ADVERTISEMENT

ഭരണകൂടം മറച്ചുവയ്ക്കാന്‍ ആഗ്രഹിച്ച രഹസ്യങ്ങള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ലോകത്തിനു മുന്നിലേക്കു തുറന്നുവിട്ട സാങ്കേതിക വിദഗ്ധൻ; അതിനാൽത്തന്നെ ഭരണാധികാരികളുടെ കണ്ണിൽത്തറച്ച മുള്ളായിരുന്നു ജൂലിയന്‍ അസാൻജ്. വിക്കിലീക്ക്സ് സ്ഥാപകനായും എത്തിക്കൽ ഹാക്കറായും അഴിമതിക്കെതിരെയുള്ള പോരാളിയായും ലോകം ഇന്നും വാഴ്ത്തുന്നു ഈ ഓസ്ട്രേലിയക്കാരനെ. പക്ഷേ നിലവിൽ സൗത്ത് വെസ്റ്റ് ലണ്ടനിലെ ഒരു ജയിലറയുടെ ഇരുട്ടിൻതണുപ്പിൽ നിശബ്ദനാക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റിലാകും മുൻപ് 7 വർഷത്തോളം അസാൻജ് നയിച്ച ‘രഹസ്യജീവിതം’ പക്ഷേ എങ്ങനെയായിരുന്നു? ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയാഭയം തേടിയ 2012 മുതൽ 2019 വരെയുള്ള കാലത്തെ അസാൻജിന്റെ ജീവിതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത് സിഎൻഎന്നാണ്. എംബസി ക്യാറ്റ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന തന്റെ മിക്കിപ്പൂച്ചയ്ക്കൊപ്പം കനത്ത നിയന്ത്രങ്ങള്‍ക്കു കീഴില്‍ തികച്ചും ഏകാന്തവാസമായിരുന്നു ഇക്കാലമാത്രയും അസാൻജിനെന്നായിരുന്നു ലോകം കരുതിയിരുന്നത്. എന്നാൽ അദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ച സുരക്ഷാഏജൻസികളുടെ സർവെയ്‌ലൻസ് റിപ്പോർട്ടുകളും ഫോട്ടോകളും അനുഭവസാക്ഷ്യങ്ങളും യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകളുമെല്ലാം ആധാരമാക്കിയുള്ള അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യാഥാർഥ്യം. ലണ്ടനിലെ നൈറ്റ്സ്ബ്രിജിലെ ഒരു അപാർട്മെന്റിലെ ഏതാനും മുറികളുള്ള ഇക്വഡോർ എംബസി കെട്ടിടത്തിന്റെ ചുമരുകൾക്കുള്ളിലിരുന്ന് ലോകത്തിലെ ഏറ്റവും വലിയ അധികാരശക്തികേന്ദ്രങ്ങളിലൊന്നായ യുഎസിലെ തിരഞ്ഞെടുപ്പു പ്രക്രിയയെ അസാൻജ് അട്ടിമറിക്കുകയായിരുന്നോ?

അസാൻജിന്റെ ‘കമാൻഡ് സെന്റർ’

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജൂലിയൻ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയെ ഉപയോഗപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ അസാൻജിനെതിരെ കെട്ടിച്ചമച്ച റിപ്പോർട്ടാണ് പുറത്തുവിട്ടതെന്ന് ആരോപിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. ലൈംഗിക പീഡന കേസിൽ ചോദ്യംചെയ്യാൻ സ്വീഡനു കൈമാറുന്നത് ഒഴിവാക്കാൻ 2012 ജൂലൈയിലാണ് ഇക്വഡോർ എംബസിയിൽ അസാൻജ് അഭയം തേടുന്നത്. 7 വർഷം അതിനുള്ളിൽ കഴി‍ഞ്ഞു. അതിനിടെ ഇക്വഡോർ സർക്കാരിന്റെ അപ്രീതിക്കു പാത്രമായതോടെ രാഷ്ട്രീയാഭയം നിഷേധിക്കപ്പെടുകയായിരുന്നു. പിന്നാലെ ബ്രിട്ടൻ പിടികൂടി ജയിലിലടയ്ക്കുകയും ചെയ്തു.

ECUADOR-ASSANGE-SUPPORTERS-DEMO
അസാൻജിന്റെ മോചനത്തിനായി നടക്കുന്ന പ്രകടനത്തിൽ നിന്ന് (ഫയൽ ചിത്രം)

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യൻ ഹാക്കർമാർ തട്ടിയെടുത്ത നിർണായക രേഖകൾ എംബസിയിലേക്ക് അസാൻജിന്റെ വിലാസത്തിൽത്തന്നെ നേരിട്ട് എത്തിയിരുന്നെന്ന് റിപ്പോർട്ട് പറയുന്നു. എംബസിയിൽ വച്ചു പലരുമായും രഹസ്യ കൂടിക്കാഴ്ചകളും അസാൻജ് നടത്തിയിരുന്നു. തന്റേതായ ഒരു ‘കമാൻഡ് സെന്റർ’ തന്നെ അസാൻജ് അവിടെ രൂപപ്പെടുത്തിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന വാർത്തകളെത്തുടർന്ന് സ്പെഷൽ കോൺസൽ റോബർട്ട് മുള്ളർ തയാറാക്കിയ റിപ്പോർട്ടിലും സമാനമായ പരാമർശങ്ങളാണുള്ളത്. എങ്ങനെയാണ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ വിക്കിലീക്ക്സിലൂടെ റഷ്യ ശ്രമിച്ചതെന്നായിരുന്നു പ്രധാനമായും മുള്ളർ അന്വേഷിച്ചത്.

ഇക്വഡോർ എംബസിയിൽ റഷ്യക്കാരായ പലരും അസാൻജിനെ കാണാനെത്തിയിരുന്നു. ഇതോടൊപ്പം ലോകപ്രശസ്ത ഹാക്കർമാരും മണിക്കൂറുകളോളം അദ്ദേഹവുമൊത്തു കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. റഷ്യയിൽ നിന്നാണ് യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ വിക്കിലീക്ക്സിനു ലഭിച്ചത്. ഹാക്ക് ചെയ്ത വിവരങ്ങൾ പുറത്തുവിടും മുൻപ് കൂടുതൽ കരുത്തുറ്റ, ഏറ്റവും പുതിയ കംപ്യൂട്ടിങ് സംവിധാനങ്ങളും ഡേറ്റ കൈമാറ്റത്തിനു വേണ്ടി അസാൻജിനു ലഭിച്ചെന്നും സുരക്ഷാ ഏജൻസിയായ യുസി ഗ്ലോബൽ ഇക്വഡോർ സർക്കാരിനു വേണ്ടി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

അസാൻജിന്റെ എംബസി ജീവിതം നിരീക്ഷിച്ചു തയാറാക്കിയ നൂറുകണക്കിന് റിപ്പോർട്ടുകളാണ് സര്‍ക്കാരിനു സമർപ്പിക്കാന്‍ വേണ്ടി ഈ സ്പാനിഷ് സുരക്ഷാ ഏജന്‍സി ശേഖരിച്ചത്. എംബസിയിലെ അസാൻജിന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നതു സംബന്ധിച്ച് പുറംലോകത്തിന് ഇന്നേവരെ അറിയാത്ത വിവരങ്ങളും സിഎൻഎന്നിനു ലഭിച്ചത് ഇതുവഴിയായിരുന്നു.

‘ലാറ്റിനമേരിക്കയുടെ’ അസാന്‍ജ്

2012 മുതലുള്ള എംബസി ജീവിതത്തിനിടെ ആദ്യമായി അസാൻജിനു മേൽ സംശയത്തിന്റെ കരിനിഴൽ വീഴുന്നത് 2016ലാണ്. തുടർന്നാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ ഇക്വഡോറും പരിശോധിക്കാന്‍ തുടങ്ങുന്നത്. യുഎസ് പ്രതിരോധവകുപ്പുമായും വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം സംബന്ധിച്ചുമുള്ള ഒട്ടേറെ രഹസ്യ രേഖകൾ 2010ൽ പുറത്തുവിട്ട സംഭവത്തിൽ അസാൻജിനെതിരെ യുഎസ് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്.

GERMANY-US-JOURNALISM-ESPIONAGE-TRANSPARENCY-WIKILEAKS
ജൂലിയൻ അസാൻജ് (ഫയൽ ചിത്രം)

അന്ന് യുഎസ് ആർമി ഇന്റലിജൻസ് അനലിസ്റ്റ് ചെൽസിയ മാനിങ്ങാണ് വിക്കിലീക്ക്സിനു വിവരങ്ങൾ ചോർത്തി നൽകിയത്. അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ സംബന്ധിച്ച രഹസ്യരേഖകൾ ചോർത്തിയതിന് വിചാരണ ചെയ്യുന്നതിന് പ്രതിയെ കൈമാറണമെന്ന് ബ്രിട്ടനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടിഷ് സർക്കാർ ഇത് അംഗീകരിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ഇനി കേസ് കൈകാര്യം ചെയ്യുന്ന വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട്  കോടതിയുടെ അനുമതി കൂടി ലഭിച്ചാലേ തുടർനടപടിയെടുക്കാനാവൂ. കേസിൽ അടുത്ത വർഷം ഫെബ്രുവരിയിൽ വാദം കേള്‍ക്കും. 

മുൻ ഇക്വഡോർ പ്രസിഡന്റ് റഫേൽ കൊറയ നേരിട്ട് ഇടപെട്ടാണ് ലണ്ടനിലെ എംബസിയിൽ അസാന്‍ജിന് സുരക്ഷ ഒരുക്കിയത്. താൻ അസാൻജിനു നൽകിയത് രാഷ്ട്രീയ അഭയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യുഎസിനെതിരെ കരുത്തോടെ നിലനിൽക്കുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇക്വഡോറെന്ന് അന്നു ലോകം പറഞ്ഞതും  കൊറയയുടെ നിലപാടിനെ മുന്‍നിർത്തിയായിരുന്നു. ഇക്വഡോറിലേക്ക് അസാൻജിനെ വിമാനത്തിൽ കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ പറഞ്ഞ് ബ്രിട്ടൻ അനുമതി നിഷേധിച്ചു. തുടർന്നാണ് എംബസി കെട്ടിടത്തിലെ ഏതാനും മുറികൾക്കുള്ളിൽ അസാൻജിന്റെ ജീവിതം ഒതുങ്ങിയത്. എന്നാൽ ‘ഒതുക്കപ്പെട്ട’ ജീവിതമായിരുന്നില്ല അദ്ദേഹത്തിന് അവിടെയെന്നാണ് റിപ്പോർട്ടിലെ വിവരങ്ങള്‍. 

അസാൻജിന്റെ ‘സ്പെഷൽ പട്ടിക’

ഹൈസ്പീഡ് ഇന്റർനെറ്റ്, എവിടേക്കു വേണമെങ്കിലും ഫോണ്‍ വിളിക്കാനുള്ള സൗകര്യം, എപ്പോൾ വേണമെങ്കിലും പ്രഫഷണലും വ്യക്തിപരവുമായ അതിഥികളെ സ്വീകരിക്കാനുള്ള അധികാരം എല്ലാം എംബസിയിൽ നിന്നു ലഭിച്ചു. ഇക്കാലമത്രയും വിക്കിലീക്ക്സിനെ സജീവമായി നിലനിർത്താൻ സാധിച്ചതും അങ്ങനെയാണ്.  സുരക്ഷാപരിശോധനകളൊന്നുമില്ലാതെ എംബസിയിലേക്കു വരാൻ സാധിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ ‘സ്പെഷൽ’ പട്ടികയും അസാൻജ് തയാറാക്കിയിരുന്നു.

സന്ദർശക പുസ്തകത്തിൽ നിന്ന് തനിക്കു തോന്നുംപോലെ അതിഥികളുടെ വിവരങ്ങൾ വെട്ടിമാറ്റാനും അധികാരമുണ്ടായിരുന്നു. എംബസിയിലെ നിരീക്ഷണ ക്യാമറകളിൽ നിന്നു രക്ഷപ്പെടാൻ മിക്കപ്പോഴും അതിഥികളെ അസാൻജ് കണ്ടിരുന്നത് വനിതകള്‍ക്കുള്ള ശുചിമുറിയിലായിരുന്നു. നേരിട്ടു ലഭിച്ച തെളിവുകളിൽ നിന്നു യുസി ഗ്ലോബല്‍ തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ കൂടാതെ പിന്നെയും ഒട്ടേറെ രഹസ്യയോഗങ്ങൾ എംബസിയിൽ നടന്നിരുന്നതായി ഇതിൽ നിന്നു തന്നെ വ്യക്തം. എംബസി അധികൃതർക്കു പോലും ഇതിനെപ്പറ്റി ധാരണയുണ്ടായിരുന്നില്ല.  

