‘കളിപ്പാവ’യിൽനിന്ന് ഉരുക്കുവനിതയിലേക്ക്; രാജ്യത്തെ ഞെട്ടിച്ച് ഇന്ദിരയുടെ തീരുമാനം

Mail This Article
ഗൂൺഗി ഗുഡിയ (കളിപ്പാവ) ഉരുക്കുവനിതയാണെന്നു തെളിയിച്ച ചരിത്ര നിമിഷം. നെഹ്റുവിനൊപ്പം കാബിനറ്റിലുണ്ടായിരുന്ന മൊറാർജി ദേശായിയെന്ന അതികായനെയും കോൺഗ്രസിലെ തലമുതിർന്നവരുടെ സിൻഡിക്കറ്റ് സംഘത്തെയും നിഷ്പ്രഭരാക്കിയ തീരുമാനം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ത്യയിലെ 14 സ്വകാര്യ കൊമേഴ്സ്യൽ ബാങ്കുകളെ ദേശസാൽക്കരിച്ചതിന്റെ അൻപതാം വാർഷികമാണ് ഈ മാസം 19ന്.
കോൺഗ്രസിലെ കരുത്തൻമാരുടെ ഗ്രൂപ്പിന്റെ നേതാവായി അറിയപ്പെട്ടിരുന്ന, തന്റെ കാബിനറ്റിലെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന മൊറാർജി ദേശായിയിൽനിന്ന് ധനവകുപ്പ് ഏറ്റെടുത്തശേഷമായിരുന്നു ബാങ്കുകൾ ദേശസാൽക്കരിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ പ്രഖ്യാപനം. വൈകാതെ കോൺഗ്രസിലൊരു പിളർപ്പും. കോൺഗ്രസ് ചരിത്രത്തിലെ നിർണായക കാലഘട്ടത്തിലാണ് ഇന്ദിരയിൽനിന്ന് ബാങ്ക് ദേശസാൽക്കരണത്തിനുള്ള തീരുമാനം വന്നത്.

നെഹ്റുവിന്റെ മരണത്തിനുശേഷം കോൺഗ്രസിൽ വല്ലാത്തൊരു ശൂന്യത ഉണ്ടായി. കോൺഗ്രസ് പ്രസിഡന്റ് കാമരാജും മുതിർന്ന നേതാക്കളും ചർച്ചയിലൂടെ കണ്ടെത്തിയ പൊതുസമ്മതനായിരുന്നു ലാൽ ബഹാദൂർ ശാസ്ത്രിയെന്ന അടുത്ത പ്രധാനമന്ത്രി. എന്നാല്‍, 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്റിൽവച്ച് ശാസ്ത്രി അന്തരിച്ചു. രണ്ടുവർഷത്തിനിടെ, മറ്റൊരു പ്രധാനമന്ത്രിയെക്കൂടി കണ്ടെത്തേണ്ട പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു കോൺഗ്രസ്.
ഇത്തവണ മൊറാർജി ദേശായിക്കും ഇന്ദിരയ്ക്കും ഇടയിൽ കടുത്ത മത്സരമുണ്ടായി. ഇന്നത്തെ ഗുജറാത്തും മഹാരാഷ്ട്രയും ഉൾക്കൊള്ളുന്ന ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, നെഹ്റുവിന്റെ കാബിനറ്റിലടക്കം മന്ത്രിയായിരുന്നതിന്റെ പരിചയം എന്നിവയായിരുന്നു ദേശായിയുടെ മേന്മകൾ. ശാസ്ത്രിയുടെ കാബിനറ്റിൽ വാർത്താവിനിമയ മന്ത്രിയായിരുന്നു ഇന്ദിര. ഒറ്റക്കെട്ടായല്ലെങ്കിലും ഇത്തവണ പാർട്ടി ഇന്ദിരയ്ക്കൊപ്പമായിരുന്നു. എംപിമാർക്കിടയിൽ രഹസ്യമായ ഹിതപരിശോധന നടത്തിയതിൽ മൂന്നിൽ രണ്ട് എംപിമാരും ഇന്ദിരയെ പിന്തുണയ്ക്കുകയായിരുന്നു. ഭരണത്തിൽ വേണ്ടത്ര അനുഭവ സമ്പത്തില്ലാത്ത ഇന്ദിരയെ തങ്ങൾക്കു നിയന്ത്രിക്കാം എന്ന ചിന്തയാണ് മുതിർന്ന നേതാക്കളെ ഭരിച്ചത്.

1967 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. പല സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായി. കേന്ദ്രത്തിൽ കഷ്ടിച്ച് ഭൂരിപക്ഷം ഒപ്പിച്ചു. തന്റെ കാബിനറ്റിലുണ്ടായിരുന്നവരിൽ പകുതിയിലേറെപ്പേരും തോറ്റു. സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ജനത്തെ ഏറെ സ്വാധീനിച്ചിരുന്നു.
പ്രതിപക്ഷത്തേക്കാൾ ഇത്തവണ ഇന്ദിരയ്ക്ക് നേരിടേണ്ടിവന്നത് സ്വന്തം പാളയത്തിലെ പടയെയായിരുന്നു. സിൻഡിക്കറ്റ് വിഭാഗം എന്ന് അറിയപ്പെടുന്ന തലമുതിർന്നവരുടെ സംഘം തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഈ ഘട്ടത്തിൽ രാജ്യത്താകമാനം ബാങ്കുകൾക്കെതിരായ വികാരം ശക്തമായിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് ആശയങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നെന്ന ചിന്തയും ജനങ്ങളിൽ ശക്തമായിത്തുടങ്ങി. ബാങ്കുകൾക്കുമേൽ നിയന്ത്രണം വേണമെന്ന് സിൻഡിക്കറ്റുകളും വാദിച്ചു.
സിൻഡിക്കറ്റുകളുടെ വാദത്തിന്റെ ചുവടുപിടിച്ച് ഇന്ദിര നടത്തിയ നീക്കം പക്ഷേ, അവരെപ്പോലും ഞെട്ടിച്ചു. ധനമന്ത്രിയായിരുന്ന മൊറാർജി ഈ നീക്കത്തെ എതിർത്തു. മൊറാർജിയിൽനിന്ന് ധനവകുപ്പ് എടുത്തുനീക്കിയായിരുന്നു ഇന്ദിരയുടെ മറുപടി. വൈകാതെ അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിയുംവന്നു. ബാങ്ക് ദേശസാൽക്കരണത്തോടെ ശക്തിയായ പോര് പ്രസിഡന്റ് സക്കീർ ഹുസൈന്റെ ആകസ്മിക മരണത്തോടെ പാരമ്യത്തിലെത്തി.
പുതിയ പ്രസിഡന്റ് സ്ഥാനാർഥിയായി കോൺഗ്രസ് നിർദേശിച്ചത് ഇന്ദിരയുടെ പ്രധാന എതിരാളികളിൽ ഒരാളും ലോക്സഭാ സ്പീക്കറുമായിരുന്ന എൻ.സഞ്ജീവ റെഡ്ഢിയെ. വൈസ് പ്രസിഡന്റായിരുന്ന വി.വി.ഗിരിയെ സ്വതന്ത്രനായി നിൽക്കാൻ ഇന്ദിര നിർബന്ധിച്ചു. കോൺഗ്രസിന്റെ എല്ലാ എംപിമാർക്കും എംൽഎമാർക്കും പാർട്ടി പ്രസിഡന്റ് വിപ്പ് നൽകി. മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇന്ദിരയുടെ തിരിച്ചടി. വി.വി.ഗിരി ജയിച്ചു.
പാർട്ടിയുമായി ഏറ്റുമുട്ടിയ ഇന്ദിരയെ പാർട്ടി പുറത്താക്കി. കോൺഗ്രസ് പിളർന്നു. ആളുകളുടെ പിന്തുണയുള്ള വിഭാഗം ഇന്ദിരയ്ക്കൊപ്പമായി. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടം എന്നതിനപ്പുറം ചില ആദർശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമാണ് താനെന്ന ഇമേജ് സൃഷ്ടിക്കാനായതായിരുന്നു ഇന്ദിരയുടെ നേട്ടം.
English Summary: Indira Gandhi and Bank Nationalisation