sections
MORE

ഫെയ്സ്ബുക്കിന് 34,300 കോടി രൂപ പിഴ; ചോർന്നത് 8.70 കോടി വ്യക്തിവിവരങ്ങൾ

Mark Zuckerberg
ഫെയ്‌സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗ്.
SHARE

വാഷിങ്ടൻ ∙ ഡേറ്റാചോർച്ച കേസിൽ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യൻ ഡോളർ (ഏകദേശം 34,300 കോടി രൂപ) പിഴ. ഈ തുകയ്ക്കു കേസ് ഒത്തുതീർപ്പാക്കാൻ യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷൻ (എഫ്ടിസി) തയാറായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു സിവിൽ കേസിൽ ഫെയ്സ്ബുക്ക് അടയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകയാണിത്.

87 മില്യൻ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ച സംഭവത്തിലാണു ഫെയ്സ്ബുക്കിനു കനത്ത പിഴ ചുമത്തിയത്. രണ്ട് ഡെമോക്രാറ്റുകൾ എതിർത്തപ്പോൾ മൂന്ന് റിപ്പബ്ലിക്കൻസ് ഒത്തുതീർപ്പ് വ്യവസ്ഥയെ പിന്തുണച്ചെന്നാണു വിവരം. ഒത്തുതീർപ്പിൽ നിക്ഷേപകർ സന്തോഷത്തിലാണ്. ഫെയ്സ്ബുക്കിന്റെ ഓഹരിമൂല്യം 1.8% ഉയർന്നു. 

പിഴ കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീർപ്പ് ഉപാധിയിലുണ്ടെന്നാണു റിപ്പോർട്ട്. പിഴ വളരെ കുറഞ്ഞുപോയെന്ന് ചില ഡെമോക്രാറ്റ് ജനപ്രതിനിധികൾ ആരോപിച്ചു. പിഴത്തുക ഫെയ്സ്ബുക്കിന്റെ വാർഷിക വരുമാനത്തിലെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ പോന്നതല്ലെന്നും ഡെമോക്രാറ്റ് പ്രതിനിധി ഡേവിഡ് സിസിലിൻ ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ ആദ്യപാദത്തിൽ ഫെയ്സ്ബുക്കിന്റെ വരുമാനം 15.1 ബില്യൻ ഡോളറാണ്. പിഴത്തുക അടച്ച് കേസിൽനിന്ന് തടിയൂരാമെന്നതു മുഖംരക്ഷിക്കാൻ പാടുപെടുന്ന ഫെയ്സ്ബുക്കിന് ആശ്വാസകരമാണ്. ഇടപാടിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. പിഴത്തുകയെപ്പറ്റി പ്രതികരിക്കാൻ ഫെയ്സ്ബുക്കോ എഫ്ടിസിയോ തയാറായില്ല.

8.70 കോടി വ്യക്തിവിവരങ്ങൾ

ഡേറ്റാ ചോർച്ച സംഭവത്തിൽ ഫെയ്സ്ബുക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങൾ നഷ്ടപ്പെട്ടെന്നാണു റിപ്പോർട്ട്. ഏറ്റവുമധികം യുഎസിൽ; 7.06 കോടി പേർ. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ നഷ്ടമായ ഇന്ത്യ ഏഴാം സ്ഥാനത്താണ്. യുഎസ്: 7,06,32,350 (81.6%), ഫിലിപ്പീൻസ്: 11,75,870 (1.4%), ഇന്തൊനീഷ്യ: 10,96,666 (1.3%), ബ്രിട്ടൻ: 10,79,031 (1.2%), മെക്സിക്കോ: 7,89,880 (0.9%), കാനഡ: 6,22,161 (0.7%), ഇന്ത്യ: 5,62,455 (0.6%), ബ്രസീൽ: 4,43,117 (0.5%), വിയറ്റ്‌നാം: 4,27,446 (0.5%), ഓസ്ട്രേലിയ: 3,11,127 (0.4%) എന്നിങ്ങനെയാണു ചോർന്ന ഡേറ്റയുടെ കണക്ക്.

കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനായ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച 'ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്' എന്ന തേർഡ് പാർട്ടി ആപ് വഴിയാണു ഡേറ്റാ ചോർച്ച നടന്നത്. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരം കേംബ്രിജ് അനലിറ്റിക്ക കമ്പനിക്കു കൈമാറുകയായിരുന്നു. ഈ വിവാദത്തിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ 12 കോടി പേരുടെ ഫെയ്സ്ബുക് അക്കൗണ്ടുകളിലെ മെസേജിങ് സൗകര്യത്തിലേക്കു കടന്നുകയറാൻ ഹാക്കർമാർക്ക് അവസരം ലഭിച്ചെന്ന വിവരവും പുറത്തുവന്നു.

English Summary: US regulators approve $5 Billion Facebook settlement over privacy issues: Source

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA