ADVERTISEMENT

ജൂൺ 17നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ മരണം. മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി(67) വിചാരണയ്ക്കിടെ കോടതിമുറിയിലെ ചില്ലുകൂട്ടിൽ കുഴഞ്ഞുവീണു മരിച്ചതു പക്ഷേ ഈജിപ്തിൽ മാത്രം വലിയ ഞെട്ടലുണ്ടാക്കിയില്ല. പട്ടാള ഭരണകൂടത്തിന്റെ കർശന നിയന്ത്രണമുള്ള മാധ്യമങ്ങൾക്കെല്ലാം മരണ വാർത്തയെ ഉൾപ്പേജിലെ ചെറുകോളത്തിൽ ഒതുക്കേണ്ടി വന്നു. സർക്കാരിനു കീഴിലുള്ള അൽ–അഹ്റം പത്രം ഏഴു വരികളിൽ വാർത്തയൊതുക്കിയത് ക്രൈം പേജിൽ! മുൻ പ്രസിഡന്റാണ് മുർസിയെന്നത് ഒരിടത്തു പോലും പരാമർശിച്ചില്ല. ഈജിപ്ഷ്യൻ ഇന്റലിജൻസിനു കീഴിൽ പ്രവർത്തിക്കുന്ന സിബിസി ചാനലിലെ അവതാരക മരണവാർത്ത പറഞ്ഞവസാനിപ്പിച്ചത് ‘send from a Samsung device’ എന്നായിരുന്നു. ഭരണകൂടം തയാറാക്കി അയച്ചു കൊടുത്ത സ്ക്രിപ്റ്റാണ് മുർസിയുടെ മരണവാർത്തയിൽ പോലും മാധ്യമങ്ങൾ ഉപയോഗിച്ചതെന്നു വ്യക്തം.

മുർസി മരിച്ച് മൂന്നു മണിക്കൂറിനപ്പുറം പബ്ലിക് പ്രോസിക്യൂട്ടർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു– ആരോഗ്യപരമായി മുർസിക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല എന്നായിരുന്നു അത്. അതോടെ ഭരണകൂടത്തിനും ക്ലീൻ ചിറ്റ്. മരിച്ചതിനു പിന്നാലെ അതിവേഗം കബറടക്കവും കഴിഞ്ഞു. ഭാവിയിൽ സ്മാരകമായി മാറ്റാനാകാത്ത വിധം കയ്റോയിലെ നാസ്‌ർ സിറ്റിയിലായിരുന്നു കബറടക്കം. ഷർഖിയയിലെ കുടുംബ കബർസ്ഥാനിൽ കബറടക്കണമെന്ന ആഗ്രഹത്തിനു ചെവികൊടുത്തില്ലെന്നു മാത്രമല്ല, കുടുംബാംഗങ്ങളിൽ 10 പേർക്കും അഭിഭാഷകർക്കും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അതു നടന്നതാകട്ടെ കനത്ത സുരക്ഷയിലും. അതിനിടയിലും ചിലരെങ്കിലും ജയിൽ ഉദ്യോഗസ്ഥരോട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെപ്പറ്റി ചോദിച്ചു– ആർക്കും ഉത്തരമുണ്ടായിരുന്നില്ല! മുർസിയുടെ മരണത്തിനു പിന്നിലെ ദുരൂഹത ആരംഭിക്കുന്നതും അവിടെ നിന്നായിരുന്നു...

‘എനിക്ക് ബുള്ളറ്റ് പ്രൂഫ് വേണ്ട’

എൻജിനീയറായിരുന്നു മുഹമ്മദ് മുർസി. യുഎസിൽ പിഎച്ച്ഡി ചെയ്ത് 1985ൽ തിരിച്ചെത്തിയ അദ്ദേഹം സർവകലാശാലയുമായി ബന്ധപ്പെട്ട അക്കാദമിക് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതിനിടെയാണ് ഈജിപ്‌തിലെ ഏറ്റവും പഴക്കംചെന്നതും സുസംഘടിതവുമായ രാഷ്‌ട്രീയ പ്രസ്‌ഥാനമായ മുസ്‌ലിം ബ്രദർഹുഡിനൊപ്പം ചേരുന്നത്. സംഘടനയാകട്ടെ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ കണ്ണിലെ കരടും. മുസ്‌ലിം ബ്രദർഹുഡിന് സ്ഥാനാർഥിയെ നിർത്താന്‍ സാധിക്കാത്തതിനാൽ 2000ത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കു സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു അദ്ദേഹം. ഒറ്റ ടേം മാത്രമേ പൂർത്തിയാക്കിയുള്ളൂവെങ്കിലും ഈജിപ്ഷ്യൻ രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമാവുകയായിരുന്നു അതോടെ മുർസി.

mohamed-morsi-egypt
മുഹമ്മദ് മുർസി

30 വർഷത്തെ ഏകാധിപത്യഭരണത്തിനൊടുവിൽ 2011 നവംബറിലാണ് ഈജിപ്ഷ്യൻ വിപ്ലവ രോഷത്തിലെരിഞ്ഞ് ഹുസ്‌നി മുബാറക് പുറത്തുപോകുന്നത്. അതിനു പിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ ഡപ്യൂട്ടി തലവൻ ഖയ്റാത്ത് അൽ–ഷാത്തെറിനെ മത്സരിപ്പിക്കാനായിരുന്നു മുസ്‌ലിം ബ്രദർഹുഡിന് ആഗ്രഹം. എന്നാൽ ഒരു ജയിൽ ശിക്ഷയുടെ പേരിൽ അദ്ദേഹത്തിന് അവസരം നഷ്ടമായി. അങ്ങനെയാണ് സംഘടനയുടെ വിശ്വസ്തനായ മുർസിക്കു നറുക്ക് വീഴുന്നത്. ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ കീഴിലായിരുന്നു മത്സരിച്ചത്. അതുവരെ ‘സ്പെയർ ടയർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുർസി ഈജിപ്തിലെ നിർണായക ശക്തിയാകുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിനപ്പുറം കണ്ടത്.

മുർസിയുടെ ഇസ്‌ലാമിക താൽപര്യങ്ങൾക്ക് എതിരായിരുന്നെങ്കിലും അദ്ദേഹത്തിനു കീഴിൽ ജനാധിപത്യം സുരക്ഷിതമായിരിക്കുമെന്ന് മുസ്‌ലിം ബ്രദർഹുഡിന്റെ എതിർപക്ഷത്തുള്ളവർ കരുതി. ഹുസ്‌നി മുബാറക്കിനു കീഴിൽ പ്രധാനമന്ത്രിയായിരുന്നിരുന്ന അഹമ്മദ് ഷഫിഖിനെ എന്തു വില കൊടുത്തും തോൽപിക്കണമെന്നു കൂടിയായതോടെ മുർസിക്ക് ഭൂരിപക്ഷവോട്ടും സ്വന്തമാക്കാനായി. ഈജിപ്ഷ്യൻ വിപ്ലത്തിന്റെ സിരാകേന്ദ്രമായിരുന്ന തഹ്‌രീർ ചത്വരത്തിലായിരുന്നു അധികാരത്തിലേറിയ ശേഷം മുർസി ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. അന്ന് ആ ജനക്കൂട്ടത്തിനു നടുവിൽ നിന്ന് സ്വന്തം ജാക്കറ്റ് ഊരിമാറ്റി അദ്ദേഹം പറഞ്ഞു– ‘ഈ ജനത്തിനു മുന്നിൽ നിൽക്കുമ്പോൾ എനിക്ക് ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലും ധരിക്കേണ്ട ആവശ്യമില്ല. അത്രയേറെ വിശ്വാസമാണ് എനിക്കു നിങ്ങളെ...’ അതോടെ മുർസിയെ ഈജിപ്ഷ്യൻ ജനതയും വിശ്വാസത്തിലെടുക്കുകയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടം നിലനിന്നതു വെറും ഒരുവർഷം. 

ചതിച്ചത് സ്വന്തം സേനാതലവൻ

നേരിയ ഭൂരിപക്ഷത്തോടെയായിരുന്നു മുർസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിൽ പങ്കെടുത്തതാകട്ടെ, ചെറിയൊരു ശതമാനം വോട്ടർമാർ മാത്രവും. മൊത്തം ജനങ്ങളിൽ ഒരു ന്യൂനപക്ഷത്തിന്റെ പിന്തുണയേ തനിക്കുള്ളൂവെന്ന വസ്‌തുത മുർസി പക്ഷേ, ഗൗനിച്ചില്ല. ജനാധിപത്യം സ്‌ഥാപിതമാകുന്നതിനു വേണ്ടി മുബാറക്കിനെതിരെ പ്രക്ഷോഭം നടത്തിയതു ബ്രദർഹുഡുകാർ മാത്രമല്ലെന്ന യാഥാർഥ്യവും അദ്ദേഹം അവഗണിച്ചു. അധികാരം കിട്ടിയ ഉടനെ സ്വന്തം പാർട്ടിയുടെ അജൻഡ നടപ്പാക്കാനായിരുന്നു തിടുക്കം. സ്വന്തം നില സുരക്ഷിതമാക്കാൻ ജുഡീഷ്യറിയിലും മുർസി കൈകടത്തി. ഇതോടൊപ്പം വിലക്കയറ്റം, വർധിച്ചുവരുന്ന തൊഴിലില്ലായ്‌മ എന്നിവ പോലുള്ള സാമ്പത്തിക പ്രശ്‌നങ്ങളും ജനങ്ങളെ അസ്വസ്‌ഥരാക്കുകയായിരുന്നു.

