ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ ‘ഉന്നത വിജയം’ നേടുന്നത് അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ കേരള സർവകലാശാല ആലോചിക്കുന്നു. പരീക്ഷാ നടത്തിപ്പിന് സർവകലാശാല നല്‍കിയ നിര്‍ദേശങ്ങളൊന്നും യൂണിവേഴ്സിറ്റി കോളജ് അധികൃതര്‍ പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ ചോര്‍ത്തി നല്‍കുമെന്നാണു പ്രധാന ആരോപണം.

വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ആര്‍.ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കേരള സര്‍വകലാശാലയുടെ പരീക്ഷ എഴുതാനുള്ള പേപ്പറുകളും കേരള യൂണിവേഴ്സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പൊലീസ് പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയത് തട്ടിപ്പു നടത്തിയാണെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

പുറത്തുവരുന്നത് വലിയ പരീക്ഷാത്തട്ടിപ്പോ?

ക്ലാസില്‍ വരാത്ത എസ്എഫ്ഐ നേതാക്കളും പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരും സർവകലാശാല പരീക്ഷയില്‍ വിജയം നേടുന്നത് ചില അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പരീക്ഷ സർവകലാശാല ന‍ടത്തുമ്പോള്‍ വിതരണം ചെയ്യുന്ന പേപ്പറില്‍ പ്രത്യേക കോഡ് രേഖപ്പെടുത്തിയിരിക്കും.

ഉദാഹരണത്തിന്, സി എന്ന കോഡ് രേഖപ്പെടുത്തിയ പേപ്പറാണ് പരീക്ഷയ്ക്ക് വിതരണം ചെയ്യേണ്ടതെങ്കില്‍ കോളജ് ജീവനക്കാരില്‍ വിദ്യാര്‍ഥി നേതാക്കളോട് അടുപ്പമുള്ളവര്‍ വിവരം കൈമാറും. പേപ്പര്‍ ചോര്‍ത്തിക്കൊടുക്കും. ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ പേപ്പര്‍ ഓഫിസില്‍നിന്ന് എടുത്തു നല്‍കിയത് ജീവനക്കാരാണെന്ന് കേരള സർവകലാശാല അധികൃതര്‍ സംശയിക്കുന്നു.

ഇടതു സംഘടനയില്‍ സജീവമായ അധ്യാപകരാണെങ്കില്‍ പേപ്പര്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയെഴുതാനറിയാത്തവര്‍ക്ക് പകരക്കാര്‍ പരീക്ഷയെഴുതി നല്‍കും. കയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. കേരള സർവകലാശാല ഈ രീതിയിലുള്ള പരിശോധനയ്ക്കാണു തയാറെടുക്കുന്നത്.

പരീക്ഷ എഴുതുന്നവരുടെ ഡെസ്കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും ഇതിന്റെ റജിസ്റ്റര്‍ സൂക്ഷിണമെന്നുമുള്ള സർവകലാശാലയുടെ നിര്‍ദേശവും യൂണിവേഴ്സിറ്റി കോളജ് അധികൃതര്‍ പാലിക്കാറില്ല. വിദ്യാര്‍ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാമെന്നുള്ളതാണ് ഇതിന്റെ സൗകര്യം.

പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സർവകലാശാലയിൽ എത്തിക്കണമെന്ന നിര്‍ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം. 

ഇന്‍വിജിലേറ്റര്‍മാര്‍ കാഴ്ചക്കാര്‍

550 രൂപയാണ് പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കേണ്ട ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പിഎസ്‌സി നല്‍കുന്നത്. സ്കൂൾ, കോളജ് അധ്യാപകര്‍ക്കാണ് മേല്‍നോട്ടച്ചുമതല. വലിയ പിഎസ്‌സി പരീക്ഷകള്‍ നടക്കുന്നത് അവധി ദിവസമായതിനാല്‍ യൂണിവേഴ്സിറ്റി കോളജ് ഉള്‍പ്പെടെയുള്ള പല കോളജുകളിലും അധ്യാപകര്‍ എത്താറില്ല.

പരീക്ഷാ സെന്ററില്‍ അധ്യാപകര്‍ എത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പി‌എസ്‌സിക്ക് സംവിധാനവുമില്ല. ചോദ്യം എത്തിച്ചശേഷം പിഎസ്‌സി ജീവനക്കാര്‍ മടങ്ങും. 550 രൂപയാണ് കൂലി എന്നതിനാല്‍ മിക്ക അധ്യാപകരും പരീക്ഷ പരിശോധിക്കാന്‍ എത്താറില്ല. പകരം കോളജിലെ ജീവനക്കാരെ ചുമതലപ്പെടുത്തും. ഇവര്‍ വിദ്യാര്‍ഥി നേതാക്കളുടെ അടുപ്പക്കാരായതിനാല്‍ ഒഎംആര്‍ ഷീറ്റുകള്‍വരെ കോളജിനു പുറത്തേക്കു പോകും. ശരിയായ ഉത്തരം രേഖപ്പെടുത്തിയശേഷം തിരികെ എത്തും. 

‘സ്പോര്‍ട്സ്’ സര്‍ട്ടിഫിക്കറ്റില്‍ മാത്രം

സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് കോളജുകളില്‍ പ്രവേശനം നേടുകയും പിന്നീട് പിഎസ്‌സി പരീക്ഷയില്‍ വെയിറ്റേജ് കിട്ടാനുപയോഗിക്കുകയും ചെയ്യുന്ന വലിയ സംഘം തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച വിവരം. ബേസ്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതായി കാണിച്ച് ശിവരഞ്ജിത് പിഎസ്‌സിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തൽ‍.

യൂണിവേഴ്സിറ്റി കോളജില്‍ പ്രവേശനം നേടാനായി എസ്എഫ്ഐ അനുഭാവികളില്‍ പലരും വ്യാജ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിക്കുന്നതെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ശിവരഞ്ജിത് ഉള്‍പ്പെടെയുള്ളവര്‍ സ്പോര്‍ട്സ് ക്വാട്ടയിലാണ് പ്രവേശനം നേടിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ ശുപാര്‍ശയുള്ളതിനാല്‍‍‍ അധ്യാപകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാറില്ല. സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ഥമാണോയെന്നു പരിശോധിക്കണമെന്നു സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തെങ്കിലും യൂണിവേഴ്സിറ്റി കോളജില്‍ ഇത് അട്ടിമറിക്കപ്പെട്ടു.

സ്പോര്‍ട്സ് വെയിറ്റേജിലൂടെ സര്‍ക്കാര്‍ ജോലി കിട്ടാനായി എസ്എഫ്ഐ നേതാക്കളെ ഏതെങ്കിലും കായിക ടീമില്‍ ഉള്‍പ്പെടുത്തും. ദേശീയതലത്തിലെ മത്സരത്തില്‍ പങ്കെടുത്താല്‍പോലും വെയിറ്റേജ് മാര്‍ക്കു ലഭിക്കും. പിഎസ്‌സിക്ക് നല്‍കുന്ന സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും സ്പോര്‍ട്സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസി. സെക്രട്ടറിയുടെ ‘കൗണ്ടര്‍ സൈനും’ വേണമെന്നാണ് നിബന്ധന. രാഷ്ട്രീയമായി സ്വാധീനിക്കുകയോ വ്യാജരേഖകള്‍ ഉണ്ടാകുകയോ ചെയ്താണ് പാര്‍ട്ടിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഇതിനെ മറികടക്കുന്നത്. ശിവര‍ഞ്ജിത്തിന് പിഎസ്‌സി പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായി 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com