ADVERTISEMENT

കൊച്ചി ∙ രാജ്യാന്തര വിപണികളുടെ കുതിപ്പും അനുകൂല ഘടകങ്ങളും ഇന്ത്യൻ വിപണിയെ കഴിഞ്ഞ വാരത്തിൽ സുരക്ഷിത തീരത്തെത്തിച്ചെങ്കിലും ബജറ്റ് ദിനത്തിലെ വിപണിയുടെ വീഴ്ച പ്രതീക്ഷിച്ചതായിരുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിഷ്കരണം ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപം എന്നത് വിട്ട് വെറും ‘വിറ്റഴിക്കൽ’ എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടു പോയതും ‘വിത്ത് കുത്തുന്നതിന്’ ഈ കൊല്ലത്തെ ലക്‌ഷ്യം 1,05,000 കോടി രൂപയായി നിജപ്പെടുത്തിയതും ശുഭ ലക്ഷണമായി വിപണി കണ്ടില്ല. ഓഹരികൾ വിറ്റ ധനം കൊണ്ട് ധനക്കമ്മി ജിഡിപിയുടെ 3.3 % ആയി കുറയ്ക്കുമെന്നു പറയുന്നതിലെ വൈരുധ്യം വിപണി ഉൾകൊണ്ടു. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ആഴക്കുറവിനെ ഇത് കാണിച്ചു കൊടുക്കുമെന്ന നിലയിലും വിറ്റഴിക്കൽ വിപണിക്ക് വിനയായി. ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളും ഈ ആഴ്ചയുടെ സാധ്യതകളും വിലയിരുത്തുകയാണു ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ഗ്രാമീണ ബജറ്റ്

ഗ്രാമം, കർഷകൻ, പട്ടിണിക്കാരൻ എന്നു പറഞ്ഞു തുടങ്ങിയ ബജറ്റിൽ ഗ്രാമങ്ങളുടെയും കർഷകന്റെയും പേടിസ്വപ്‌നമായ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുമാണ് ഏറ്റവും പ്രയോജനം ലഭിച്ചത്. വെള്ളം, വൈദ്യുതി, പാചക വാതകം, പാർപ്പിടം വാഗ്ദാനങ്ങൾക്ക് പുറമെ സീറോ ബജറ്റ് നാച്ചുറൽ ഫാമിങ്ങും ആദിവാസി സമൂഹ കേന്ദ്രീകൃത ടൂറിസവും തേൻ, മുള, ഖാദി മേഖലയിലുള്ള പ്രത്യേക ഊന്നലുമാണ് ഗ്രാമീണ മേഖലക്ക് ബജറ്റിലുള്ള  സമ്മാനം.

വിപണി വീഴ്ചയുടെ കാരണങ്ങൾ

∙ പൊതു മേഖലയിൽ വിറ്റഴിക്കൽ പ്രഖ്യാപിച്ച ധനമന്ത്രി സ്വകാര്യ മേഖലയിലും വിറ്റഴിക്കലിന് ആഹ്വാനം ചെയ്തത് വിപണിക്ക് ഉൾക്കൊള്ളാനായില്ല. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്‌ത കമ്പനികളിലെ പൊതുജന പങ്കാളിത്തം 25 % നിന്നും 35% ആയി ഉയർത്തിയത് പല കമ്പനികളുടെയും ഉടമസ്ഥാവകാശ ഘടനയിൽ ആഗ്രഹിക്കാത്ത മാറ്റം കൊണ്ടു വരുമെന്ന് വിപണി ഭയക്കുന്നു.

∙ കൂടാതെ, ഈ നിയമം മൂലം പൊതുമേഖലയിൽ നിന്നു ഒരു ലക്ഷം കോടിയും സ്വകാര്യ മേഖലയിൽ നിന്നു 5 ലക്ഷം കോടിയോളവും രൂപയുടെ ഓഹരികൾ കൂടി വിപണിയിലേക്ക് വരുന്നത് വിപണിയുടെ പണശേഷിയെ ബാധിക്കുകയും ഓഹരികളുടെ വിലയിടിവിന് കാരണമാകുകയും ചെയ്യും. ഈ നിയമത്തിൽ പുനർ വിചിന്തനത്തിന് സർക്കാർ തയാറായേക്കും.

