sections
MORE

‘നയതന്ത്ര’ സംശയം വേണ്ട, കിം തന്നെ തലവൻ; ഉറപ്പിച്ച് ഭരണഘടനാ ഭേദഗതി

Kim Jong Un
SHARE

പ്യോങ്യാങ് ∙ ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നിനെ രാജ്യത്തിന്റെ തലവനായി ‘വ്യക്തമായി’ രേഖപ്പെടുത്തി ഭരണഘടനാ ഭേദഗതി. പതിനാലാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലെ ആദ്യ സമ്മേളനത്തിന്റെ നടപടികൾ പുറത്തുവിട്ട് രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റായ നയനാരയിലാണ് ഭരണഘടനാ ഭേദഗതിയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ എന്ന പദവിയാണ് നിലവിൽ കിം വഹിക്കുന്നത്. ഈ പദവിക്ക് ‘പരമോന്നത നേതാവ്’ എന്നതിനൊപ്പം ‘രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്’ എന്ന അർഥം കൂടിയുണ്ടെന്ന് ഭരണഘടനയുടെ  നൂറാം പ്രമാണത്തിൽ  ഉൾപ്പെടുത്തിയാണ് ഭേദഗതി. സുപ്രീം പീപ്പിൾസ് അസംബ്ലി പ്രിസീഡിയത്തിന്റെ പ്രസിഡന്റ് എന്ന പദവിക്കായിരുന്നു ‘നിലവിൽ രാജ്യത്തെ പ്രതിനിധികരിക്കുന്നത്’ എന്ന വാഖ്യാനം ഉണ്ടായിരുന്നത്.

ഏപ്രിലിൽ കിമ്മിന്റെ അനുയായി ചോയ് റയോങ് ഹെയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. നയതന്ത്രതലത്തിൽ ഈ പദവിയാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന അർഥം ധ്വനിപ്പിക്കുന്നത് എന്ന ആശയക്കുഴപ്പം  ഒഴിവാക്കാനാണ് സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ എന്ന കിമ്മിന്റെ പദവി തന്നെയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് എന്ന് വ്യക്തമാക്കി ഭരണഘടനാ ഭേദഗതി വരുത്തിയത്. 

2011 ൽ പിതാവ് കിം ജോങ് ഇല്ലിന്റെ വിയോഗത്തിനു ശേഷം അധികാരമേറ്റ കിം, പിതാവ് വഹിച്ചിരുന്ന സുപ്രീം ലീഡർ എന്ന പദവി ഏറ്റെടുത്തതിലൂടെ രാജ്യത്തെ പരമോന്നത നേതാവായി ഉയർന്നിരുന്നു. എന്നാൽ രാജ്യാന്തര നയതന്ത്രം ഉൾപ്പെട്ട ഔദ്യോഗിക വേദികളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെന്ന സ്ഥാനപ്പേരില്ലാത്തത് മറ്റു രാജ്യങ്ങളുമായുള്ള നടപടിക്രമങ്ങളെ ബാധിച്ചു.

ചൈന, ദക്ഷിണ കൊറിയ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങളുമായി പിന്നിട്ട മാസങ്ങളിൽ ഉന്നതതല ചർച്ചകൾക്ക് കിം തയ്യാറായിരുന്നു. ആണവനിരായുധീകരണം ഉറപ്പാക്കാൻ ഉത്തര കൊറിയ സന്നദ്ധമായാൽ മേഖലയിൽ സമാധാനം പകരം നൽകാമെന്ന ആശയത്തിലാണ് ഇതിൽ പല ചർച്ചകളും പുരോഗമിക്കുന്നത്. എന്നാൽ  രാജ്യത്തിനെതിരെ രാജ്യാന്തര സമൂഹം ഏർപ്പെടുത്തിയ ഉപരോധത്തിൽ അയവുണ്ടാകാതെ ആണവ നിരായുധീകരണത്തിനില്ലെന്ന നിലപാടിലാണ് ഉത്തര കൊറിയ. ഇതോടൊപ്പം ആണവ നിരായുധീകരണത്തിൽ പുരോഗതിയില്ലാതെ ഉപരോധം മാറ്റാനാവില്ലെന്ന നിലപാടിൽ അമേരിക്കയും തുടരുന്നതാണ് ചർച്ചകളിൽ വിലങ്ങുതടിയാകുന്നത്. 

പുതിയ ഭരണഘടനാ ഭേദഗതി വഴി ‘രാഷ്ട്ര തലവൻ’ എന്ന സ്ഥാനം ഉറപ്പിക്കുന്നതിലൂടെ രാജ്യാന്തര നയതന്ത്രതലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യയുടെ വ്ളാഡിമിർ പുടിൻ, ചൈനയുടെ ഷി ജിൻപിങ് എന്നിവർക്ക് തുല്യപ്രാധാന്യം പ്രോട്ടോക്കോൾ അടിസ്ഥാനത്തിൽ കിമ്മിന് ലഭിക്കും. നിലപാടുകളിൽ വ്യക്തതയോടെ ഇടപെടാനുള്ള സാഹചര്യമാണ് ഇത് സൃഷ്ടിക്കുക.

കൊറിയൻ ഉപഭൂഖണ്ഡത്തിലെ സൈനികേതര മേഖലയിൽ ഈ മാസം ആദ്യം കിമ്മുമായി ചരിത്രപരമായ മൂന്നാം കൂടിക്കാഴ്ച നടത്തിയ ട്രംപ് ഉത്തരകൊറിയയുമായി ആണവവിഷയത്തിൽ മധ്യസ്ഥ ചർച്ച പുനഃരാരംഭിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. 

English Summary: New North Korea constitution calls Kim Jong Un head of state

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA