ADVERTISEMENT

കൊല്ലം ∙ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ട്യൂഷൻ സെന്ററിൽ എത്തിക്കാമെന്നു പറഞ്ഞു വനത്തിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു 3 ജീവപര്യന്തവും 26 വർഷം കഠിന തടവും ശിക്ഷ. ശിക്ഷ പ്രത്യേകം അനുഭവിക്കണം. 3.2 ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതിയുടെ പ്രായം പരിഗണിച്ചു വധശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നുവെന്നു കോടതി വ്യക്തമാക്കി. പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

അഞ്ചൽ ഏരൂർ തിങ്കൾ കരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനിൽ രാജേഷിനെ (25) യാണു കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

2017 ഒക്ടോബർ 27 നു കുളത്തൂപ്പുഴ പൂവക്കാട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. മുത്തശ്ശിയോടൊപ്പം രാവിലെ ട്യൂഷൻ സെന്ററിലേക്കു പുറപ്പെട്ട കുട്ടിയെ അവിടെ എത്തിക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട ബാലികയുടെ മാതൃസഹോദരിയുടെ ഭർത്താവാണു രാജേഷ്. 

കുട്ടിയുടെ മാതൃസഹോദരി അവരുടെ കുഞ്ഞുമായി ട്യൂഷൻ സെന്ററിൽ എത്തിയപ്പോഴാണു കുട്ടി എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്നു രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

ബന്ധുക്കളും നാട്ടുകാരും പകലും രാത്രിയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആർപിഎൽ എസ്റ്റേറ്റ് തൊഴിലാളികളാണു മൃതദേഹം കണ്ടത്. തുടർന്നു നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഏരൂർ ജംക്ഷനിലെ കടയിലെ സിസി ടിവി യിൽ ഇയാൾ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞതു കേസിൽ നിർണായക തെളിവായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com