ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ സർവകലാശാല ഉത്തരക്കടലാസ്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഇത് പിടിച്ചെടുത്തത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ആറ്റുകാൽ മേടമുക്ക് കാർത്തികനഗറിലെ വീട്ടിൽ കന്റോൺമെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് കേരള സർവകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതേണ്ട അഡീഷനൽ  ഷീറ്റുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഉദ്യോഗസ്ഥന്റെ സീലും കണ്ടെത്തിയത്. ഇതു റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു.

കോപ്പിയടിച്ചാണ് നേതാക്കള്‍ പരീക്ഷകളില്‍ ജയിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവവികാസം. എസ്എഫ്ഐ നേതാക്കള്‍ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതില്‍ അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. യൂണിവേഴ്സിറ്റി കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തുവെന്ന ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. പിഎസ്‌സിയെ സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.

വധശ്രമക്കേസിലെ പ്രതികൾ പൊലീസ് നിയമന റാങ്ക് പട്ടികയിൽ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു മുൻ ഡിജിപി ടി.പി.സെൻകുമാറും അഭിപ്രായപ്പെട്ടിരുന്നു. ഒന്നാം പ്രതി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെൻകുമാർ പറഞ്ഞു. കണ്ണൂര്‍ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതിയാണ് പിഎസ്‌സി റാങ്ക് പട്ടികയിൽ പുറത്തിറക്കിയത്.

പ്രതികൾ പൊലീസ് റാങ്ക് പട്ടികയിൽ ഇടം പിടിച്ച പിഎസ്സി പരീക്ഷ എഴുതിയത് തിരുവനന്തപുരത്തെ കേന്ദ്രങ്ങളിൽ ആണെന്നും തെളിഞ്ഞിരുന്നു. ഹാൾ ടിക്കറ്റ് തിരുത്തിയാണോ ഇവർക്ക് സ്വന്തം ജില്ലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതെന്ന് പിഎസ്സി പരിശോധിക്കും. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ചിത് റാങ്ക് പട്ടികയിൽ ഒന്നാമനും രണ്ടാം പ്രതി നസീം 28 റാങ്കുകാരനുമാണ്. യൂണിവേഴ്സിറ്റി കോളജിലെ മറ്റൊരു എസ്എഫ്ഐ നേതാവ് പി.പി. പ്രണവിനാണ് രണ്ടാം റാങ്ക്. 

ഇവർ മൂവരും യൂണിവേഴ്സിറ്റി കോളജിൽ തന്നെയാണ് പരീക്ഷ എഴുതിയതെന്നായിരുന്നു പ്രധാന ആക്ഷേപം. ഹാൾ ടിക്കറ്റ് പുറത്ത് വന്നതോടെ ഇത് ശരിയല്ലെന്ന് വ്യക്തമായി. നസീം തൈക്കാട് സർക്കാർ കൊളജിലും പ്രണവ് ആറ്റിങ്ങലുമാണ് എഴുതിയത്. കാസർകോട് അപേക്ഷ നൽകിയ ഇവർക്ക് സ്വാധീനം ഉപയോഗിച്ചാണോ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം അനുവദിച്ചതെന്നാണ് ഇനിയുള്ള ചോദ്യം. ഇവരുടെ ഹാൾ ടിക്കറ്റിൽ റിവൈസഡ് അഡ്മിഷൻ ടിക്കറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരീക്ഷാകേന്ദ്രം തിരുത്തിയതുകൊണ്ടാണോയെന്നും സംശയമുണ്ട്. ഇക്കാര്യം പിഎസ്സി നാളെ പരിശോധിക്കും. അതേ സമയം ക്രിമിനൽ സ്വഭാവമുള്ളവരെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നു.

English Summary: Special branch seized answer sheets form Shivaranjith, PSC rank holder and key accused who stabbed Akhil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com