ADVERTISEMENT

ന്യൂഡൽഹി∙ കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഭരണപക്ഷത്തിന് ആശ്വാസമായി സുപ്രീംകോടതി വിധി. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാം. എന്നാൽ നിയമസഭ നടപടികളിൽ പങ്കെടുക്കാൻ വിമത എംഎൽഎമാരെ നിർബന്ധിക്കരുതെന്നും കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു വിധി.

രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. സഭാ നടപടികളില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന വിധി പുറപ്പെടുവിച്ചതോടെ 15 വിമതര്‍ക്ക് നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍നിന്നു അയോഗ്യതാ ഭീഷണി നേരിടാതെ വിട്ടുനില്‍ക്കാന്‍ കഴിയും.

അയോഗ്യരാക്കാൻ കാരണമില്ലെന്നും രാജിയിൽ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്നും എംഎൽഎമാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹത്ഗി ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാനാണു രാജിയെന്നു സ്പീക്കർക്കുവേണ്ടി വാദിച്ച അഭിഷേക് സിങ്‌വി പറഞ്ഞു. സ്പീക്കറോടു സമയപരിധി നിർദേശിക്കാനോ, രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് ഉത്തരവിടാനോ കോടതിക്ക് അധികാരമില്ലെന്നും കഴിഞ്ഞദിവസത്തെ ഉത്തരവുകൾ പരിധിവിട്ടതാണെന്നും മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി രാജീവ് ധവാൻ വാദിച്ചു.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെയാണു 10 വിമത എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ആദ്യം ഉത്തരവിട്ടു. എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കറും കോടതിയെ സമീപിച്ചു. ഇതോടെ സ്പീക്കറുടെ അധികാരത്തിലേക്കും അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്നതിലേക്കും വാദം നീണ്ടു. വ്യാഴാഴ്ചയാണ് കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിൽ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമതരെ അനുനയിപ്പിക്കാനാകാതെ കോൺഗ്രസ്– ദൾ നേതൃത്വം ഏറെ സമ്മർദത്തിലായിരിക്കുമ്പോഴാണു യെലഹങ്കയിലെ റമദാ ഹോട്ടലിൽ നേതാക്കളും എംഎൽഎമാരും കായികവിനോദങ്ങളിൽ മുഴുകി സമയം ചെലവഴിക്കുന്നത്. വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ്–ദൾ സഖ്യം പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. വിമതരുടെ രാജി അംഗീകരിച്ചാൽ 107 പേരുടെ പിന്തുണയുമായി ബിജെപിയാകും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

English Summary: "Karnataka Speaker Free To Decide," Says Top Court On Rebel Lawmakers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com