ADVERTISEMENT

സംസ്ഥാനത്തു മഴ കനത്തു. മഴ ശക്തമായതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ജാഗ്രതാനിർദേശം നൽകി. ഏഴു താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. തിരുവല്ല വള്ളംകുളത്ത് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു, നന്നൂർ സ്വദേശി കോശി വർഗീസ് (54) ആണ് മരിച്ചത്. കാസർകോട് ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

വാഗമൺ റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിൽ.
വാഗമൺ റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിൽ.

കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയാണ്. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. മഴ ശക്തമായതോടെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ കലക്ടർ നിർത്തിവച്ചു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങുന്നതിനാൽ പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇടുക്കിയിലും പലയിടത്തു മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 15 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

meenachilar
മീനച്ചിലാർ നിറയുന്നു. പാലായിൽ നിന്നുള്ള ദൃശ്യം

ജലനിരപ്പ് ഉയർന്നാൽ മലങ്കര, കല്ലാർകുട്ടി ഡാമുകൾ ഇന്നുതന്നെ തുറന്നു വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പയിൽ ജലനിരപ്പുയർന്ന് മണൽപ്പുറത്തെ കടകളിൽ വെള്ളം കയറി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും അലർട്ട് തുടരും. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ കൊച്ചി ചെല്ലാനം കമ്പനിപ്പടി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി.

Meenachil-River-Rain-JPG
പാലായിൽ മീനച്ചിലാറിൽ വെള്ളം നിറയുന്നു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ കണ്ണൂർ നഗരത്തിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഇരുപതോളം കുടുംബങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോഴിക്കോട് നഗരത്തില്‍ വെള്ളം കയറി. നെല്ലിയാമ്പതി, സൈലന്റുവാലി മലനിരകളിലും ഭേദപ്പെട്ട മഴ ലഭിച്ചു. മൂന്നുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീരത്ത് വീടുകളിൽ വെള്ളം കയറി.

Kerala Rain
മണിമലയാർ നിറഞ്ഞപ്പോൾ. മുണ്ടക്കയം ഭാഗത്തിനിന്നുള്ള ദൃശ്യം.

ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്രമഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാതു വില്ലേജുകളിൽ ക്യാംപുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.

Kerala Rain
വാഗമൺ തീക്കോയിയിൽ റോഡിൽ മണ്ണിടിഞ്ഞു വീണത് ജെസിബി ഉപയോഗിച്ചു നീക്കുന്നു.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടുകൾ തകരുകയും പുനർനിർമാണം പൂർത്തിയാകാത്തതുമായ വീടുകളിലുള്ളവർക്ക് ആവശ്യമെങ്കിൽ അതാത് വില്ലേജിൽ ക്യാംപുകൾ തുറന്ന് താമസിക്കുവാനുള്ള സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണെന്നും താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നെന്ന് ഉറപ്പു വരുത്തേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയ നിർദേശത്തിൽ പറയുന്നു.

neeleswaram-railway-station
നീലേശ്വരം റയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയപ്പോൾ

English Summary: Heavy Rain in Kerala, Red Alert issued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com