ADVERTISEMENT

കണ്ണൂർ∙ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുന്നു. പി.കെ.ശ്യാമളയ്ക്കെതിരെ പ്രത്യക്ഷ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കണ്ടെടുത്ത സാജന്‍റെ ഡയറില്‍ ആരുടെയും പേര് രേഖപ്പെടുത്താത്തത് കേസ് ദുര്‍ബലപ്പെടാന്‍ ഇടയാകും എന്നാണ് വിലയിരുത്തല്‍. അതേ സമയം പാര്‍ഥ കണ്‍വന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ നഗരസഭ ആരംഭിച്ചു.  

സാജന്‍റെ കുടുംബം പി.കെ.ശ്യാമളയ്ക്കെതിരായുള്ള മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. നഗരസഭാധ്യക്ഷയുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സാജന്‍റെ ഭാര്യ ബീന രണ്ടാമതും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കേസ് മുന്നോട്ട് പോകില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. 

ഇന്നലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സാജന്‍ എഴുതിയ ഡയറിയും കുറിപ്പും കണ്ടെത്തിയത്. അതില്‍ ആരെയും പേര് പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഉദ്യോഗസ്ഥരുടെ പീഡനത്തെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്. സഹായിച്ച പി.ജയരാജനടക്കമുള്ളവരെ കുറിച്ചും പരാമര്‍ശമുണ്ട്.

നിലവില്‍ തെളിവെടുപ്പ് തുടരുന്ന അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യും. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും. തുടര്‍ന്ന് മാത്രമെ പി.കെ.ശ്യാമളയെ ചോദ്യം ചെയ്യുകയുള്ളൂ. ആന്തൂര്‍ നഗരസഭയിലെ ഫയലുകളും പാര്‍ഥ കണ്‍വന്‍ഷന്‍ സെന്‍ററിലെ രേഖകളും ഡിവൈഎസ്പി വിഎ.കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. 

അതേസമയം ഇന്നലെ താല്‍ക്കാലിക ചുമതലയേറ്റ പുതിയ സെക്രട്ടറി എം.സുരേശന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കുന്നതിനുള്ള പരിശോധനകള്‍ തുടങ്ങി. എത്രയും പെട്ടെന്ന് ലൈസന്‍സ് അനുവദിക്കണം എന്നാണ് നിര്‍ദേശം. സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായത് കൊണ്ടാണ് അനുമതി നല്‍കാന്‍ വൈകിയത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അറസ്റ്റ് ഒഴിവാക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു നഗരസഭാ സെക്രട്ടറി  എംകെ ഗിരീഷിന്റെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ജസ്റ്റീസ് ബി സുധീന്ദ്രകുമാര്‍ തയ്യാറായില്ല.  

പരാതിക്കാരിയായ സാജന്റെ ഭാര്യ ബീനയെ കേസില്‍ കക്ഷിചേര്‍ത്തു. പ്രവാസിയുടെ ആത്മഹത്യയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും താന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭാ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

English Summary: Suicide of Entrepreneur Sajan Parayil: no evdience found against Anthoor municipal chairperson says Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com