ADVERTISEMENT

ലക്നൗ ∙ രണ്ടു ദശാബ്ദക്കാലത്തിലേറെ നീണ്ട ശത്രുത മറന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചെങ്കിലും എസ്പി–ബിഎസ്പി മഹാസഖ്യം വീണ്ടും തകർന്നു. വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കുമെന്നും മഹാഘട്ബന്ധൻ ഇല്ലാതായെന്നും ബിജെപിയെ തോൽപിക്കാൻ എസ്പി സഖ്യം പോരെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനുശേഷം എസ്പി തലവൻ അഖിലേഷ് യാദവ് തന്നെ വിളിച്ചതുപോലുമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. ബിഎസ്പിയുടെ ലോക്സഭാ തിര‍ഞ്ഞെടുപ്പു പ്രകടനം വിലയിരുത്താൻ വിളിച്ചുചേർത്ത മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് അധ്യക്ഷ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

യുപിയിൽ സഖ്യം പരാജയപ്പെട്ടതിനു പിന്നാലെ മായാവതിയെ വിളിക്കണമെന്ന് ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര അഖിലേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം സമ്മതിച്ചില്ല. എന്നാൽ എസ്പിയുടെ സുപ്രധാന നേതാക്കളായ ഡിംപിൾ യാദവും ധർമേന്ദ്ര യാദവും തോറ്റത് തന്നെ ഞെട്ടിച്ചെന്നും അക്കാര്യത്തിലുള്ള ദുഃഖം അഖിലേഷുമായി പങ്കുവയ്ക്കാൻ വിളിച്ചിരുന്നുവെന്നും മായാവതി വ്യക്തമാക്കി. ഭാര്യയായ ഡിംപിളിന്റെ ജയം ഉറപ്പാക്കാൻ പോലും അഖിലേഷിനായില്ലെന്നു പിന്നീട് മായാവതി കുറ്റപ്പെടുത്തുകയും ചെയ്തു.

‘2012–2017 കാലത്തെ എസ്പി ഭരണകാലത്ത് ബിഎസ്പിക്കെതിരെയുണ്ടായ നടപടികളും ദലിത് വിഭാഗത്തിനെതിരെ സര്‍ക്കാർ കൈക്കൊണ്ട തീരുമാനങ്ങളുമെല്ലാം മറന്നതാണ്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതുപോലും മറന്ന് എസ്പിക്കൊപ്പം ചേർന്നത് മഹാസഖ്യത്തിന്റെ ‘ധർമം’ മനസ്സിലുള്ളതു കൊണ്ടായിരുന്നു. രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനാണ് എസ്പിക്കൊപ്പം ചേർന്നിരുന്നത്’– മായാവതി ട്വീറ്റ് ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷമുള്ള എസ്പിയുടെ സമീപനമാണ് സഖ്യം ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. അങ്ങനെ നോക്കുമ്പോൾ ഭാവിയിൽ ബിജെപിയെ തോല്‍പിക്കാൻ എസ്പി സഖ്യം പോരാതെ വരും. വരാനിരിക്കുന്ന എല്ലാ ചെറിയ, വലിയ തിരഞ്ഞെടുപ്പുകളിലും പാർട്ടി താൽപര്യം പരിഗണിച്ച് ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കും.

പ്രധാനമന്ത്രിയാകണമെന്ന സ്വപ്നം തകർന്നതിനാലാണ് മായാവതി മഹാസഖ്യം ഉപേക്ഷിച്ചു പോകുന്നതെന്ന് ഡിംപിൾ യാദവ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയാക്കാൻ സഹായിക്കുന്ന പാർട്ടിക്കൊപ്പം മാത്രമേ മായാവതി നിൽക്കുകയുള്ളൂവെന്നും ഡിംപിൾ ട്വീറ്റ് ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പി, ബിഎസ്പി, ആർഎൽഡി സഖ്യം ചേർന്നാണ് മഹാഘട്ബന്ധൻ രൂപീകരിച്ചത്. എന്നാൽ ബിഎസ്പിക്ക് യുപിയിൽ ആകെ ലഭിച്ചത് 10 സീറ്റ്, എസ്പിക്ക് അഞ്ചും. ആർഎല്‍ഡിക്ക് സീറ്റൊന്നും ലഭിച്ചില്ല. ഇതിനു പിന്നാലെ മഹാസഖ്യത്തോടു വിടപറഞ്ഞ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ വെവ്വേറെ മത്സരിക്കാൻ ബിഎസ്പിയും എസ്പിയും ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യാദവ വോട്ടുകൾ സ്വന്തമാക്കാൻ കഴിയാത്ത എസ്പിയുമായി കൈകോർത്തിട്ടു കാര്യമില്ലെന്നു വിലയിരുത്തിയ ബിഎസ്പി 11 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്നും വ്യക്തമാക്കി.

ബിഎസ്പിയുമായുള്ള സഖ്യം അവസാനിച്ചാൽ, ഒറ്റയ്ക്കു മത്സരിക്കാൻ തയാറാണെന്നും മുതിർന്ന നേതാക്കളുമായി ആലോചിച്ചശേഷം ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും എസ്പി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചു. ഒറ്റയ്ക്കു മത്സരിക്കാൻ ബിഎസ്പി തീരുമാനിച്ചാൽ താൻ സ്വാഗതം ചെയ്യുമെന്നും 2022 ൽ യുപിയിൽ എസ്പി സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ നേരിടാൻ 2019 ഏപ്രിലിലാണ് എസ്പിയും ബിഎസ്പിയും യുപിയിൽ കൈകോർത്തത്. എസ്പിയുമായി ഇതിനു മുൻപ് മായാവതി കൈകോർത്തത് 1993ലാണ്. യുപിയിൽ ബിജെപിയെ പുറത്താക്കാനുള്ള ഐക്യം പക്ഷേ, രണ്ടു വർഷത്തിനുള്ളിൽ തകർന്നു. 1995ൽ മായാവതിയെ എസ്പി പ്രവർത്തകർ സംസ്ഥാന ഗെസ്റ്റ് ഹൗസിൽ ആക്രമിച്ചതാണു വേർപിരിയലിൽ കലാശിച്ചത്. യുപി രാഷ്ട്രീയത്തിൽ ഇത് ‘ഗെസ്റ്റ് ഹൗസ് സംഭവം’ എന്നാണറിയപ്പെടുന്നത്. 24 വർഷത്തിനു ശേഷം ഇരുവരും ഒന്നിച്ചതും ബിജെപിയെ മുട്ടുകുത്തിക്കാനായിരുന്നു. അതും ഇപ്പോൾ തകർന്നില്ലാതായി.

English Summary: It's Over, Says Mayawati, Questions Behaviour Of 'Ex' Samajwadi Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com