ADVERTISEMENT

തിരുവനന്തപുരം∙ പഠനാന്തരീക്ഷമില്ലാത്തതിനാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് വിടുതല്‍ വാങ്ങി പോയത് 187 വിദ്യാര്‍ത്ഥികള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കാണിത്. മാനസിക പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. പിന്നീട് ഈ വിദ്യാര്‍ഥിനി കോളജില്‍നിന്ന് വിടുതല്‍വാങ്ങിപോയി. വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തനം സര്‍വ നിയന്ത്രണങ്ങള്‍ക്കും അതീതമാണെന്നായിരുന്നു റിപ്പോര്‍ട്ട്. യൂണിയന്‍ പ്രവര്‍ത്തനം അക്കാദമിക പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ രീതിയിലല്ല യൂണിയന്‍ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കരുത്. വിദ്യാര്‍ഥികളുടെ സമ്മതമില്ലാതെ ക്ലാസ് സമയത്ത് നിര്‍ബന്ധിച്ചു യൂണിയന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അധ്യാപകര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. ശാരീരിക അവശതകള്‍ ഉള്ള വിദ്യാര്‍ഥികളെപോലും സമരത്തില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു. സ്വകാര്യ ട്യൂഷനെ ആശ്രയിക്കാത്ത വിദ്യാര്‍ഥികളുടെ പഠനത്തെ ഇതു കാര്യമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

∙ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി പഠിക്കാന്‍ മിടുക്കി

ആറ്റിങ്ങല്‍ ആലംകോട് സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളജിന്റെ പഠനനിലവാരം ഇഷ്ടപ്പെട്ടാണ് വിദ്യാര്‍ഥിനി പ്രവേശനം നേടിയത്. കോളജ് പഠനത്തിനുശേഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്ത് ബാക്കി സമയമാണ് പഠനത്തിനായി നീക്കി വച്ചിരുന്നത്.

പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിരുന്നു. കോളജില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 95 ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ എസ്എഫ്ഐ നേതാക്കളില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക്  ശ്രമിച്ചത്. വിദ്യാര്‍ഥിനി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്ഐ നേതൃത്വത്തിനും പ്രിന്‍സിപ്പലിനും ഏതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com