sections
MORE

ബ്രിട്ടൻ പിടിച്ചെടുത്ത കപ്പല്‍ വിട്ടില്ലെങ്കില്‍ ‘കളി’ അപകടമാകും: താക്കീതുമായി ഇറാന്‍

grace-1-iran
ഗ്രേസ് 1 കപ്പല്‍
SHARE

ദുബായ് ∙ എണ്ണക്കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ ബ്രിട്ടനു ശക്തമായ താക്കീത് നൽകി ഇറാന്‍. ബ്രിട്ടിഷ് നാവികസേന ഒരാഴ്ച മുൻപു പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടൻ വിട്ടയയ്ക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ‘ഇത് അപകടം പിടിച്ച കളിയാണ്. ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. കപ്പല്‍ വിട്ടുനൽകാതിരിക്കാൻ നിയമപരമായി പറയുന്ന ഒഴികഴിവുകൾക്കു വിലയില്ല’– ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പ്രതികരിച്ചു.

മേഖലയിൽനിന്നു വിദേശ ശക്തികൾ വിട്ടുപോകണം. ഇറാനും പ്രദേശത്തെ മറ്റു രാഷ്ട്രങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശേഷിയുണ്ടെന്നും മൗസവി അവകാശപ്പെട്ടു. ഇന്ധന ടാങ്കര്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ബ്രിട്ടനു മറുപടി നൽകാനാണ് ഇറാന്റെ തീരുമ‍ാനം. സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയൻ കപ്പലായ ഗ്രേസ് 1 (സൂപ്പർ ടാങ്കർ), ജിബ്രാൽട്ടർ കടലിടുക്കിൽവച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാൻഡോകളും ചേർന്ന് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. യുറോപ്യൻ യൂണിയന്റെ വിലക്ക് നേരിടുന്ന രാജ്യമാണ് സിറിയ.

അതേസമയം ഇറാൻ–യുഎസ് ബന്ധത്തിൽ മഞ്ഞുരുകലിനു വഴിയൊരുങ്ങുന്നതായി സൂചനകളുണ്ട്. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജ‌വാദ് സരിഫിനെതിരെ ഉപരോധം ഏർപെടുത്തേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചു. ഇതു നയതന്ത്രനീക്കത്തിന്റെ ഭാഗമാണെന്നാണു വിലയിരുത്തൽ. ഇറാന്‍ മന്ത്രിയെ കരിമ്പട്ടികയിൽപെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മെനൂചിൻ ജൂണ്‍ 24ന് വ്യക്തമാക്കിയിരുന്നു.

മന്ത്രിക്കെതിരെ നടപടിയെടുക്കുന്നതിനുള്ള യുഎസ് തീരുമാനം അസാധാരണമാണ്. അങ്ങനെ വന്നാൽ ഇറാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ നയതന്ത്രപരമായി പരിഹരിക്കുന്നതിനുള്ള സാധ്യതകൾ അടയും. അതേസമയം ഇറാൻ മന്ത്രിക്കെതിരെ നടപടി വേണ്ടെന്ന യുഎസ് തീരുമാനത്തിനു പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. ജൂൺ 13ന് ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെയാണ് യുഎസ്– ഇറാൻ ബന്ധം കൂടുതൽ വഷളായത്.

ഹോര്‍മുസ് കടലിടുക്കിനു സമീപം യുഎസ് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതും പ്രശ്‌നങ്ങള്‍ വഷളാക്കി. തങ്ങളുടെ സമുദ്രാതിർത്തിയിലെത്തിയ യുഎസ് ഡ്രോണാണു വെടിവച്ചു വീഴ്ത്തിയതെന്നു ഇറാൻ അവകാശപ്പെട്ടു. എന്നാൽ അതിർത്തി ലംഘിച്ചിട്ടില്ലെന്നായിരുന്നു ഇക്കാര്യത്തിൽ യുഎസിന്റെ നിലപാട്.

ഇറാനെ അക്രമിക്കാൻ ഉത്തരവു പുറപ്പെടുവിക്കാൻ തീരുമാനിച്ചിരുന്നതായി യുഎസ് പ്രസിഡ‍ന്റ് ഡോണൾഡ‍് ട്രംപ് പിന്നീടു പ്രതികരിച്ചു. എന്നാൽ ആക്രമണനീക്കം പിന്നീടു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നാണ് ട്രംപിന്റെ നിലപാട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർക്കെതിരെ യുഎസ് ഉപരോധവും ഏർപ്പെടുത്തി.

സംഘർഷം, പട്ടിണി, ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ യോഗം അടുത്തയാഴ്ച നടക്കുന്നുണ്ട്. ഇറാനിയൻ വിദേശകാര്യ മന്ത്രിയും ഈ യോഗത്തിൽ പങ്കെടുക്കും. ഇതിനായി സരിഫിനും യുഎസ് വീസ അനുവദിക്കേണ്ടതുണ്ട്. സരിഫിനെതിരായ നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിക്കാൻ തയാറായിട്ടില്ല. ഇറാനുമായുള്ള തർക്കങ്ങളിൽ നയതന്ത്ര പരിഹാരത്തിനാണ് യുഎസ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് മോർഗൻ ഒർട്ടാഗസ് വ്യാഴാഴ്ച പ്രതികരിച്ചു.

അതേസമയം യുഎസ് ഉപരോധം ഏർപ്പെടുത്തിയാലും പ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാടിലാണ് മുഹമ്മദ് ജ‌വാദ് സരിഫ്. ഇറാനു പുറത്തു സ്വത്തുക്കളോ ബാങ്ക് അക്കൗണ്ടോ ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഉപരോധം വന്നാലും വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളും ഇല്ല– സരിഫ് യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസിനോട് ഇമെയിൽ വഴി പ്രതികരിച്ചു.

English Summary: Iran calls on Britain to immediately release its seized supertanker

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA