ADVERTISEMENT

തിരുവനന്തപുരം ∙  പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സാങ്കേതിക വിദഗ്ധരുടെ ഉപദേശമനുസരിച്ചായിരിക്കും ഇനി പദ്ധതികള്‍ക്ക് അനുമതി നല്‍കുക. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഇപ്പോഴുള്ള പരമാധികാരം കുറയ്ക്കാന്‍ നിയമഭേദഗതി വരുത്തും. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന.

തിരുവനന്തപുരം നഗരൂരില്‍ ഭിന്നശേഷിക്കാരനെ പഞ്ചായത്ത് പീഡിപ്പിക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. എല്ലാ പരാതികളിലും അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ചത്.

നഗരസഭാ സെക്രട്ടറിമാരുടെ തീരുമാനങ്ങള്‍ക്ക് എതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ തിരുവനന്തപുരത്തിന്‌ പുറമേ കോഴിക്കോടും കൊച്ചിയിലും ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിർമാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് നിലവിൽ അധികാരമുള്ളത്.

സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല എന്ന സ്ഥിതിയാണുള്ളത്. തിരുവനന്തപുരത്ത് മാത്രമേ നിലവിൽ ട്രിബ്യൂണല്‍ പ്രവർത്തിക്കുന്നുളളു. ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം. 

വ്യവസായി സാജന്റെ ആത്മഹത്യയ്ക്കു കാരണക്കാരിയായ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള കെ.എം.ഷാജിയുടെ  അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിക്ഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ തടസ്സപ്പെടുത്തി. സഭ പിരിഞ്ഞു.

നാട്ടിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താനും ജീവിക്കാനും കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ലോക കേരള സഭ വൈസ് ചെയർമാർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് ഏതുവകുപ്പനുസരിച്ച്, ആർക്കൊക്കെ എതിരെ വേണമെന്ന് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: The power of secretaries at local self-government  should be curtailed says CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com