ADVERTISEMENT

തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ ഉത്തരകടലാസുകളുടെ വിതരണവും ഏകോപനവും തൃപ്തികരമല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഉത്തരകടലാസ് സെന്ററുകളില്‍നിന്ന് തിരികെ ലഭിക്കുന്നില്ലെന്നും അവശേഷിക്കുന്നവയുടെ എണ്ണം സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് കൃത്യതയില്ലെന്നും കേരള സര്‍വകലാശാലയുടെ 2017-18 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

university-paper

വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ആര്‍.ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കേരള സര്‍വകലാശാലാ പരീക്ഷ എഴുതാനുള്ള പേപ്പറുകളും കേരള സർവകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ ‘ഉന്നത വിജയം’ നേടുന്നത് അധ്യാപകരുടേയും ജീവനക്കാരുടേയും സഹായത്തോടെയാണെന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്നതാണ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്. ജീവനക്കാരില്‍ ചിലര്‍ ഉത്തരകടലാസ് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

കേരള സര്‍വകലാശാലയുടെ എക്സാം സ്റ്റോറില്‍നിന്ന് വിവിധ പരീക്ഷകളുടെ ആവശ്യത്തിനായി സെന്ററുകളില്‍ വിതരണം ചെയ്യുന്ന ഉത്തരകടലാസുകളില്‍ അവശേഷിക്കുന്നവ തിരികെ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിനിയോഗിച്ച ഉത്തരകടലാസുകളുടെ എണ്ണമോ അവശേഷിക്കുന്നവയുടെ എണ്ണമോ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സര്‍വകലാശാലയിലില്ല.

അവസാന പരീക്ഷാദിവസം ഉത്തരകടലാസുകള്‍ സര്‍വകലാശാലയ്ക്ക് തിരികെ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഒരു നടപടിയും സര്‍വകലാശാല സ്വീകരിക്കുന്നില്ല. വിതരണം ചെയ്ത ഉത്തരകടലാസുകളുടെ എണ്ണം സ്റ്റോറില്‍ ലഭ്യമാണ്. എന്നാല്‍ പരീക്ഷ കഴിഞ്ഞശേഷം അവശേഷിക്കുന്നവയുടെ എണ്ണത്തില്‍ വ്യക്തത ഇല്ല. അവശേഷിക്കുന്ന ഉത്തര കടലാസുകളുടെ എണ്ണം ഉറപ്പാക്കാതെ പരീക്ഷാ ചോദ്യ പേപ്പറുകള്‍ക്കൊപ്പം ഉത്തരകടലാസുകള്‍ വിതരണം ചെയ്യുന്ന അവസ്ഥയാണുള്ളത്.

2017-18 സാമ്പത്തിക വര്‍ഷം പരീക്ഷാ സെന്ററുകളുടെ എണ്ണം 284 ആയിരുന്നു. എന്നാല്‍ ഉത്തരകടലാസുകള്‍ എത്ര ഉപയോഗിച്ചു എന്നുള്ള സാക്ഷ്യപത്രം 167 സെന്ററില്‍നിന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ. സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പരീക്ഷാ സെന്ററുകളില്‍ ഉത്തരകടലാസ് കെട്ടികിടക്കുന്നത് ഗുരുതര വീഴ്ചയാണ്. ഉത്തരകടലാസ് വിതരണം കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ സര്‍വകലാശാല തയാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com