ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥി അഖിലിനാണു നെഞ്ചിനു കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. വിദ്യാര്‍ഥികള്‍ തമ്മിലെ സംഘര്‍ഷത്തിനിടയിലായിരുന്നു സംഭവം. അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സര്‍ജിക്കല്‍ വാര്‍ഡില്‍ ചികില്‍സയിലാണ്. രണ്ട് കുത്തേറ്റിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ സംഭവത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന നിലപാടിലാണ് കോളജ് പ്രിൻസിപ്പൽ. അഡ്മിഷന്റെ തിരക്കിലായിരുന്നതിനാൽ സംഭവം അറിഞ്ഞില്ല. മാധ്യമങ്ങൾ കോളജിൽനിന്നു പുറത്തുപോകണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി. കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു പ്രതികരിച്ചു. കോളജിനകത്തും പ്രതിഷേധം തുടര്‍ന്നു. കുത്തിയവര്‍ കോളജിനകത്ത് ഉണ്ടെന്നും അവരെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണു വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്. എസ്എഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുതിയതിനെത്തുടര്‍ന്നു മാസങ്ങള്‍ക്ക് മുന്‍പ് കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

ഇന്നു രാവിലെ 11.30നാണ് അഖിലിനു കുത്തേറ്റത്. രണ്ടു ദിവസം മുന്‍പു നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായാണു സംഘര്‍ഷം ഉണ്ടായത്. പൊളിറ്റിക്സ് മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലും കൂട്ടുകാരും കന്റീനില്‍ പാട്ടുപാടിയതു വിദ്യാര്‍ഥി നേതാക്കള്‍ എതിര്‍ത്തു. പിന്നീട് ഇതിനെചൊല്ലി പലതവണ വാക്കുതര്‍ക്കം ഉണ്ടായി. ഇന്നു രാവിലെ അഖിലിന്റെ കൂട്ടുകാരില്‍ ചിലരെ എസ്എഫ്ഐ നേതാക്കള്‍ മര്‍ദിച്ചു. ഇത് അഖിലും കൂട്ടുകാരും തടഞ്ഞു. സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു കുത്തേറ്റത്. പാട്ടുപാടിയത് എസ്എഫ്ഐ യൂണിറ്റ് അംഗത്തിന് ഇഷ്ടപ്പെടാത്തതാണു കുത്തിലേക്കു നയിച്ചതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.

നേതാക്കള്‍ക്കെതിരെ തിരിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍

വിദ്യാര്‍ഥി നേതാക്കള്‍ പെരുമാറുന്നതു ഗുണ്ടകളെപോലെയാണെന്നു വിദ്യാര്‍‌ഥികള്‍ പറയുന്നു. എസ്എഫ്ഐ യൂണിറ്റ് കമ്മറ്റികളില്‍ ഉള്ളവര്‍ ക്ലാസില്‍ കയറാറില്ല. നിര്‍ബന്ധിത പണപിരിവു നല്‍കണം. നല്‍കിയില്ലെങ്കില്‍ മര്‍ദനം നേരിടേണ്ടിവരും. എസ്എഫ്ഐ അനുഭാവികളാണെങ്കിലും മര്‍ദിക്കും. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും മര്‍ദനം ഏറ്റിട്ടുണ്ട്. പരാതി പറഞ്ഞാല്‍ അധ്യാപകര്‍ മുഖവിലയ്ക്കെടുക്കാറില്ല. അധ്യാപകര്‍ ഇടതു സംഘടനയില്‍പ്പെട്ടവരായതിനാല്‍ എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുകയാണു പതിവ്. സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളോടു പോലും സംസാരിക്കാന്‍ വിദ്യാര്‍ഥി നേതാക്കള്‍ സമ്മതിക്കാറില്ല. കാമ്പസില്‍ കൂട്ടംകൂടിനിന്നാല്‍ ഭീഷണിപ്പെടുത്തി ക്ലാസിലേക്ക് അയയ്ക്കും. നേതാക്കള്‍ ക്ലാസുകളില്‍ കയറാറുമില്ല. മൂന്നു വര്‍ഷമായി മര്‍ദനം സഹിക്കുകയാണെന്നും ഇനി ഇതു തുടരാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

പ്രകോപിതരായി വിദ്യാര്‍ഥികള്‍

യൂണിവേഴ്സിറ്റി കോളജിലെത്തിയ മാധ്യമങ്ങളോടു വിദ്യാര്‍ഥികള്‍ പൊട്ടിത്തെറിച്ചു. ‘എസ്എഫ്ഐ എന്ന സംഘടനയെ ഇഷ്ടപ്പെട്ടിട്ടാണ് ഈ കോളജിലേക്കു വന്നതു, നേതാക്കളുടെ ഉപദ്രവം കാരണം പാര്‍ട്ടിയെതന്നെ വെറുത്ത നിലയിലാണ്’ -മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മനോരമ ഓണ്‍ലൈനോട് പറഞ്ഞു. തങ്ങള്‍ വിശ്വസിച്ച സംഘടന ഇങ്ങനെയല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എസ്എഫ്ഐ ആഹ്വാനം െചയ്യുന്ന സമരത്തിനെല്ലാം പങ്കെടുക്കണമെന്നാണു നേതാക്കളുടെ നിര്‍ദേശം. ഇതു ലംഘിച്ചാല്‍ മര്‍ദിക്കും. എബിവിപിക്ക് അധിപത്യമുള്ള എംജി കോളജിലേക്ക് എസ്എഫ്ഐ നടത്തിയ പ്രകടനത്തില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. പലര്‍ക്കും മര്‍ദനമേറ്റു. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് അധികൃതരുടെ അനുവാദമില്ലാത്തതിനാല്‍ പൊലീസിന് ക്യാംപസിന് അകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല.

യൂണിറ്റ് ഭാരവാഹികളുടെ മുറിയില്‍ ആയുധശേഖരം?

എസ്എഫ്ഐ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന മുറിയില്‍ ആയുധശേഖരമുണ്ടെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. പൊലീസുമായി സംഘര്‍ഷമുണ്ടാകുമ്പോഴും പുറത്തെ സംഘര്‍ഷത്തിനും ആയുധംശേഖരിക്കുന്നത് ഈ മുറിയിലാണ്. കടുത്ത പാര്‍ട്ടി അനുഭാവികള്‍ക്കു മാത്രമേ ഈ മുറിയിലേക്കു പ്രവേശനമുള്ളൂ. കോളജിലെ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതും ഈ മുറിയില്‍ വച്ചാണെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com