ADVERTISEMENT

കോട്ടയം∙ വാർത്തയുടെ ഡിജിറ്റൽ ലോകത്ത് പുത്തൻ മുഖമുദ്രയുമായി മനോരമ ഓൺലൈൻ. യുകെയിൽ നിന്നുള്ള ബ്രാൻഡ് കൺസൽട്ടന്റും ക്രിയേറ്റിവ് ഡയറക്ടറുമായ ഇയാൻ വേംലൈറ്റൻ ഒരുക്കിയ ലോഗോ ആണ് മലയാളികൾക്കു മുന്നിൽ മനോരമ ഓൺലൈന്റെ മുഖമുദ്രയായത്.

മനോരമ ന്യൂസ്, മഴവിൽ മനോരമ തുടങ്ങി മനോരമയുടെ എല്ലാ ബ്രാൻഡുകളെയും ‘എം’ എന്ന അക്ഷരത്തിലേക്കു ചുരുക്കിയാണ് ലോഗോ രൂപകൽപന ചെയ്തതെന്ന് ഇയാൻ പറഞ്ഞു. ഇതോടൊപ്പം ഡിജിറ്റൽ വാർത്താലോകത്തിന്റെ ഏറ്റവും പുതിയ ട്രെൻഡുകളുടെ അടയാളപ്പെടുത്തലും ലോഗോയിൽ കാണാം. മനോരമ മൊബൈൽ ആപിന്റേത് ഉൾപ്പെടെയുള്ള ലോഗോകളും മാറ്റത്തിന്റെ പുതുമ ഉൾക്കൊള്ളും.

ഒരു ദശാബ്ദത്തിനു ശേഷമാണ് മനോരമ ലോഗോ പുതിയ രൂപത്തിലേക്കു മാറുന്നത്. മനോരമ ഓൺലൈനിലെ എല്ലാ വിഭാഗവും ഇനി മുതൽ പ്രത്യേകം തയാറാക്കിയ ലോഗോയുടെ തിലകക്കുറിയണിഞ്ഞാണ് വായനക്കാരനു മുന്നിലെത്തുക. ആധുനികവും കരുത്തുറ്റത്തുമായ മനോരമ ഓൺലൈനിന്റെ മുഖമാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ഇയാൻ പറഞ്ഞു. ഇതോടൊപ്പം മനോരമയെന്ന ബ്രാൻഡിനെ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഉൾപ്പെടെ എളുപ്പത്തിൽ തിരിച്ചറിയപ്പെടാവുന്ന വിധവും അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ മാറ്റങ്ങൾ അതിന്റെ മാറ്റോടെത്തന്നെ വായനക്കാരനു മുന്നിലെത്തിക്കുന്ന മനോരമ ഓൺലൈന്റെ എല്ലാ ദൗത്യങ്ങളിലും ഇനി ഈ പുത്തൻ ലോഗോ ആയിരിക്കും.

സ്വിറ്റ്സ‌ർലൻഡ് പൊതുതിരഞ്ഞെടുപ്പ്, കുട്ടികൾക്കായുള്ള റഷ്യയിലെ ആദ്യ വാർത്താചാനൽ, പാരിസ് മോട്ടോർ ഷോ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇയാൻ പ്രവർത്തിച്ചിട്ടുണ്ട്. ബെൽജിയം, റുമേനിയ, പോർച്ചുഗൽ, അബുദാബി, ജർമനി, ഈജിപ്ത്, ദുബായ് എന്നീ രാജ്യങ്ങളിലെ പ്രശസ്ത ബ്രാൻഡുകളുടെ ഭാഗമായും പ്രവർത്തനപരിചയമുണ്ട്. വിആർടി, ആന്റിന, ആർടിപി, അബുദാബി ടിവി, ദുബായ് ടിവി, സിടിസി, സിബിസി, ഡിഡബ്ല്യു തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും ഇന്ത്യയിൽ സീ, സ്റ്റാർ ന്യൂസ് എന്നിവയുടെ ബ്രാൻഡ് കൺസൽട്ടന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

യുകെയിലെ റോയൽ കോളജ് ഓഫ് ആർട്ടിൽ നിന്ന് എംഎ ബിരുദം നേടിയ ശേഷം ബിബിസി, എബിസി, അൽജസീറ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. ബാഫ്ത, ബിഡിഎ, എംഐഎഫ്എ, ബ്രിട്ടിഷ് ആനിമേഷൻ അവാർഡ്സ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com