sections
MORE

രക്തരൂഷിതം, പലായനം, സൈബർ ചതിക്കുഴി; ഭൂമിയിലെ നരകമായിരിക്കും ആ യുദ്ധം

war-iran-us-bombing
Representative Image
SHARE

തങ്ങളുടെ മിസൈൽ പരിധിക്കുള്ളിലാണ് ഇറാനെന്ന കാര്യം മറക്കരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാനെ യുഎസ് ആക്രമിച്ചാൽ അരമണിക്കൂറിനകം ഇസ്രയേലിനെ തകർക്കുമെന്ന ‘ഭീഷണിക്കുള്ള’ നെതന്യാഹുവിന്റെ മറുപടിയായിരുന്നു അത്. ‘മറക്കരുത്, ഞങ്ങളുടെ യുദ്ധവിമാനങ്ങള്‍ക്ക് മധ്യപൂർവദേശത്ത് എവിടെ വേണമെങ്കിലും എത്താനാകും. അക്കൂട്ടത്തിൽ ഇറാനുണ്ട്, സിറിയയും...’ ഇസ്രയേൽ വ്യോമസേന ആസ്ഥാനത്തു നടത്തിയ അഭിസംബോധനയിൽ കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞു. 2015ലെ ആണവകരാറിൽ നിന്നു വ്യതിചലിച്ച് ഇറാൻ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഒരുക്കങ്ങൾ തുടരുമ്പോൾ മധ്യപൂർവദേശം വീണ്ടും തീപിടിക്കുകയാണ്. യുഎസിനു നേരെ ഏതു തരത്തിൽ ഇറാന്റെ പ്രകോപനമുണ്ടായാലും ഉചിതമായി നേരിടുമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇറാന്റേത് തീക്കളിയാണെന്നും ട്രംപ് പറഞ്ഞുകഴിഞ്ഞു. വീണ്ടുമൊരു യുദ്ധത്തിനാണോ വൻ ശക്തികൾ കോപ്പുകൂട്ടുന്നത്?

യുഎസ്–ഇറാന്‍ യുദ്ധമുണ്ടായാലുള്ള സാഹചര്യങ്ങളെപ്പറ്റി വിദഗ്ധരുമായി സംസാരിച്ച് ‘വോക്സ്’ ന്യൂസ് പോർട്ടലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെയും നേരത്തേ സ്ഥാനം വഹിച്ചിരുന്നവരുമായ വൈറ്റ് ഹൗസിലെയും പെന്റഗണിലെയും യുഎസ് ഇന്റലിജൻസിലെയും എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടെ കണ്ടു സംസാരിച്ചാണ് അലക്സ് വാർഡ് എന്ന ലേഖകൻ റിപ്പോർട്ട് തയാറാക്കിയത്. സംസാരിച്ച എല്ലാവരും ഒറ്റവാക്കിൽ പറഞ്ഞത് ‘ഭൂമിയിലെ നരകമായിരിക്കും ആ യുദ്ധം’ എന്നാണ്. മാസങ്ങളോളം നീളുന്ന യുദ്ധത്തിൽ ഇറാനിലെയും യുഎസിലെയും ജീവിതം ആശങ്കയുടെ കാർമേഘക്കെട്ടിലായിത്തീരും. ദശലക്ഷങ്ങൾ കൊല്ലപ്പെടും. ലോകം കണ്ട ഏറ്റവും ഏറ്റവും ഭീകരമായ പോരാട്ടങ്ങളിലൊന്നായിരിക്കും അത്– റിപ്പോർട്ടിൽ പറയുന്നു.

മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ ഇറാനുമായി ഒപ്പിട്ട ആണവകരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിന്മാറിയതാണ് നിലവിലെ പ്രശ്നങ്ങളിലേക്കു നയിച്ചത്. ഭീകരസംഘടനകൾക്ക് ഇറാൻ സഹായം നൽകുന്നുവെന്നാരോപിച്ചായിരുന്നു അത്. തുടർന്ന് ഇറാനെതിരെ കനത്ത ഉപരോധങ്ങളും യുഎസ് ഏർപ്പെടുത്തി. ഇറാനുമായി ഇന്ധന ഇടപാട് ഉൾപ്പെടെ നടത്തുന്ന രാജ്യങ്ങൾക്കു മേലും യുഎസിന്റെ ഉപരോധ ഭീഷണി പതിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പലാക്രമണങ്ങൾ കൂടിയായതോടെ മേഖലയിൽ സംഘർഷം ശക്തമായി. യുഎസിന്റെ ഡ്രോൺ ഇറാൻ തകർത്ത സംഭവത്തിനു പിന്നാലെ യുദ്ധമെന്ന് രാജ്യാന്തര നിരീക്ഷകർ പ്രവചിച്ചതാണ്. എന്നാൽ ആക്രമിക്കാനുള്ള തീരുമാനത്തിൽ നിന്ന് 10 മിനിറ്റ് മുൻപ് പിന്മാറുകയായിരുന്നെന്നാണ് ട്രംപ് പറഞ്ഞത്.

123081392
Representative Image

അഥവാ യുഎസ് ആക്രമിച്ചിരുന്നാൽത്തന്നെ പ്രധാന സഖ്യകക്ഷികളിലൊന്നായ ഇസ്രയേലിനെ തകർക്കുമെന്ന് ഇറാൻ പാർലമെന്റ് അംഗങ്ങളിലൊരാൾ പറഞ്ഞതും ഈ സാഹചര്യത്തിലായിരുന്നു. യുദ്ധമല്ല ലക്ഷ്യമെന്ന് ഇറാനും യുഎസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിൻസോയുടെ വാക്കുകളിൽ പറഞ്ഞാൽ ‘ആരും പ്രതീക്ഷിക്കാത്ത രീതിയിൽ വരുന്ന പ്രകോപനങ്ങൾ യുദ്ധമായി മാറാൻ സാധ്യതയുണ്ട്’ എന്നതാണ് വിവിധ രാജ്യങ്ങളെ ആശങ്കാകുലരാക്കുന്നത്. ഇറാഖ് യുദ്ധത്തേക്കാൾ മാരകമായിരിക്കും ഇറാനുമായുള്ള യുദ്ധമെന്നാണ് പ്രതിരോധ വകുപ്പിലെ ഇറാൻ വിഭാഗത്തിന്റെ തലവനായിരുന്ന (2009–12) ഇലാൻ ഗോള്‍ഡൻബർഗ് പറയുന്നത്. അറബ് വസന്തത്തോട് അനുബന്ധിച്ച് മധ്യപൂർ‍വദേശത്ത് വർഷങ്ങളോളം തുടർന്ന സംഘർഷത്തിനു സമാനമായിരിക്കും മേഖലയിലെ സാഹചര്യം.

കപ്പൽ, ബോംബ്, ഡ്രോൺ... പ്രകോപനങ്ങളേറെ

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിത്തുടങ്ങിയതിനാല്‍ നിലവിലെ യുഎസ് ഉപരോധം എന്തു വില കൊടുത്തും പിൻവലിപ്പിക്കുക എന്നതിനാണ് ഇറാന്റെ ശ്രമം. അതിനു വേണ്ടി കരാറിന്റെ ഭാഗമായ മറ്റു രാജ്യങ്ങളിന്മേലാണ് ഇറാൻ സമ്മർദം ചെലുത്തുന്നത്. കരാറില്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്, പക്ഷേ യുഎസ് ഉപരോധം കാരണമുണ്ടായിട്ടുള്ള നഷ്ടം നികത്താൻ മറ്റു രാജ്യങ്ങൾ സഹായിക്കണമെന്നതാണ് ആവശ്യം. നയപരമായ നീക്കങ്ങൾ ഫലം കണ്ടില്ലെങ്കിൽ ആക്രമണരീതിയിലേക്കു കടക്കാനായിരിക്കും ഇറാൻ ശ്രമിക്കുകയെന്നും റിപ്പോർട്ട് പറയുന്നു. അതിനുള്ള ഏറ്റവും മികച്ച മാർഗം ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഒരു യുഎസ് എണ്ണക്കപ്പലിനെ ബോംബിട്ട് തകർക്കുകയെന്നതാണ്. ഇറാൻ നാവികസേനയ്ക്ക് വൻ സ്വാധീനമുള്ള ഹോർമുസിൽ അത്തരമൊരു നീക്കം അവരെ സംബന്ധിച്ച് ഏറെ എളുപ്പവുമാണ്.

ഒന്നുകിൽ ജീവനാശം ലക്ഷ്യമിട്ടായിരിക്കാം കപ്പലാക്രമണം, അല്ലെങ്കിൽ എണ്ണശേഖരം തകർക്കുകയെന്ന ‘മുന്നറിയിപ്പ്’ തന്ത്രമാകാം. യുഎസിന്റെ സഖ്യകക്ഷികളായ സൗദിക്കും യുഎഇക്കും നേരെ സൈബർ ആക്രമണങ്ങൾ നടത്തിയും ഇറാൻ പ്രകോപിപ്പിച്ചേക്കാം. ഇറാൻ പിന്തുണയ്ക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന ഒട്ടേറെ സായുധ സംഘടനകൾ ഇറാഖിലുണ്ട്. അവരുടെ സഹായത്താൽ യുഎസിന്റെ നയതന്ത്ര പ്രതിനിധികൾക്കു നേരെയോ സൈന്യത്തിനു നേരെയോ വിവിധ ജോലികൾക്കായി ഇറാഖിലെത്തിയ യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടോ ആക്രമണം നടത്തിയും പ്രകോപനത്തിനു സാധ്യതയുണ്ട്. ഇറാന്റെ ആണവശാസ്ത്രജ്ഞരെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണവും യുദ്ധത്തിനു കാരണമായേക്കാം. സ്വാഭാവികമായും ഇറാൻ തിരിച്ചടിക്കുകയും യുദ്ധത്തിലേക്ക് യുഎസും എത്തുകയും ചെയ്യും.

ഇറാഖ് വഴിയുള്ള ഇറാന്റെ നീക്കത്തിനാണു പക്ഷേ വിദഗ്ധര്‍ ഏറെ സാധ്യത കൽപിക്കുന്നത്. 1983ൽ ഇറാഖ് യുദ്ധകാലത്ത് ലെബനനിലെ യുഎസ് മറീൻ ക്യാംപുകൾ ഇറാൻ ബോംബിട്ട് തകർത്തതാണ് അതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്ന് 600–ലേറെ സൈനികരാണു കൊല്ലപ്പെട്ടത്. സമാനമായി, ഇറാഖിൽ ആക്രമണം നടത്തി അതു ചെയ്തതു തങ്ങളാണെന്നു വരുത്തിത്തീർക്കാൻ ഇറാന് എളുപ്പം സാധിക്കുമെന്നും ഗോൾഡൻബെർഗ് പറയുന്നു. അതോടെ പ്രതികരിക്കാതിരിക്കാൻ യുഎസിനും ആവില്ല.

517581640
Representative Image

യുഎസിന്റെ എണ്ണക്കപ്പല്‍ തകർത്താൽ തിരികെ ഇറാന്റെ കപ്പലുകൾ തകർത്തായിരിക്കും യുഎസിന്റെ മറുപടി. വീണ്ടും യുഎസിന്റെ ഡ്രോൺ തകർക്കാനാണ് ഇറാന്റെ നീക്കമെങ്കിൽ ഇറാന്റെ യുദ്ധവിമാനങ്ങളെയായിരിക്കും യുഎസ് ലക്ഷ്യമിടുക. ഇറാഖിലെ സായുധ സംഘടനകൾ വഴിയാണ് ഇറാന്റെ നീക്കമെങ്കിൽ അവരുടെ പ്രവർത്തനകേന്ദ്രം തിരഞ്ഞു പിടിച്ച് യുഎസ് തകർത്തിരിക്കും. ഇറാനിൽ ഇത്തരം സംഘടനകൾക്കു പരിശീലനം നൽകുന്നുവെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രങ്ങൾ വരെ യുഎസ് ബോംബിട്ട് തകർത്തേക്കാമെന്നും നിരീക്ഷകർ പറയുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിയുന്നത്.

ട്രംപിനെ ആരു വിശ്വസിപ്പിക്കും?

ഇറാനെയും യുഎസിനെയും പരസ്പരം ബന്ധിപ്പിക്കാൻ തക്ക സ്വാധീനശക്തിയുള്ള ഒരു രാജ്യവും നിലവിലില്ല എന്നതാണു സത്യം. ജപ്പാൻ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ടെങ്കിലും ഈ മൂന്നു രാജ്യങ്ങളും തമ്മില്‍ പല കാര്യങ്ങളിലും ഇപ്പോഴും പരസ്പര വിശ്വാസം കുറവാണ്. ഈയൊരു സാഹചര്യത്തിലാണ് ഇറാൻ–യുഎസ് സംഘർഷം കൈവിട്ടു പോകാനുള്ള സാധ്യത ശക്തമാകുന്നതും. ഇരുരാജ്യങ്ങൾ തമ്മിൽ കൈകൊടുത്ത് നേരിട്ടുള്ള ചർച്ചയ്ക്കു പകരം വ്യക്തമായ സന്ദേശങ്ങൾ കൈമാറുന്നതു തന്നെ യുദ്ധമൊഴിവാക്കാനുള്ള വഴിയാണെന്ന് പറയുന്നു പെന്റഗണിലെ മുൻ മധ്യപൂർവദേശ വിഭാഗം ഉപദേഷ്ടാവ് ജാസ്മിൻ എൽ–ഗമാൽ. സന്ദേശങ്ങളൊന്നുമില്ലാതെ പ്രവൃത്തി മാത്രമാകുമ്പോൾ ഇരുവിഭാഗവും അതിനെ വായിച്ചെടുക്കുന്നതെങ്ങനെയെന്നു പറയാനാകില്ല. അത് സംഘർഷ സാധ്യത കൂട്ടുകയേ ഉള്ളൂ.

യുഎസ് ദേശീയ സുരക്ഷ കൗൺസിൽ അംഗം എറിക്സ ബ്രൂവറിനു പറയാനുള്ളത് മറ്റൊന്നാണ്. ‘ഇറാനു നേരെ യുഎസ് വ്യോമാക്രമണം നടത്തിയെന്നിരിക്കട്ടെ. തിരികെ ഇറാൻ ഒരുപക്ഷേ പ്രതികരിക്കുക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ വിന്യാസം നടത്തിയായിരിക്കും. ഇടനിലക്കാരോ സന്ദേശവാഹകരോ ഇല്ലാത്തതിനാൽ യുഎസിന് ഈ നീക്കത്തിന്റെ ‘അർഥം’ പിടികിട്ടില്ല. ഒരു കൂട്ടർ പ്രസിഡന്റ് ട്രംപിനെ വിശ്വസിപ്പിക്കുക ആ മിസൈലുകൾ യുഎസ് എംബസികളെയോ സൈനികരെയോ സഖ്യശക്തികളെയോ ആക്രമിക്കാൻ വേണ്ടിയായിരിക്കും എന്നാണ്. മറുവിഭാഗമാകട്ടെ അത് യുഎസിന്റെ തുടരാക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാൻ വിന്യസിച്ചതാണെന്നും. ഇതിൽ ഒന്നിന് പ്രകോപനത്തിന്റെയും രണ്ടാമത്തേതിന് സമാധാനത്തിന്റെയും ശബ്ദമാണ്.

Iran-US-War
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി, ഡോണൾഡ് ട്രംപ്

ഇറാൻ യുഎസിനെതിരെ ആക്രമണത്തിനൊരുങ്ങുകയാണ് എന്ന വാദത്തിനാണ് ട്രംപ് ചെവി കൊടുക്കുന്നതെങ്കിൽ, ഇറാന്റെ സന്ദേശത്തിന്റെ അഭാവത്തിൽ, യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നത് ഉറപ്പ്. പക്ഷേ പ്രകോപനമല്ല യുഎസിനെ പേടിച്ച് സമാധാനമാണ് ഇറാൻ ലക്ഷ്യമിട്ടിരുന്നതെങ്കിലോ? സമാധാന സന്ദേശം നൽകിയിട്ടും യുഎസ് ആക്രമിച്ചെന്നു പറഞ്ഞ് ഇറാനും ശക്തമായ തിരിച്ചടിയിലേക്കു തന്നെ നീങ്ങും. ഇറാനും യുഎസും തമ്മിൽ കൃത്യമായൊരു ആശയവിനിമയം ഇല്ലാത്തിടത്തോളം കാലം ഇത്തരമൊരു ഭീഷണി ഇരുരാജ്യങ്ങളുടെയും തലയ്ക്കു മുകളിലുണ്ടാകും’– ഏറെക്കാലം ഇന്റലിജൻസ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ബ്രൂവർ വ്യക്തമാക്കുന്നു.

യുഎസിന്റെ പ്രവൃത്തി ഇറാൻ തെറ്റായി വിലയിരുത്തുന്നതും പ്രശ്നമുണ്ടാക്കും. സംഘർഷ സാധ്യതയെത്തുടർന്ന് ട്രംപ് 25,000 സൈനികരെയും യുദ്ധവിമാനങ്ങളെയും മധ്യപൂര്‍വ ദേശത്തേക്ക് അയച്ചെന്നിരിക്കട്ടെ. ഇറാനെ കൂടുതൽ കടുത്ത നടപടികളിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ‘ഭയപ്പെടുത്തൽ’ മാത്രമായിരുന്നിരിക്കും ഒരുപക്ഷേ യുഎസ് ലക്ഷ്യമിട്ടിട്ടുണ്ടാവുക. പക്ഷേ തങ്ങളെ ആക്രമിച്ചു കീഴടക്കാനുള്ള യുഎസിന്റെ വരവാണതെന്ന് ഇറാൻ കരുതും. അതോടെ യുദ്ധത്തിന് തുടക്കം കുറിക്കുന്നത് ഇറാനായിരിക്കുമെന്നും ബ്രൂവർ പറയുന്നു.

യുഎസിനെ ‘മുക്കിയ’ പ്രകടനം

പൂർണമായ തോതിലൊരു ഇറാൻ–യുഎസ് യുദ്ധം ലോകം പ്രതീക്ഷിക്കുന്നില്ല. ഇരുപക്ഷങ്ങൾ തമ്മിൽ ഇടവേളകളിൽ പരസ്പരം ഓരോ നീക്കങ്ങൾ നടത്തുകയും അതിന് ആയുധ പ്രയോഗത്തിലൂടെ മറുപടി പറയുന്നതുമായിരിക്കും രീതി. പക്ഷേ ലോകത്തെ ഭീതിപ്പെടുത്താൻ പോന്നതായിരിക്കും അത്. ഏറെ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞ ആക്രമണമായതിനാൽത്തന്നെ ജനങ്ങളുടെ ജീവനും ഭീഷണി ഏറെയായിരിക്കും. ഒരുപക്ഷേ ഒട്ടേറെ പേർ കൊല്ലപ്പെടാനും ഇതു മതി. കരയേക്കാളും നാവിക–വ്യോമസേന ആക്രമണങ്ങളിലായിരിക്കും യുഎസിനു താൽപര്യം. ഇറാന്റെ കപ്പലുകളെയും യുദ്ധവിമാനങ്ങളെയും മിസൈൽ സംഭരണ കേന്ദ്രങ്ങളെയും ആണവകേന്ദ്രങ്ങളെയും പരിശീലന കേന്ദ്രങ്ങളെയും ബോംബിട്ടു തകര്‍ക്കുന്നതായിരിക്കും യുഎസിന്റെ പ്രധാന നീക്കം. ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് സൈബർ ആക്രമണവും പ്രതീക്ഷിക്കാം.

rising-tensions-between-america-and-iran
ഹോർമുസ് കടലിടുക്കിൽ കപ്പലിനു തീപിടിച്ചപ്പോൾ (ഫയൽ ചിത്രം)

തുടങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ ഇറാന്റെ പരമ്പരാഗത യുദ്ധനീക്കങ്ങളെ തകർത്തായിരിക്കും യുഎസ് ആത്മവിശ്വാസം വർധിപ്പിക്കുക. എന്നാൽ രഹസ്യ ആയുധങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന ഇറാന്റെ ഭീഷണി ഇവിടെ ലോകത്തിന്റെ ഉറക്കം കെടുത്താനുണ്ട്. ‘ഇറാൻ ഒരു കാരണവശാലും തോൽവി സമ്മതിക്കില്ല. വെടിയുതിർത്തും ബോംബിട്ടും യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇറാനെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്നതിലും പരിമിതികളുണ്ട്. ഇതെല്ലാം ഇറാന്റെ കീഴടങ്ങലിലേക്കല്ല, യുദ്ധത്തിന്റെ മൂർച്ച കൂട്ടാനേ ഉപകരിക്കൂ...’ ന്യൂയോർക്ക് സെഞ്ചുറി ഫൗണ്ടേഷനിലെ മധ്യപൂർവദേശകാര്യ വിദഗ്ധൻ മൈക്കെൽ ഹന്ന പറയുന്നു.

ഇറാനെയും എഴുതിത്തള്ളാനാകില്ല. 2002ൽ ഇറാൻ നടത്തിയ ഒരു സൈനികാഭ്യാസ പ്രകടനത്തിൽ യുഎസിന്റെ കപ്പൽ തകർത്ത് നാവികരെ കൊന്നൊടുക്കാനുള്ള ശേഷിയുണ്ടെന്നു തെളിയിച്ചിരുന്നു. യുഎസ് കപ്പലുകളെ ഇറാൻ തകർക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ‘ഹീറോയിസ’മാണ്. എന്നാൽ ഇറാന്റെ കപ്പലുകളെ യുഎസ് തകർക്കുന്നതിന് അത്തരമൊരു മതിപ്പ് ലഭിക്കുകയുമില്ല. യുഎസിന്റെ ആക്രമണത്തിൽ ഇറാനിൽ സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെടുമെന്നത് വ്യക്തമാണ്. അതോടെ ഇറാൻ ഭരണകൂടത്തിനു പിന്നിൽ ജനങ്ങളും രാജ്യാന്തരതലത്തിൽ സമാധാന വക്താക്കളും അണിനിരക്കും. ട്രംപിന്റെ യുദ്ധനീക്കത്തിനെതിരെ ഒരുപക്ഷേ യുഎസിൽ തന്നെ പ്രതിഷേധ ശബ്ദമുയരുകയും ചെയ്യും. ട്രംപാകട്ടെ വിദേശരാജ്യങ്ങളുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ്. പക്ഷേ യുഎസ് ശക്തി തെളിയിക്കണമെന്ന മട്ടിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ‘ഉപദേശിച്ചാൽ ’ ഒരുപക്ഷേ സംഘർഷം സുനിശ്ചിതം.

Iran-Military-Excercise
ഇറാന്റെ യുദ്ധാഭ്യാസ പ്രകടനത്തിൽ നിന്ന് (ഫയൽ ചിത്രം)

വേണം 16 ലക്ഷം സൈനികർ

2003ൽ ഇറാഖ് യുദ്ധ സമയത്ത് ആ രാജ്യത്തുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി ജനം ഇന്ന് ഇറാനിലുണ്ട്. ഫ്രാൻസ്, ജർമനി, ഹോളണ്ട്, ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നിവയേക്കാളും വലിയ രാജ്യവുമാണ് ഇറാന്‍. അതിർത്തിയിൽ പർവതപ്രദേശമായതിനാൽത്തന്നെ സൈനിക നീക്കങ്ങൾക്ക് ശത്രുരാജ്യം ഏറെ പാടുപെടും. ഇറാന്റെ കിഴക്കൻ അതിർത്തിയിൽ അഫ്ഗാനാണ്. പടിഞ്ഞാറ് തുർക്കിയും. രണ്ടു വഴിയിലൂടെയും ഇറാനിലേക്ക് കടക്കാൻ അത്രയെളുപ്പം യുഎസിനു സാധിക്കില്ല. ഇറാൻ–ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്റെ സൈന്യം ഇറാനിലേക്കു കടന്ന തെക്കുപടിഞ്ഞാറൻ മേഖലയിലെ ജലപാത മാത്രമേ യുഎസിനു മുന്നിലുള്ളൂ. അപ്പോഴും യുഎസ് നീക്കം തിരിച്ചറിഞ്ഞാൽ ഇവിടെ എളുപ്പം പ്രതിരോധം തീർക്കാൻ ഇറാനാകും. ഇതുകൊണ്ടൊക്കെയാണ് ഇറാനെ ‘കോട്ട’യെന്ന് പലരും വിശേഷിപ്പിക്കുന്നതും.

