ADVERTISEMENT

ന്യൂഡൽഹി ∙ ഭർത്താവിനെ കൊന്ന കേസിൽ തിഹാർ ജയിലിൽ കഴിയുമ്പോഴും ഭാവിപ്രവചനം പഠിക്കാൻ സമയം വിനിയോഗിച്ച് അപൂർവ ശുക്ല. ടാരറ്റ് കാർഡുകൾ ഉപയോഗിച്ച് ഭാവി പറയുന്ന മാന്ത്രികവിദ്യയിൽ അപൂർവ പ്രാവീണ്യം നേടുകയാണെന്നു ജയിൽ അധികൃതർ പറഞ്ഞു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ ജീവനെടുത്ത കേസിലാണ് ഭാര്യ അപൂർവ അഴിക്കുള്ളിലായത്.

‘ആഴ്ചയിൽ രണ്ടു ക്ലാസ്. ചൊവ്വയും വെള്ളിയും രണ്ടു മണിക്കൂർ വീതം. പഠിതാക്കളുടെ മുൻനിരയിൽതന്നെ അപൂർവ ഇരിപ്പുറപ്പിക്കും. പഠിക്കാനുള്ള ആഗ്രഹം ഇങ്ങോട്ടു പറയുകയായിരുന്നു. ഇതുവരെ ഏഴു ക്ലാസുകൾ‌ പൂർത്തിയായി. ശ്രദ്ധാപൂർവമാണു ക്ലാസിലിരിക്കുന്നത്. കോടതി നടപടിക്കായി പോയതിനാൽ ഒരു ക്ലാസ് നഷ്ടപ്പെട്ടപ്പോൾ ദുഃഖിതയായിരുന്നു’– ഒന്നര വർഷമായി ജയിലിൽ ഭാവിപ്രവചന ക്ലാസ് നയിക്കുന്ന ഡോ. പ്രതിഭ സിങ് പറഞ്ഞു. 

അഞ്ചാറു വർഷമായി ടാരറ്റ് കാർഡ് പ്രവചനം പഠിക്കാൻ അപൂർവ ശ്രമിച്ചെങ്കിലും പലകാരണങ്ങളാൽ നടന്നില്ല. ക്ലാസിൽ ശാന്തയാണ്. പഠിക്കാനുള്ള ആഗ്രഹവും ആത്മവിശ്വാസവും മുഖത്തു കാണാം. ആകെയുള്ള 78 കാർഡുകളിൽ 15 എണ്ണം ഉപയോഗിച്ചുള്ള പ്രവചനം പഠിച്ചുകഴിഞ്ഞു. നല്ല വിദ്യാർഥിയായി നോട്ടെഴുതും, സംശയങ്ങൾ ചോദിക്കും. ഹിന്ദിയിലും ഇംഗ്ലിഷിലുമാണു ഞങ്ങൾ ക്ലാസെടുക്കാറുള്ളത്. എപ്പോഴും ഇംഗ്ലിഷിൽ വിശദീകരിക്കാനാണ് അഭിഭാഷക കൂടിയായ അപൂർവ ആവശ്യപ്പെടാറുള്ളത്– ജയിൽ അധ്യാപിക വ്യക്തമാക്കി.

ജയിലിൽ ആദ്യ ക്ലാസിന് എത്തിയപ്പോൾ, ചെയ്ത കുറ്റത്തിൽ പശ്ചാത്താപമുണ്ടോ എന്നു ചിലർ ചോദിച്ചു. ‘എനിക്കു യാതൊരു കുറ്റബോധവുമില്ല. അതെന്റെ വിധിയിൽ എഴുതിയിട്ടുള്ളതാണ്’ എന്നായിരുന്നു അപൂർവയുടെ മറുപടി. ശാഠ്യക്കാരിയും അധികം സംസാരിക്കാത്ത പ്രകൃതവുമായിരുന്നു ആദ്യ ദിവസങ്ങളിൽ അപൂർവയുടേത്. പിന്നീട് മാറ്റമുണ്ടായി. കീർത്തനാലാപനത്തിൽ പങ്കെടുക്കാൻ തുടങ്ങി. ജയിൽവാസികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം ക്ലാസുകളിൽ സജീവമായി. അപൂർവ ഉൾപ്പെടെ നിരവധിപേരിൽ പോസിറ്റീവ് ആയ മാറ്റമുണ്ട്– പ്രതിഭ സിങ് വിശദീകരിച്ചു.

ലിവിങ് ടുഗദർ, വിവാഹം, കലഹം

എൻ.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയെ 2017ൽ ഒരു മാട്രിമോണിയൽ വെബ്സൈറ്റിലാണ് അപൂർവ കണ്ടത്. ഈ പരിചയം അടുപ്പത്തിലേക്കും പ്രേമത്തിലേക്കും വഴിമാറി. രണ്ടുപേരും ഒരുമിച്ചു താമസമാരംഭിച്ചു. ഒരു വർഷത്തെ ലിവിങ് ടുഗദറിനുശേഷം 2018 മേയ് 12ന് വിവാഹം. ന്യൂഡൽഹിയിലെ ഒന്നാന്തരം സ്ഥലമായ ഡിഫൻസ് കോളനിയിലെ രോഹിത്തിന്റെ വീട്ടിലേക്ക് ഇരുവരും താമസം മാറി. വിവാഹ‌ശേഷം പക്ഷെ കാര്യങ്ങൾ നല്ല രീതിയിലല്ല മുന്നോട്ടു പോയത്.

ഇരുവരും കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും രോഹിത്തിന്റെ മാതാവ് ഉജ്വല പറയുന്നു. വിവാഹത്തിനു മുൻപ് അപൂർവയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അവരുടെ കുടുംബത്തിനു പണത്തിനോട് ആർത്തിയായിരുന്നു. ഞങ്ങളുടെ സ്വത്തിലായിരുന്നു കണ്ണ്. രണ്ടു മക്കളുടെയും ഭൂസ്വത്ത് നിയന്ത്രണത്തിലാക്കാൻ അപൂർവയും കുടുംബവും ശ്രമിച്ചിരുന്നു– ഉജ്വല പൊലീസിനു മൊഴി നൽകി.

ഒട്ടും സങ്കടമില്ലാതെ അപൂർവ

ആറു വർഷത്തെ നിയമയുദ്ധത്തിനു ശേഷമാണു രോഹിത് തിവാരി താൻ എൻ.ഡി.തിവാരിയുടെ മകനാണെന്നു സ്ഥാപിച്ചെടുത്തത്. 2015ൽ എൻ.ഡി.തിവാരി ഉജ്വലയെ വിവാഹം കഴിച്ചു. പിന്നെയായിരുന്നു രോഹിത്തിന്റെ പ്രണയവും വിവാഹവും. 2019 ഏപ്രിൽ 15നും 16നും ഇടയിലായിരുന്നു രോഹിത്തിന്റെ അകാലമരണം. ഡിഫൻസ് കോളനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നായിരുന്നു ആദ്യ നിഗമനം.

പോസ്റ്റ്്മോർട്ടത്തിലാണു കൊലപാതകമാണെന്നു കണ്ടെത്തിയത്. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു പൊലീസ് കണ്ടെത്തി. രോഹിത്തിന്റെ മുറിയിൽ മൂന്നു പേർക്കേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഭാര്യയ്ക്കും രണ്ടു പരിചാരകർക്കും. ഭർത്താവ് മരിച്ചാൽ ദുഃഖിക്കുന്ന ഭാര്യമാരിൽനിന്നു വ്യത്യസ്തയായിരുന്നു അപൂർവ. ഒട്ടും സങ്കടം അവരുടെ മുഖത്തില്ലായിരുന്നു. ഇതാണു സംശയത്തിന് ഇടയാക്കിയതെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ ന്യൂഡൽഹി ക്രൈംസ് എസിപി രാജീവ് രഞ്ജൻ ഓർമിച്ചു.

അതിയായ ആഗ്രഹങ്ങളുള്ള സ്ത്രീ

അതിയായ ആഗ്രഹങ്ങളുള്ള സ്ത്രീയായിരുന്നു അപൂർവ. ഭർതൃപിതാവ് എൻ.ഡി.തിവാരിയുടെ പേരുപയോഗിച്ചു രാഷ്ട്രീയത്തിൽ സജീവമാകാനും മോഹമുണ്ടായിരുന്നു. എന്നാൽ സ്ത്രീകളുമായി അടുപ്പം സൂക്ഷിക്കുന്ന രോഹിത്തിന്റെ സ്വഭാവം അപൂർവ ഇഷ്ടപ്പെട്ടില്ല. ഇതേച്ചൊല്ലിയാണ് ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായത്. ഉറക്കഗുളികകൾ സ്ഥിരമായി രോഹിത്ത് കഴിച്ചിരുന്നു. ചിലപ്പോഴൊക്കെ മദ്യപിച്ചും വീട്ടിൽ വരാറുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഉത്തരാഖണ്ഡിലേക്ക് പോയ രോഹിതും അമ്മ ഉജ്വലയും ബന്ധുവും ഏപ്രിൽ 15 നു വൈകിട്ടാണു തിരിച്ചെത്തിയത്.

അന്നു രാത്രി രോഹിത്തുമായി അടുപ്പമുള്ള ഒരു സ്ത്രീയെച്ചൊല്ലി ഇരുവരും രൂക്ഷമായി വഴക്കിട്ടു. വഴക്കിനിടെ അപൂർവ ഭർത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നെന്നു പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്ന രോഹിത്തിനു ചെറുക്കാൻ സാധിച്ചില്ല. ഒന്നര മണിക്കൂറിനുള്ളിൽ തെളിവടക്കം അപൂർവ നശിപ്പിച്ചു.

എംബിഎ ബിരുദധാരിയും സുപ്രീംകോടതി അഭിഭാഷകയുമായ അപൂർവ ഇങ്ങനെയൊരു കൃത്യം ചെയ്യുമെന്ന് പൊലീസിന് ആദ്യം വിശ്വസിക്കാനായില്ല. രാഷ്ട്രീയഭാവി ഉൾപ്പെടെയുള്ള മോഹങ്ങൾ നടക്കാത്തതിലെ നിരാശ, രോഹിത്തിന്റെ കുടുംബത്തിലെ സ്വത്ത് സ്വന്തമാക്കാനുള്ള ആഗ്രഹം തുടങ്ങിയവയാകാം അപൂർവയെ കൊലയാളിയാക്കിയതെന്ന് എസിപി രാജീവ് ചൂണ്ടിക്കാട്ടുന്നു. ഭാവിപ്രവചന ക്ലാസിൽ ചേർന്നതോടെ എല്ലാം വിധിയുടെ വിളയാട്ടമെന്നു ‘ജാമ്യം’ എടുത്ത് കുറ്റബോധമില്ലാതെ മുന്നോട്ടു പോകാനും അപൂർവയ്ക്കു സാധിച്ചിരിക്കുന്നു.

English Summary: Jailed For Killing Rohit Shekhar Tiwari, Wife Apoorva Shukla Learns Tarot To Read Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com