sections
MORE

യുഎസില്‍ 57-കാരനെ 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്നു തിന്നെന്ന് പൊലീസ് കണ്ടെത്തല്‍

Dog
SHARE

ടെക്‌സാസ്∙ അമേരിക്കയില്‍ കാണാതായ 57-കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്നു തിന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. ടെക്‌സാസിനു സമീപം വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റയ്ക്കു താമസിച്ചിരുന്നു ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ഭക്ഷണമാക്കിയത്. എന്നാല്‍ മാക്കിനെ കൊന്നത് നായ്ക്കളാണോയെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

മാക്കിനെ കാണാനില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. വീടിന്റെ ചുറ്റുവട്ടത്തു നടത്തിയ തിരച്ചിലില്‍ അസ്ഥിക്കഷ്ണങ്ങള്‍ ലഭിച്ചെങ്കിലും അതു മാക്കിന്റെയാണെന്ന് ഒരു ധാരണയും ആദ്യഘട്ടത്തില്‍ പൊലീസിനുണ്ടായിരുന്നില്ല. എന്നാല്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ തലമുടിയും തുണിക്കഷ്ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആ വഴിക്ക് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ കണ്ടെത്തലുകള്‍ അവിശ്വസനീയമെന്നാണു ഞങ്ങള്‍ക്കു തന്നെ തോന്നിയത്. കാരണം ഒന്നും അവശേഷിച്ചിരുന്നില്ല - അന്വേഷണ ഉദ്യോഗസ്ഥനായ ആദം കിങ് പറഞ്ഞു. മനുഷ്യമാംസം നായ്ക്കള്‍ തിന്നുന്നത് സാധാരണമാണ്. എന്നാല്‍ മുഴുവന്‍ ശരീരവും വസ്ത്രങ്ങളും ഉള്ളിലാക്കുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല - ആദം പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ യജമാനനെ മുഴുവനായി തിന്നുവെന്ന നിരീക്ഷണം അംഗീകരിക്കാന്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല.

പൊലീസ് ശേഖരിച്ച അവശിഷ്ടങ്ങള്‍ മാക്കിന്റെ തന്നെയാണെന്നു വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ചയാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലും സ്ഥിരീകരിക്കപ്പെട്ടത്. ചിലപ്പോള്‍ മാക്ക് രോഗാവസ്ഥയെ തുടര്‍ന്നു മരിച്ചതാവാം. തുടര്‍ന്നാവും അമ്പത്തിയേഴുകാരനെ വളര്‍ത്തു നായ്ക്കള്‍ ആഹാരമാക്കിയതെന്നാണു പൊലീസ് നിഗമനം.

മാക്കിനെക്കുറിച്ച് ആഴ്ചകളായി വിവരമൊന്നുമില്ലെന്നു മേയില്‍ ഒരു ബന്ധു വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. ഇയാള്‍ക്കൊപ്പം വല്ലപ്പോഴും കടയില്‍ പോകുമ്പോള്‍ മാത്രമാണു മാക്ക് വീടുവിട്ടിരുന്നത്. മാക്കിനെ തിരഞ്ഞ് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ആക്രമണകാരികളായ നായ്ക്കള്‍ അകത്തേക്കു കടക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. അവരെത്തിയപ്പോഴും നായ്ക്കള്‍ തടഞ്ഞു. അവയെ വിരട്ടിയോടിച്ചശേഷം ഡ്രോണ്‍ ഉപയോഗിച്ചാണ് ആദ്യം വീടും പരിസരവും നിരീക്ഷിച്ചത്. എന്നാല്‍ മാക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാക്കിനെ കാണാനില്ലെന്നു പ്രഖ്യാപിച്ച പൊലീസ് അയല്‍വാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. ഇയാളെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളുടെ സഹായം തേടി. സമീപത്തുള്ള ആശുപത്രികളിലും ജയിലുകളിലും പരിശോധന നടത്തി.

മേയ് 15-ന് സമീപത്തുള്ള പുരയിടത്തില്‍ നടത്തിയ തിരച്ചിലില്‍ ഒരു അസ്ഥിക്കഷ്ണം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് കൂടുതല്‍ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തി. ഇതിനു ശേഷമാണ് നായ്ക്കളുടെ വിസര്‍ജ്യത്തില്‍നിന്ന് തലമുടിയും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. മാക്ക് ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗങ്ങളാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നായ്ക്കളെ പാര്‍പ്പിച്ചിരുന്ന ഭാഗത്തുനിന്ന് മാക്കിന്റെ ഷൂ കൂടി കണ്ടെത്തിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും ആ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്.

യജമാനനെ അരുമകളായ വളര്‍ത്തുനായ്ക്കള്‍ തന്നെ തിന്നു തീര്‍ത്തിരിക്കുന്നുവെന്ന്. തുടര്‍ന്നാണ് വിശദമായ വൈദ്യപരിശോധന നടത്തിയതും കണ്ടെത്തല്‍ സ്ഥിരീകരിച്ചതും. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച 13 നായ്ക്കളെ വെടിവച്ചു കൊന്നു. രണ്ടെണ്ണത്തിനെ മറ്റു നായ്ക്കള്‍ വകവരുത്തി. മൂന്നു നായ്ക്കള്‍ വീട്ടില്‍ തന്നെയുണ്ടെന്നു പൊലീസ് പറഞ്ഞു. മരിച്ച യജമാനന്മാരെ നായ്ക്കള്‍ ആഹാരമാക്കിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൂര്‍ണമായി തിന്ന സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

English Summary: Missing Man In Texas Was Eaten By His Only Companions - His 18 Dogs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA