ADVERTISEMENT

പത്തനംതിട്ട ∙ കാന്റർബറി ആർച് ബിഷപ് ജസ്‌റ്റിൻ വെൽബി സെപ്‌റ്റംബർ ആദ്യവാരം ഇന്ത്യ സന്ദർശിക്കും. ഓഗസ്‌റ്റ് 31 ന് കൊച്ചിയിൽ എത്തുന്ന ബിഷപ് കോട്ടയത്തെ സിഎസ്‌ഐ ആസ്‌ഥാനം സന്ദർശിച്ച് വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. സെപ്‌റ്റംബർ രണ്ടിന് തിരുവല്ലയിൽ മാർത്തോമ്മാ സഭാ ആസ്‌ഥാനവും സന്ദർശിക്കാൻ പരിപാടിയുണ്ട്. സെപ്‌റ്റംബർ ഒന്നിന് കോട്ടയത്ത് ഞായറാഴ്‌ച ആരാധനയിൽ മുഖ്യ കാർമികത്വം വഹിക്കും.

രണ്ടിന് ബെംഗളൂരുവിലെ സെന്റ് മാർക്‌സ് കത്തീഡ്രൽ സന്ദർശിച്ച ശേഷം ആന്ധ്രപ്രദേശിലെ മേഡക് ഭദ്രാസനത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഉത്തരേന്ത്യൻ സഭ (സിഎൻഐ) സന്ദർശനവും നടത്താൻ പരിപാടിയുള്ളതായാണ് സൂചന. സന്ദർശനം സംബന്ധിച്ച വിശദവിവരങ്ങൾ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കേരള സന്ദർശന വേളയിൽ കുമരകത്തു താമസിക്കാനാണു സാധ്യത. പത്നി കരോലിനും ഒപ്പമുണ്ടാകും. ജസ്‌റ്റിൻ വെൽബി (63) 102–ാമത്തെ കാന്റർബറി ആർച് ബിഷപ്പാണ്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രസിന്റെ ഉപദേശക സമിതിയിൽ അംഗമാകുന്ന ഏക ആത്മീയ നേതാവായ ആർച് ബിഷപ് ജസ്‌റ്റിൻ വെൽബി ഗ്രന്ഥകർത്താവ് കൂടിയാണ്.

കാന്റർബറി ആർച് ബിഷപ്

ലോകത്തെ 165 രാജ്യങ്ങളിലായി 8.5 കോടിയിലേറെ വിശ്വാസികളുള്ള ആഗോള ആംഗ്ലിക്കൻ സഭയുടെ ആസ്‌ഥാനമായ ലണ്ടനിലെ കാന്റർബറി പ്രവിശ്യയുടെ ആസ്‌ഥാന ബിഷപ്. ആറാം നൂറ്റാണ്ടു മുതൽ നിലവിലുള്ള പദവിയാണിത്. ഏകദേശം 105 ബിഷപുമാർ ഇതുവരെ ഈ സ്‌ഥാനം വഹിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പദവിയാണിത്. ഭരണതലത്തിൽ സഭയ്‌ക്ക്  സ്വാധീനം ഏറെയുള്ളതിനാൽ രാജ്‌ഞിയ്‌ക്കു വേണ്ടി ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സഭാസമിതിയാണു രാജ്യത്തിന്റെ ആത്മീയ ആചാര്യ സ്‌ഥാനം വഹിക്കുന്ന കാന്റർബറി ആർച് ബിഷപിനെ തിരഞ്ഞെടുക്കുന്നത്.  

1980 മുതൽ 1991 വരെ റോബർട് റൺസിയും തുർന്ന് 2002 വരെ ജോർജ് കേറിയും 2002 മുതൽ 2012 വരെ റോവൻ വില്യംസുമായിരുന്നു അടുത്ത കാലങ്ങളിൽ സഭയെ നയിച്ച ആർച് ബിഷപുമാർ. ഭാരതത്തിലെ പ്രൊട്ടസ്‌റ്റന്റ് സഭകളുമായുള്ള ബന്ധത്തിൽ മിക്കവരും ഇന്ത്യയും കേരളവും സന്ദർശിച്ചിട്ടുണ്ട്.

English summary: Canterbury Arch Bishop Justin Welby to visit India in september

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com