ADVERTISEMENT

ജെനീവ∙ മറ്റു രാജ്യങ്ങളുമായി യുദ്ധം ചെയ്യുകയല്ല ഇറാന്റെ ലക്ഷ്യമെന്നു ഇറാൻ സൈനിക മേധാവി മേജർ ജനറൽ അബ്ദോൾറഹിം മൗസവി. രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസാണ് ഈക്കാര്യം പുറത്തുവിട്ടത്. എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെ കഴിഞ്ഞ മാസം ആക്രമണമുണ്ടാവുകയും യുഎസ് ഡ്രോൺ ഇറാൻ വെടിവച്ചിടുകയും ചെയ്ത സംഭവങ്ങളെ തുടർന്നാണ് ഇറാനും യുഎസ്സും തമ്മിലുള്ള ബന്ധം വഷളായത്. ഡ്രോൺ തങ്ങളുടെ വ്യോമപാതയിൽ സഞ്ചരിച്ചതിനാലാണ് വെടിവച്ചതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ രാജ്യാന്തര പാതയിലൂടെയായിരുന്നു ഡ്രോണിന്റെ സഞ്ചാരമെന്നായിരുന്നു യുഎസ് നിലപാട്.

കഴിഞ്ഞ ആഴ്ച ഇറാനിയൻ എണ്ണക്കപ്പലായ ‘ഗ്രെയ്സ് 1’ ബ്രിട്ടിഷ് നാവികസേന ജിബ്രാൽട്ടർ കടലിടുക്കിൽവച്ചു പിടിച്ചെടുത്തത് സ്ഥിതി വീണ്ടും വഷളാക്കി. യൂറോപ്യൻ യൂണിയന്റെ വിലക്കു മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്നെന്ന് ആരോപിച്ചാണ് ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്തത്. കപ്പലിന്റെ യാത്ര 14 ദിവസത്തേക്കു മരവിപ്പിച്ച് ജിബ്രാൽട്ടർ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ഇതിനെത്തുടർന്നു ബ്രിട്ടിഷ് കപ്പൽ ഇറാൻ പിടിച്ചെടുക്കുമെന്നു മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ബ്രിട്ടന്റെ നടപടി തീർത്തും അനുചിതവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് ഇറാൻ പ്രതിരോധമന്ത്രി അമീർ ഹതാമി പറഞ്ഞു. ബ്രിട്ടിഷ് നാവികസേനയുടെ ‘കടൽക്കൊള്ള’യാണ് നടന്നതെന്നും ഇറാൻ ഒരിക്കലും ഇത് അനുവദിക്കില്ലെന്നും സ്റ്റേറ്റ് ടെലിവിഷനിൽ തിങ്കളാഴ്ച തത്സമയ സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ അമീർ ഹതാമി പറഞ്ഞു. തങ്ങളുടെ അതിർത്തി ഇറാൻ സംരക്ഷിക്കുമെന്നതിന്റെ തെളിവാണ് യുഎസ് ഡ്രോൺ വെടിവച്ചിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. നീക്കം നല്ലതിനല്ലെന്നും യുറേനിയം സമ്പുഷ്ടീകരണത്തിനു ഇറാന്‍റെ ന്യായങ്ങൾ അമേരിക്ക അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. സമ്പുഷ്ടീകരണം തുടരാനാണു തീരുമാനമെങ്കില്‍ ഇറാനെ ഇസ്രയേൽ ആക്രമിക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

2015ലെ ആണവകരാര്‍ പ്രകാരം അനുവദനീയമായതിലും കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ടെഹ്റാന്‍ വ്യക്തമാക്കിയിട്ടുള്ളത്. അണ്വായുധ നിർമാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇറാന്റെ ആണവ താൽപര്യങ്ങള്‍ ആയുധ നിര്‍മാണത്തിലല്ല മറിച്ച് ഇന്ധനം നിര്‍മിക്കാനാണെന്നാണ് അവരുടെ വാദം.

English Summary: Iran is not looking for war with any country- Iran army chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com