sections
MORE

മൈനുകള്‍ വകവയ്ക്കാതെ പാക്ക് ബാലന്റെ മൃതദേഹം തിരികെയെത്തിച്ച് ഇന്ത്യന്‍ സൈന്യം

Indian Army
SHARE

ശ്രീനഗർ∙ സംഘർഷഭരിതമായ ഇന്ത്യ–പാക്ക് അതിര്‍ത്തിയില്‍ നിന്ന് മനുഷ്യത്വത്തിന്റേയും സമാധാനത്തിന്റേതുമായ വേറിട്ടൊരു സംഭവം. പാക്കിസ്ഥാനിലെ ഗ്രാമത്തില്‍ നിന്നുള്ള ഏഴു വയസുകാരന്റെ നദിയിലൂടെ ഒഴുകി വന്ന മൃതദേഹം മൈന്‍ ഭീഷണികള്‍ പോലും വകവയ്ക്കാതെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനു കൈമാറി കൊണ്ടാണ് മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും പുതു ചരിത്രം എഴുതിയത്. സുരക്ഷാ പ്രശ്നങ്ങൾ പോലും അവഗണിച്ചാണ് ഇന്ത്യൻ നീക്കം.

മൂന്ന് ദിവസങ്ങൾക്കു മുൻപാണ് പാക്ക് ബാലൻ ആബിദ് ഷെയ്ക്കിന്റെ മൃതദേഹം പാക്കിസ്ഥാന്‍ നദിയിൽ നിന്നും അതിർത്തി കടന്ന് നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗുര്‍സ് താഴ്‌വരയിലെ അച്ചൂര ഗ്രാമത്തിൽ ഒഴുകിയെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനില്‍ നിന്നൊഴുകുന്ന കൃഷ്ണഗംഗ നദിയിലുടെ ഒരു മൃതദേഹം ഒഴുകി വരുന്നത് അച്ചൂര ഗ്രാമത്തിലുള്ളവരുടെ ശ്രദ്ധയിൽപെട്ടത്. പാക്ക് അധീന കശ്മീരിലെ മിനിമാർഗ് അസ്തൂർ സ്വദേശിയായിരുന്നു 7 വയസുകാരനായ ആബിദ് ഷെയ്ഖ്. 

കാണാതായ മകന്റെ ഫോട്ടോ വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്ന് കാണാതായ ബാലന്റെ മൃതദേഹമാണ് അച്ചൂരയിൽ എത്തിയതെന്ന് ബോധ്യമായതോടെ ബന്ദിപ്പോര െഡപ്യൂട്ടി കമ്മിഷണര്‍ ഷബാസ് മിശ്ര ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മൃതദേഹം നദിയില്‍നിന്ന് പുറത്തെടുത്തു.

അച്ചൂരയിൽ മൃതദേഹം സൂക്ഷിക്കാനായി മോർച്ചറി സൗകര്യം ഉണ്ടായിരുന്നില്ല. മഞ്ഞുമലകളിൽ നിന്നും വെട്ടിയെടുത്ത ഐസ് പാളികൾ ഉപയോഗിച്ച് മൃതദേഹം കേടുവരാതെ ഗ്രാമീണർ സംരക്ഷിക്കുകയായിരുന്നു.  മൃതദേഹം ഔദ്യോഗിക കൈമാറ്റങ്ങൾ നടത്തുന്ന കുപ്‍വാരയിലെ തീത്വാൾ ക്രോസിൽവെച്ച് നടത്തണമെന്ന് പാക്കിസ്ഥാന്‍‌ നിലപാടെടുത്തു. അച്ചൂരയിൽ നിന്നും 200 കിലോമീറ്റർ അകലെയാണത്. 

ഗുരേസ് വാലിയിൽവെച്ചു തന്നെ മൃതദേഹം കൈമാറാമെന്ന് ഇന്ത്യ നിലപാടെടുത്തെങ്കിലും ഗുരേസിനു ചുറ്റുമുള്ള മൈൻ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാക്ക് സൈന്യത്തിന്റെ ആശങ്ക. മൈനുകൾ പാകിയ അപകടം നിറഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച് മീറ്റിംഗ് പോയിന്റിലെത്തി ഇന്ത്യന്‍ സൈന്യം ഉച്ചയോടെ മൃതദേഹം പരിശോധന കഴിഞ്ഞ് പാക്കിസ്ഥാന് കൈമാറി.

തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത് ആദ്യമാണെന്നാണ് ബന്ദിപ്പോറ ഡെപ്യൂട്ടി കമ്മിഷണർ ഷഹബാസ് മിശ്ര പറഞ്ഞു. അതിര്‍ത്തി രണ്ടായി വിഭജിച്ച രണ്ടു ഗ്രാമങ്ങളെയും ഈ സംഭവം ഇന്ന് ഒന്നാക്കി. മനുഷ്യത്വത്തിന്റെ പേരില്‍ രണ്ടു രാജ്യങ്ങളും അവര്‍ തമ്മിലുള്ള വിദ്വേഷവും മറന്നു”, പ്രദേശവാസിയായ ഘുലാം മുഹമ്മദ് പറയുന്നു.

English Summary: Indian Army Hands Over Body Of Pak Boy Recovered From Stream Near Border

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA