ADVERTISEMENT

ടെഹ്റാൻ∙ ആണവകരാർ പ്രകാരം നിശ്ചയിച്ച 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണമെന്ന പരിധി മറികടന്നതായി ഇറാൻ. ആറ്റമിക് എനർജി ഓർഗനൈസേഷൻ വക്താവ് ബെഹറൂസ് കമൽവാന്ദിയാണ് ഇക്കാര്യം അറിയിച്ചത്. യുറേനിയം സമ്പുഷ്ടീകരണം എത്ര അളവിലും എപ്പോൾ വേണമെങ്കിലും നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കഴിഞ്ഞ ദിവസം ബെഹറൂസ് പറഞ്ഞിരുന്നു. 2015 ലെ ആണവ കരാർ പ്രകാരം വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ 3.67% സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ. അധികമുള്ളതു വിദേശത്തു വിൽപന നടത്തണം. സമ്പുഷ്ടീകരിച്ച കൂടുതൽ യുറേനിയം അണ്വായുധമുണ്ടാക്കാൻ ഉപയോഗിച്ചേക്കാം എന്നതിനാലാണു വിലക്ക്. ഈ ഉടമ്പടിയാണ് ഇപ്പോൾ ഇറാൽ ലംഘിച്ചിരിക്കുന്നത്.

20 ശതമാനം യുറേനിയം സമ്പുഷ്ടീകരിക്കുന്നതിന് ഇറാന് യാതൊരു തടസ്സവുമില്ല. ഇപ്പോൾ അതിന്റെ ആവശ്യകതയില്ല. എന്നാൽ വേണ്ടിവന്നാൽ അത്രയും സമ്പുഷ്ടീകരിക്കുന്നതിന് ഇറാനു യാതൊരു മടിയുമില്ലെന്നു ബെഹറൂസ് കമൽവാന്ദി പറഞ്ഞു. ദേശീയ സുരക്ഷാ കൗൺസിലുമായി ചർച്ചചെയ്ത ശേഷമാണ് യുറേനിയം സമ്പുഷ്ടീകരണത്തിനു തീരുമാനമെടുത്തത്. മറുവശത്തെ കുറച്ചുകൂടി ഭയപ്പെടുത്തുന്നതിനു വേണ്ടി മാത്രം ഇറാൻ ഒന്നും നടപ്പാക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ബുഷേർ വൈദ്യുതി പ്ലാന്റിലെ ഉൽപാദനം ശക്തമാക്കുന്നതിനാണ് 3.67ൽ നിന്ന് 5 ശതമാനത്തിലേക്ക് സമ്പുഷ്ടീകരണമെന്നാണ് ഉപവിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ഷി പറഞ്ഞത്.

ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണ് 2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ യുഎസ് അടക്കം വൻശക്തികൾ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. എന്നാൽ, 2018 മേയിൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽ നിന്നു പിന്മാറുകയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഇറാന്റെ സമ്പദ്ഘടന വീണ്ടും പ്രതിസന്ധിയിലായി.ഇറാൻ ഭീകരസംഘടനകൾക്കു വിവിധ സഹായങ്ങൾ നൽകുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിനെത്തുടർന്നു ആണവകരാറിലെ ഓരോ വാഗ്ദാനങ്ങളിൽ നിന്ന് ഇനിയുള്ള 60 ദിവസങ്ങളായി പിന്മാറുമെന്നാണ് ഇറാന്റെ ഭീഷണി. യുഎസ് ഉപരോധം കൊണ്ടുള്ള നഷ്ടം, കരാറിൽ നിന്നു പിന്മാറാത്ത യുറോപ്യൻ രാജ്യങ്ങൾ അടക്കമുള്ള മറ്റുു രാജ്യങ്ങൾ നികത്തിത്തരണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. നീക്കം നല്ലതിനല്ലെന്നും യുറേനിയം സമ്പുഷ്ടീകരണത്തിനു ഇറാന്‍റെ ന്യായങ്ങൾ അമേരിക്ക അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. സമ്പുഷ്ടീകരണം തുടരാനാണു തീരുമാനമെങ്കില്‍ ഇറാനെ ഇസ്രയേൽ ആക്രമിക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനു മേൽ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ മടിക്കരുതെന്നും യുറേനിയം സമ്പുഷ്ടീകരണത്തിനു പിന്നിലെ ഇറാന്റെ ഒറ്റ ലക്ഷ്യം അണുബോംബുകൾ നിർമിക്കുകയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

English Summary: Iran's Uranium Enrichment Breaks Nuclear Deal Limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com