ADVERTISEMENT

കൊച്ചി∙ നെട്ടൂരിൽ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് ചതുപ്പിൽ താഴ്ത്തിയ കേസിൽ പ്രതികൾ കേസിൽ പെടാതിരിക്കാൻ ആസൂത്രണം ചെയ്തത് വൻ കുതന്ത്രങ്ങൾ. അർജുനെ പറ്റി ചോദിക്കുന്നവരോട് ഇവർ എല്ലാവരും ഒരേ മറുപടി തന്നെ നൽകിയെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്തപ്പോഴും പിടികൊടുക്കാതെ പിടിച്ചു നിന്നു. അർജുന്റെ മൊബൈൽ ഫോൺ തമിഴ്നാട്ടിലേയ്ക്കുള്ള ഒരു ലോറിയിൽ കയറ്റിവിട്ടതായിരുന്നു ഒരു തന്ത്രം. സ്വാഭാവികമായും പൊലീസ് അന്വേഷണം മൊബൈൽ സിഗ്നലുകളെ പിന്തുടർന്നായിരിക്കുമെന്നതിനാലാണ് ഇത് ചെയ്തത്.

മൃതദേഹം മറവു ചെയ്തിടത്ത് തെരുവുനായയെ കൊന്നിട്ടതും ഇവർ തന്നെയാണെന്നാണ് വിലയിരുത്തൽ. മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തു വന്നാലും നായ ചത്തു നാറുന്നതാണെന്നു വിചാരിക്കാനായിരുന്നു ഇത്. മരിച്ച അർജുന്റെ സുഹൃത്തുക്കളിൽ ചിലർ പ്രതികളുടെ സംഘത്തിൽ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങൾ പുറത്തു വന്നത്. ഈ വിവരം പൊലീസിൽ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പിന്നിൽ ലഹരിമാഫിയ, പക

കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നീളുന്നത് ലഹരി മാഫിയയിലേക്കാണ്. എറണാകുളം കേന്ദ്രീകരിച്ച് പടർന്നു പന്തലിക്കുന്ന ലഹരി മാഫിയയുടെ കണ്ണികളാണ് കൊല്ലപ്പെട്ട യുവാവും അക്രമികളും എന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

nettoor-murder-spot
നെട്ടൂരിൽ കൊല്ലപ്പെട്ട അർജുന്റെ മൃതദേഹം കണ്ടെത്തിയ ചതുപ്പ്.

കൊല്ലപ്പെട്ട അർജുന്റെ പേരിൽ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ തന്നെ നിരവധി കേസുകളുണ്ട്. ഇതിനു പുറമേ മറയൂരിലും ലഹരിമരുന്നു കേസിൽ പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട യുവാവും പ്രതികളും അടങ്ങുന്ന സംഘങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരിമരുന്ന് എത്തിക്കുകയും വിതരണം ചെയ്തിരുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

കൊല്ലപ്പെട്ട അർജുനും സുഹൃത്ത് അബിനും കഴിഞ്ഞ വർഷം കളമശേരിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. സംഭവസ്ഥലത്തു വച്ചു തന്ന അബിൻ മരിച്ചു. അർജുനാകട്ടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. അപകടം നടന്ന ദിവസം അർജുൻ എബിനെ വീട്ടിൽ വന്നു കൂട്ടികൊണ്ടു പോകുകയായിരുന്നത്രെ. അത് മനപ്പൂർവമായിരുന്നെന്നും അർജുൻ അബിനെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് നിബിൻ വിശ്വസിച്ചിരുന്നത്. പലപ്പോഴും ലഹരിയിലായിരിക്കുമ്പോൾ ഇതു പറഞ്ഞ് അർജുനെ നിബിൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

കൊലപാതകത്തിനു ശേഷം അർജുന്റെ മൊബൈൽ ഫോൺ ലോറിയിൽ കയറ്റിവിട്ടത് അന്വേഷണം വഴിതെറ്റിക്കാൻ കരുതിക്കൂട്ടിതന്നെയാണെന്നും വ്യക്തമാണ്. ലഹരി മരുന്നുകൾ സംഘടിപ്പിക്കാൻ അർജുൻ ഈ വഴിയെല്ലാം പോകാറുണ്ട്. അതിനാൽ തന്നെ അർജുന്റെ സുഹൃത്തുക്കൾക്കും ഇതിൽ സംശയം തോന്നിയില്ല.

ഒന്നാം പ്രതി സ്ഥിരം പ്രശ്നക്കാരൻ

അർജുനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി റോണി ലഹരി വിൽപനയിൽ സജീവമായിരുന്നെന്നാണ് പൊലീസിനു വ്യക്തമായത്. ഒപ്പം ഗുണ്ടാ പ്രവർത്തനവും. ഇയാളുണ്ടാക്കുന്ന പ്രശ്നങ്ങൾ അന്വേഷിച്ച് അവസാനിപ്പിച്ചിട്ട് മറ്റൊരു കേസ് അന്വേഷിക്കാൻ പറ്റാത്ത സാഹചര്യമാണുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

അത്രയേറെ കേസുകളിൽ പ്രതിയുമാണ് റോണി. ഇതര സംസ്ഥാനങ്ങളിലെ ലഹരി മരുന്നു വിൽപന സംഘവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നെന്നാണ് വ്യക്തമായിട്ടുള്ളത്. അർജുന്റെ മൃതദേഹം കണ്ടെടുത്ത ചതുപ്പു പ്രദേശം ലഹരി മരുന്ന് സംഘത്തിന്റെ സ്ഥിരം താവളമാണ്. തിരുനെട്ടൂർ സ്റ്റേഷനിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് കണ്ടൽക്കാടുകൾ നിറഞ്ഞ ഈ സ്ഥലം.

nettur-murder-visuals

കൃത്യം പൂർത്തിയാക്കാൻ രണ്ടര മണിക്കൂർ

സംഭവദിവസം രാത്രി പത്തിന് വീട്ടിൽ നിന്ന് അർജുനെ വിളിച്ചിറക്കി രണ്ടര മണിക്കൂറിനകം കൃത്യം പൂർത്തിയാക്കിയെന്നാണ് സൂചന. ക്രൂരമായി മർദ്ദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. പട്ടിക കൊണ്ടും കല്ലു കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഉയരാതിരിക്കാൻ കല്ലുകൾ പുറത്തിട്ടെന്നും സൂചനയുണ്ട്.

പൊലീസിനെ വെട്ടിക്കാൻ സ്പോർട്സ് ബൈക്ക്

കൊല്ലപ്പെട്ട അർജുനും സുഹൃത്തുക്കൾക്കും ലഹരി ഇടപാടുകൾ ഉള്ള വിവരം പ്രദേശവാസികൾക്കും അറിയുമായിരുന്നു. പൊലീസിനെ വെട്ടിക്കാനാണ് സ്പോർട്സ് ബൈക്ക് ഉപയോഗിച്ചിരുന്നതെന്നു ഇവർ പറയാറുണ്ടായിരുന്നെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു.

ലോണെടുത്താണ് മാതാപിതാക്കൾ മകന് ബൈക്ക് വാങ്ങി നൽകിയത്. ബൈക്ക് അപകടമുണ്ടായി ചികിത്സയിലായിരുന്ന അർജുനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ പിതാവ് ലക്ഷങ്ങളാണ് ചെലവാക്കിയത്. വീടും പുരയിടവുമെല്ലാം ജപ്തി ഭീഷണിയിലാണെന്നു ബന്ധുക്കൾ പറയുന്നു. പത്തുലക്ഷത്തിലേറെ രൂപ കടമുണ്ട് അർജുന്റെ പിതാവിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com