ADVERTISEMENT

ന്യൂഡൽഹി∙ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ സമ്പദ് ഘടന ശക്തമായെന്നു ധനമന്ത്രി പറഞ്ഞു. പത്തു വികസനലക്ഷ്യങ്ങള്‍ ധനമന്ത്രി മുന്നോട്ടുവച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ കൈവരിക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ മൂന്നു ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും നിർമല സീതാരാമൻ പങ്കുവച്ചു. ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. ‘ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുമെന്നു ധനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് നടുവില്‍ നിന്നു ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തുകയെന്നതാണു സര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ബജറ്റിനു മുന്നോടിയായി ഇന്ത്യന്‍ ഓഹരിവിപണിയില്‍ മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 40,000 പോയിന്റിനു മുകളിലെത്തി. നിഫ്റ്റി 12,000 പോയിന്റിന് അടുത്താണു വ്യാപാരം ആരംഭിച്ചത്. ജൂണ്‍ 11-നു ശേഷം സെന്‍സെക്‌സ് 40,000 കടക്കുന്നത് ആദ്യമായാണ്.

കാര്‍ഷിക – ഗ്രാമീണമേഖയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റില്‍ ഉൗന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടര്‍ന്നു നിര്‍മല സീതാരാമന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് പാർലമെന്റിലാണ് ബജറ്റ് അവതരണം.

2025ല്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാക്കുകയാണ്  ലക്ഷ്യം. മാര്‍ഗം പക്ഷെ ദുഷ്കരമാണ്. സമ്പദ്‍രംഗം തളര്‍ച്ച നേരിടുന്നുവെന്ന് ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സമ്മതിക്കുന്നു. നിര്‍മല സീതാരാമന്‍റെ കന്നി ബജറ്റിലെ മാജിക്കുകള്‍ക്കായി ഏവരും ഉറ്റുനോക്കുന്നതും വെല്ലുവിളികളുടെ കണക്കു പുസ്തകം മുന്നിലുള്ളതുകൊണ്ടാണ്. കാര്‍ഷികമേഖലയ്ക്ക് കുതിപ്പേകാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ജലക്ഷാമം നേരിടാനും പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

ചെറുകിട വ്യവസായമേഖലയ്ക്കും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനും നൈപുണ്യവികസനത്തിനും പരിഗണനയുണ്ടാകും. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെച്ചേക്കും. രാജ്യത്തെ വന്‍ മുതലാളിമാരില്‍ നിന്ന് നേരത്തെ ഈടാക്കിയിരുന്ന ഇന്‍ഹറിറ്റന്‍സ് നികുതി തിരിച്ചുകൊണ്ടുവന്നേക്കുമെന്ന് സൂചനയുണ്ട്. നിക്ഷേപവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ കാര്യമായ ശ്രമുണ്ടാകും. ആദായനികുതി ഘടനയില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നേക്കും.

അഞ്ച് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ റിബേറ്റ് നല്‍കി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബജറ്റില്‍ കൈയടി നേടിയിരുന്നു. നിലവിലുള്ള 2.5 ലക്ഷത്തിൽ നിന്ന്​ 3 ലക്ഷമായി ആദായ നികുതി പരിധി ഉയർത്താനുള്ള ആലോചനകളാണ്​ ധനമന്ത്രാലയം നടത്തുന്നതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ വായ്പ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം മുന്നിലുണ്ട്. എയിംസ്, രാജ്യാന്തര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, തീരദേശപാത, വ്യാവസായിക ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിലേയ്ക്ക് നീട്ടുക തുടങ്ങി പഴയതും പുതിയ ആവശ്യങ്ങള്‍ക്ക് അനുകൂല പ്രതികരണത്തിനായി കേരളം കാതോര്‍ത്തിരിക്കുന്നു.

English Summary: Nirmala Sitharaman presented her maiden budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com