പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് ഇന്ത്യയല്ല; ദലൈലാമയെ വല്ലാതെ ഭയന്ന് 'ചൈനീസ് വ്യാളി'

Dalai-Lama-Tibet
ദലൈലാമ
SHARE

വ്യാളിയെപ്പോലെ ഭീമാകാരം പക്ഷേ, ചെറുകാറ്റനക്കങ്ങളിൽ വരെ ഭയം; ഇന്നത്തെ ചൈനയുടെ അവസ്ഥയാണിത്. ലോകം കൈപ്പിടിയിലൊതുക്കാൻ വെമ്പുന്ന ചൈനീസ് വ്യാളിക്ക്, ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അടിമുടി പേടിയാണ്. ആ പേരു കേൾക്കുമ്പോൾതന്നെ ചൈന കാതുകൾ കൂർപ്പിക്കുന്നു, ജാഗരൂകരാകുന്നു.

ദലൈലാമയുടെ പിൻഗാമിയെ ചൈന തീരുമാനിക്കുമെന്നും വിഷയത്തിൽ ഇന്ത്യ ഇടപെട്ടാൽ നയതന്ത്രബന്ധത്തെ ബാധിക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ് ഇപ്പോൾ ചൈന. പിൻഗാമി ഇന്ത്യയില്‍ നിന്നാവാമെന്ന് ദലൈലാമ പറഞ്ഞ് ഏതാനും ആഴ്ചകൾക്കകമാണു ചൈനയുടെ പ്രസ്താവന എന്നതു ശ്രദ്ധേയം. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്ന ടിബറ്റൻ വിഷയം വീണ്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്മേൽ ഇരുൾ വീഴ്ത്തുകയാണോയെന്ന സംശയം രാജ്യാന്തരനിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നത് ഈ സാഹചര്യത്തിലാണ്.

ചൈനീസ് അധിനിവേശത്തിനും അടിച്ചമർത്തലിനുമെതിരെ ടിബറ്റൻ പോരാളികൾ നടത്തിയ സായുധ കലാപത്തിനു പിന്നാലെ 1959–ലാണ് ടിബറ്റൻ ആത്മീയാചാര്യനായ പതിനാലാം ദലൈലാമ അനുയായികൾക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്യുന്നത്. ഒന്നര ലക്ഷത്തോളം ടിബറ്റുകാർ ഇന്ന് ഇന്ത്യയിലുണ്ട്, ഓരോ വർഷവും ആയിരത്തോളം പേർ വന്നുകൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ടിബറ്റൻ ആത്മീയ ക്യാംപുകൾ സജീവം. അതിർത്തി പ്രശ്നങ്ങൾ പലതുമുണ്ടായിരുന്നെങ്കിലും ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതിന്റെ ചൈനീസ് മറുപടിയായിരുന്നു 1962ലെ യുദ്ധമെന്നു വിശ്വസിക്കുന്നവർ ഇന്നുമേറെ. ഹിമാചലിലെ ധർമശാല ആസ്ഥാനമാക്കി നിലവിൽ പ്രവർത്തിക്കുന്ന ദലൈലാമയുടെ ഓരോ വാക്കും അതിനാൽത്തന്നെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ അതിർത്തിസംഘർഷത്തിലേക്കു പോലും നയിച്ചേക്കാവുന്ന നിർണായക വിഷയമാണിന്നും.

‘ദലൈലാമയുടെ പുനരവതാരം എന്നതു ചരിത്രപരവും മതപരവും രാഷ്ട്രീയവുമായ വിഷയമാണ്. പാരമ്പര്യ സ്ഥാപനങ്ങളും മുറകളും ഈ ചടങ്ങിനുണ്ട്. ദലൈലാമയുടെ വ്യക്തിപരമായ ഇഷ്ടത്തിനോ മറ്റു രാജ്യങ്ങളിലെ കുറച്ചുപേരുടെ ആഗ്രഹത്തിനോ അനുസരിച്ച് നടക്കേണ്ട ചടങ്ങല്ല പുനരവതാരം. ആരാണു പിൻഗാമി എന്നതു ചൈനീസ് സർക്കാരാണു തീരുമാനിക്കേണ്ടത്. ഇപ്പോഴത്തെ ദലൈലാമ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ടിബറ്റൻ യുവതയെ വഴിതെറ്റിക്കുകയാണ്.’– ടിബറ്റിൽ സഹമന്ത്രിയുടെ റാങ്കിലുള്ള മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ വാങ് നെങ് ഷെങ് കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞു.

ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിക്കാമെന്നുള്ള ദലൈലാമയുടെ വാക്കുകളോട്, ടിബറ്റ് ഇപ്പോഴും സ്വതന്ത്ര രാഷ്ട്രമാണെന്നാണ് അദ്ദേഹം കരുതുന്നത് എന്നായിരുന്നു വാങ്ങിന്റെ മറുപടി. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ശക്തമായ നീക്കമുണ്ടാകാത്ത പക്ഷം ആ വാക്കുകൾ പൊള്ളയായി മാത്രമേ കണക്കാക്കാനാകൂ. ബെയ്ജിങ്ങും ദലൈലാമയും തമ്മിൽ 10 തവണ ഇതേപ്പറ്റി ചർച്ചകൾ നടന്നു. 2011ൽ ആയിരുന്നു അവസാന കൂടിക്കാഴ്ചയെന്നും വാങ് വ്യക്തമാക്കി. എന്നാൽ ടിബറ്റിൽ പിടിമുറുക്കാനും അവിടത്തെ ജനങ്ങളുടെ ജീവിതരീതിയെ ഇല്ലായ്മ ചെയ്യാനുമാണു പുതിയ ദലൈലാമയെ അവരോധിക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം.

ടിബറ്റുകാരുടെ ആഗോള നേതാവ്

Dalai Lama
ദലൈലാമ

84–കാരനായ ദലൈലാമയെ ചൈന ഭയക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. 1995ൽ തന്റെ പിൻഗാമിയായ പഞ്ചൻ ലാമയായി ഒരു കുട്ടിയെ അദ്ദേഹം സ്‌ഥാനാരോഹണം നടത്തി. ചൈന അതു തള്ളുകയും അവരുടെ സ്വന്തം ലാമയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ 2014ൽ ഒരു ചോദ്യമുയർന്നു. ടിബറ്റൻ ജനതയെ വഴിനയിക്കാൻ ഇനിയൊരു ദലൈലാമ ഉണ്ടാകുമോ? ‘എനിക്കൊരു പിൻഗാമി ഉണ്ടാകാൻ സാധ്യത കാണുന്നില്ല. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരം ഏറ്റവും ജനപ്രീതി നേടിയ ദലൈലാമയിലൂടെ അവസാനിക്കണം. ആരെങ്കിലുമൊരാൾ ആ സ്‌ഥാനത്തു കയറിയിരിക്കുന്നതിലും നല്ലത് അതുതന്നെയാണ്’. 2019 മാർച്ചിൽ ദലൈലാമ മറ്റൊരാഗ്രഹം പ്രകടിപ്പിച്ചു. മരണശേഷം തന്റെ പിൻഗാമി ഇന്ത്യയില്‍ നിന്നാവാമെന്നായിരുന്നു അത്. ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ജനിക്കുമെന്നാണു ടിബറ്റന്‍ ബുദ്ധ വിശ്വാസം. 1950ല്‍ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം ദലൈലാമയെ ചൈന വിഘടനവാദിയായാണു കാണുന്നത്. 2011–ൽ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽനിന്നു വിരമിച്ചെങ്കിലും ടിബറ്റൻ ജനത ഇപ്പോഴും അവരുടെ ഏറ്റവും വലിയ ആഗോള നേതാവായി ദലൈലാമയെ കാണുന്നു. ബറാക് ഒബാമയും നരേന്ദ്ര മോദിയും ഉൾപ്പെടെ ലോകരാജ്യങ്ങളിലെ നിരവധി പ്രമുഖ നേതാക്കളുമായി ബന്ധമുള്ള വ്യക്തിത്വമാണു ദലൈലാമ. സമാധാന നൊബേൽ ജേതാവായ ദലൈലാമയെ ‘അപകടകാരിയായ വിഘടനവാദി’ എന്നു പേരിട്ടു വിളിക്കാനാണു പക്ഷേ ചൈനയ്ക്കിഷ്ടം.

അദ്ഭുത ബാലൻ, നിതാന്ത അഭയാർഥി

ദലൈലാമയെപ്പറ്റി ചോദിച്ചാൽ ടിബറ്റുകാർ ആശ്ചര്യം കലർന്ന ഭക്തിയോടെ പറയുന്നൊരു ഐതിഹ്യകഥയുണ്ട്. ദലൈലാമ പതിമൂന്നാമൻ മരിച്ച സമയം. തെക്കുവശത്തേക്കു തിരിച്ചുവച്ച സിംഹാസനത്തിലാണു ലാമയുടെ ഭൗതികശരീരം ഇരുത്തിയത്. പക്ഷേ മുഖം കിഴക്കോട്ട് തിരിഞ്ഞുവത്രെ. അതൊരു‌ സൂചനയായിക്കണ്ട് ആ ദിക്ക് നോക്കി പുതിയ ലാമയെത്തേടി അനുയായികൾ പോയി. യാത്ര അവസാനിച്ചത് ഒരു ദരിദ്രകർഷകന്റെ വീടിനുമുന്നിൽ.‌

കിഴക്കൻ ടിബറ്റിലെ ആംഡോ പ്രവിശ്യയിലെ ആ വീടിനുമുന്നിൽ നാലുവയസ്സുകാരൻ ടെൻസിൻ ഗ്യാംസോ എന്ന പയ്യൻ കളിക്കുകയാണ്. മാതാപിതാക്കളോടു കാര്യങ്ങൾ വിവരിച്ചു. അവർക്ക് അറിവില്ലാത്ത ലാസൻ ഭാഷ സംസാരിക്കുന്നതടക്കം അദ്ഭുതകരമായ ചില കഴിവുകൾ ആ കുട്ടിക്കുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ പതിനാലാം ലാമയായി ആ കുട്ടിയെ ആലോചിച്ചുറപ്പിച്ച് അനുയായികൾ ലാസയിലെ പൊടാല കൊട്ടാരത്തിലേക്കു കൊണ്ടുപോയി.

1935–ൽ ജനിച്ച ടെൻസിൻ ഗ്യാംസോയ്ക്കു 15–ാം വയസിൽ പൂർണ ആധ്യാത്മിക നേതൃത്വത്തോടെയുള്ള ദലൈലാമ പട്ടം ലഭിച്ചു. ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയാചാര്യനു പദവി തന്നെ പുതിയ പേരായി. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള തന്ത്രപ്രധാന പ്രദേശമായ ടിബറ്റിനെ യാങ്‌സി നദി കടന്നെത്തിയ ചൈനീസ് സൈന്യം ആക്രമിച്ചത് 1950ൽ. ടിബറ്റ് ചൈനയുടെ ഭാഗമാണെന്നും പ്രഖ്യാപിച്ചു. ദലൈലാമ ഐക്യരാഷ്‌ട്രസഭയോടു സഹായം തേടി. ഫലമുണ്ടായില്ല. ദലൈലാമയ്ക്കു ടിബറ്റൻ സേനയെ ചൈനീസ് പട്ടാളത്തിൽ ലയിപ്പിക്കേണ്ടി വന്നു.

ചൈനയുമായി സൗഹൃദത്തിൽ നീങ്ങാനാണു ദലൈലാമ ആഗ്രഹിച്ചതും ശ്രമിച്ചതും. 1954–ൽ ചൈനയിലേക്കു തിരിച്ച അദ്ദേഹം ഒരു വർഷം ബെയ്ജിങ്ങിൽ കഴി‍ഞ്ഞു. അന്നത്തെ ഭരണാധികാരി മാവോ സെദൂങ്ങുമായുള്ള ചർച്ചയായിരുന്നു ലക്ഷ്യം. ബെയ്ജിങ്ങിലിരുന്ന് അനുയായികൾക്ക് ആത്മീയനേതൃത്വം കൊടുക്കാൻ പക്ഷേ ചൈന ദലൈലമായെ അനുവദിച്ചില്ല. എട്ടുവർഷം ലാസയിലെ ഏകാന്തതയിലേക്ക് അദ്ദേഹത്തെ കുരുക്കിയിട്ടു.

Dalai Lama Baba Ramdev
ദലൈലാമ, ബാബ രാംദേവ്

ചൈനയിൽനിന്നു ഹാൻ വംശജർ ടിബറ്റിലേക്കു സ്‌ഥിരതാമസക്കാരായി വന്നതും ചൈനീസ് നേതൃത്വം ടിബറ്റിന്റെ പാരമ്പര്യങ്ങളിൽ കൈവച്ചതും ലാസയിൽ പൊട്ടിത്തെറികളുണ്ടാക്കി. 1959ൽ അധിനിവേശത്തിനെതിരായ ആ കലാപം പക്ഷേ അതിക്രൂരമായി അടിച്ചമർത്തപ്പെട്ടു. ഒരു ലക്ഷത്തോളം മനുഷ്യർ രക്തസാക്ഷികളായി. അങ്ങനെ, പതിനായിരക്കണക്കിന് അനുയായികൾക്കൊപ്പം ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്‌തു. നെഹ്‌റു സ്വാഗതമോതി. ആദ്യം ഹിമാലയ താഴ്‌വാരത്തെ മസൂറിയിലാണു താമസസൗകര്യമൊരുക്കിയത്. പിന്നീട് ഹിമാചൽപ്രദേശിലെ ധർമശാലയിലേക്കു മാറി. ടിബറ്റിൽനിന്ന് അഭയാർഥിയായി എത്തി, ഇന്ത്യയുടെ മതനിരപേക്ഷ മണ്ണിൽ വസിച്ച്, ദശലക്ഷക്കണക്കിന് അനുയായികൾക്കു സമാധാനത്തിന്റെയും ശാന്തിയുടെയും മാർഗദീപം തെളിച്ചുനൽകി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിബറ്റൻ അഭയാർഥി ക്യാംപുകളുള്ളത് ഹിമാചൽപ്രദേശിലും കർണാടകയിലുമാണ്. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും അഭയാർഥികളാവുന്ന ദുരവസ്‌ഥ പതിറ്റാണ്ടുകളായി ഇവിടെയുള്ള ടിബറ്റുകാരുടെ തീരാനോവാണ്. എങ്കിലും, സ്വയംഭരണാധികാരം തട്ടിയെടുത്ത്, സംസ്‌കാരത്തിന്റെ മഹാപ്രതീകങ്ങളായ ബുദ്ധക്ഷേത്രങ്ങൾ ചാമ്പലാക്കിയ ചൈനീസ് ഭരണകൂടത്തോടു സ്നേഹകാരുണ്യത്തിന്റെ മാനവികഭാഷയിലേ ദലൈലാമ സംസാരിച്ചുള്ളൂ. ടിബറ്റിന്റെ സ്വാതന്ത്രത്തിനു പിന്തുണ തേടി അദ്ദേഹം ലോകമെങ്ങും സഞ്ചരിക്കുന്നതു പക്ഷേ ചൈനയെ ചൊടിപ്പിക്കുന്നുണ്ട്.

ടിബറ്റ്, പരിഹാരമില്ലാത്ത പ്രക്ഷോഭം

ടിബറ്റൻ സ്വയംഭരണ മേഖലയിൽ 60 ലക്ഷത്തിലേറെ ടിബറ്റുകാരാണുള്ളത്. ചൈനയുടെ പ്രവിശ്യകളിലെ ടിബറ്റൻ പ്രദേശങ്ങളിലും ലക്ഷക്കണക്കിനു ടിബറ്റുകാരുണ്ട്. ചില പ്രവിശ്യകളിൽ ടിബറ്റുകാരാണു ഭൂരിപക്ഷം. ഈ പ്രദേശങ്ങൾ ചൈനാ അധിനിവേശത്തിനു മുൻപു ദലൈലാമയുടെ ഭരണത്തിലായിരുന്നുവെന്നു ലാമ ഭരണകൂടം പറയുന്നു. ഈ പ്രദേശങ്ങൾ കൂടി ടിബറ്റൻ സ്വയംഭരണ മേഖലയിൽ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ടിബറ്റൻ പ്രശ്‌നത്തിലെ പ്രധാന തർക്കവിഷയങ്ങളിൽ ഒന്നാണിത്. താൻ മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിശാല ടിബറ്റിൽ ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തണമെന്നു ദലൈലാമയും ആവശ്യപ്പെട്ടിരുന്നു.

2012ൽ മരണംവരിച്ച ജെമ്യാങ് യെഷി ഉൾപ്പെടെ അനവധിപ്പേരാണു ചൈനയ്‌ക്കെതിരെ സ്വയം തീവച്ച് ജീവനൊടുക്കിയത്. ഈ മരണങ്ങളെല്ലാം വിദേശ മാധ്യമങ്ങളിൽ വലിയ വാർത്തയായപ്പോൾ ചൈന മൗനം പാലിച്ചു. തീകൊളുത്തി പ്രതിഷേധിച്ചവരിൽ കൂടുതൽ പേരും മരിച്ചു. മരിക്കാത്തവരെക്കുറിച്ചു പിന്നീടു വിവരങ്ങളൊന്നും വന്നില്ല. ആരാധനാസ്വാതന്ത്യ്രം തടയുന്നതിനും ദലൈലാമയുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനുള്ള വിലക്കിനെതിരെയുമാണു പ്രതിഷേധങ്ങളേറെയും അരങ്ങേറിയത്. ടിബറ്റൻ സന്യാസിമാരുടെ ആത്മാഹുതികൾ വർധിച്ചതോടെ ലോകശ്രദ്ധ ഇങ്ങോട്ടു തിരിഞ്ഞെന്നതു നേട്ടമായി. ‘എന്തും ചെയ്യാം’ എന്ന ചൈനയുടെ പരമാധികാരത്തെ തടയിടുന്നതും ഈ ശ്രദ്ധയാണ്.

ടിബറ്റൻ സ്വയംഭരണ മേഖലയിൽ ചൈനീസ് പട്ടാളത്തിന്റെ ശക്‌തമായ സാന്നിധ്യമാണ്. എന്നാൽ ചൈനീസ് പ്രവിശ്യകളിലെ ടിബറ്റൻ മേഖലകളിൽ, ചെറിയ ഇളവൊക്കെയുണ്ട്. ടിബറ്റൻ ഖാംബ പോരാളികളുടെ നാടായ സിച്ചുവാൻ പ്രവിശ്യയിലെ ഖാം മേഖലയിലും പട്ടാളം ജാഗ്രതയിലാണ്. അരനൂറ്റാണ്ടിലേറെ ഉരുക്കുമുഷ്‌ടി കൊണ്ടു ഭരണം നടത്തിയിട്ടും ഒട്ടേറെ വികസനങ്ങൾ നടപ്പാക്കിയിട്ടും ടിബറ്റൻ ജനതയുടെ സ്വാതന്ത്യ്രമോഹങ്ങൾ തളർത്താൻ ചൈനയ്‌ക്കായിട്ടില്ല. ഇന്ത്യയിലും മറ്റും പഠനത്തിനു പോയി മടങ്ങിയ യുവാക്കളാണ് ആത്മാഹുതി നടത്തിയവർ. ധർമശാലയിൽനിന്നു പ്രവർത്തിക്കുന്ന ദലൈലാമയുടെ ‘പ്രവാസി സർക്കാരിന്റെ’ പ്രേരണയാലാണു പ്രക്ഷോഭമെന്നും ചൈന ആരോപിക്കുന്നു.

ചൈനയ്‌ക്കെതിരെ ഇന്ത്യൻ മണ്ണിൽനിന്നു പ്രവർത്തനം നടക്കുന്നുവെന്ന ആരോപണത്തിനുള്ള ന്യായമായും ഇക്കാര്യം അവർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തരസമ്മർദം ശക്‌തമാകുമ്പോൾ ദലൈലാമയുമായി ചൈന ചർച്ചയ്‌ക്കു തയാറാവും. പ്രശ്‌നപരിഹാരം മാത്രമുണ്ടാകില്ല. ദലൈലാമയുടെ കാലശേഷം പുതിയൊരു ലാമയുടെ വരവോടെ പ്രശ്നങ്ങളെല്ലാം കെട്ടടങ്ങുമെന്നാണു ചൈന കരുതുന്നത്. പാശ്‌ചാത്യരാജ്യങ്ങളിൽ നല്ല സ്വാധീനമുള്ള ദലൈലാമയുടെ കാലം കഴിഞ്ഞാൽ ടിബറ്റൻ പ്രശ്നത്തിലെ രാജ്യാന്തരശ്രദ്ധയും പിന്തുണയും കുറയും, അതോടെ കയ്യൂക്ക് കാണിക്കാമെന്നും അവർ കണക്കുകൂട്ടുന്നു.

ആഘോഷം, വിഷം പുരട്ടി കൊല്ലാൻ ശ്രമം

ടിബറ്റിൽനിന്നു ദലൈലാമയെ പുറത്താക്കിയതിന്റെ വാർഷികം ചൈന ആഘോഷിക്കാറുണ്ട്. ‘മതാധിഷ്‌ഠിത ഫ്യൂഡലിസത്തിന്റെ തൂത്തെറിയൽ’ എന്നും ‘ടിബറ്റൻ അടിമകളുടെ വിമോചനം’ എന്നും വിശേഷിപ്പിച്ചായിരുന്നു ലാമയെ പുറത്താക്കിയതിന്റെ അൻപത്തിരണ്ടാം വാർഷികം 2011ൽ കമ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ചൈന ആഘോഷിച്ചത്. ടിബറ്റ് സ്വതന്ത്രഭരണ പ്രദേശത്തിന്റെ തലസ്‌ഥാനമായ ലാസയിൽ, ദലൈലാമയുടെ പഴയ ഔദ്യോഗിക വസതിയായ പോട്ടാല കൊട്ടാരത്തിനു മുന്നിലായിരുന്നു ആഘോഷം.

തന്നോടുള്ള അടങ്ങാത്ത രോഷത്തിനൊപ്പം, വിഷം തന്നു കൊല്ലാൻ ചൈന ശ്രമിക്കുന്നുവെന്ന് ദലൈലാമ വെളിപ്പെടുത്തിയതു വലിയ ചർച്ചയായി. 2012ൽ ആയിരുന്നു ഇത്. തലമുടിയിലോ ശിരോവസ്‌ത്രത്തിലോ കൊടുംവിഷം പുരട്ടി ഭക്‌തരുടെ വേഷമിട്ട ടിബറ്റൻ വനിതകളെ ഇതിനായി ചൈന പരിശീലിപ്പിച്ചുവരുന്നതായി മുന്നറിയിപ്പു ലഭിച്ചു എന്നായിരുന്നു വെളിപ്പെടുത്തൽ. അഭയമേകിയ ഇന്ത്യയെക്കുറിച്ച് ഈ സന്യാസിശ്രേഷ്ഠന് എന്നും അഭിമാനമാണ്. ‘സങ്കീർണമായ രാജ്യമാണ് ഇന്ത്യ. മത‌േതര സൗഹൃദത്തിന്റെ കാര്യത്തിൽ ലോകത്തിന് അദ്ഭുതമാണ്. ഇന്ത്യയുടെ നേതൃത്വത്തിൽ ലോക മതസമ്മേളനം നടത്തണം. മതേതര ദിനാഘോഷവും വേണം’– ഒരിക്കൽ ദലൈലാമ പറഞ്ഞു.

കേരളത്തിനു പ്രിയങ്കരനായ ആചാര്യൻ

കേരളത്തിലേക്കു പലകുറി വന്നിട്ടുണ്ട് ദലൈലാമ. 1965 ഒക്ടോബറിൽ തന്നെ ആലപ്പുഴയിലെ ബുദ്ധ പ്രതിമകളിലൊന്നായ കരുമാടി കുട്ടന്റെ മണ്ഡപം ദലൈലാമ സന്ദർ‌ശിച്ചിരുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തോടെയാണു വിഗ്രഹം ബുദ്ധപ്രതിമയാണെന്നു നാട്ടുകാർ‌ക്കു ബോധ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണു പിന്നീടു പ്രതിമയ്ക്കു ചുറ്റും സ്തൂപം നിർമിച്ചു സംരക്ഷിച്ചത്. 2012ൽ ശിവഗിരി തീർഥാടന വിളംബര സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ തിരുവനന്തപുരത്തെത്തിയ ദലൈലാമ, കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ പോകാനും സമയം കണ്ടെത്തി.

2010ൽ കൊച്ചിയിൽ നടന്ന റിലിജിയസ് ഫ്രീഡം വേദിയിൽ ‘ജീവിതത്തിൽ ചിരിയുടെ പ്രാധാന്യമെന്ത്?’ എന്നൊരു ചോദ്യം ഉന്നയിക്കപ്പെട്ടു. ‘ചിരി സ്വാഭാവികമാവണം. കൃത്രിമമായി ചിരിക്കുന്നവരുണ്ട്. നയത്തിലൊരു ചിരി. മറ്റു ചിലർ പിശുക്കിയേ ചിരിക്കൂ. മനസ്സിൽ അപകർഷതാബോധം ഉണ്ടെങ്കിൽ തമാശ പറയാനോ ചിരിക്കാനോ ബുദ്ധിമുട്ടാണ്. മനസ്സു ശാന്തമായിരുന്നാലേ ചിരി വിരിയൂ’– പുഞ്ചിരിയുടെ അകമ്പടിയോടെ ദലൈലാമ മൊഴിഞ്ഞപ്പോൾ സദസ്സാകെ ഒരു ചിരിപ്പൂവായി മാറി.

അഹിംസയുടെ സമുദ്രം, ജ്ഞാനത്തിന്റെയും 

ലോകത്തിന്റെ മേൽക്കൂര എന്നാണു ടിബറ്റൻ പീഠഭൂമിയുടെ വിശേഷണം. ഇന്ത്യ, ചൈന, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഭൂഭാഗം. സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തിലുള്ള ‌ടിബറ്റിന്റെ അവകാശത്തെച്ചൊല്ലിയുള്ള തർക്കത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനിക ചൈനയുടെ പ്രാരംഭം മുതൽ ടിബറ്റിനെ കാൽക്കീഴിലാക്കാൻ ഭരണകൂടം വെമ്പിയിരുന്നു. അഹിംസയുടെയും അറിവിന്റെയും സാഗരമെന്നു വിശേഷണമുള്ള ലാമമാരുടെ പാരമ്പര്യത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരുടെ രക്‌തം ചിന്തിയത് ഈ ദലൈലാമയുടെ ജീവിതകാലത്താണെന്നത് നടുക്കുന്ന യാഥാർഥ്യം.

‘അറിവിന്റെ അധിപൻ’ എന്നാണ് ദലൈലാമ എന്ന വാക്കിനർഥം. 16–ാം നൂറ്റാണ്ടിലെ മംഗോളിയൻ രാജാവ് ടിബറ്റിലെ ഒരു ബുദ്ധഭിക്ഷുവിന്റെ ജ്‌ഞാനത്തിൽ ആകൃഷ്‌ടനായി അനുയായിയായി. അന്നു രാജാവ് സമ്മാനിച്ച ബഹുമതിയാണു ദലൈലാമ. ആ പാരമ്പര്യത്തിലെ ഇങ്ങേയറ്റത്തുള്ള ദലൈലാമയെ തേടി 1989–ൽ സമാധാനത്തിനുളള നൊബേൽ പുരസ്കാരം, 1994–ൽ ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് ഫ്രീഡം മെഡൽ, 2006–ൽ യുഎസ്എ പരമോന്നത സിവിലിയൻ ബഹുമതി, 2011–ൽ മഹാത്മാഗാന്ധി രാജ്യാന്തര സമാധാന സമ്മാനം, 2015–ൽ ലിബർട്ടി പുരസ്കാരം, ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള (ഏകദേശം 9.45 കോടി രൂപ ) ബ്രിട്ടനിലെ ടെംപിൾടൺ സമ്മാനം ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ എത്തി.

ചൈനയിൽനിന്നു സ്വാതന്ത്ര്യമല്ല, കൂടുതൽ വികസനമാണു ടിബറ്റിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നു പറയുന്നു ദലൈലാമ. ചരിത്രപരമായും സാംസ്കാരികമായും ടിബറ്റ് ചൈനയിൽനിന്നു വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഹിമമുറഞ്ഞു കിടക്കുന്ന ടിബറ്റൻവഴികളിൽ വിപ്ലവത്തിന്റെ ചുവപ്പാണോ ദലൈലാമയുടെ ഉടുപ്പിന്റെ നിറമായ സ്നേഹചുവപ്പാണോ അടയാളപ്പെടുക?

English Summary: India Shouldn't Interfere In Choice Of Dalai Lama's Successor: China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA