ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിനു പ്രളയാനന്തര പുനർനിർമാണത്തിനുള്ള ആദ്യഗഡു വായ്പ 1750 കോടി രൂപ (25 കോടി ഡോളർ) ലോകബാങ്ക് അനുവദിച്ചു. വാഷിങ്ടണിൽ ചേർന്ന ലോകബാങ്ക് ബോർഡ് യോഗം ഇതിന് അംഗീകാരം നൽകി. തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോകബാങ്കിലെ ഇന്ത്യൻ പ്രതിനിധിയും കരാറിൽ ഒപ്പുവച്ചു. ഇതിന്റെ വിനിയോഗത്തിൽ കൃത്യമായ നടപടികൾ ഉണ്ടായാൽ രണ്ടാം ഘട്ടമായി 1750 കോടി രൂപ കൂടി ലഭിക്കും.

ആദ്യഗഡു 1750 കോടി ബജറ്റ് സഹായമായിരിക്കും. ഇതിൽ 1117 കോടി രൂപ ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷനിൽ നിന്ന് കുറഞ്ഞ പലിശനിരക്കിൽ (1.25%) ആദ്യം ലഭിക്കും. 25 വർഷം തിരിച്ചടവ് കാലാവധി. ആദ്യ 5 വർഷം ഗ്രേസ് പിരീയഡ് ആയിരിക്കും. ബാക്കി 633 കോടി രൂപ രാജ്യാന്തര പലിശനിരക്ക് പ്രകാരം പത്തൊൻപതര വർഷം തിരിച്ചടവ് കാലാവധിയിലായിരിക്കും.

കേന്ദ്രധന അഡീഷനൽ സെക്രട്ടറി സമീർ കുമാർ ഖേരെ, കേരള അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്ക് ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. റീബിൽഡ് കേരള ഇനിഷ്യേറ്റിവിന്റെ മേൽനോട്ടത്തിലായിരിക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾ.

തകർന്ന റോഡുകളും വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പുനരുദ്ധരിക്കും. രണ്ടാം ഘട്ടത്തിൽ ഇനിയൊരു ദുരന്തമുണ്ടായാൽ നേരിടാൻ സംസ്ഥാനത്തെ പര്യാപ്തമാക്കുന്ന സമഗ്രമാറ്റമാണ് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com