vote-FILES-EGYPT-VOTE-SISI
അബ്‌ദെൽ ഫത്ത അൽ സിസി

2013 ജൂൺ അവസാനം മുർസിഭരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കൂടുതൽ ശക്‌തമായ പുതിയ പ്രക്ഷോഭം തുടങ്ങി. മുർസി രാജിവച്ചു പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്ന മുദ്രാവാക്യം ഉയർന്നു. പ്രക്ഷോഭകരും മുസ്‌ലിം ബ്രദർഹുഡ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘട്ടനങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. 48 മണിക്കൂറിനകം പ്രക്ഷോഭകാരികളുമായി ഒത്തുതീർപ്പിലെത്തണമെന്ന സായുധസേനാ തലവൻ അബ്‌ദെൽ ഫത്താ അൽ സിസിയുടെ അന്ത്യശാസനം മുർസി തള്ളിക്കളഞ്ഞു. അന്ത്യശാസനത്തിന്റെ കാലാവധി അവസാനിച്ചതോടെ, മുർസി തന്നെ നിയോഗിച്ച സേനാ തലവനായ അൽ സിസിയുടെ നേതൃത്വത്തിൽ, പട്ടാളം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. അൽ സിസിയുടെ നേതൃത്വത്തിൽ പട്ടാള ഭരണകൂടം ഈജിപ്തിൽ അധികാരവും പിടിച്ചു. മുസ്‌ലിം ബ്രദർഹുഡിനെ നിരോധിച്ചു. അതിന്റെ നേതാക്കളെ തടവറയിലടച്ചു. ശേഷിച്ചവർ ഖത്തറിലേക്കും ഇസ്തംബുളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തു. പട്ടാളഭരണകൂടം ചുമത്തിയ വിവിധ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചുവരികയായിരുന്ന മുർസിയെ മറ്റൊരു കേസിൽ വിചാരണയ്ക്കു ഹാജരാക്കിയപ്പോഴായിരുന്നു മരണം. 

ആരും തിരിഞ്ഞുനോക്കാനില്ലാതെ...

മുർസിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു തുടക്കം മുതൽ ബന്ധുക്കളും അദ്ദേഹത്തിന്റെ അനുയായികളും ആവർത്തിച്ചു പറയുന്നു. ജയിലിൽ ചികിത്സ നൽകാതെ മുർസിയെ ഭരണകൂടം ‘വധിക്കുകയായിരുന്നു’വെന്നാണ് പ്രധാന ആരോപണം. സമൂഹമാധ്യമങ്ങളിലും ഒട്ടേറെ പേർ പ്രതിഷേധവുമായെത്തി, അത് തുടരുകയുമാണ്. മുർസിയുടെ മരണത്തെക്കുറിച്ചും ഈജിപ്ഷ്യൻ ജയിലുകളിലെ അവസ്ഥയെപ്പറ്റിയും സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഓഫിസും ആംനെസ്റ്റി ഇന്റർനാഷനലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ദേഹത്ത് ഒരു ചെറു മുറിവു പോലുമില്ലാതെയാണ് മുർസിയുടെ മരണമെന്നാണ് ഭരണകൂടം നടത്തി എന്നവകാശപ്പെടുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കോടതിമുറിയിൽ എല്ലാവരും കണ്ടുനിൽക്കെയായിരുന്നു മരണമെന്നതും അൽ സിസി ഭരണകൂടത്തിന് ആരോപണങ്ങളിൽ നിന്നു കൈകഴുകി രക്ഷപ്പെടാൻ സഹായകമായി.

എന്നാൽ മരണത്തിനു പിന്നില്‍ ഭരണകൂടത്തിന്റെ കയ്യുണ്ടെന്നു സമർഥിക്കുന്ന ആദ്യ തെളിവ് ആ കോടതി മുറിയിൽ നിന്നു തന്നെയാണു വന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മുര്‍സിയുടെ മരണകാരണമായി പറയുന്നത്. എന്നാൽ കുഴഞ്ഞുവീണതിനു പിന്നാലെ മറ്റുള്ളവർ ബഹളം വച്ചിട്ടും മുർസിക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും ആരും തയാറായില്ലെന്ന് കോടതിമുറിയിൽ ഉണ്ടായിരുന്നവർ തന്നെ പറയുന്നു. മുർസിയുടെ വിചാരണയ്ക്കായി പ്രത്യേകം തയാറാക്കിയ ചില്ലുകൂട്ടിനുള്ളിൽ 20 മിനിറ്റോളം ആരും തിരിഞ്ഞു നോക്കാനില്ലാതെ അദ്ദേഹം കിടന്നുവെന്നാണ് റിപ്പോർട്ട്. ചിലർ പറയുന്നത് ഇത് 40 മിനിറ്റ് വരെ നീണ്ടെന്നാണ്. 

അറുപത്തിയേഴുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് അഭിഭാഷകൻ പൊലീസിനെ നേരത്തേത്തന്നെ കൃത്യമായി അറിയിച്ചിട്ടായിരുന്നു ഈ അവസ്ഥ. പിതാവിനെ അൽ സിസിയും അനുയായികളായ ഉദ്യോഗസ്ഥവൃന്ദവുമാണ് ‘കൊന്നതെന്ന്’ മുർസിയുടെ മകൻ അബ്ദുല്ല ട്വിറ്ററിലൂടെ ആരോപിച്ചതും ഈ സാഹചര്യത്തിലായിരുന്നു. വിഷയത്തിൽ രാജ്യാന്തര കോടതിയുടെ ഇടപെടൽ വേണമെന്ന് തുർക്കി പ്രസിഡന്റ്  തയീപ് എര്‍ദോഗനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കുഴഞ്ഞുവീണതിനു തൊട്ടുപിന്നാലെ മുർസിയെ ആശുപത്രിയിലേക്കു മാറ്റിയെന്നാണ് ഈജിപ്ഷ്യൻ അറ്റോണി ജനറലിന്റെ ഓഫിസ് വ്യക്തമാക്കുന്നത്. ആശുപത്രിയിലാണു മരണം സ്ഥിരീകരിച്ചത്. ശരീരത്തിൽ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ല. മൃതദേഹം വിശദമായ പോസ്റ്റ്മോർട്ടത്തിനും വിധേയമാക്കി. കോടതിനടപടികളുടെ വിഡിയോ പരിശോധിച്ചതിലും അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ലെന്നും അറ്റോണി ജനറൽ അറിയിച്ചു. 

മുർസിയുടെ ‘കൊലപാതകത്തിനു’ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി മുൻ വക്താവ് ഹംസ സോബയും പറയുന്നു. മുർസിക്ക് വിഷമോ ഏതെങ്കിലും അജ്ഞാത മരുന്നോ കുത്തിവച്ചതാണോ എന്നു പോലും അറിയാനാകുന്നില്ല. ജുഡീഷ്യറിയും പാര്‍ലമെന്റ് അധികാരങ്ങളും മാധ്യമങ്ങളും പോലും സ്വന്തം കയ്യിലായിരിക്കെ അൽ സിസി എന്തു ചെയ്താലും ഒരാൾ പോലും ചോദിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

തീരാതെ വിചാരണകൾ

രണ്ടു മൂന്നാഴ്ച കൂടുമ്പോഴെല്ലാം കോടതിയിലേക്ക് വിചാരണയ്ക്ക് എത്തിച്ചേരേണ്ട വിധത്തിലായിരുന്നു മുർസിക്കെതിരെയുണ്ടായിരുന്ന കുറ്റപത്രങ്ങൾ. ഹുസ്നി മുബാറക്കിനെതിരായ പ്രക്ഷോഭത്തിനിടെ ജയിൽഭേദന കേസിൽ മുർസിയെ 2015 മേയിൽ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ജയിൽ കാവൽക്കാരെ തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയും ചെയ്തതിനും ജയിലിനു തീയിട്ടതിനും ആയുധങ്ങൾ മോഷ്ടിച്ചതിനുമെല്ലാമായിരുന്നു ശിക്ഷ. 2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്ന മറ്റൊരു കേസിൽ ഏഴു വർഷം തടവിനും ശിക്ഷിച്ചു. 2016 നവംബറിൽ പരമോന്നത കോടതി കേസിൽ പുനർവിചാരണ ആരംഭിച്ചെങ്കിലും അതിന്റെ വിധി ഇന്നേവരെയുണ്ടായിട്ടില്ല. 

രാജ്യസുരക്ഷ തകർക്കാന്‍ വിദേശശക്തികളുമായി ചേർന്നു ഭീകര പ്രവർത്തനങ്ങൾ നടത്തിയെന്ന പേരിൽ 2015 മേയിൽ മുർസിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഗാസയിൽ ഹമാസും ലെബനനിൽ ഹിസ്ബുല്ലയും ഇറാനിൽ റെവല്യൂഷനറി ഗാർഡ്സും നടത്തുന്ന മിലിട്ടറി ക്യാംപുകളിലേക്ക് മുസ്‌ലിം ബ്രദർഹുഡ് പ്രതിനിധികളെ പരിശീലനത്തിനയയ്ക്കാൻ പദ്ധതിയിട്ടെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.

hosni-mubarak
ഹുസ്‌നി മുബാറക്ക്

മുസ്‌ലിം ബ്രദർഹുഡിന്റെ തലപ്പത്തിരുന്നതിന്റെ പേരിൽ 2015 ജൂണിൽ 25 വർഷം, ഖത്തറിന് രഹസ്യരേഖകൾ ചോർത്തിക്കൊടുത്തതിന്റെ പേരിൽ 15 വർഷം എന്നിങ്ങനെയും ശിക്ഷകളെത്തി. രഹസ്യരേഖ കേസിൽ 2017 സെപ്റ്റംബറിൽ മുർസിയെ പരമോന്നത കോടതി കുറ്റവിമുക്തനാക്കി. പക്ഷേ നിരോധിത സംഘടനയായ മുസ്‌ലിം ബ്രദർഹുഡിനെ നയിച്ചതിന്റെ പേരിലുള്ള കേസ് നിലനിർത്തുകയും ചെയ്തു. ജുഡീഷ്യറിയെ അപമാനിച്ചുവെന്ന പേരിൽ 2017 ഡിസംബറിൽ മൂന്നു വർഷത്തേക്ക് ജയിൽ ശിക്ഷ. ഇതോടൊപ്പം 60,000 ഡോളർ പിഴയടക്കണമെന്നും വിധി. ഇതുവരെ ആകെ 48 വർഷത്തെ തടവുശിക്ഷയാണ് അദ്ദേഹത്തിനു പല കേസുകളിലായി കോടതി വിധിച്ചത്.

ആ ശബ്ദം ഇല്ലാതാക്കാൻ...

കോടതിയിലുള്ള വിശ്വാസം തനിക്കു നഷ്ടമായെന്നു നേരത്തേതന്നെ മുർസി വ്യക്തമാക്കിയിട്ടുള്ളതാണ്. 2013 നവംബറിൽ നടന്ന വിചാരണയ്ക്കിടെ താൻ പട്ടാള അട്ടിമറിയുടെ ഇരയാണെന്നും ഇപ്പോഴും ഈജിപ്തിന്റെ പ്രസിഡന്റാണെന്നും മുർസി കോടതിയിൽ ഉറക്കെ വിളിച്ചു പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ പ്രസിഡന്റ് താനാണെന്നും അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹംആവർത്തിച്ചു. അതോടെയാണ് ‘സൗണ്ട് പ്രൂഫ്’ ചില്ലുകൂട്ടിലേക്ക് മുർസിയെ മാറ്റുന്നത്. തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെല്ലാം അടിച്ചമർത്തുകയെന്ന അൽ സിസിയുടെ നിലപാടാണ് കോടതിമുറിയിലും അന്നു കണ്ടതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ജയിൽശിക്ഷകൾ കൊണ്ടു ഭയപ്പെടുത്തിയിട്ടും തടവറയിൽ ക്രൂര പീഡനങ്ങൾക്കിരയാക്കിയിട്ടും പട്ടാള അട്ടിമറിക്കെതിരെ മുർസി ശബ്ദിക്കുന്നത് തുടർന്നു. സ്വാഭാവികമായും അത് അൽ സിസി ഭരണകൂടത്തിന് ഏറെ തലവേദന സമ്മാനിക്കുകയും ചെയ്തു. ഏതെങ്കിലുമൊരു വഴിയിലൂടെ മുർസിയെ ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നെന്നാണ് അണികൾ പറയുന്നത്.‘അൽ സിസി ഭരണകൂടത്തിന്റെ ആദ്യ ലക്ഷ്യം തന്നെ മുർസിയായിരുന്നുവെന്നതാണ് യാഥാർഥ്യം. രാജ്യാന്തര തലത്തിലുള്ള തിരിച്ചടി ഭയന്ന് അദ്ദേഹത്തെ പക്ഷേ തൂക്കിക്കൊല്ലാനാകില്ലായിരുന്നു. ഒന്നുകിൽ ഹൃദയസ്തംഭനം അല്ലെങ്കിൽ മസ്തിഷ്കാഘാതം... ഇതു രണ്ടും പ്രതീക്ഷിച്ചതാണ്. ക്യാമറകൾ തുറന്നിരിക്കെ അദ്ദേഹം മരിച്ചു വീഴേണ്ടത് അൽ സിസിയുടെ ആവശ്യമായിരുന്നു. അതോടെ കൊന്നത് ഞങ്ങളല്ലെന്ന് വരുത്തിത്തീർക്കാൻ ഭരണകൂടത്തിന് ഏറെ എളുപ്പം. ലോകം മുർസിയെ മറക്കുന്ന സമയത്തു തന്നെ അതു നടക്കുകയും ചെയ്തു’– മാധ്യമ പ്രവർത്തകയും ഈജിപ്ത്–തുര്‍ക്കി വിഷയങ്ങളിലെ നിരീക്ഷകയുമായ മെർവി ഷബ്നം ഒറൂക് പറയുന്നു. 

‘കൊലപ്പെടുത്തിയത്’ എങ്ങനെ?

കെട്ടിച്ചമച്ച തെളിവുകളും സാക്ഷികളുമായി ജുഡീഷ്യറിയെ പരിഹസിച്ചു കൊണ്ടായിരുന്നു ഓരോ ശിക്ഷാനടപടികളെന്നും മുർസിയുടെ കുടുംബവും അണികളും പറയുന്നു. ആറു വർഷമായി ദിവസത്തിൽ 23 മണിക്കൂറും അദ്ദേഹത്തിന് ഏകാന്തതടവായിരുന്നു. ഐക്യരാഷ്ട്ര സംഘടന ‘പീഡന’മായി നിർവചിച്ചിട്ടുള്ള ശിക്ഷയാണത്. ഇതുവരെ മൂന്നു തവണ മാത്രമേ അദ്ദേഹത്തിനു കുടുംബവുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകിയുള്ളൂ. 2013നു ശേഷം മുർസിയെ കാണാൻ കുടുംബാംഗങ്ങളെയും അഭിഭാഷകനെയും ഭരണകൂടം അനുവദിച്ചത് 2017ൽ. അവസാനമായി കണ്ടത് 2018 സെപ്റ്റംബറിലും. വെറും നിലത്ത് പുതപ്പു പോലുമില്ലാതെ കിടന്നതിനാൽ കഠിനമായ ശരീരവേദനയുണ്ടെന്നും അദ്ദേഹം അന്നു പറഞ്ഞു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറായെന്നും ഡോക്ടറെ കണ്ടിട്ടു മാസങ്ങളായെന്നും പരാതിപ്പെട്ടു. മറ്റു തടവുകാരോട് സംസാരിക്കാൻ പോലും മുർസിയെ അനുവദിച്ചിരുന്നില്ല. കോടതിയിലെത്തിയാലാകട്ടെ ആർക്കും സംസാരിക്കാൻ പറ്റാത്ത വിധം ചില്ലുകൂട്ടിലും.

