ADVERTISEMENT

ആലപ്പുഴ ∙ മുൻ മന്ത്രി ദാമോദരൻ കാളാശേരി (89) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് ചേർത്തലയിലെ വീട്ടുവളപ്പിൽ.

1930 മാർച്ച് 8-ന് കുഞ്ചൻ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. ഭാരതീയ അധഃകൃതവർഗ ലീഗിന്റെ ശാഖകൾ രൂപീകരിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. പിന്നീട് കോൺഗ്രസിൽ സംസ്ഥാനത്തെ പ്രധാന നേതാക്കളിൽ ഒരാളായി. എഐസിസി അംഗമെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

1970 ൽ അന്നത്തെ ഇടതുകോട്ടയായ പന്തളം നിയമസഭാ മണ്ഡലത്തിൽ നിന്ന് പശുവും കിടാവും ചിഹ്നത്തിൽ മൽസരിച്ച് സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെ കന്നിപ്രവേശം. 1977 ൽ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. 85 ൽ സി.കെ.കുമാരനോട് പരാജയപ്പെട്ടു. എംഎൽഎയായി രണ്ടാമൂഴത്തിൽ പി.കെ. വാസുദേവൻ നായരുടെ മന്ത്രിസഭയിൽ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാർക്ക് പിഎസ്‌സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്.

കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം ഭാരത്ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷട്രശബദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com