ECUADOR-ASSANGE-SUPPORTERS-DEMO
അസാൻജിന്റെ മോചനത്തിനായി നടക്കുന്ന പ്രകടനത്തിൽ നിന്ന് (ഫയൽ ചിത്രം)

അതോടെയാണ് ഇക്വഡോർ അസാൻജിനെ നിരീക്ഷിക്കാനായി സുരക്ഷാ ഏജൻസികളെ നിയോഗിച്ചത്. ഏഴു വർഷത്തിനിടെ മൂന്ന് ഏജൻസികൾ മാറിവന്നു. തന്റെ ജീവിതത്തിലേക്ക് ഭരണകൂടം ‘ഒളിഞ്ഞുനോക്കുന്നുണ്ടോയെന്നു’ കണ്ടെത്താൻ ഒട്ടേറെ റിക്കാർഡിങ് ഉപകരണങ്ങൾ അസാൻജ് തന്നെ പലയിടത്തും സ്ഥാപിച്ചിരുന്നു. എംബസി നിയമങ്ങൾക്കുമപ്പുറത്തേക്ക് അസാൻജിന്റെ പ്രവർത്തനങ്ങൾ വളരുകയും സുരക്ഷാഏജൻസി നിലപാട് കർശനമാക്കുകയും ചെയ്തതോടെ പലപ്പോഴും പ്രശ്നം കൈവിട്ടുപോയി. അസാൻജും കാവൽക്കാരും തമ്മിൽ അടിപൊട്ടി. ഒരിക്കൽ ദേഷ്യം സഹിക്കാനാകാതെ എംബസിയുടെ ചുമരുകളിൽ അസാൻജ് മലം പതിപ്പിച്ചു വച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്വഡോറിലെ മുൻ വിദേശകാര്യമന്ത്രി റിക്കോർഡോ പാറ്റിനോ ഉൾപ്പെടെയുള്ളവരുമായി നേരിട്ടുള്ള ബന്ധം സൂക്ഷിച്ചിരുന്നു അസാൻജ്. എംബസിയിലെ ‘അധികാര പ്രകടനത്തിനു’ പിന്നിലും അതായിരുന്നു കാരണം. ഈ അധികാരം ഉപയോഗിച്ച് എംബസി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്കു വരെ കാര്യങ്ങളെത്തി. വേണമെങ്കിൽ ഇക്വഡോർ അംബാസഡറുടെ വരെ ജോലി തെറിപ്പിക്കാന്‍ തനിക്കാകുമെന്നായിരുന്നു അസാൻജിന്റെ ഭീഷണി.

ഇതിനു തെളിവായി 2013 ഡിസംബറിൽ അംബാസഡർ ജുവാൻ ഫാൽക്കനി എഴുതിയ കത്തും പുറത്തുവ‌ന്നു– താൻ നൽകുന്ന നിർദേശങ്ങളെ മറികടക്കുന്ന യാതൊന്നും എംബസിയിൽ നടപ്പാക്കാൻ അസാൻജിന് അധികാരമില്ലെന്നായിരുന്നു കത്തിൽ. അസാൻജിന് അഭയം നൽകിയ കാലത്തെ നാല് അംബാസഡർമാരിൽ ഫാൽക്കനി മാത്രമാണ് സിഎൻഎന്നുമായി സംസാരിച്ചത്. അസാൻജിന് പ്രത്യേക പരിഗണന നൽകണമെന്ന് ഒരിക്കലും ഇക്വഡോർ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലാവർക്കുമുള്ള നിയമങ്ങൾ എംബസിയിൽ അസാൻജിനു മേലുമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

ആരാണ് യാന മാക്സിമോവ?

2012ൽ സ്പാനിഷ് ടിവി ‘ആർടി എസ്പാനിയോ’യിലാണ് താൻ ഇക്വഡോർ എംബസിയിൽ അഭയം പ്രാപിക്കുന്നതായി അസാൻജ് അറിയിച്ചത്. ആ ചാനലിൽ നേരത്തേ ഒരു ടിവി ഷോയും അസാൻജ് നയിച്ചിരുന്നു. റഷ്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിനുള്ള ചാനലാണിത്. ലോകത്തിന്റെ പല ഭാഗങ്ങളിലും തങ്ങളുടെ പ്രൊപ്പഗാൻഡ സന്ദേശങ്ങൾ എത്തിക്കാൻ റഷ്യൻ പിന്തുണയോടെ ടിവി നെറ്റ്‍വർക്കുകളുണ്ട്. യുഎസിൽ ഇംഗ്ലിഷിലുള്ള ‘ആർടി’ ചാനലാണ് ഈ ലക്ഷ്യം നിറവേറ്റുന്നതെന്നും ഫാൽക്കനി പറയുന്നു. 

BRITAIN-ECUADOR-WIKILEAKS-ASSANGE
ഇക്വഡോർ എംബസിക്കു മുന്നിലെ പ്രതിഷേധം (ഫയൽ ചിത്രം)

2012 മുതൽ യുഎസിനെതിരെ ആഞ്ഞടിക്കാൻ ഒരവസരം നോക്കിയിരിക്കുകയായിരുന്നു അസാൻജ്– ഒടുവിലതെത്തിയതാകട്ടെ ലോകത്തെ ഞെട്ടിച്ച യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ‘റഷ്യൻ’ ഇടപെടലിലൂടെയും. ഒരിക്കൽ സഹായം നൽകി കൂടെ നിർത്തിയ ഇക്വഡോറും അസാൻജിനെ സംശയത്തോടെ കാണാന്‍ തുടങ്ങിയതും അതോടെയാണ്.

2016 ജൂണോടെയാണ് റിപബ്ലിക്കൻ സ്ഥാനാർഥിയായി ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ഹിലറി ക്ലിന്റനും വരുന്നെന്ന കാര്യം ഏകദേശം ഉറപ്പിക്കപ്പെടുന്നത്. എന്നാൽ പ്രചാരണം ആരംഭിച്ച് ദിവസങ്ങള്‍ക്കകം ജൂൺ 14ന് ഡമോക്രാറ്റുകൾ ആദ്യ വെടി പൊട്ടിച്ചു. തങ്ങളുടെ പാർട്ടിക്കാരുടെ ഇമെയിലുകൾ ചോർത്താൻ റഷ്യൻ ഹാക്കർമാർ ശ്രമിച്ചു എന്നതായിരുന്നു അത്. എന്നാൽ ട്രംപാകട്ടെ ഇക്കാര്യം ആദ്യമേ തള്ളിക്കളഞ്ഞു. ഇക്വഡോർ എംബസിയിലെ സ്ഥിതി പക്ഷേ ആ സമയത്ത് ‘തിരക്കേറിയതായിരുന്നു’. ജൂണിൽ മാത്രം 75 ലേറെ പേരാണ് അസാൻജിനെ കാണാനായി എംബസിയിലെത്തിയത്. സുരക്ഷാ ഏജന്‍സിക്കാർ ഓവർടൈം ചെയ്തായിരുന്നു അന്ന് ‘സന്ദർശകത്തിരക്ക്’ നിയന്ത്രിച്ചത്. 2016ലെ ശരാശരി സന്ദർശകരേക്കാൾ ഇരട്ടിയായിരുന്നു ആ ഒരൊറ്റ മാസം കൊണ്ട് എംബസിയിൽ രേഖപ്പെടുത്തിയ സന്ദർശകരുടെ എണ്ണം. 

ഡമോക്രാറ്റുകളിൽ നിന്ന് ഹാക്ക് ചെയ്തെടുത്ത ഇമെയിലുകളുമായി റഷ്യൻ പൗരന്മാരും ഒരു പ്രശസ്ത ഹാക്കറുമാണ് എംബസിയിലെത്തിയതെന്ന് മുള്ളറുടെ റിപ്പോർട്ടിലുണ്ട്. ഹിലറിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന അസാൻജിന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ റഷ്യൻ ഹാക്കര്‍മാരുമായി വിക്കിലീക്ക്സ് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. റഷ്യയിൽ നിന്നു നേരിട്ടും അല്ലാതെയും എത്തിയവരുമായി ഏഴു തവണ അസാൻജ് കൂടിക്കാഴ്ച നടത്തിയതായി സന്ദർശക ഡയറിയിൽ തന്നെ വ്യക്തമാണ്. പക്ഷേ ഈ സന്ദർശകർ രേഖപ്പെടുത്തിയ വിലാസത്തിൽ സിഎൻഎൻ ബന്ധപ്പെട്ടപ്പോൾ പലതും വ്യാജമായിരുന്നു.

BRITAIN-ECUADOR-SWEDEN-US-DIPLOMACY-WIKILEAKS-ASSANGE
അസാൻജിന്റെ മോചനത്തിനായി നടക്കുന്ന പ്രകടനത്തിൽ നിന്ന് (ഫയൽ ചിത്രം)

യാന മാക്സിമോവ എന്ന വനിതയുടെ പേരിനു പിന്നാലെ അന്വേഷണം നടത്തിയെങ്കിലും ആരാണെന്നു പോലും ആർക്കുമറിയില്ലായിരുന്നു. ജൂണിൽ ഉച്ചയോടെയായിരുന്നു രണ്ടുതവണയും ഇവർ അസാൻജിനെ കാണാനെത്തിയത്. കോൺഫറൻസ് മുറിയിൽ ചർച്ചയും നടത്തി. ആർടി ചാനലിൽ നിന്നുള്ള മുതിർന്ന അംഗങ്ങളുമായും ആ മാസം അഞ്ചു തവണ അസാൻജ് കൂടിക്കാഴ്ച നടത്തി. യുഎസ് തിരഞ്ഞെടുപ്പിൽ നിർണായക ഇടപെടൽ നടത്തി ട്രംപിനെ വിജയിക്കാന്‍ സഹായിച്ചവരിൽ ആർടി മുൻപന്തിയിൽത്തന്നെയുണ്ടെന്നായിരുന്നു യുഎസ് ഇന്റലിജൻസ് കണ്ടെത്തൽ.

ഹാക്കർമാരുടെ തിരക്കേറിയ ജൂൺ!

2016 ജൂണിൽ ആർടിയുടെ ലണ്ടൻ ബ്യൂറോ ചീഫ് നിക്കോളായ് ബൊഗഷിക്കിൻ അസാൻജിനെ രണ്ടു തവണ സന്ദർശിച്ചു. ഒരിക്കൽ ഒരു പെൻഡ്രൈവ് കൈമാറിയ കാര്യം സർവെയ്‌ലൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ആ കൂടിക്കാഴ്ചയാകട്ടെ ഇക്വഡോർ അംബാസഡറുടെ ഇടപെടലിൽ അവസാന നിമിഷമാണു നടത്തിയത്, വെറും 5 മിനിറ്റേ അതു നീണ്ടുള്ളൂ! അസാൻജുമായി ബന്ധപ്പെട്ട് ചാനൽ തയാറാക്കിയ പരിപാടികളുടെ വിവരങ്ങളാണ് അന്നു കൈമാറിയതെന്നായിരുന്നു നിക്കോളായ് സിഎൻഎന്നിനു നൽകിയ വിശദീകരണം. താൻ അസാൻജിനു നൽകിയത് മാരക രാസായുധമാണെന്ന് കളിയായി കഴിഞ്ഞ വർഷം നിക്കോളായ് ട്വീറ്റും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം ട്വിറ്ററിൽ മിണ്ടിയിട്ടില്ല ഇദ്ദേഹം! 

ജൂൺ 19ന് ഇന്റർനെറ്റ് സ്പീഡ് കൂട്ടുന്നതുമായി ബന്ധപ്പെട്ട് എംബസി അസാൻജിന് സഹായം നൽകിയിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ പ്രകാരമായിരുന്നു ‘ഡേറ്റ ട്രാൻസ്ഫറിനുള്ള’ ഈ സഹായം. അതേദിവസം തന്നെയാണ് അന്നത്തെ ഇക്വഡോർ പ്രസിഡന്റായിരുന്ന ഗ്വില്ലാമെ ലോങ്ങുമായി അസാൻജും അഭിഭാഷകനും കൂടിക്കാഴ്ച നടത്തിയതും. ഇതെന്തിനാണെന്നത് ഇന്നും അവ്യക്തം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇക്വഡോർ അസാൻജിനെ സഹായിച്ചതായി ഇതുവരെ പക്ഷേ യുഎസ് പരാതിയുന്നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുംതോറും എംബസിയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. ഹാക്ക് ചെയ്ത ചില ഇമെയിലുകൾ എംബസിയിലെ ഇന്റർനെറ്റ് സംവിധാനത്തിൽ നിന്നു ‘നേരിട്ട്’ അസാൻജ് പുറത്തേക്ക് അയച്ചതായി സുരക്ഷാ ഏജൻസി കണ്ടെത്തി. ഇക്കാര്യവും മുള്ളറുടെ റിപ്പോർട്ടിലുമുണ്ട്.

ECUADOR-ASSANGE-SUPPORTERS-DEMO
അസാൻജിന്റെ മോചനത്തിനായി നടക്കുന്ന പ്രകടനത്തിൽ നിന്ന് (ഫയൽ ചിത്രം)

ഇമെയിലിലൂടെയും വിക്കിലീക്ക്സിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും നേരിട്ടായിരുന്നു ഹാക്കർമാർ വിവരം കൈമാറിയിരുന്നത്. എന്നാൽ ഇവരാരും തങ്ങളുടെ ‘ഐഡന്റിറ്റി’ വെളിപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. റഷ്യൻ മിലിട്ടറി ഇന്റലിജന്‍സിന്റെ ഭാഗമായ ഹാക്കർമാരാണ് ഡെമോക്രാറ്റുകളുടെ സ്വകാര്യ ഇമെയിൽ ഹാക്ക് ചെയ്തതെന്ന കാര്യവും മുള്ളറുടെ റിപ്പോർട്ടിൽ പറയുന്നു. നൂറുകണക്കിനു ജിബി ഡേറ്റയാണ് അന്ന് ഹാക്ക് ചെയ്തെടുത്തത്. Guccifer 2.0, DCLeaks എന്നീ പേരുകളിലായിരുന്നു റഷ്യൻ ഹാക്കർമാർ രേഖകൾ വിക്കിലീക്ക്സിനു കൈമാറിയത്. 2016 ജൂണിൽ അസാൻജിനെ സന്ദർശിച്ചവരിലൂടെയും വിവരങ്ങൾ കൈമാറിയിട്ടുണ്ടാകാമെന്നും മുള്ളറുടെ റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നു.

‘പുറത്തുനിന്നുള്ള’ ചെറുഗ്രൂപ്പുകളുടെ സഹായം തനിക്കു ലഭിച്ചിരുന്നതായി അസാൻജും സമ്മതിച്ചിട്ടുണ്ട്. അത് ഇമെയിലുകൾ തരംതിരിക്കാനായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ജർമൻ ഹാക്കർ ആൻഡ്രൂ മുള്ളെർ മാഗുനായിരുന്നു അന്നു ‘സഹായത്തിനെത്തിയ’ വ്യക്തികളിലൊരാൾ. ചോർത്തിക്കിട്ടിയ വിവരങ്ങളുമായാണ് ഇയാൾ അസാൻജിനെ കാണാനെത്തിയതെന്നാണു കരുതുന്നത്. ഇതു സംബന്ധിച്ച മുള്ളറുടെ റിപ്പോർട്ട് പക്ഷേ പൂർണമായും പുറത്തുവിട്ടിട്ടില്ല. തെളിവു ശേഖരിക്കാനുള്ള രഹസ്യതന്ത്രങ്ങള്‍ ഔദ്യോഗിക രേഖകളായതിനാൽ ആ ഭാഗം ഒഴിവാക്കിയാണു പ്രസിദ്ധീകരിച്ചത്. 

ജർമൻ ഹാക്കറും ആ പായ്ക്കറ്റും...

അസാൻജും ആൻഡ്രൂവും തമ്മില്‍ വർഷങ്ങളുടെ ബന്ധമുണ്ട്. ആർടി ചാനലിലെ അസാൻജിന്റെ ഷോയിലും ഇയാൾ പങ്കെടുത്തിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ആൻഡ്രൂ തള്ളിയിരിക്കുകയാണ്. അപ്പോഴും റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് ഈ കൂടിക്കാഴ്ചയിലെ നിഗൂഢതകളിലേക്കാണ്. 2016ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി 12 തവണയെങ്കിലും അസാന്‍ജുമായി ആൻഡ്രൂ കൂടിക്കാഴ്ച നടത്തിയിരുന്നു. പലപ്പോഴും മറ്റൊരു പ്രശസ്ത ജർമൻ ഹാക്കറായ ബെൺഡ് ഫിക്സും ഒപ്പമുണ്ടായിരുന്നു. ഇവരെന്തിനാണ് എംബസിയിലെത്തിയതെന്നതും അവ്യക്തം. ഡമോക്രാറ്റിക് നാഷനൽ കൺവൻഷൻ അടുത്തുവരുന്ന സമയത്ത്, ജൂലൈ ആറിന്, ഗുച്ചിഫർ 2.O, ഡിസി ലീക്ക്സ് എന്നീ ഓൺലൈൻ അക്കൗണ്ടുകളിലേക്ക് വിക്കിലീക്ക്സിൽ നിന്ന് ഒരു സന്ദേശം പോയിരുന്നതായും മുള്ളറുടെ റിപ്പോർട്ടിൽ പറയുന്നു. ഹിലറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്രയും പെട്ടെന്ന് അയയ്ക്കണമെന്നായിരുന്നു അത്. 

BRITAIN-SWEDEN-US-AUSTRALIA-ASSANGE
ജൂലിയൻ അസാൻജിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവർ (ഫയൽ ചിത്രം)

ഡമോക്രാറ്റിക് സ്ഥാനാർഥി മത്സരത്തിന് ഒപ്പമുണ്ടായിരുന്ന ബേണി സാൻഡേഴ്സിനെ കടത്തിവെട്ടി ഹിലറി മുന്നിലെത്തുന്നത് തടയാനുള്ള ശ്രമവും ആ തിരക്കിട്ട നീക്കത്തിനു പിന്നിലുണ്ടായിരുന്നു. ജൂലൈ 14ന് അസാൻജും മുള്ളെർ മാഗുനും ബെൺഡ് ഫിക്സും നാലു മണിക്കൂറിലേറെ നേരം ചർച്ചകൾ നടത്തി. ആ സമയത്താണ് ഗുച്ചിഫർ എന്ന അക്കൗണ്ടിൽ നിന്ന് ‘ബിഗ് ആർക്കൈവ്’ എന്ന തലക്കെട്ടോടെ വിക്കിലീക്ക്സിലേക്കു വൻതോതിൽ എൻക്രിപ്റ്റ് ചെയ്ത് സംരക്ഷിക്കപ്പെട്ട രേഖകളെത്തുന്നത്.

ജൂലൈ പതിനെട്ടിനുള്ള സർവെയ്‌ലൻസ് ഇമേജിലും അതിശയിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. എംബസിയുടെ കാവൽക്കാരിലൊരാൾ പ്രോട്ടോക്കോൾ തെറ്റിച്ച് തന്റെ സ്ഥാനത്തു നിന്നു മാറി കെട്ടിടത്തിനു പുറത്തെത്തി. അവിടെ കാത്തുനിന്നിരുന്ന, മുഖം മറച്ച, സൺഗ്ലാസ് വച്ച ഒരാളിൽ നിന്ന് ഒരു പായ്ക്കറ്റ് കൈപ്പറ്റി. സുരക്ഷാവീഴ്ചയെത്തുടർന്ന് ഈ കാവൽക്കാരനെ മാറ്റണമെന്ന് ഏജൻസി നിര്‍ദേശിച്ചെങ്കിലും ഇക്വഡോർ ഭരണകൂടം ഇടപെട്ട് അയാളെ നിലനിർത്തി. അതേദിവസം തന്നെയാണ് തങ്ങൾക്കാവശ്യമായ വിവരങ്ങളെല്ലാം ലഭിച്ചെന്നും അതു വൈകാതെ പുറത്തുവിടുമെന്നും കാണിച്ച് റഷ്യൻ ഹാക്കർമാർക്ക് അസാൻജിന്റെ സന്ദേശം പോയതെന്നും മുള്ളറുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്നും ആർക്കുമറിയില്ല എംബസി കാവൽക്കാരൻ റോഡിലേക്കിറങ്ങി വാങ്ങിയ ആ പായ്ക്കറ്റിൽ എന്തായിരുന്നെന്ന്!

‘ഐ ലവ് വിക്കിലീക്ക്സ്’

ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ 20,000ത്തോളം വരുന്ന രേഖകൾ 2016 ജൂലൈ 22ന് വിക്കിലീക്ക്സ് പുറത്തുവിട്ടു. സാൻഡേഴ്സിന്റെ സ്ഥാനാർഥിത്വത്തിനു തുരങ്കം വച്ച് എങ്ങനെയാണ് കമ്മിറ്റി ഹിലറിയെ മുന്നോട്ടുകൊണ്ടു വരാൻ ശ്രമം നടത്തിയതെന്നതിന്റെ തെളിവുകളായിരുന്നു ആ രേഖകൾ. ഡമോക്രാറ്റിക് പാർട്ടിയിൽ വൻ കലാപമുണ്ടാക്കാന്‍ പോന്നതായിരുന്നു അവയെല്ലാം. പാർട്ടിക്കുള്ളിലെ രാജികളും ആരോപണ–പ്രത്യാരോപണങ്ങളും ഒതുക്കാൻ ഡമോക്രാറ്റുകള്‍ ശ്രമിക്കുന്നതിനിടെ ട്രംപിന്റെ ജനപിന്തുണ കൂടിക്കൊണ്ടേയിരുന്നു.

ഹിലറിയുടെ സ്വകാര്യ സെർവറിലെ വിവരങ്ങൾ സൂചിപ്പിച്ചു കൊണ്ട് ജൂലൈ 27ന് ട്രംപിന്റെ മറ്റൊരു പ്രസ്താവനയും എത്തി– ‘റഷ്യ, ഇപ്പോഴും നിങ്ങൾ കാണാതെ 30,000 ഇമെയിലുകൾ കൂടിയുണ്ട്, അതും വൈകാതെത്തന്നെ കണ്ടെത്തിത്തരുമെന്നാണു ‍ഞാൻ പ്രതീക്ഷിക്കുന്നത്...’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇതിന് ഏതാനും മണിക്കൂറുകൾക്കപ്പുറം യുഎസിനെ ഞെട്ടിച്ചു കൊണ്ട് ഹിലറിയുടെ ഓഫിസിൽ സൈബറാക്രമണമുണ്ടായി, സ്വകാര്യ സെർവറിൽ നിന്നു തന്നെ രേഖകൾ ചോർത്തപ്പെട്ടു! 

donald-trump-hillary-clinton-01
ഡോണൾഡ് ട്രംപ്, ഹിലറി ക്ലിന്റൻ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു മുന്നേറവേ അസാൻജിന്റെ ‘അട്ടിമറി’ പ്രവർത്തനം അവിടെയും തീർന്നില്ല. ഏതാനും ദിവസങ്ങൾക്കകം വിക്കിലീക്ക്സിലേക്ക് റഷ്യൻ ഡിസി ലീക്ക്സിന്റെ അടുത്ത സന്ദേശമെത്തി– ‘കൂടുതല്‍ രേഖകൾ വരുന്നു’. ഹിലറിയുടെ ക്യാംപെയ്ൻ ചെയർമാൻ ജോൺ പൊഡെസ്റ്റയുടെ കംപ്യൂട്ടർ ഹാക്ക് ചെയ്തെടുത്ത അരലക്ഷത്തോളം ഇമെയിലുകളാണ് വൈകാതെ വിക്കിലീക്ക്സിന്റെ കയ്യിലെത്തിയത്. ഇതുസംബന്ധിച്ച സ്പെഷൽ കോൺസലിന്റെ അന്വേഷണ റിപ്പോർട്ടിൽ സെപ്റ്റംബർ 19നാണ് ഈ ഡേറ്റ കൈമാറ്റം നടന്നതെന്നും പറയുന്നു. ആ ദിവസം അസാൻജും ആൻഡ്രൂവും വീണ്ടും കണ്ടുമുട്ടിയിരുന്നു. അസാൻജിന്റെ മുറിയിൽ പുതിയ കംപ്യൂട്ടർ കേബിളുകൾ സ്ഥാപിക്കപ്പെട്ടതും അന്നുതന്നെയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. 

പൊഡെസ്റ്റയുടെ മെയിലുകൾ ഒക്ടോബർ ഏഴിനാണ് ആദ്യമായി വിക്കിലീക്ക്സ് പുറത്തുവിടുന്നത്. പിന്നാലെ ദിവസവും ഓരോ ബാച്ച് മെയിലുകളായി വന്നുകൊണ്ടേയിരുന്നു. നവംബറിലെ തിരഞ്ഞെടുപ്പ് വരെ കൃത്യമായി ഈ പ്രക്രിയ തുടർന്നു. ഹിലറിയുടെ സ്വകാര്യ ജീവിതത്തിലെ വിവരങ്ങളും അവരെപ്പറ്റി സ്റ്റാഫംഗങ്ങള്‍ പറഞ്ഞ കാര്യങ്ങളുമെല്ലാം ഈ രേഖകളിലൂടെ പുറത്തെത്തി. മാധ്യമങ്ങൾ അതാഘോഷമാക്കി. ട്രംപാകട്ടെ തന്റെ ക്യാംപുകളിലെല്ലാം ഒന്നൊഴിയാതെ ഇമെയില്‍ വിശേഷങ്ങൾ വിളമ്പുകയും ചെയ്തു. ചിലയിടത്ത് ഇമെയിലിലെ വിവരങ്ങള്‍ അതേപടി വിളിച്ചുപറയാനും ട്രംപ് തയാറായി. ‘ഐ ലവ് വിക്കിലീക്ക്സ്’ എന്നാണ് പെൻസിൽവാനിയയിലെ റാലികളിലൊന്നിൽ അദ്ദേഹം വിളിച്ചു പറഞ്ഞത്. ആർടി ചാനലാകട്ടെ സമൂഹമാധ്യമങ്ങളിൽ ‘ഹിലറി രേഖകൾ’ ആഘോഷമാക്കി. ഒരു ഘട്ടത്തിൽ വിക്കിലീക്ക്സ് പുറത്തുവിടും മുൻപേ തന്നെ വരാനിരിക്കുന്ന രേഖകളുടെ ഉള്ളടക്കം സംബന്ധിച്ച വിശദമായ റിപ്പോർട്ടും ആർടി പുറത്തുവിട്ടു!

‘ഇക്വഡോർ അനുഭവിക്കേണ്ടി വരും...’

പൊഡെസ്റ്റ മെയിലുകൾ പുറത്തുവന്നതിനു പിന്നാലെത്തന്നെ ഇക്വഡോറിനെ യുഎസ് തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള റഷ്യൻ ശ്രമങ്ങൾക്ക് ഇക്വഡോറിന്റെ എംബസിയെ അസാൻജ് ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. വൈകാതെ ആശങ്കയുടെ ശബ്ദം മാറ്റി ഭീഷണിയുടെ സ്വരത്തിലായി യുഎസിന്റെ മുന്നറിയിപ്പ്– അസാൻജിനെ തടഞ്ഞില്ലങ്കിൽ ഇക്വഡോറും റഷ്യയും അനുഭവിക്കേണ്ടി വരും എന്നായിരുന്നു ഭീഷണി. കാര്യങ്ങൾ കൈവിട്ടുപോകുന്നതായി ബോധ്യപ്പെട്ടതോടെ ഇക്വഡോർ സർക്കാർ അസാൻജിനു നൽകിവന്നിരുന്ന ഇന്റർനെറ്റ്–ഫോൺ സേവനങ്ങളെല്ലാം റദ്ദാക്കി. പുറംലോകവുമായുള്ള എല്ലാ ബന്ധവും അടച്ചു. പക്ഷേ അപ്പോഴും വിക്കിലീക്ക്സിൽ നിന്നുള്ള ഇമെയിൽ ‘ഒഴുക്ക്’ നിലയ്ക്കാതെ തുടർന്നുകൊണ്ടേയിരുന്നു. 

ട്രംപ്, അസാൻജ്

യുഎസ് തിരഞ്ഞെടുപ്പിൽ വിക്കിലീക്ക്സിന്റെ ഇടപെടലിനെ അപലപിച്ച് ഇക്വഡോർ പ്രസ്താവന പുറത്തുവിട്ടെങ്കിലും അസാൻജിനുള്ള സംരക്ഷണം തുടരുമെന്നു തന്നെ വ്യക്തമാക്കി. ഈ സമയത്തെല്ലാം അസാൻജിന്റെ സുരക്ഷ സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിലേക്ക് ഫോൺപ്രവാഹമായിരുന്നു. വീട്ടുതടങ്കലിനു സമാനമായ സാഹചര്യത്തിൽ മൂന്നു ദിവസം വരെ അസാൻജ് പിടിച്ചു നിന്നു. എന്നാൽ ഒക്ടോബർ 18നു രാത്രി അന്നത്തെ അംബാസഡറായിരുന്ന കാർലോസ് അബാദ് ഓർട്ടിസുമായി അസാൻജ് കനത്ത തർക്കത്തിലേർപ്പെട്ടു. ഇതിനു പിന്നാലെയാണ് നയതന്ത്ര ആവശ്യങ്ങളുമായി ബന്ധപ്പെട്ടല്ലാതെ അസാൻജിനുള്ള ഏല്ലാ സന്ദര്‍ശകരെയും വിലക്കാൻ ഓർട്ടിസ് നിർദേശം നൽകുന്നത്. എന്നാൽ അസാൻജ് ഇക്വഡോർ വിദേശകാര്യമന്ത്രിയെ ഫോൺ ചെയ്ത് ആ നിർദേശത്തെ മരവിപ്പിച്ചു. 

അന്ന് അർധരാത്രി ഒന്നോടെ അവിടെയെത്തിയ രണ്ട് വിക്കിലീക്ക്സ് പ്രതിനിധികൾ അസാൻജിന്റെ മുറിയിലെ കംപ്യൂട്ടറുകളും നൂറോളം ഹാർഡ് ഡിസ്കുകളും എംബസിയിൽ നിന്നു കടത്തി! സുരക്ഷാ ഉദ്യോഗസ്ഥർക്ക് അവയെല്ലാം പരിശോധിക്കണമെന്നുണ്ടായിരുന്നു. എന്നാൽ യാതൊരു പരിശോധനയുമില്ലാതെ അസാൻജിനെ കാണാൻ അനുവാദമുള്ളവരുടെ ‘സ്പെഷൽ’ പട്ടികയിൽപ്പെട്ടവരായിരുന്നു അവിടെയെത്തിയ രണ്ടു പേരും. ഈ സംഭവത്തെപ്പറ്റി വിശദമായ റിപ്പോർട്ടും തങ്ങളുടെ സംശയങ്ങളും ആശങ്കയുമെല്ലാം സുരക്ഷാജീവനക്കാർ കയ്യോടെ ഇക്വഡോറിലെത്തിച്ചു. അവിടെ തുടങ്ങി അസാൻജിന്റെ കഷ്ടകാലം.

BRITAIN-SWEDEN-ECUADOR-ASSANGE-ASSAULT-POLICE
ജൂലിയൻ അസാൻജ് (ഫയൽ ചിത്രം)

ലെനിൻ മൊറെനോയുടെ ‘ചതി’

റഷ്യൻ ഹാക്കർമാരിൽ നിന്നാണ് വിക്കിലീക്ക്സിനു വിവരങ്ങൾ ലഭിക്കുന്നതെന്ന ആരോപണം ആദ്യമേതന്നെ യുഎസ് ഇന്റലിജൻസ് വ്യക്തമാക്കിയിരുന്നു. മുള്ളറാകട്ടെ ഹാക്കർമാരുടെ ‘ഓൺലൈൻ പേര്’ സഹിതം റിപ്പോർട്ട് പുറത്തുവിട്ടു. പക്ഷേ ഈ ഹാക്കർമാരെല്ലാം റഷ്യയിൽ സുരക്ഷിതരായിരുന്നാണു നീക്കങ്ങൾ നടത്തുന്നത്. അതിനാൽത്തന്നെ യുഎസിന്റെ കയ്യിൽ പ്രത്യക്ഷത്തിൽ തെളിവുകളില്ലാത്ത അവസ്ഥയും. 2017 ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തി. തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടെന്ന ആരോപണത്തെ നിരന്തരം ചോദ്യം ചെയ്യുന്നവരിൽ മുൻപന്തിയിലായിരുന്നു ട്രംപ്. 

തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ  ഇക്വഡോർ അസാന്‍ജിനു വീണ്ടും ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നു. ഹാക്കർമാരുമായുൾപ്പെടെയുള്ള കൂടിക്കാഴ്ചകളും തുടർന്നു. എന്നാൽ ഇക്വഡോറിൽ ഭരണമാറ്റത്തിന്റെ കാറ്റുവീശുകയായിരുന്നു. 2017 മേയിൽ കൊറയയുടെ ഭരണകാലാവധി അവസാനിച്ചു. തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയതാകട്ടെ ആറു വർഷത്തോളം വൈസ് പ്രസിഡന്റായിരുന്ന ലെനിൻ മൊറെനോയും.

കൊറയയുടെ അടുത്ത അനുയായി ആയിരുന്നെങ്കിലും അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ പല നയങ്ങളെയും തള്ളിപ്പറയുകയാണ് മൊറെനോ ചെയ്തത്. അസാൻജിന് അഭയം നൽകാനുള്ള തീരുമാനത്തെയും മൊറെനോ ചോദ്യം ചെയ്തു. രഹസ്യരേഖകൾ പുറത്തുവിട്ടതിന് അസാൻജിനെതിരെ കേസെടുക്കാനും സർക്കാർ തയാറായി. മൊറേനോയുടെ അതൃപ്തിയുടെ തുടക്കം മാത്രമായിരുന്നു അത്.

2019 ഏപ്രിലിൽ ആ ഞെട്ടിക്കുന്ന വാർത്തയും പുറത്തെത്തി. അസാൻജിന് രാഷ്ട്രീയ അഭയം നൽകാനുള്ള തീരുമാനം ഇക്വഡോർ റദ്ദാക്കി. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപടരുതെന്ന ധാരണ അസാൻജ് ലംഘിച്ചു എന്നായിരുന്നു ഇതിനു കാരണമായി മൊറെനോ പറഞ്ഞത്. ഇക്വഡോറിന്റെ തീരുമാനം പുറത്തെത്തിയതിനു പിന്നാലെ ബ്രിട്ടിഷ് പോലിസ് അസാന്‍ജിനെ എംബസിയിൽ നിന്നു ബലമായി പുറത്തിറക്കി അറസ്റ്റ് ചെയ്തു.

BRITAIN-ECUADOR-US-RIGHTS-DIPLOMACY-ASSANGE
അസാൻജിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ.

2016ലെ യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് നിലവിൽ ഒരു കേസുമില്ല അസാൻജിനെതിരെ. റഷ്യൻ ഇന്റലിജൻസ് ഏജൻസികളുമായി അസാൻജിനു ബന്ധമുണ്ടായിരുന്നെന്നു പക്ഷേ മുള്ളറുടെ റിപ്പോർട്ടിൽ അസന്നിഗ്ധമായി വ്യക്തമാക്കുന്നു. അസാൻജ് ഇതെല്ലാം നിഷേധിച്ചിട്ടുമുണ്ട്. റഷ്യയുമായി തനിക്കു ബന്ധമില്ലെന്നും അവിടത്തെ സര്‍ക്കാരോ ഏതെങ്കിലും പാർട്ടിയോ അല്ല വിക്കിലീക്ക്സിനു രേഖകൾ ചോർത്തിത്തരുന്നതെന്നും അദ്ദേഹം പറയുന്നു. ട്രംപിനെതിരെയുള്ള രേഖകൾ കിട്ടുന്ന മുറയ്ക്കു പുറത്തുവിടുമെന്ന ഭീഷണിയും അസാൻജ് മുഴക്കിയിട്ടുണ്ട്. 

അസാൻജിനെ യുഎസിനു വിട്ടുകൊടുക്കുന്നതു സംബന്ധിച്ച ചാരവൃത്തിക്കേസിലെ വിചാരണ നടക്കാനിരിക്കെ ഏതുവിധേനയും അതു തടയുകയെന്ന ലക്ഷ്യമാണ് ഇപ്പോൾ അസാൻജിനുള്ളത്. അതിനു റഷ്യൻ പിന്തുണയുമുണ്ടെന്നത് അറസ്റ്റിനു പിന്നാലെ തന്നെ വ്യക്തമാവുകയും ചെയ്തു. വ്ളാദിമിർ പുടിന്‍ ഭരണകൂടം ശക്തമായ ഭാഷയിലാണ് അറസ്റ്റിനെ അപലപിച്ചത്. അസാന്‍ജിന്റെ അവകാശങ്ങളിന്മേലുള്ള യുഎസിന്റെ കടന്നുകയറ്റമാണ് അറസ്റ്റെന്നു വരെ പറഞ്ഞുവച്ചു. സ്വാതന്ത്ര്യത്തിന്റെ കഴുത്തുഞെരിക്കാനുള്ള ശ്രമമാണതെന്നും റഷ്യ ആരോപിക്കുന്നു. അപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും അസാൻജിനു വേണ്ടി പ്രാർഥനകളും പ്രതിഷേധ പ്രകടനങ്ങളും തുടരുകയാണ്...

English Summary: Secret Life of Wikileaks founder Julian Assange in London Ecuador Embassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com