∙ പെട്രോളിനും ഡീസലിനും റോഡ് സെസും സർചാർജും ചുമത്തിയത് വിപണി വികാരത്തിന് പ്രതികൂലമായി..

∙ വിദേശ കമ്പനികൾക്ക് ഇൻഷുറൻസും വ്യോമയാനവും അടക്കമുള്ള മേഖലകൾ തുറന്നു കൊടുക്കുന്നതും ഇലക്ട്രോണിക്‌സും ക്യാപിറ്റൽ ഗുഡ്സ് അടക്കമുള്ള മേഖലകളിലേക്ക് നികുതിയിളവുകളോടെ വിദേശ കമ്പനികളെ കൊണ്ടു വരുന്നതും ഇന്ത്യൻ കമ്പനികൾക്ക് അവസരം നഷ്ടപെടുത്തിയേക്കുമെന്ന് വിപണി ഭയക്കുന്നു.

∙ അതിസമ്പന്നരുടെ വരുമാന നികുതിയിന്മേലുള്ള സർചാർജ് കുത്തനെ കൂട്ടിയത് വിപണിയിൽ ലഭ്യമാകുമായിരുന്ന പണത്തിന്റെ ലഭ്യത കുറയ്ക്കുന്നതും വിപണി കണക്കിലെടുത്തു. ഇതൊരു പ്രതികാര നടപടിയായി വിപണി കരുതുന്നു.

∙ രാജ്യാന്തര വിപണികൾ അനുകൂല നിക്ഷേപ കാലാവസ്ഥയാണ് എന്നതും ഇന്ത്യൻ വിപണിക്ക് ഈയവസരത്തിൽ വിനയാണ് .

വിദേശ നിക്ഷേപ- വായ്പ നയങ്ങൾ

നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത് വിപണിയിലെയും സമ്പദ് ഘടനയിലെയും പണലഭ്യത കുറവിനെ പരിഹരിക്കുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു. വിദേശ വായ്പ ക്രമീകരണങ്ങൾ ലഘൂകരിക്കുന്ന സർക്കാരിന്റെ ബജറ്റ് കമ്മി നികത്താൻ വിദേശ വായ്പകൾ കൂടുതൽ ആശ്രയിക്കാനൊരുങ്ങുന്നു എന്ന സൂചനയാണ് വിപണിക്ക് നൽകുന്നത്. ജൂണിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടിയിൽ താഴെ പോയതും ബജറ്റിന്റെ വലുപ്പം 30 ലക്ഷം കോടിക്കടുത്താണെന്നതും അടുത്ത ഒമ്പത് മാസത്തിനുള്ളിൽ രാജ്യം കണ്ടെത്തേണ്ട തുകയും ഏകദേശം വരുമാനത്തിനൊപ്പമാണെന്നതും സമ്പദ്‍വ്യവസ്ഥയുടെ തളർച്ചയെ സൂചിപ്പിക്കുന്നു.

വിറ്റഴിക്കൽ

ഈ ബജറ്റിന്റെ പ്രധാന ആകർഷണം വിറ്റഴിക്കൽ തന്നെയാണ്. എയർ ഇന്ത്യയെ സ്വകാര്യവൽക്കരണത്തിലൂടെ ശക്തീകരിക്കുകയല്ല, ഒരു സ്ട്രാറ്റജിക് പങ്കാളിക്ക് പങ്കുവയ്ക്കുകയാണ് ഈ സർക്കാർ. മാത്രമല്ല വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന സർക്കാരിന് വൻ ലാഭ വിഹിതം ലഭ്യമാക്കുന്ന പൊതുമേഖലാ കമ്പനികളിലെ സർക്കാർ പങ്കാളിത്തം വേണ്ടി വന്നാൽ 51 % ൽ താഴേക്ക് കൊണ്ട് വരാനും സർക്കാർ തയാറാണ്. ഒഎൻജിസി, ഓയിൽ ഇന്ത്യ , ഗെയിൽ, ഭെൽ, ബിഎംഎൽ, എച്ച്എഎൽ, എണ്ണ കമ്പനികൾ, പൊതു മേഖല ബാങ്കുകൾ മുതലായവയിലെ സർക്കാർ പങ്കാളിത്തം 51%ൽ കുറയുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇന്ത്യൻ സമ്പദ്ഘടനക്കുണ്ടാക്കുക തന്നെ ചെയ്തേക്കാമെന്ന് വിപണി ഭയക്കുന്നു.

ഓഹരി വിറ്റ് സമാഹരിക്കുന്ന 1,05,000 കോടി രൂപയിൽ 70,000 കൊടിയും പൊതുമേഖലാ ബാങ്കുകളിലൂടെ വൻ വായ്പകളായി പുറത്തേക്ക് തന്നെയാണ് പോകുന്നത്. ബാങ്കുകൾക്ക് ഇനിയും കൂടുതൽ തുക ഈ വർഷം തന്നെ അനുവദിച്ചേക്കാമെന്നത് വിൽപന-റീകാപിറ്റലൈസഷൻ അനുപാതം തുല്യമാക്കിയേക്കാം. എങ്കിലും ഓഹരി വിൽപന മുന്നിൽ കണ്ട്എല്ലാ പൊതുമേഖലാ സ്ഥാപങ്ങളുടെ ഓഹരികളും വൻ മുന്നേറ്റം നേടിയേക്കാം. കോൾ ഇന്ത്യ, ഒഎൻജിസി, ഓയിൽ ഇന്ത്യ, കണ്ടെയ്നർ കോർപറേഷൻ, ചെറുകിട ബാങ്കുകൾ എന്നിവ ശ്രദ്ധിക്കുക .

ബാങ്കിങ് മേഖല

പൊതുമേഖലാ ബാങ്കിങ് ശാക്തീകരണത്തിന്റെ പാതയിലാണ്. ആറു പൊതുമേഖലാ ബാങ്കുകളാണ് സാമ്പത്തിക ഞെരുക്കത്തിൽ നിന്നു പുറത്തുവന്നത്. കൂടാതെ ബാങ്കുകളുടെ കിട്ടാക്കടത്തിൽ ഒരു ലക്ഷം കോടിയാണ് കഴിഞ്ഞ വർഷം തിരിച്ചു പിടിച്ചത്. ഈ വർഷവും അത്ര തന്നെ തുക തിരിച്ചു പിടിക്കാൻ വിഭാവനം ചെയ്യുന്നു.

ഈ അവസരത്തിൽ 70000 കോടി രൂപയുടെ മൂലധന ഉത്തേജനം പൊതു മേഖല ബാങ്കുകൾക്ക്കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യവും, ലാഭ വർധനവും സാധ്യമാക്കും. ബാങ്ക് ഓഫ് ബറോഡ ഓഹരികൾ പരിഗണിക്കാം. ഭവന വായ്പ, വാഹന വായ്പ ഡിസ്‌കൗണ്ടുകൾ സ്വകാര്യ ബാങ്കുകൾക്കും ഉത്തേജനമാകും. എച്ച്ഡിഎഫ്സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ പരിഗണിക്കുക.

പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ വിറ്റഴിക്കപ്പെടുകയോ, ബാങ്കുകൾ തന്നെ സ്വകാര്യ മേഖലയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തേക്കാമെന്നത് സെക്ടറിന് ഗുണം ചെയ്യും.

ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ

ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കു വേണ്ടി മാത്രം തയാറാക്കിയ ബജറ്റ് എന്ന് ഈ ബജറ്റിനെ വേണമെങ്കിൽ വിളിക്കാം. എൻബിഎഫ്സികളുടെ പൂൾഡ് ആസ്തികളിന്മേലുള്ള ബാങ്കുകളുടെ നിക്ഷേപങ്ങൾക്ക് 6 മാസം വരെ 10% വരെയുള്ള നഷ്ടങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്നത് സെക്ടറിന് പണലഭ്യത ഉറപ്പാക്കും. ഭവന - വാഹന വായ്പ രംഗത്തും സജീവമാണെന്നതും എൻബിഎഫ്സികൾക്ക് ഗുണമാണ്. പിഎൻബി ഹൗസിങ്, എച്ച്ഡിഎഫ്സി, എം&എം ഫിനാൻസ് മുതലായവ ശ്രദ്ധിക്കുക..

ഹൗസിങ് ഫിനാൻസ്

ഹൗസിങ് ഫിനാൻസ് കമ്പനികൾ വീണ്ടും ആർബിഐയുടെ നിയന്ത്രണത്തിൽ വരുന്നത് എൻബിഎഫ്സികൾക്കായി ഒരു പ്രത്യേക ബോർഡ് രൂപീകരിക്കുന്നതിന് മുന്നോടിയാണ് എന്ന് വിപണി പ്രതീക്ഷിക്കുന്നു.

റെയിൽവേ

2030 വരെയുള്ള റെയിൽവേ വളർച്ചാ പദ്ധതികൾക്ക് 50 ലക്ഷം കോടി രൂപ വേണ്ടി വരുമെന്ന് കരുതുന്നു. ഇത് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ആയിരിക്കുമെന്നത് റെയിൽവേ ഇനി ഒരിക്കലും പൊതു മേഖലയിൽ മാത്രമായിരിക്കില്ല എന്നതിന്റെ പ്രഖ്യാപനമായി. റെയിൽവേ സ്റ്റേഷൻ നവീകരണമാകും ആദ്യ പൊതു - സ്വകാര്യ പരിപാടിയുടെ ആദ്യ സംരംഭം.

ഇൻഫ്രാസ്ട്രക്ച്ചർ

അഞ്ചു വർഷം കൊണ്ട് 100 ലക്ഷം കോടിയുടെ അടിസ്ഥാന വികസന പരിപാടികൾക്കാണ് ഈ ബജറ്റിൽ തുടക്കമാകുന്നത്. സ്വകാര്യ - വിദേശ പങ്കാളിത്തത്തോടെയാകും ഈ ലക്ഷ്യം പൂർത്തിയാക്കുക. മെട്രോകളും ബുള്ളറ്റ് ട്രെയിനുകളും റോഡുകളും തുറമുഖങ്ങളും റെയിൽവേ സ്റ്റേഷനുകളും സ്വകാര്യ മേഖലയിൽ വന്നേക്കാം. 1,25,000 കിലോ മീറ്റർ റോഡുകളാണ് ഈ കൊല്ലം പുനരുദ്ധരിക്കുന്നത്. എൽ ആൻഡ് ടി ശ്രദ്ധിക്കുക.

ക്യാപിറ്റൽ ഗുഡ്സ്

എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കുന്നത് പ്രധാന വ്യാവസായിക ഉപകരണ നിർമാതാക്കൾക്ക് നേട്ടം കൊണ്ടു വരും. എബിബി, സീമെൻസ്, ഭെൽ എന്നിവ ശ്രദ്ധിക്കുക.

സ്റ്റീൽ, സിമന്റ്

വൻ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല എങ്കിലും റോഡ്, ഇൻഫ്രാ, ഭവന നിർമാണ മേഖലകളിൽ ഉണ്ടായേക്കാവുന്ന മുന്നേറ്റം സിമന്റ്, സ്റ്റീൽ കമ്പനികൾക്ക് ഉയർന്ന വിറ്റുവരവ് അഞ്ചുകൊല്ലത്തേക്ക് ഉറപ്പാക്കുന്നു. വ്യാപാര യുദ്ധ ശേഷം ലോകമെങ്ങും സ്റ്റീൽ ഉപയോഗം കൂടുന്നതും സ്റ്റീൽവില ഉയരാൻ കാരണമാകും. എസിസി, ഹിന്ദുജ സിമന്റ്, അൾട്രാ ടെക്, ജെഎസ്ഡബ്ലിയു, ജിൻഡാൽ സ്റ്റീൽ, ടാറ്റ സ്റ്റീൽ ഓഹരികൾ പരിഗണിക്കുക.

വാഹന വിപണി

വാഹനങ്ങളുടെയും സ്പെയറുകളുടെയും നികുതി വർധിക്കുന്നത് പ്രതികൂലമാണ്. കുറയുന്ന വിൽപന കണക്കുകൾക്കിടയിൽ പ്രോത്സാഹന നടപടികളൊന്നുമില്ലാതെ പോയത് വാഹന വിപണി ആശങ്കയോടെയാണ് കാണുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ജിഎസ്ടി 12%ത്തിൽ നിന്നു 5%ത്തിലേക്ക് കുറച്ചത് ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് ഗുണകരമാണ്. ഇലക്ട്രിക് വാഹങ്ങൾക്കുള്ള വായ്‌പയുടെ തിരിച്ചടവിൽ ഒന്നര ലക്ഷം രൂപയുടെ ഇളവ് പ്രഖ്യാപിച്ചത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിരത്തിൽ കൂട്ടിയേക്കാം. ടാറ്റ മോട്ടോഴ്‌സ്, എംആൻഡ്എം ഓഹരികൾക്ക് ഗുണമാണ്

നികുതിയിളവുകൾ

പ്രത്യക്ഷ നികുതി വരുമാനം വളരുക തന്നെയാണ് എന്ന് സർക്കാർ അവകാശപ്പെടുന്നു. വരുമാന നികുതിയിൽ മാറ്റങ്ങൾ വിപണി ആഗ്രഹിച്ചിരുന്നു. 400 കോടി രൂപ വരെ വിറ്റു വരവുള്ള കമ്പനികൾക്ക് കോർപറേറ്റ് നികുതി 25% ആയി പുനർ നിർണയിച്ചു. 250 കോടിക്കും 400 കോടിക്കും ഇടയിൽ വിറ്റു വരവുള്ള കമ്പനികൾക്ക് 5% ആനുകൂല്യം നൽകുന്നുണ്ട്. വിദേശ ഇലക്ട്രോണിക്, ടെക്, മീഡിയ, ഘടക നിർമാണ കമ്പനികൾക്ക് വലിയ നികുതിയിളവുകളാണ് ഇന്ത്യയിൽ പ്ലാന്റ് തുടങ്ങുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന വരുമാന നികുതി ദാതാക്കളുടെ മേൽ സർചാർജ് ചുമത്തിയത് സർക്കാർ പുനഃപരിശോധിച്ചേക്കും.

പുതിയ ജിഎസ്ടി 

ഇൻവോയിസിങ്ങും റീഫണ്ട് സ്‌കീമും  അസ്സസ്മെന്റ് രീതികളും കാലോചിത പരിഷ്കരണങ്ങളാണ്. പണമിടപാടുകൾ കുറയ്ക്കുന്നതിനായി ഒരു കോടിയിലേറെയുള്ള കച്ചവട ഇടപാടുകൾക്ക് 2% ടിഡിഎസ് നിശ്ചയിച്ചത്, പ്രീബജറ്റ് മീറ്റിങ്ങിൽ പേടിഎം മേധാവിയുടെ സാന്നിധ്യം വെറുതെയായില്ല എന്നതിന്റെ തെളിവാണ്.

പുതിയ എണ്ണനികുതികൾ

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 70 ഡോളർ കടക്കാൻ പാടുപെടുന്നതും, ശരാശരി 63 ഡോളർ നിരക്കിൽ ക്രൂഡ് ഓയിൽ ലഭ്യമാകുന്നതും ഈ വർഷം തന്നെ ക്രൂഡ് വില 50 ഡോളറിൽ താഴെ ക്രമപ്പെടുമെന്നുമുള്ള അവലോകനമാണ് എണ്ണയ്ക്കുമേൽ സർചാർജും റോഡ് സെസും ചുമത്താനുള്ള ധൈര്യം ധന മന്ത്രാലയത്തിന് നൽകിയത്. ഡോളർ നിരക്ക് 69 രൂപക്ക് താഴെ പോയത് ക്രൂഡോയിൽ താൽകാലിക വിലക്കയറ്റത്തെ ചെറുത്തുകൊള്ളുമെന്നതും സർക്കാരിനു പിന്തുണയാണ്. മോർഗൻ സ്റ്റാൻലി ആഗോള വളർച്ച ശോഷണം ഒപെക് മീറ്റിങ്ങിന്റെ പിറ്റേ ദിവസം തന്നെ പ്രഖ്യാപിച്ചത് ഒപെക്  ഉല്പാദന നിയന്ത്രണം മാർച്ച് വരെ നീട്ടിയതിന്റെ ദോഷം മാറ്റി.

സ്വർണം

സ്വർണത്തിന്റെയും മറ്റും തീരുവ 10%ൽ നിന്നു 12% ആക്കി ഉയർത്തിയത് ആഭരണ വ്യവസായത്തിന് ദോഷകരമാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില വൻ കുതിപ്പിന് ശേഷം പാടെ മാറിയ സാഹചര്യത്തിൽ ഒരു ശതമാനം മാത്രം കുറഞ്ഞത് ഔൺസിന് 1400 ഡോളറിൽ നിൽക്കുന്നത് നിക്ഷേപ വിപണിയിൽ മഞ്ഞ ലോഹത്തിന്റെ പ്രാമുഖ്യം അത്ര പെട്ടെന്ന് മാഞ്ഞു പോകില്ല എന്നു സൂചിപ്പിക്കുന്നു.

ഈയാഴ്‌ച വിപണി കരകയറും

വിപണിയുടെ ബജറ്റ് പിണക്കം ഒരു ദിവസത്തേക്ക് കൂടി മാത്രമേ ഉണ്ടാകൂ. കുറയുന്ന എണ്ണ, ഡോളർ വിലകളും രാജ്യാന്തര വിപണി ചലനങ്ങളും വിപണിയെ സ്വാധീനിച്ച് കരകയറ്റും. അടുത്ത ആഴ്ച മുതൽ കമ്പനികളുടെ ആദ്യ പാദ പ്രവർത്തന ഫലങ്ങൾ പുറത്തു വന്നു തുടങ്ങുന്നത് വിപണിയുടെ ശ്രദ്ധ ബജറ്റിൽ നിന്നു കമ്പനികളുടെ പ്രവർത്തന നേട്ടങ്ങളിലേക്ക് നീങ്ങുന്നതിന് ഇടയാക്കും. ബാങ്കുകളും ടെക്, റിയാലിറ്റി, കൺസ്യൂമർ കമ്പനികളും മികച്ച റിസൾട്ടുകളുമായി അടുത്ത വാരം കളം നിറയും.

വിട്ടു നിൽക്കുന്ന വിദേശ നിക്ഷേപകർ ബുധനാഴ്ചയോടെ ഭാഗികമായെങ്കിലും വിപണിയിൽ തിരിച്ച് സജീവമാകുന്നത് വിപണിക്ക് ഊർജ്ജം നൽകും. ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റാൻ, ഇൻഫി, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, എൽ ആൻഡി ടി, എം ആൻഡ് എം, ഹാവെൽസ് മുതലായ ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കുക.

English Summary: Indian Share Market forecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com