ADVERTISEMENT

ജയ്പൂർ ∙ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം ചെയ്യുകയും മർദിക്കുകയും ചെയ്തതെന്ന പരാതിയിൽ എസ്‌എച്ച്ഒ ഉൾപ്പടെ ഏഴു പൊലീസുകാർക്കെതിരെ കേസ്. ഭർതൃസഹോദരന്റെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ദലിത് വിഭാഗത്തില്‍ യുവതിക്ക് അതേ പൊലീസുകാരുടെ കൂട്ടമാനഭംഗത്തിന് ഇരയാകേണ്ടിവന്നത്.

രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള സർദാർഷഹർ പൊലീസ് സ്റ്റേഷനിൽ ജൂലൈ ആറിനായിരുന്നു നെമിചന്ദിന്റെ മരണം. കസ്റ്റഡി മരണം പുറത്തറിഞ്ഞതോടെ സ്റ്റേഷൻ ഹൗസ് ഓഫിസറെയും മറ്റ് ആറു പൊലീസുകാരെയും സസ്പൻഡ് ചെയ്യുകയും ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കൂട്ടമാനഭംഗത്തിനിരയായെന്ന യുവതിയുടെ പരാതി ഡിജിപിക്കു നൽകിയതിനു പിന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ചുരു എസ്പിയെ ചുമതലയിൽ നിന്നു നീക്കുകയും സർദാർഷഹർ സർക്കിൾ ഓഫിസറെ സസ്പൻഡ് ചെയ്യുകയും ചെയ്തു.

തന്നെയും ഭർതൃസഹോദരനെയും പൊലീസ് അന്യായമായി കസ്റ്റഡിയിൽ  എടുക്കുകയായിരുന്നെന്നു യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പടെ ഏഴു പൊലീസുകാർക്കെതിരെ കേസെടുത്തു. ഐപിസി 376 D (കൂട്ടമാനഭംഗം), 343 (മൂന്നോ അതിൽ കൂടുതലോ ദിവസത്തേക്ക് അന്യായമായി തടവിൽവയ്ക്കൽ), 323 (മുറിവേൽപ്പിക്കൽ) എന്നിവയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകളും ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

മോഷണക്കേസിൽ നെമിചന്ദിനെ (22) ജൂലൈ ആറിനു രാവിലെയാണ് അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് പറയുന്നതെങ്കിലും ജൂൺ 30നാണ് പൊലീസ് പിടിച്ചുകൊണ്ടു പോയതെന്ന് സഹോദരൻ ആരോപിക്കുന്നു. ‘‘നെമിചന്ദുമായി ജൂലൈ മൂന്നിന് വീട്ടിലെത്തിയ പൊലീസ്, എന്റെ ഭാര്യയെയും കൊണ്ടുപോയി. പൊലീസ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് സ്റ്റേഷനിലേക്കു പോകും വഴി നെമിചന്ദ് ഭാര്യയോടു പറഞ്ഞിരുന്നു.

രണ്ടു പേരെയും പിന്നീട് പൊലീസ് അന്യായമായി തടവിൽ വയ്ക്കുകയായിരുന്നു. ജൂലൈ ആറിന് നെമിചന്ദ് കൊല്ലപ്പെട്ടു. കൊലപാതകത്തിന് ദൃക്സാക്ഷിയായ ഭാര്യയെ മർദിക്കുകയും നഖങ്ങൾ പിഴുതെടുക്കുകയും കണ്ണിനു പരുക്കേൽപിക്കുകയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തു. ജൂലൈ ഏഴു രാത്രി തന്നെ നെമിചന്ദിന്റെ സംസ്കാരം നടത്താൻ എന്നെയും കുടുംബത്തെയും കുറ്റാരോപിതരായ പൊലീസുകാർ നിർബന്ധിച്ചു’’ - നെമിചന്ദിന്റെ സഹോദരൻ പറഞ്ഞു.

English summary: Policemen charged for alleged gangrape of woman whose relative died in custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com