്ന ഏലക്കായുടെ വിലയാണ് ശരവേഗത്തിൽ കുതിക്കുന്നത്.

വിലയിടിഞ്ഞ് കുരുമുളക്; ആശങ്കയിൽ കർഷകർ 

ഏലം വില കുതിച്ചുകയറുമ്പോഴും ഹൈറേഞ്ചിലെ മറ്റൊരു പ്രധാന വിളയായ കരുമുളകിന്റെ വിലയിടിയുകയാണ്. വിപണിയിലേക്കുള്ള മുളകിന്റെ വരവിൽ വൻ കുറവ് അനുഭവപ്പെടുമ്പോഴും കുരുമുളകിന്റെ വില ഇടിയുന്നു. ജൂൺ ആദ്യവാരം 360 രൂപയായിരുന്ന കുരുമുളക് വില നിലവിൽ 340 രൂപയിലേക്കു താഴ്ന്നു. ഉൽപാദനത്തിലെ കുറവുമൂലം കർഷകരുടെ പക്കൽ കാര്യമായ തോതിൽ കുരുമുളക് ഇല്ലെങ്കിലും വിലയിടിവു തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

2017ലെ സീസൺ സമയത്ത് 700 രൂപ വരെ എത്തിയ കുരുമുളക് വിലയാണു നിലവിൽ ഉൽപാദനം കുറഞ്ഞിട്ടും ഉയരാതെ നിൽക്കുന്നത്. മുൻവർഷങ്ങളിൽ സ്‌കൂൾ സീസൺ ആരംഭിക്കുമ്പോൾ ഭേദപ്പെട്ട തോതിൽ വിപണിയിലേക്കു കുരുമുളക് എത്തിയിരുന്നു. ഇത്തവണ വരവ് വൻതോതിൽ കുറഞ്ഞു. അതിനൊപ്പം ഇടനിലക്കാർ കുരുമുളക് സൂക്ഷിച്ചു വയ്ക്കുന്ന പ്രവണത ഉണ്ടാകുന്നതായി സൂചനയുണ്ട്.

അതിനിടെ കാലവർഷം എത്തിയതോടെ കർഷകർ വീണ്ടും കൃഷിയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. പ്രളയവും വേനലും തകർത്ത കുരുമുളക് വിപണിക്ക് ഇതു പ്രതീക്ഷയേകുന്നു. പ്രതിസന്ധിയെ അതിജീവിച്ച കുരുമുളക് ചെടികൾ വീണ്ടും തളിർക്കുകയും തിരിയിടുകയും ചെയ്തിട്ടുണ്ട്. ചില മേഖലകളിൽ കാര്യമായ തോതിൽ മഴ ലഭിക്കാത്തതു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. രാസവള പ്രയോഗം കുറച്ച് ജൈവ കൃഷിയുമായി മുന്നോട്ടു പോകാനാണു കർഷകർ താൽപര്യം കാട്ടുന്നത്.

English Summary: Cardamom price touches new heights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT