ADVERTISEMENT

ലക്നൗ ∙ ലോക്സഭാംഗവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാൻ യുപി സർക്കാരിന്റെ ഭൂമാഫിയ പട്ടികയിലേക്ക്. രാംപൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായ അസം ഖാനെ രാംപൂർ ജില്ലാ ഭരണകൂടമാണ് യുപി സർക്കാരിന്റെ ഭൂമാഫിയ വിരുദ്ധ വെബ്സൈറ്റിലെ ഭൂമാഫിയ പട്ടികയിൽ ഉൾപ്പെടുത്താൻ പരിഗണിക്കുന്നത്.

സർക്കാരിന്റെയും കർഷകരുടെയും ഭൂമി തട്ടിയെടുത്തതിന്റേതായി മുപ്പതിലേറെ കേസുകളാണ് സമാജ്‌വാദി പാർട്ടി നേതാവായ അസം ഖാന്റെ പേരിലുള്ളത്. ഭൂമി തട്ടിപ്പുകാരെ കണ്ടെത്തുന്നതിനും ഭൂമി തട്ടിയെടുക്കലിനെതിരെ പരാതി നൽകാൻ ജനങ്ങൾക്കു സൗകര്യമൊരുക്കുന്നതിനും വേണ്ടി 2017ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ യോഗി ആദിത്യനാഥ് ആരംഭിച്ചതാണ് ഭൂമാഫിയ വിരുദ്ധ വെബ്സൈറ്റ്.

ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പങ്കാളിത്തം കണക്കിലെടുത്ത് അസം ഖാന്റെ പേര് ഭൂമാഫിയ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു ശുപാർശ ചെയ്യുമെന്ന് രാംപൂർ എസ്പി അജയ് പാൽ ശർമ അറിയിച്ചു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് അസം ഖാനെതിരെയുള്ള കേസുകൾ ജില്ലാ മജിസ്ട്രേറ്റും താനും വിലയിരുത്തിയ ശേഷം ഭൂമാഫിയ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

26 കർഷകരുടെ ഭൂമി തട്ടിയെടുത്ത് കോടികൾ ചിലവു വരുന്ന പദ്ധതിക്കായി ഉപയോഗിച്ചതായി കാട്ടി റവന്യു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസം ഖാനും അദ്ദേഹത്തിന്റെ സഹായിക്കുമെതിരെ വെള്ളിയാഴ്ച കേസ് റജിസ്റ്റർ ചെയ്തിരുന്നു. 2012–17 കാലഘട്ടത്തിൽ ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രിയെന്ന നിലയിൽ അധികാരദുർവിനിയോഗം നടത്തി കർഷകഭൂമിയും 5000 ഹെക്ടർ വരുന്ന ഭൂമിയും വ്യാജരേഖകൾ ഉപയോഗിച്ചു തട്ടിയെടുത്തതായി റവന്യു വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളുടെ കടുത്ത വിമർശകനായ അസം ഖാനെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് സമാജ്‌വാദി പാർട്ടി പ്രദേശിക ഘടകം പ്രതികരിച്ചു.

English Summary: Azam Khan MP may be named as Land Mafia on Uttar Pradesh Government website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com