ഇറാൻ കീഴടക്കണമെങ്കിൽ യുഎസിന് 16 ലക്ഷം സൈനികരെയെങ്കിലും ഇറക്കേണ്ടി വരും. എന്നാൽ അത്രയും പേർക്ക് ക്യാംപ് ചെയ്യാനുള്ള സൗകര്യം എവിടെ നിന്നു ലഭിക്കുമെന്നതാണ് ചോദ്യം. മാത്രവുമല്ല ഇറാഖിൽ പോലും യുഎസിന് ഒരുസമയം 1.8 ലക്ഷത്തിൽ കൂടുതൽ സൈനികരുണ്ടായിട്ടില്ല. ബലപ്രയോഗത്തിലൂടെ ഇറാൻ പിടിച്ചെടുക്കാനാണ് യുഎസ് ശ്രമിക്കുന്നതെങ്കിലും മരിച്ചു വീഴുന്നവരുടെ എണ്ണവും തിട്ടപ്പെടുത്താൻ പോലുമാകില്ല. ഇതൊന്നും ഇറാന്റെ അയൽരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്നതാണു സത്യം. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളും അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എണ്ണവിപണിയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഗൾഫ് രാജ്യങ്ങളുടെ പ്രധാന ആശങ്ക. യുദ്ധത്തെത്തുടർന്നുണ്ടാകുന്ന അഭയാർഥി പ്രവാഹമാണ് യൂറോപ്പിന്റെ പ്രശ്നം. സിറിയയുടെ കാര്യത്തിൽ ഇപ്പോഴും ആ പ്രശ്നം പരിഹരിക്കാനായിട്ടില്ല.

നിലവിൽ പരോക്ഷമായിട്ടാണെങ്കിലും റഷ്യയും ചൈനയും ഇറാനെ പിന്തുണയ്ക്കുന്നുണ്ട്. യുദ്ധമുണ്ടായാല്‍ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ അതു മാസങ്ങളോളം ബാധിക്കും. ചൈനയുടെ ചരക്കു നീക്കത്തിലേറെയും ഇതു വഴിയാണ്. അതിനാൽ സമാധാനത്തിനായിരിക്കും ചൈനീസ് ശ്രമം. റഷ്യയും ഈ ഘട്ടത്തിൽ ഇറാനൊപ്പം നിൽക്കുമെങ്കിലും സമാധാനത്തിനു തന്നെയായിരിക്കും നിര്‍ദേശിക്കുക. വീറ്റോ അധികാരമുള്ളതിനാൽത്തന്നെ യുദ്ധത്തെ ന്യായീകരിക്കാനുള്ള യുഎസിന്റെ ഏതൊരു നീക്കത്തെയും യുഎൻ സുരക്ഷാ കൗൺസിലിൽ എതിർക്കാനും റഷ്യയ്ക്കും ചൈനയ്ക്കും സാധിക്കും.

SYRIA-CONFLICT
സിറിയയിൽ തുടരുന്ന യുദ്ധത്തില്‍ നിന്ന് (ഫയൽ ചിത്രം)

ലാറ്റിനമേരിക്ക ഞെട്ടിയ കാലം

ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡുമാരുടെയും ഇറാന്റെ പിന്തുണയോടെ മധ്യപൂർവ ദേശത്തു പ്രവർത്തിക്കുന്ന സായുധ സംഘടനകളുടെയും കരുത്തിനെ യുദ്ധസാഹചര്യത്തിൽ ആര്‍ക്കും വിലകുറച്ചു കാണാനാകില്ല. മേഖലയിലെ യുഎസ് പൗരന്മാരെയും സൈന്യത്തെയും നയതന്ത്ര പ്രതിനിധികളെയും ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കാനായിരിക്കും ഇറാൻ ശ്രമിക്കുക. താരതമ്യേന ദുർബലമായ സിറിയയിലെ യുഎസ് സൈനികരെ എളുപ്പത്തിൽ ലക്ഷ്യംവയ്ക്കാനും ഇറാനാകും. അവിടെ എണ്ണത്തിലും പ്രതിരോധനീക്കത്തിലും മുന്നിൽ ഇറാന്റെ സൈന്യമാണ്. ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനകളുടെ ഇറാഖിലെ ശക്തികേന്ദ്രങ്ങളോട് ചേര്‍ന്ന് ഒട്ടേറെ യുഎസ് പൗരന്മാരും പ്രവർത്തിക്കുന്നുണ്ട്. അവരെ ലക്ഷ്യമിട്ടും ആക്രമണമുണ്ടായേക്കാം.

ഇറാന്റെ സഹായം പറ്റുന്ന ലെബനനിലെ ഹിസ്ബുല്ല പോലുള്ള സായുധ സംഘടനകൾ ആക്രമിക്കുമോയെന്ന ആശങ്ക ഇസ്രയേലിനുമുണ്ട്. 2006ൽ ഇസ്രയേൽ–ഹിസ്ബുല്ല പോരാട്ടം ലോകം കണ്ടുതുമാണ്. ഒരു മാസം നീണ്ട പോരാട്ടത്തിൽ 4000 റോക്കറ്റിലേറെയാണ് ഹിസ്ബുല്ല ഇസ്രയേലിലേക്കു പ്രയോഗിച്ചത്. ഇസ്രയേലാകട്ടെ ലെബനനിനെ ആക്രമിച്ചത് 7000ത്തിലേറെ ബോംബുകളും മിസൈലുകളും പ്രയോഗിച്ചും. അന്ന് 160 ഇസ്രയേൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. ലെബനനിലാകട്ടെ മരണസംഖ്യ 1100 ആയിരുന്നു. 10 ലക്ഷത്തോളം പേർക്ക് ലെബനനിലെ വീട് വിട്ട് ഓടിപ്പോകേണ്ടി വന്നു.

യുഎഇ, സൗദി തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ആക്രമണം അഴിച്ചുവിടാനും സായുധ സംഘടനകളോട് ഇറാൻ നിർദേശിച്ചേക്കാം. സൗദിക്ക് നേരെ ആക്രമണം ശക്തമാക്കാൻ യെമനിലെ ഹൂതി വിമർതർക്കു കൂടുതൽ ആയുധങ്ങളും ധനസഹായവും എത്തിക്കാനും ഇറാനാകും. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഇറാന് ‘സ്‌ലീപ്പർ സെല്ലുകൾ’ ഉള്ളതായാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. അവരുടെ പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കുമെന്നത് ആര്‍ക്കും പ്രവചിക്കാനുമാകില്ല. 1994ൽ അർജന്റീനയുടെ തലസ്ഥാനം ബ്യൂണസ് ഐറിസിലുള്ള ജൂതവിഭാഗക്കാരുടെ കെട്ടിടത്തിൽ ഇറാൻ ബന്ധമുള്ള ഭീകര സംഘടന നടത്തിയ ആക്രമണവും മറക്കാറായിട്ടില്ല. അന്ന് 85 പേരാണു കൊല്ലപ്പെട്ടത്, മുന്നൂറിലേറെ പേർക്കു പരുക്കേറ്റു. ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണവുമായിരുന്നു അത്.

iran-navy-ship-mine-video-new
ഹോർമുസ് കടലിടുക്കിലെ കപ്പലിൽ നിന്ന് പൊട്ടാത്ത മൈൻ മാറ്റുന്ന ഇറാൻ സൈനികരെന്ന് ആരോപിച്ച് യുഎസ് പുറത്തുവിട്ട ചിത്രം (ഫയൽ)

ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കഴിഞ്ഞ വർഷം അർജന്റീനയിൽ രണ്ടു പേർ അറസ്റ്റിലായത് സ്‌ലീപ്പർ സെൽ ഭീഷണി പിന്നെയും കൂട്ടുന്നു. പക്ഷേ ദേശീയ സുരക്ഷാ കൗൺസിലിന്റെ ഭീകരവിരുദ്ധ വിഭാഗം മുൻ മേധാവി ക്രിസ് മസ്സെൽമാൻ മുന്നറിയിപ്പു നൽകുന്നത് മറ്റൊരു കാര്യമാണ്– ‘ഇറാൻ പിന്തുണയോടെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്രവർത്തിക്കുന്ന സായുധ സംഘടനകളാണ് യഥാർഥ പ്രശ്നക്കാരാവുക. യുദ്ധമുണ്ടായാൽ ഇറാൻ ലക്ഷ്യമിടുക യുഎസിന് തങ്ങളുടെ പൗരന്മാർക്കും സൈന്യത്തിനും കാര്യമായ സുരക്ഷ ഉറപ്പു നൽകാൻ പറ്റാത്ത രാജ്യങ്ങളായിരിക്കും. പടിഞ്ഞാറൻ ആഫ്രിക്കയിൽ‍ ഹിസ്ബുല്ലയ്ക്കു നിർണായക സ്വാധീനമുണ്ട്. അവിടെ യുഎസ് എംബസികൾക്ക് ഉൾപ്പെടെ സുരക്ഷയും കുറവാണ്. ഇവിടങ്ങളിൽ ശക്തമായ യുഎസ് ഇന്റലിജൻസ് സംവിധാനം മാത്രമായിരിക്കും തുണയാവുക’

സൈബർ ചതിക്കുഴികൾ

യുഎസിനെതിരെ ഇറാന് ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊരു യുദ്ധതന്ത്രം സൈബർ ആക്രമണങ്ങളാണ്. 2011 മുതൽ ഇതുവരെ നാൽപതിലേറെ യുഎസ് ബാങ്കുകൾക്കു നേരെ സൈബർ ആക്രമണം നടത്തിയിരിക്കുന്നു ഇറാൻ. ജെപി മോർഗൻ ചേസ്, ബാങ്ക് ഓഫ് അമേരിക്ക ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളാണ് ഇതിന്റെ ഇരകളായതും. എണ്ണക്കമ്പനിയായ സൗദി അറാംകോയ്ക്കു നേരെ ഇറാൻ വൈറസാക്രമണം നടത്തിയത് 2012ലാണ്. കമ്പനിയുടെ കംപ്യൂട്ടറുകളിലെ 75% വരുന്ന രേഖകളും മെയിലുകളും മറ്റു ഫയലുകളും അന്നത്തെ ആക്രമണത്തിൽ നഷ്ടമായി. പകരം കംപ്യൂട്ടറിൽ പ്രത്യക്ഷപ്പെട്ടതാകട്ടെ കത്തുന്ന യുഎസ് പതാകയും.

cyber-crime
Representative Image

‘എണ്ണ–എൽപിജി, സാമ്പത്തിക മേഖല, ഇലക്ട്രിക് പവർ ഗ്രിഡ് എന്നിവ ലക്ഷ്യമിട്ടായിരിക്കും യുദ്ധ കാലത്തെ സൈബർ ആക്രമണം. ഇതിനോടകം തന്നെ പലയിടത്തും സൈബർ നുഴഞ്ഞു കയറ്റത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടാകും. യുഎസുമായി സംഘർഷം ശക്തമാകുന്നതിന്റെ ആരംഭത്തിൽ തന്നെ ഇറാൻ ആക്രമണം അഴിച്ചുവിടുകയും ചെയ്യും’–യുഎസ് സൈബർ കമാൻഡിലെ മുൻ മറീൻ ലഫ്. ജനറൽ വിൻസന്റ് സ്റ്റുവാർട്ട് പറയുന്നു. യുഎസിലെയും ഗൾഫിലെയും തന്ത്രപ്രധാന കേന്ദ്രങ്ങളിലെ പാസ്‌വേഡുകളും മറ്റും സ്വന്തമാക്കി നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം ഇറാൻ സൈബർ പോരാളികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

യുദ്ധാനന്തരം ദുരിതം

അടുത്തിടെ നടന്ന കപ്പലാക്രമണങ്ങളും ഇറാന്റെ കരുത്ത് തെളിയിക്കുന്നതാണ്. ഹോർമുസ് കടലിടുക്കിൽ സ്പീഡ് ബോട്ടിലെത്തി കാവലില്ലാത്ത എണ്ണക്കപ്പലുകളിൽ ബോംബ് സ്ഥാപിക്കാൻ ഇറാൻ നാവികസേനയ്ക്കു സാധിക്കും. അല്ലെങ്കിൽ കടലിൽ മൈനുകൾ വിതറിയായിരിക്കും ആക്രമണം. ഡ്രോണുകൾ വഴി നിരീക്ഷിച്ചായിരിക്കും കപ്പലുകളിലേക്ക് ബോംബുകളെത്തുക. എന്തുവില കൊടുത്തും യുഎസ് യുദ്ധക്കപ്പലുകളെ മുക്കാൻ ഇറാന്റെ അന്തർവാഹിനകളുമുണ്ട്. ഇറാന്റെ കപ്പല്‍വേധ മിസൈലുകളും ഡ്രോണുകളും ഉയർത്തുന്ന ഭീഷണിയും ചെറുതല്ല.

എന്നാൽ ഇറാൻ ഭരണകൂടത്തെ തകർത്ത് അധിനിവേശം നടത്തും വിധം യുദ്ധം ശക്തമാവുകയാണെങ്കിൽ പ്രശ്നം യുഎസിന്റെ വിജയം കൊണ്ടും തീരില്ല. അതിനോടകം ദശലക്ഷക്കണക്കിനു പേർ മരിച്ചിട്ടുണ്ടാകും. ഇറാൻ, യുഎസ് സൈനികർ മാത്രമല്ല ഇറാനിലെ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും സമീപരാജ്യങ്ങളിലെ യുഎസ് പൗരന്മാരുമെല്ലാം കൊല്ലപ്പെടാനിടയുണ്ട്. ഇറാനിൽ യുദ്ധത്തെ അതിജീവിക്കുന്നവർക്കു മുന്നിലാകട്ടെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യവും കൊടുംപട്ടിണിയും. അതോടെ ഇറാനിലെ ശേഷിക്കുന്ന ജനതയും യുഎസിനെതിരെ ആയുധമെടുത്തു പോരാടുന്നവർക്കൊപ്പം ചേരുകയോ പുതിയ ഭീകര സംഘടനകൾ രൂപീകരിക്കുകയോ ചെയ്തേക്കാം.

idlib_syria_chemical_attack_children_gas_mask_mini
സിറിയൻ യുദ്ധത്തിൽ പരുക്കേറ്റ കുട്ടികൾ ചികിത്സയിൽ (ഫയൽ ചിത്രം)

അധികാരത്തിന്റെ കാര്യത്തിൽ അസ്ഥിരതയുടെ ചരിത്രമുള്ള ഇറാനിൽ ആഭ്യന്തരയുദ്ധവും ശക്തമാകും. ദശലക്ഷങ്ങൾ അഭയാർഥികളായി മാറും. ഭീകരസംഘടനകള്‍ തഴച്ചു വളരാനുള്ള വളക്കൂറുള്ള മണ്ണായും മാറും ഇറാൻ. മധ്യപൂർവദേശത്തിനു ഭീഷണിയായി ഇത്തരമൊരു ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചെന്ന കുറ്റപ്പെടുത്താലും യുഎസും ട്രംപും നേരിടേണ്ടി വരും. അഥവാ ഇറാന്റെ പുനരുദ്ധാരണത്തിനു ശ്രമിച്ചാൽത്തന്നെ യുഎസിനു ചെലവാക്കേണ്ടി വരിക കോടിക്കണക്കിനു ഡോളറാകും. യുദ്ധത്തേക്കാൾ ഭീകരമായ അവസ്ഥയായിരിക്കും യുദ്ധാനന്തരം കാത്തിരിക്കുന്നതെന്നു ചുരുക്കം. ലോകം പ്രാർഥിക്കുന്നതും അതിനാലാണ്– ‘യുദ്ധം, അതൊഴിവാക്കേണ്ടതു തന്നെയാണ്’.

English Summary: It woould be hell on earth; what would happen if US went to war with Iran?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA