ADVERTISEMENT

ന്യൂഡല്‍ഹി/ ബെംഗളൂരു ∙ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അയോഗ്യതാ വിഷയത്തിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം. സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ സുപ്രീംകോടതി തീരുമാനമെടുക്കും വരെ തല്‍സ്ഥിതി തുടരാനാണു നിര്‍ദേശം. സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കാന്‍ അധികാരമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്നും കോടതി അറിയിച്ചു.

അതേസമയം വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്നു മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. ഇന്നു ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസവോട്ടിനു സമയം നിശ്ചയിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ലെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചതോടെ ബിജെപി നേതാവ് ബി.എസ്. യെഡ്യൂരപ്പ സഭയില്‍നിന്നു ചേംബറില്‍ മടങ്ങിയെത്തി മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തി.

സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുവെന്ന് എ,എല്‍എമാരുടെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി വാദിച്ചു. സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നോട്ടിസ് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജിയും സ്പീക്കര്‍ക്ക് സഭയ്ക്കുള്ളിലെ അവകാശവും തമ്മില്‍ ബന്ധമില്ല. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണു സ്പീക്കര്‍ നടത്തുന്നതെന്നും റോഹ്തഗി പറഞ്ഞു.

അതേസമയം 1974-ലെ ദേഭഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ഥമാണെന്നു ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എംഎല്‍എമാര്‍ രാജി നല്‍കിയിരിക്കുന്നതെന്നും സിങ്‌വി പറഞ്ഞു. സുപ്രീംകോടതി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. അങ്ങിനെ കരുതുന്നില്ലെന്ന് സിങ്‌വി മറുപടി നല്‍കി. അയോഗ്യരാക്കാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് രണ്ട് എംഎല്‍എമാര്‍ രാജി നല്‍കിയിരിക്കുന്നത്. എട്ടു പേര്‍ അതിനു മുമ്പ് രാജിക്കത്ത് അയച്ചെങ്കിലും നേരിട്ടു ഹാജരായിരുന്നില്ലെന്നും സിങ്‌വി പറഞ്ഞു.

കര്‍ണാടകയില്‍ ഇന്നു നിയമസഭാ സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 13 വിമതർ ഉൾപ്പെടെ എല്ലാവർക്കും കോൺഗ്രസ് വിപ് നൽകി. വിപ് ലംഘിച്ചാൽ അയോഗ്യതാ നടപടികൾ ഉൾപ്പെടെ നേരിടേണ്ടിവരുമെന്നതിനാലാണ് അവസാന തുറുപ്പുചീട്ടെന്ന നിലയിൽ നിർണായക രാഷ്ട്രീയനീക്കം.

അന്തരിച്ച പ്രമുഖര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് പിരിയുക മാത്രമാണ് ആദ്യദിനത്തിലെ നടപടി. എന്നാല്‍ ബിജെപി ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണു ബിജെപി നിലപാട്. ചട്ടപ്രകാരം രാജിസമര്‍പ്പിച്ച് 5 വിമത എംഎല്‍എമാരില്‍ 3 പേര്‍ ഇന്ന് സ്പീക്കര്‍. കെ.ആര്‍. രമേശിനെ കാണും. വൈകിട്ട് നാലു മാണിക്കു കൂടിക്കാഴ്ച നടത്താനാണു നിര്‍ദേശം. നിയമസഭാ സമ്മേളനത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ വിധാന്‍സൗധിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഫെബ്രുവരിയിൽ വിപ് ലംഘിച്ചതിനെ തുടർന്ന് നടപടിക്കു നിർദേശിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇരുവരും രാജി സമർപ്പിച്ചിട്ടുണ്ട്. ദളിന്റെ 3 എംഎൽഎമാർ ഉൾപ്പെടെ 16 പേരാണ് ഇതുവരെ രാജിവച്ചത്. സുപ്രീംകോടതിയെ സമീപിച്ചത് ഇവരിൽ 10 പേർ.

ഇന്നലെ അർധരാത്രിക്കകം വിമത എംഎൽഎമാരുടെ രാജികളിൽ തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി നിർദേശം കർണാടക സ്പീക്കർ കെ.ആർ.രമേഷ് കുമാർ അവഗണിച്ചു. കോടതി  നിർദേശ പ്രകാരം വിമതർ മുംബൈയിൽ നിന്നെത്തി  ചട്ടപ്രകാരമുള്ള രാജിക്കത്ത് നേരിട്ട് നൽകിയെങ്കിലും ‘മിന്നൽവേഗത്തിൽ’ തീരുമാനമെടുക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി സ്പീക്കറും സുപ്രീം കോടതിയിലെത്തി.

തന്റെ വിവേചനാധികാരത്തെ മാനിക്കണമെന്നും രാജിയിൽ തീരുമാനത്തിനു കൂടുതൽ സമയം വേണമെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനായി മാറ്റി. രാജി സ്വീകരിക്കാത്തതു ചോദ്യം ചെയ്തുള്ള വിമതരുടെ ഹർജിയിലും ഇന്നു വാദം കേൾക്കും. വിമതരോടു നേരിട്ടു രാജി നൽകാനും സ്പീക്കറോട് ഉടൻ നടപടിയെടുക്കാനും  നിർദേശിച്ച്, സുപ്രീം കോടതി ഇടപെട്ടതിനു തൊട്ടുപിന്നാലെയാണു രമേഷ് ഹർജി നൽകിയത്. 

തമാശക്കാരൻ, പക്ഷേ നിലപാടിൽ കാർക്കശ്യം: സ്പീക്കർ രമേഷ് കുമാർ

ബെംഗളൂരു ∙ വിമതരുടെ രാജി വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടതോടെ ശ്രദ്ധാകേന്ദ്രമാകുന്നത് കർണാടക നിയമസഭാ സ്പീക്കർ കെ.ആർ. രമേഷ് കുമാർ (70). സരസൻ. സഭയിൽ നിർലോഭം തമാശ പറയുന്നയാൾ. എന്നാൽ നിലപാടിൽ കർക്കശക്കാരൻ. വൈകിയെത്തുന്ന മന്ത്രിമാരെ വരെ ശാസിക്കും. 2 മുറി വാടക വീട്ടിൽ ലളിത ജീവിതം. അയൽക്കാർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ‘സ്പീക്കർ’ എന്ന ബോർഡ് പോലും വച്ചിട്ടില്ല. ജനിച്ചത് ദാരിദ്ര്യമുള്ള വലിയ കൂട്ടുകുടുംബത്തിലെന്നു പറയാൻ മടിയില്ല. 6 തവണ എംഎൽഎ. മുൻ മന്ത്രി. മുൻപു രണ്ടുവട്ടം സ്പീക്കർ. ചട്ടപ്രകാരം മാത്രം നടപടികൾ എടുക്കുന്നയാളെന്ന ഖ്യാതി. പക്ഷേ, ആറാം തീയതി കോൺഗ്രസ് – ദൾ എംഎൽഎമാർ കൂട്ടരാജിയുമായി എത്തിയപ്പോൾ ഓഫിസിൽ നിന്നു തന്ത്രപൂർവം മാറിക്കളഞ്ഞെന്ന് ആക്ഷേപം. 

അന്ന് ഉച്ചവരെ ചേംബറിൽ ഉണ്ടായിരുന്നെന്നും സന്ദർശനത്തിന് ആരും മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം. പിന്നീടു ബെംഗളൂരുവിൽ തിരികെ എത്തിയത് എട്ടിന്. വിമതരുടെ രാജിയിൽ 15 വരെയെങ്കിലും തീരുമാനം നീട്ടിക്കൊണ്ടു പോയി, സർക്കാരിന് കൂടുതൽ സാവകാശം നൽകാനാണു സ്പീക്കറുടെ ശ്രമമെന്നു ബിജെപി ആരോപിക്കുന്നു. 

ചൂടാറും വരെ കാക്കാൻ ബിജെപി

ബെംഗളൂരു/ഡൽഹി ∙ കോൺഗ്രസ് – ദൾ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും വിമതരുടെ കൂട്ട രാജിയിൽ തീരുമാനമാകും വരെ എടുത്തുചാടേണ്ടെന്ന തന്ത്രപരമായ നിലപാടിൽ കർണാടക ബിജെപി. ഇന്നു നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും അടുത്ത നടപടി വിമതരുടെ ഹർജിയിലുള്ള സുപ്രീംകോടതി വിധിയനുസരിച്ചു തീരുമാനിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ അറിയിച്ചു. അതിനു മുൻപ് അവിശ്വാസ പ്രമേയം കൊണ്ടു വരാൻ നീക്കമില്ലെന്ന് മുതിർന്ന നേതാവ് ആർ.അശോക പറഞ്ഞു. കുമാരസ്വാമി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ‘ഓപ്പറേഷൻ താമര’ നീക്കങ്ങൾ പലവട്ടം നടത്തിയെങ്കിലും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇനി പഴുതടച്ചു നീങ്ങാനുള്ള ബിജെപി ശ്രമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com