sections
MORE

താമസിക്കുന്നത് ഉദ്യോഗസ്ഥർക്കുള്ള വീട്ടിൽ; ഒഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം

Alphons Kannanthanam
അൽഫോൻസ് കണ്ണന്താനം
SHARE

ന്യൂഡൽഹി∙ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാൻ താൻ വിസമ്മതിച്ചെന്ന തരത്തിലുള്ള റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് മുൻകേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. രാജ്യസഭാംഗം എന്ന നിലയിൽ അനുവദിച്ച പുതിയ ഫ്ലാറ്റ് പോരെന്നും സഹമന്ത്രിയുടെ ബംഗ്ലാവ് ഒഴിയില്ലെന്നും കണ്ണന്താനം ഉദ്യോഗസ്ഥരെ അറിയിച്ചെന്നായിരുന്നു വാർത്ത. എന്നാൽ മുൻ മന്ത്രിയും നിലവിലെ എംപിയും മുൻ എംഎൽഎയും എന്ന നിലയിൽ തനിക്ക് അവകാശപ്പെട്ട ബംഗ്ലാവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു. ഹൗസിങ് മന്ത്രാലയത്തിനാണ് അതിനുള്ള ചുമതല. ബംഗ്ലാവ് നിലനിർത്താമെന്ന ഉറപ്പ് കേന്ദ്ര ഹൗസിങ് മന്ത്രി ഹർദീപ് സിങ് പുരി തന്നെ നേരിട്ടു പറഞ്ഞിട്ടുണ്ട്. രാജ്യസഭാ സെക്രട്ടറി ജനറലും ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗിക വസതി ഒഴിയണമെന്നുള്ള നിർദേശം തനിക്കു ലഭിച്ചിട്ടില്ല. അത്തരമൊരു വിഷയം തന്നെ നിലവിലില്ലാത്ത സാഹചര്യത്തിൽ അങ്ങനെയൊരു അറിയിപ്പ് ഇനി ലഭിക്കുകയുമില്ല.

സാധാരണ ഗതിയിൽ കാബിനറ്റ് മന്ത്രിമാർക്ക് ടൈപ് 8 ബംഗ്ലാവാണ് അനുവദിക്കുക. എന്നാല്‍ താൻ കേന്ദ്ര ഉദ്യോഗസ്ഥർക്കുള്ള ടൈപ് 7 ബംഗ്ലാവാണ് തിരഞ്ഞെടുത്തത്. ആഡംബരം ആവശ്യമില്ലാത്തതിനാലായിരുന്നു അത്. മന്ത്രിമാർ മാറിപ്പോകുന്ന ഒഴിവിൽ ടൈപ് 8 ബംഗ്ലാവിലേക്കു പുതുതായി താമസം മാറ്റുന്നവർക്ക് ഫർണിച്ചർ ഉൾപ്പെടെ വാങ്ങേണ്ട ആവശ്യമില്ല. എല്ലാ സൗകര്യങ്ങളും അവിടെയുണ്ടാകും. എന്നാൽ താൻ ഉപയോഗിച്ച ബംഗ്ലാവിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ഒറ്റയ്ക്കായിരുന്നു താമസം. അവിടെ വരുമ്പോൾ ഒരു കസേര പോലുമുണ്ടായിരുന്നില്ല. വീട് നശിച്ച അവസ്ഥയിലായിരുന്നു. അതിനെ ഫർണിഷ് ചെയ്ത് താമസയോഗ്യമാക്കിയെടുക്കുകയാണ് താൻ ചെയ്തത്.

വീട് മാറുമ്പോൾ മന്ത്രിമാർക്ക് നിശ്ചിത തുക ലഭിക്കും. എന്നാൽ തനിക്കു ലഭിച്ചത് മന്ത്രി മന്ദിരമല്ലാതിരുന്നതിനാൽ അൽപം പണം ചെലവാക്കേണ്ടി വന്നു. അതു വഹിച്ചത് ഹൗസിങ് മന്ത്രാലയമാണ്. എന്നാൽ തനിക്ക് അവകാശപ്പെട്ട പണം മാത്രമാണ് മന്ത്രാലയത്തിൽ നിന്നു കൈപ്പറ്റിയത്. ബാക്കി തുക വാടകയായി ഇപ്പോഴും അടച്ചു കൊണ്ടിരിക്കുകയാണ്. മന്ത്രിവസതികൾ അനുവദിക്കുന്ന കാബിനറ്റ് കമ്മിറ്റിയല്ല തനിക്ക് വീട് നൽകേണ്ടത്. ഒന്നുകിൽ അത് ഹൗസിങ് മന്ത്രാലയം അനുവദിക്കണം. അല്ലെങ്കിൽ രാജ്യസഭാ സെക്രട്ടറി ജനറൽ ഹൗസിങ് മന്ത്രാലയത്തിലേക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതണം. രണ്ടു നടപടികളും പൂർത്തിയാക്കിയതാണ്. ലോധി ഗാർഡനിലെ നിലവിലെ വീട് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നു മാത്രമല്ല അതു നിലനിർത്താൻ സർക്കാർ ഉത്തരവോടെ തന്നെ അനുമതിയുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

ഐടി മന്ത്രി ആയിരിക്കെ വകുപ്പിൽനിന്നു മന്ത്രിവസതിയിലേക്ക് എടുത്ത സാധനസാമഗ്രികൾ ഇതുവരെയും മടക്കി നൽകിയിട്ടില്ലെന്ന റിപ്പോർട്ടും അസംബന്ധമാണ്. അതു സംബന്ധിച്ച നോട്ടീസൊന്നും ലഭിച്ചിട്ടില്ല. മന്ത്രിയുടെ ക്യാംപ് ഓഫിസാണ് ഐടി വകുപ്പ് ജീവനക്കാരെത്തി ഒരുക്കിത്തന്നത്. അതു പൂട്ടിക്കിടക്കുകയാണ്. അവിടെയുള്ള എല്ലാ വസ്തുക്കളും കൊണ്ടുപോകണമെന്ന് താനാണ് ആവശ്യപ്പെട്ടത്. എന്നാൽ ജീവനക്കാർ വന്ന് എസ്റ്റിമേറ്റ് എടുത്തു പോയി. സ്റ്റോറേജിനുള്ള സൗകര്യം ലഭിക്കുന്നതിനനുസരിച്ചു മാറ്റാമെന്നാണ് വകുപ്പിൽ നിന്ന് അറിയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി. ടൂറിസം വകുപ്പിൽനിന്നും ഐടിഡിസിയിൽനിന്നും കൈപ്പറ്റിയ വസ്തുക്കൾ മടക്കി നൽകാൻ ടൂറിസം ഡയറക്ടർ ജനറൽ മീനാക്ഷി ശർമ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടും അടിസ്ഥാനരഹിതമാണ്. ഐടിഡിസിയിൽ നിന്ന് ഒരു മൊട്ടുസൂചി പോലും എടുത്തിട്ടില്ല. അവിടെ നിന്ന് ഒരു കാപ്പി പോലും താൻ കുടിച്ചിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

നിലവിൽ രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപിയാണു കണ്ണന്താനം. കഴിഞ്ഞ വർഷം മേയ് 14ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് കണ്ണന്താനത്തിൽനിന്നു മാറ്റിയിരുന്നു. പൊതുതിരഞ്ഞെടുപ്പ് വരെ ടൂറിസം മന്ത്രി മാത്രമായി തുടരുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പിൽ എറണാകുളത്ത് എൻഡിഎ സ്ഥാനാർഥി ആയിരുന്നു.

English Summary: Former minister Alphons Kannanthanam denies reports on official residence in New Delhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA