ADVERTISEMENT

കണ്ണൂർ∙ ‘നൈജീരിയയിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ നിർമാണ മേഖലയിലെത്തിയപ്പോൾ താങ്കൾക്ക് എന്തെല്ലാം ബുദ്ധിമുട്ടാണു തോന്നിയത്..?’ പ്രാദേശിക ചാനലിലെ മാധ്യമ പ്രവർത്തകന്റേതായിരുന്നു ചോദ്യം. മറുവശത്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ. ഊർജസ്വലതയോടെ അന്നു തന്റെ ഭാവി പദ്ധതികൾ ഉൾപ്പെടെ പങ്കുവച്ച അദ്ദേഹം ഇന്നില്ല. മരിക്കുന്നതിനും ഏറെ നാളുകൾക്കു മുൻപ് പ്രാദേശിക ടിവി ചാനലിനു നൽകിയ സാജന്റെ അഭിമുഖ വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ‌‌

ജീവിതകാല സമ്പാദ്യം മുഴുവനും ചെലവിട്ടു നിർമിച്ച കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശരേഖയ്ക്കു വേണ്ടി നഗരസഭയിൽ പല തവണ കയറിയിറങ്ങി വലഞ്ഞ് ജീവനൊടുക്കിയ പ്രവാസിയായാണ് അദ്ദേഹം ഇന്നു കേരള ജനതയ്ക്കു മുന്നിലുള്ളത്. വർഷങ്ങളായി കയറ്റുമതി കമ്പനിയിൽ ജനറൽ മാനേജരായി കുടുംബസമേതം നൈജീരിയയിലായിരുന്നു സാജന്റെ ജീവിതം. 20 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിൽ നിന്നു ലഭിച്ച സമ്പാദ്യം നാടിനു കൂടി പ്രയോജനപ്പെടണമെന്നു കരുതിയാണു സാജൻ കണ്ണൂരിൽ നിക്ഷേപത്തിനു തയാറായത്. വിവിധ വില്ല പ്രൊജക്ടുകളുടെ നിർമാണം നടന്നു വരികയായിരുന്നു. അതിനിടെയാണ് കൺവൻഷൻ സെന്റർ പ്രതിസന്ധിയിലായത്. 

കേരളത്തിലെ നിർമാണ മേഖലയിൽ ഡോക്യുമെന്റേഷന്റെ പേരിലാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് സാജൻ അഭിമുഖത്തില്‍ പറയുന്നു. നിർമാണവുമായി ബന്ധപ്പെട്ടുള്ള രേഖകൾ തീർത്ത നൂലാമാലകളായിരുന്നു ആ പ്രവാസി വ്യവസായിക്ക് തിരിച്ചടിയായത്. ‘സർക്കാർ സെക്ടറുകളിൽ നിന്നുള്ള പിന്തുണ ഇവിടെ വളരെ മോശമാണ്. എന്തു കാര്യത്തിനു വേണ്ടിയാണെങ്കിലും സർക്കാർ ഓഫിസുകളിൽ പോകണം, അവിടെ വലിയ ബുദ്ധിമുട്ടുകളും. അതൊന്നു പരിഹരിച്ചാൽ കൂടുതൽ പേർ വരും, നിക്ഷേപം വരും. നിലവിലെ സിസ്റ്റം മാറ്റിയെടുക്കാൻ സർക്കാരും ജനങ്ങളും തയാറാകണം. നല്ല അവസരങ്ങളും അതുവഴിയുണ്ടാകും...’ സാജൻ പറയുന്നു. 

‘കണ്ണൂരിലിപ്പോൾ വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങൾ എല്ലാമാകുന്നു. ആ മാറ്റത്തിൽ താൽപര്യപ്പെട്ടാണ് ഇവിടേക്കു വന്നത്. പക്ഷേ നിർമാണ മേഖലയിലെ പ്രധാന വെല്ലുവിളി സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു പിന്തുണയും തീരെ ഇല്ല എന്നുള്ളതാണ്. ഒരു സമയത്ത് വരുമ്പോൾ മണലിന്റെ പ്രശ്നം പറയും, അതിന്റെ പേപ്പറില്ല അങ്ങനെയങ്ങനെ. പിന്നെ കല്ലിന്റെ പ്രശ്നം, സിമന്റ്.. ഇങ്ങനെ ഓരോ സമയത്തും പ്രശ്നങ്ങൾ. അങ്ങനെ മോശമായൊരു നിലയിലേക്ക് ബിസിനസ് പോകുന്നു. ഗവണ്മെന്റ് കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ വികസനത്തിൽ ഉൾപ്പെടെ മാറ്റം വരും...’  സാജൻ കൂട്ടിച്ചേർത്തു. 

