ADVERTISEMENT

സോൾ∙ ഉത്തര കൊറിയയിൽ ജീവിക്കുന്ന ഏക ഓസ്ട്രേലിയക്കാരൻ എന്നാണ് പ്യോങ്യാങിൽ താമസിച്ചിരുന്ന അലെക് സിഗ്‌ലി എന്ന വിദ്യാർഥി സ്വയം വിശേഷിപ്പിച്ചിരുന്നത്. നന്നായി കൊറിയ സംസാരിക്കുന്ന, കൊറിയൻ സാഹിത്യത്തിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയായിരുന്ന അലെക് ‌സിഗ്‌ലി രാജ്യാന്തര മാധ്യമങ്ങൾക്ക് കൗതുകമായിരുന്നു. ചൈനയിൽ വിദ്യാർഥിയായിരിക്കെ താൻ പരിചയപ്പെട്ട ഉത്തര കൊറിയക്കാരുടെ മാന്യമായ പെരുമാറ്റത്തിൽ ആകൃഷ്ടനായാണ് ഉത്തര കൊറിയയിൽ താമസിക്കാൻ തീരുമാനിച്ചതെന്നു സി‌ഗ്‌ലി തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

 

സമൂഹമാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന സിഗ്‌ലി ബ്ലോഗിൽ നിരന്തരം എഴുതിയിരുന്നത് കിം ജോങ് ഉന്നിന്റെ ഉത്തര െകാറിയെ കുറിച്ചായിരുന്നു. ഒരു വർഷമായി ഉത്തര കൊറിയയിൽ താമസിക്കുന്ന സിഗ്‌ലിയെ കുറിച്ചു പക്ഷേ വിവരങ്ങൾ ഇല്ലാതായിട്ട് ദിവസങ്ങളായി. ജൂൺ 25 ചൊവ്വാഴ്ച പുലർച്ചെയാണ് കുടുംബവുമായി അവസാനം ബന്ധപ്പെട്ടത്. ഉത്തര കൊറിയയിൽ അറസ്റ്റിലായെന്നാണ് നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ ഓസ്ട്രേലിയൻ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാണാതായതിനു െതാട്ടുപിന്നാലെ സി‌ഗ്‌ലിയുടെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി തിരികെ വന്നതും പിന്നെയും അപ്രത്യക്ഷമായതുമെല്ലാം വാർത്തയായി. ശനിയാഴ്ചയോടെ സി‌ഗ്‌ലിയുടെ ഫെയ്സ്ബുക്ക് പേജ് പുനഃസ്ഥാപിച്ചു. ട്വിറ്റർ പേജ് നിലവിൽ ഉണ്ട്. നിരവധി പേർ പിന്തുണ അർപ്പിച്ച് ഈ പേജിൽ എത്തുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ നിന്ന് ഏറെക്കാലം വിട്ടുനിൽക്കുന്ന പതിവ് സി‌ഗ്‌ലിക്കില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. വിദേശ ടൂറിസ്റ്റുകൾക്ക് സഹായം ചെയ്തു കൊടുക്കാനായി ചെറിയ തോതിൽ തുടങ്ങിയ ടൂറിസ്റ്റ് കമ്പനിയാണ് ഈ വിദ്യാർഥിയുടെ വരുമാന മാർഗം. ഈ തുക ഉപയോഗിച്ചാണ് സിഗ്‌ലി തന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നതും. സി‌ഗ്‌ലിക്കു വേണ്ടി ലോകമെമ്പാടും പ്രാർഥനകളും അന്വേഷണങ്ങളും നടക്കുമ്പോൾ ഈ യുവാവ് എവിടെയെന്ന ചോദ്യത്തിന് ഉത്തര കൊറിയയും മൗനം പാലിക്കുന്നു. സിഗ്‌ലിയെ കണ്ടെത്താനുള്ള അവസാന ശ്രമത്തിലാണ് ഓസ്ട്രേലിയൻ ഭരണകൂടം. ലോകനേതാക്കൾ എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ പ്രസിഡന്റ് സ്കോട്ട് മോറിസൺ പറയുന്നു. 2016ൽ ഉത്തര കൊറിയൻ സന്ദർശനത്തിനിടെ അറസ്റ്റിലായ യുഎസ് വിദ്യാർഥി ഓട്ടൊ വാംബിയറുടെ ദാരുണ മരണത്തിന്റെ ഞെട്ടൽ ഇനിയും മാറാത്തതു കൊണ്ടാകും സിഗ്‌ലിയുടെ തിരോധാനം ലോകത്തിനു തീരാത്ത മുറിവാകുന്നതും. അതിനിടെ സിഗ്‌ലിയുടെ തിരോധാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി,  ഓസ്ട്രേലിയയ്ക്കു വേണ്ടി, സ്വീഡനിൽ നിന്നുള്ള നയതന്ത്ര സംഘം ഉത്തര കൊറിയയിൽ എത്തിയിട്ടുണ്ട്.

‘ചിതലരിച്ച’ തലച്ചോറുമായി തിരിച്ചെത്തിയ വാംബിയർ

Otto Frederick Warmbier, Kim Jong-un
ഓട്ടൊ വാംബിയർ, കിങ് ജോങ് ഉൻ

ഓട്ടൊ വാംബിയർ, ലോകം നെഞ്ചോടു ചേർത്ത് വച്ച പേര്. 2016ൽ ഉത്തര കൊറിയൻ സന്ദർശനത്തിനിടെ അറസ്റ്റിലായ യുഎസ് വിദ്യാർഥി. ഉത്തര കൊറിയൻ പ്രചാരണ ബാനർ മോഷ്ടിച്ചെന്നായിരുന്നു ചുമത്തപ്പെട്ട കുറ്റം. ഒന്നര മണിക്കൂർ മാത്രം നീണ്ട വിചാരണയ്ക്കൊടുവിൽ ഉത്തര കൊറിയൻ സുപ്രീം കോടതി വാംബിയറിനെ തടവിനു വിധിച്ചു. തടവറയില്‍ 15 വർഷത്തെ അതികഠിനമായ ജോലി ശിക്ഷയായും വിധിച്ചു. 2017 ജൂണിലാണ് വാംബിയറെ രാജ്യാന്തര സമർദ്ദത്തെ തുടർന്ന് ഉത്തര കൊറിയ തിരികെ അയച്ചത്. മൃതതുല്യനായിരുന്നു അവൻ. മാതാപിതാക്കൾക്കരികിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ആ വാർത്തയും ലോകം ഞെട്ടലോടെ കേട്ടു– വാംബിയർ മരിച്ചു.

മകൻ കോമയിലാണെന്ന് യുഎസിലേക്കു തിരിച്ചയ്ക്കുന്നതിനു മുൻപ് ഉത്തര കൊറിയ വാംബിയറുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു. വികൃത ശബ്ദങ്ങൾ പുറപ്പെടുവിച്ച് അന്തരീക്ഷത്തിലേക്കു നോക്കി വിറയ്ക്കുകയായിരുന്ന മകനെയാണ് ഒഹായോയില്‍ മകനെ സ്വീകരിക്കാനെത്തിയ മാതാപിതാക്കൾക്കു കാണാൻ സാധിച്ചത്. കോമയിലായിരുന്നില്ല, എന്തൊക്കെയോ മരുന്നു കൊടുത്ത് തളർത്തുകയായിരുന്നു. തല മുണ്ഡനം ചെയ്ത നിലയിലായിരുന്നു.

യന്ത്രസഹായത്തോടെയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. പല്ലുകളിലെ താഴത്തെ നിര ആരോ പറിച്ചെടുത്ത് സ്ഥാനം തെറ്റി വച്ച നിലയിലായിരുന്നു. വലതുകാലിൽ ഒരു വലിയ മുറിവും. ‘ബോട്ടുലിസ’മാണ് ആ അവസ്ഥയ്ക്കു കാരണമായി ഉത്തര കൊറിയ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കു ഇരയായതിനെ തുടർന്നായിരുന്നു വാംബിയറുടെ മരണം. തലച്ചോറിൽ നടത്തിയ പരിശോധനയിൽ അവിടം ‘ചിതലരിച്ചതു’ പോലെയാണെന്നാണു കണ്ടെത്തിയത്. മസ്തിഷ്കത്തിൽ നിന്ന് അത്രയേറെ ഭാഗങ്ങൾ നഷ്ടമായിരുന്നു. തലച്ചോറിൽ കടുത്ത രക്തസ്രാവവുമുണ്ടായിരുന്നു.

‘പോൺ’ കണ്ടാലും സംഗീതം കേട്ടാലും ജയിലിലിൽ ആകുന്ന രാജ്യം

രാഷ്ട്രപിതാവായ കിം സങ് ഇല്ലിന്റെ ജനന ദിവസം മുതലാണ് ഉത്തരകൊറിയൻ കലണ്ടര്‍ തുടങ്ങുന്നത്. കലണ്ടർ അനുസരിച്ച് 108–ാമത്തെ വർഷത്തിലാണ് ഉത്തര കൊറിയ ഇപ്പോൾ ലോകം 2019–ലും. സി‌‌ഗ്‌ലിയെ പോലുള്ള ഒരു സമർഥനായ വിദ്യാർഥി എന്തുകൊണ്ട് ഉത്തര കൊറിയയിൽ പോയി പഠിക്കുന്നുവെന്ന ചോദ്യം പലതവണ പുഞ്ചിരി കൊണ്ടാണ് അദ്ദേഹം നേരിട്ടത്. അത്രയധികം ഉത്തര കൊറിയയെ താൻ ഇഷ്ടപ്പെടുന്നതായി പലപ്പോഴും സിഗ്‌ലി തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് സി‌ഗ്‌ലി ഇരയാകുന്നുവെന്ന് വിശ്വസിക്കുന്നവരും നിരവധി. പോൺ കണ്ടാലും ഇഷ്ടപ്പെട്ട പാശ്ചാത്യ സംഗീതം കേട്ടാലും ജയിലിൽ ആകുന്ന ഉത്തര കൊറിയയിൽ വിദേശത്തേക്കു ഫോൺ വിളിക്കുന്നതിനും പുറത്തുള്ളവരെ ബന്ധപ്പെടുന്നതിനും പോലും നിരോധനമുണ്ട്.

2015–ൽ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ ഉള്ളടക്കമുള്ള സിഡികളും ഡിവിഡികളും തേടി വീടുകൾ തോറും കയറിയിറങ്ങിയത് വാർത്തയായിരുന്നു. ചൈനയിൽ നിന്നു നിയമവിരുദ്ധമായി എത്തിച്ച ഫോൺ ഉപയോഗിച്ചാണ് പലപ്പോഴും ആളുകൾ സമൂഹമാധ്യമങ്ങളിൽ പോലും ഇടപെട്ടിരുന്നത്. കുട്ടിപ്പാവാടയിട്ടാലും രാജ്യം അംഗീകരിക്കാത്ത ഹെയർസ്റ്റൈലുകൾ സ്വീകരിച്ചാലും പിഴ ഇടാക്കുകയോ ജയിൽ ശിക്ഷ ലഭിക്കുകയോ ചെയ്യുന്ന രാജ്യത്ത് സി‌ഗ്‌ലി അപകടത്തിൽപ്പെട്ടിട്ടുണ്ടാകുമെന്നു തന്നെയാണ് സുഹൃത്തുക്കളും വിശ്വസിക്കുന്നത്. അശ്ലീല ചിത്രങ്ങൾ കാണുന്നതും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ഉത്തര കൊറിയയിൽ ഗുരുതരമായ കുറ്റമാണ്. ജീൻസ് ധരിക്കുന്നതിനും ഇവിടെ വിലക്കുണ്ട്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഒട്ടേറെ വിദേശികൾ ഇതിനു മുൻപും ഉത്തര കൊറിയയിൽ അറസ്റ്റിലായിട്ടുണ്ട്.

ദക്ഷിണ കൊറിയയുമായോ മതപരമായ ബന്ധങ്ങളുള്ള സംഘടനകളുമായോ ബന്ധപ്പെടുന്നവരെ കൊന്നുകളയുകയാണ് ഇവിടത്തെ പതിവ്. 2014–ൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ ക്രിസ്ത്യൻ ലഘുലേഖകൾ വിതരണം ചെയ്തുവെന്ന് കാണിച്ച് ജോൺ ഷോർട് എന്ന ഓസ്ട്രേലിയൻ പൗരനെ ഉത്തര കൊറിയ നാടുകടത്തിയിരുന്നു. മതപരമായ പ്രചാരണത്തിനു വിലക്കുള്ള ഉത്തര കൊറിയയിൽ മതഗ്രന്ഥങ്ങൾ കയ്യിൽ വയ്ക്കുന്നത് ഗുരുതരമായ കുറ്റമാണ്.

നിലവിൽ 318 ‘പരസ്യകൊലനിലയങ്ങൾ’

ദക്ഷിണ കൊറിയയിലെ സന്നദ്ധ സംഘടനയായ 'ട്രാൻസിഷനൽ ജസ്റ്റിസ് വർക്ക് ഗ്രൂപ്പ് പുറത്തു വിട്ട വിവരങ്ങൾ അനുസരിച്ച് 318 ശിക്ഷാ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. പശുവിനെ മോഷ്ടിച്ചത് മുതൽ ദക്ഷിണ കൊറിയൻ ടിവി കണ്ടു എന്നതുൾ‌പ്പടെയുള്ള കുറ്റങ്ങൾക്ക് രാജ്യം നൽകുന്നത് വധശിക്ഷയാണ്. ആയിരത്തിലധികം ആളുകൾക്കു മുന്നിലാണു പലപ്പോഴും വധശിക്ഷ നടപ്പാക്കുക. പുഴയോരം, ചന്ത, സ്കൂൾ, കളിക്കളം എന്നിവിടങ്ങളിലാണ് പ്രധാനമായും പരസ്യവധശിക്ഷ നടത്താറുള്ളത്.

രാഷ്ട്രീയപരമായ കുറ്റകൃത്യങ്ങൾക്ക് ഖനിയിലെ കഠിനമായ ജോലികളും മരം മുറിക്കലും ഉൾപ്പെടെയുള്ള ശിക്ഷകളാണു നൽകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ‘ഇത് നിങ്ങൾക്കും സംഭവിക്കാം’ എന്ന മുന്നറിയിപ്പ് നൽകിയാണ് അധികൃതർ വധശിക്ഷ നടപ്പിലാക്കുകയെന്നാണു സാക്ഷികൾ പറയുന്നത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായ ജനറലിനെ വിചിത്രമായ രീതിയിലാണ് വധിച്ചത്. സൈനിക ജനറലിനെ വെട്ടി നുറുക്കി ബ്രിസീലില്‍ നിന്ന് കൊണ്ടുവന്ന പിരാന മല്‍സ്യങ്ങൾക്ക് ഇട്ട് കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

English Summary: Australian student Alek Sigley feared detained in North Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com