Mohammed Morsi
മുഹമ്മദ് മുർസിയുടെ മരണത്തിൽ പ്രതിഷേധിച്ച് തുർക്കിയിൽ നടന്ന പ്രകടനത്തിൽ നിന്ന്.

പ്രമേഹം, രക്തസമ്മർദം എന്നിവ മാത്രമല്ല മുർസിയുടെ കരളിനും വൃക്കയ്ക്കും തകരാറുണ്ടായിരുന്നു. എന്നാൽ അഭിഭാഷകൻ പലതവണ പറഞ്ഞിട്ടും കൃത്യമായ ചികിത്സ ലഭ്യമാക്കാൻ പൊലീസ് തയാറായില്ല. മുർസിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം 2018ൽ ബ്രിട്ടിഷ് പാർലമെന്റ് അംഗങ്ങളും അഭിഭാഷകരും ചേർന്ന ഡിറ്റൻഷൻ റിവ്യൂ പാനൽ (ഡിആർപി) അദ്ദേഹത്തെ സന്ദര്‍ശിച്ച് ആരോഗ്യനില പരിശോധിച്ചിരുന്നു. പ്രമേഹത്തിനും കരളിലെ അസുഖത്തിനും എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു സംഘം റിപ്പോർട്ട് നൽകിയത്. ഇല്ലെങ്കിൽ മരണത്തിലേക്കു നയിക്കും വിധം ആരോഗ്യം വഷളാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. ചികിത്സാച്ചെലവ് കുടുംബം വഹിക്കാമെന്നു പറഞ്ഞിട്ടു പോലും ഭരണകൂടം കേട്ടില്ല. അന്നു ഡിആർപിയെ നയിച്ച ബ്രിട്ടിഷ് എംപി ക്രിസ്പിൻ ബ്ലണ്ട്, മുർസിയുടെ മരണത്തിനപ്പുറം പറഞ്ഞത് ‘വേദനയോടെയാണെങ്കിലും, ഞങ്ങൾ പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു’ എന്നായിരുന്നു. 

ജയിലിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നും കാവൽക്കാർ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിക്കുന്നുവെന്നും 2017ൽ വിചാരണയ്ക്കിടെ മുർസി പറഞ്ഞപ്പോൾ കോടതി ചെവിക്കൊണ്ടില്ല. മുർസിയുടെ മരണം പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) മിഡിലീസ്റ്റ്–നോർത്ത് അമേരിക്ക വിഭാഗത്തിന്റെ തലപ്പത്തുള്ള സാറ ലീ വിറ്റ്സന്റെ വാക്കുകൾ. കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കാതെയും ചികിത്സ ലഭ്യമാക്കാതെയുമാണ് മുർസിയെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് എച്ച്ആർഡബ്ല്യുവിന്റെ കൈവശമുണ്ടെന്നും വരാനിരിക്കുന്ന രാജ്യാന്തര അന്വേഷണത്തെ സൂചിപ്പിച്ച് സാറ പറഞ്ഞു. 

കൊടുംപീഡനത്തിന്റെ ‘തേൾ’ തടവറ

ഈജിപ്തിലെ അതിക്രൂരമായ തടവുരീതികളെപ്പറ്റി അറിയാവുന്നവർക്ക് മുര്‍സിയുടെ മരണത്തിൽ പുതുമയൊന്നും തോന്നുകയില്ല. പട്ടാള അട്ടിമറിക്കപ്പുറം 60,000ത്തിലേറെ പേരെയാണ് അൽ സിസി ഭരണകൂടം അറസ്റ്റ് ചെയ്തത്. ജയിലുകളിൽ അതിക്രൂരമായ പീഡനമുറകൾ നടക്കുന്നതിനെപ്പറ്റി പല മനുഷ്യാവകാശ സംഘടനകളും ഇതിനോടകം റിപ്പോർട്ട് ചെയ്തു. രാജ്യാന്തരതലത്തിലുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഈജിപ്തിലെ ജയിലുകളുടെ പ്രവർത്തനം. കലാപത്തിന്റെ പേരിൽ പിടികൂടിയ തടവുകാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പീഡിപ്പിക്കുന്ന പ്രവണതയും ശക്തമാണെന്നും സംഘടനകളുടെ റിപ്പോർട്ടിൽ പറയുന്നു. ബ്രദർ ഹുഡ് അനുകൂലികളാണ് ഇതിൽ ഏറ്റവും ക്രൂരമായ പീഡനം ഏറ്റുവാങ്ങുന്നത്. 

രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഭീകരരായിട്ടാണ് ഭരണകൂടം ഇവരെ കാണുന്നത്. അതിനാൽത്തന്നെ ഏകാന്തതടവാണ് ശിക്ഷ. സെല്ലിൽ കിടക്കയോ പുതപ്പോ ഉണ്ടാകില്ല, വൃത്തിഹീനമായ അന്തരീക്ഷവും. ഇവർക്കായി ‘അച്ചടക്ക സെല്ലുകൾ’ പോലുമുണ്ട്. ഇവിടെ ആഴ്ചകളോളം തടവിലിട്ട് മര്‍ദനവും മറ്റ് പീഡനമുറകളും പതിവാണെന്നും 2017ൽ എച്ച്ആർഡബ്ല്യു പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പീഡനമുറകൾക്കൊടുവിൽ പലരുടെയും ആരോഗ്യനില വഷളാവുകയും അവർക്കു കൃത്യസമയത്തു മരുന്നെത്തിക്കാതെ മരണം സംഭവിച്ചതിനെപ്പറ്റിയും റിപ്പോർട്ടിലുണ്ട്. 2013ലെ പട്ടാള അട്ടിമറിക്കു ശേഷം ഇതുവരെ 300 തടവുകാരെങ്കിലും ഈജിപ്തിൽ മരിച്ചിട്ടുണ്ട്. അതിക്രൂര പീഡനത്തിനു കുപ്രസിദ്ധമായ ടോറ ജയിലിലായിരുന്നു മുർസിയെ പാർപ്പിച്ചിരുന്നത്. ക്രൂരത മുഖമുദ്രയായതിനാൽത്തന്നെ ‘സ്കോർപിയൻ പ്രിസൻ’ എന്നാണ് ടോറയുടെ മറ്റൊരു പേര്.

പൊലീസിന്റെ കയ്യിൽ നിന്നു രക്ഷപ്പെട്ട ആയിരത്തോളം പേർ തുർക്കിയിലേക്കു രക്ഷപ്പെട്ടിരുന്നു. ഈജിപ്തിൽ നിന്നു നാലു ലക്ഷത്തോളം അഭയാർഥികൾ തുർക്കിയിലെത്തിയിട്ടുണ്ട്. അത്തരത്തിൽ രക്ഷപ്പെട്ടോടിയവരിൽ മർവാൻ നാബിൽ എന്ന യുവാവുമുണ്ടായിരുന്നു. 12 മാസം ജയിൽ ശിക്ഷ അനുഭവിച്ച മർവാൻ മോചിതനായതിനു പിന്നാലെ രാജ്യം വിടുകയായിരുന്നു.  21 വയസ്സുള്ളപ്പോൾ 2013 ഓഗസ്റ്റിലാണ് മർവാൻ പിടിയിലാകുന്നത്. യാതൊരു നിരോധിത സംഘടനയിലും അംഗമായിരുന്നില്ല ഈ സർവകലാശാല വിദ്യാർഥി. പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതിനിടെ അറസ്റ്റിലാവുകയായിരുന്നു.

Marwan-Nabi-sketches-new
മർവാൻ വരച്ച ചിത്രങ്ങൾ.

12 മാസത്തിനിടെ മർവാന് അനുഭവിക്കേണ്ടി വന്നത് കൊടുംപീഡനവും. ഷോക്കടിപ്പിച്ചതിന്റെയും മുറിവേൽപിച്ചതിന്റെയുമെല്ലാം അടയാളങ്ങൾ ഇപ്പോഴുമുണ്ട് അദ്ദേഹത്തിന്റെ ശരീരത്തിൽ. താൻ അനുഭവിച്ച പീഡനത്തിന്റെ ചിത്രങ്ങൾ മർവാന്‍ വരച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തലകീഴായി കെട്ടിയിട്ട് ചാട്ട കൊണ്ടടിയും കസേരയിൽ അനങ്ങാൻ പോലുമാകാതെ കിടത്തിയും തലയിലൂടെ ഇരുണ്ട തുണിയിട്ട് കൈ പിറകിലോട്ടു കെട്ടി ജനലിൽ ബന്ധിച്ചു നിർത്തിയുമെല്ലാമുള്ള പീഡനമുറകൾ ആ ചിത്രങ്ങളിലുണ്ട്. 

ഏകാധിപതിക്ക് സുഖജീവിതം

30 വർഷക്കാലം ഈജിപ്തിനെ കാൽച്ചുവട്ടിലാക്കിയ ഏകാധിപതി ഹുസ്നി മുബാറക്കിനും കോടതി വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ പാർപ്പിച്ചത് ഏറെ സൗകര്യങ്ങളുള്ള കയ്റോയിലെ മിലിട്ടറി ഹോസ്പിറ്റലിലായിരുന്നു. 2017 മാർച്ചിൽ എല്ലാ കേസുകളിൽ നിന്നും മുക്തനായി പട്ടാളത്തിന്റെ സംരക്ഷണതയിൽ സ്വസ്ഥജീവിതവും നയിക്കുന്നു ഇപ്പോൾ. ഇതിൽ നിന്നു നേർവിപരീതമായിരുന്നു മുർസിക്കു ലഭിച്ച ശിക്ഷ.

അദ്ദേഹത്തെ ഒറ്റയടിക്കു കൊലപ്പെടുത്തിയതാണെന്നു ബന്ധുക്കളും അടുപ്പക്കാരും പറയുന്നുമില്ല. പക്ഷേ ഇഞ്ചിഞ്ചായുള്ള അദ്ദേഹത്തിന്റെ മരണം ഉറപ്പു വരുത്താൻ അൽ സിസി സർക്കാർ സാധ്യമായതെല്ലാം ചെയ്തെന്നാണ് ആരോപണം. മുർസി ഈജിപ്തിനോടു ചെയ്തത് എന്തുതന്നെയാണെങ്കിലും അദ്ദേഹത്തിന്റെ മനുഷ്യാവകാശലംഘനങ്ങളുടെ പേരു പറഞ്ഞ് അധികാരത്തിലെത്തിയവർ അതേ രീതിയിൽത്തന്നെ പ്രതികരിക്കുമ്പോഴുയരുന്ന ചോദ്യങ്ങളാണ് അൽ സിസിയുടെ തലയ്ക്കു മുകളിൽ വാളായി നിൽക്കുന്നത്. മുർസിയെ പുറത്താക്കിയതിനു പിന്നാലെ 2013 ജൂലൈയിൽ അദ്ദേഹത്തിന്റെ അനുയായികൾക്കു നേരെ അൽ സിസിയുടെ പട്ടാളം നടത്തിയ വെടിവയ്പിന്റെയും മരണത്തിന്റെയും കണക്കുകൾ ഇപ്പോഴും കാണാമറയത്തായിരിക്കെയാണ് ഇതെന്നും ഓർക്കണം.

Egyptian revolution landmark Tahrir Square
തഹ്‌രീൽ ചത്വരം; 2012ലെ കാഴ്ച.

നിരായുധരായ പ്രക്ഷോഭകർക്ക് ചോര കൊണ്ടും തോക്കു കൊണ്ടും മറുപടി കൊടുത്ത് ഭയപ്പെടുത്തി ഈജിപ്തിന്റെ വായടപ്പിച്ചിരിക്കുകയാണ് അൽ സിസി ഇന്ന്. രാജ്യത്തെ ജുഡീഷ്യറിയെയും മാധ്യമങ്ങളെയും നിശബ്ദരാക്കിയാണ് അല്‍ സിസിയുടെ ഭരണം. 2030 വരെ ഭരിക്കാവുന്ന വിധം ഭരണഘടനയിലും ഭേദഗതി വരുത്തിക്കഴിഞ്ഞു, അതും എതിർക്കാനൊരു പ്രതിപക്ഷ കക്ഷി പോലുമില്ലാതെ...! ഈജിപ്തിൽ പ്രക്ഷോഭം നയിക്കാൻ പേരിന് ഏതാനും നേതാക്കളുണ്ടെങ്കിലും അവർക്കു പിന്നിൽ അണിനിരക്കാൻ അധികമാരുമെത്തുകയില്ലെന്നതാണു സത്യം, അത്രയേറെ അൽ സിസി ഈജിപ്തിനെ ഭയചകിതമാക്കിയിരിക്കുന്നു. ഇപ്പോഴിതാ തനിക്കെതിരായ അവസാനത്തെ ശബ്ദത്തെയും ആ സൈനിക സ്വേഛാധിപതി ചവിട്ടിമെതിച്ചിരിക്കുന്നു.

മുര്‍സിയുടെ ‘സർക്കാർ സ്പോൺസേഡ്’ മരണം ഈജിപ്തിൽ പുകയുന്ന അസ്വസ്ഥതകളെ ആളിക്കത്തിക്കുമെന്നും കരുതുന്നവരുണ്ട്. അതിനു പിന്നാലെ ഈജിപ്തിലൊരു പുതിയ വിപ്ലവം ഉയര്‍ന്നുവരുന്നതിനെപ്പറ്റിയും നിരീക്ഷകർ സൂചന നൽകുന്നു. പക്ഷേ തടവിലാക്കപ്പെട്ട സ്വപ്നങ്ങൾക്കു ചിറകു നൽകാന്‍, മുന്നിൽ നിന്നു നയിക്കാൻ ആരു തയാറാകും..? ആ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് ഈജിപ്തിന്റെ ഭാവി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com