നിർമാണ മേഖലയിൽ വിജയം കണ്ടാൽ വിദ്യാഭ്യാസ, ആശുപത്രി മേഖലകളിലേക്കു കടക്കുന്നതു സംബന്ധിച്ച പഠനം നടക്കുകയാണെന്നും അതു വിജയിച്ചാൽ സംരംഭങ്ങൾ ആരംഭിക്കുമെന്നുമുള്ള സ്വപ്നങ്ങളും പങ്കുവച്ചാണ് സാജൻ വാക്കുകൾ അവസാനിപ്പിക്കുന്നത്. തന്റെ സ്വപ്ന പദ്ധതിയായ കൺവൻഷൻ സെന്ററിനു മുന്നിൽ നിൽക്കുന്ന സാജനെയും വിഡിയോയിൽ കാണാം. ഭാര്യ ബീന, മക്കൾ പാർഥിവ്, അർപിത എന്നിവരെപ്പറ്റിയും അദ്ദേഹം അഭിമുഖത്തിൽ വാചാലനാകുന്നുണ്ട്.

സ്വപ്നമായിരുന്നു അത്...

പാർട്ടി ഗ്രാമമായ ബക്കളത്ത് 15 കോടി രൂപ മുടക്കിയാണു സാജൻ കൺവൻഷൻ സെന്റർ നിർമിച്ചത്. നിർമാണത്തിലെ അപാകത കാരണം കെട്ടിടം പൊളിക്കണമെന്ന് ആന്തൂർ നഗരസഭ നോട്ടിസ് നൽകി. സാജന്റെ പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറിൽ പരിശോധന നടത്തി. അപാകതയില്ലെന്നാണു ടൗൺ പ്ലാനിങ് ഓഫിസർ റിപ്പോർട്ട് നൽകിയതെന്നു സാജന്റെ കമ്പനിയായ പാർഥ ബിൽഡേഴ്സ് അധികൃതർ പറയുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞു ഫയൽ പിടിച്ചുവയ്ക്കുകയാണെന്നു സാജൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. 

കടുത്ത പാർട്ടി അനുഭാവിയായിരുന്ന സാജൻ ആന്തൂർ അടക്കം പല പാർട്ടി ഗ്രാമങ്ങളിലെയും പരിപാടികളിലെ സജീവ സ്പോൺസറായിരുന്നു. വർഷങ്ങളായി വിദേശത്തായിരുന്നതിനാലാണു സാജനു പാർട്ടി അംഗത്വം ലഭിക്കാതിരുന്നതെന്നു കുടുംബം പറയുന്നു. എന്നാൽ, നാട്ടിലെത്തിയാൽ പാർട്ടി വായനശാലകളുടെ പരിപാടികളിലും സൗകര്യങ്ങൾ വർധിപ്പിക്കാനും സാജൻ സാമ്പത്തികമായി പിന്തുണ നൽകിയിരുന്നു.

അടുത്തിടെ പാർട്ടിയുടെ പിന്തുണയോടെ സംഘടിപ്പിച്ച കുളം നവീകരണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നൽകി. നഗരസഭയിൽ നിന്ന് അനാവശ്യ സമ്മർദമുണ്ടായപ്പോഴും പാർട്ടി അനുഭാവിയെന്ന നിലയിലാണു നേരിട്ടു സിപിഎം ജില്ലാ കമ്മിറ്റിയെ സമീപിച്ചത്.

വളരെ ചെറുപ്പത്തിൽ ചെറിയ ടെക്സ്റ്റൈൽ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി വിവിധ ജില്ലകളിൽ പ്രവർത്തിച്ചായിരുന്നു സാജന്റെ തുടക്കം. പിന്നീട് മുംബൈയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ കമ്പനികളിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തു. അവിടെ നിന്നാണ് നൈജീരിയയിലേക്കു കുടുംബസമേതം പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com