ADVERTISEMENT

പാലക്കാട്∙ ആലത്തൂര്‍ എംപി രമ്യ ഹരിദാസിനു കാർ വാങ്ങാൻ പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടി വിവാദമായതിനു പിന്നാലെ മറുപടിയുമായി സംഘടന രംഗത്ത്. രമ്യ ഹരിദാസിനു ബാങ്കിൽ നിന്നു വായ്പ ലഭിക്കാൻ സാധ്യത ഇല്ലാത്തിനാലാണ് സംഘടനക്കുള്ളിൽ പിരിവ് നടത്തിയതെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപ് രമ്യ ഹരിദാസിന് പഞ്ചാബ് നാഷണൽ ബാങ്കിൽ 7 ലക്ഷത്തിന്റെ റവന്യു റിക്കവറി നിലനിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഈ പണം സ്വരൂപിച്ച് ബാങ്ക് ലോൺ തിരിച്ചടച്ചത്. റവന്യു റിക്കവറി നിലനിന്ന വ്യക്തിക്ക് ബാങ്ക് ലോൺ ലഭിക്കാൻ പ്രയാസമാ‌‌ണെന്ന് എംഎൽഎ പറയുന്നു.

മഹീന്ദ്ര മറാസോയുടെ അടിസ്ഥാന മോഡലാണ് എംപിക്ക് വേണ്ടി ബുക്ക് ചെയ്തത്. ഇതിനായി അൻപതിനായിരം രൂപ നൽകിയത് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ രണ്ടു മാസത്തെ ശമ്പളമാണെന്ന് അനിൽ അക്കര മനോരമ ന്യുസ് ഡോട് കോമിനോട് വ്യക്തമാക്കി. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്. ബൂത്ത് കമ്മിറ്റികളിലൂടെ പ്രധാന യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കിടയിലാണ് പിരിവ് സംഘടിപ്പിക്കുന്നത്. 1,400 ലീഫുകളാണ് ആകെ അച്ചടിച്ചിട്ടുള്ളത്.

14 ലക്ഷത്തോളം രൂപ പിരിച്ചാണ് എംപിക്ക് വാഹനം വാങ്ങി നല്‍കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് നടക്കുന്ന പൊതുപരിപാടിയില്‍ വച്ച് രമേശ് ചെന്നിത്തല രമ്യ ഹരിദാസിനു വാഹനം സമ്മാനിക്കും. സംഭാവന നൽക്കിയ പ്രവർത്തകരുടെ പേര് അന്നു പ്രസിദ്ധപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.

സംഭാവന രസീതിന്റെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദവും ആരംഭിച്ചത്. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന വ്യക്തിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് പ്രധാന ചോദ്യം. എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണ്. എന്നാൽ നാല് ലക്ഷം രൂപ വരെയാണ് പലിശ രഹിത വായ്പയായി എംപിമാര്‍ക്ക് ലഭിക്കു. ബാക്കി പണം പേഴ്സണൽ ലോണായി സംഘടിപ്പിക്കണം.

സിബിൽ സ്കോർ കുറവായ രമ്യക്ക് നിലവിലെ സാഹചര്യത്തിൽ ഇതിനു സാധ്യത കുറവാണ്. ശമ്പളവും ആനുകൂല്യങ്ങളുമായി ലഭിക്കുന്ന പണത്തിന്റെ മുക്കാൽ ഭാഗവും ആലത്തൂരിലെയും ഡൽഹിയിലെയും ഓഫിസ് ചെലവുകൾക്കായി മാറ്റി വയ്ക്കേണ്ടി വരും. ഈ സാചര്യത്തിൽ ലോൺ ലഭിച്ചാലും ഇതിന്റെ തിരിച്ചടവ് പ്രയാസമാണ്. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി കോൺഗ്രസിൽ വളർന്ന് വരുന്നതിലുള്ള എതിർപ്പാണ് രമ്യക്ക് നേരെ നടക്കുന്ന സൈബർ ആക്രമണമെന്നും എംഎൽഎ പറഞ്ഞു.

അതേസമയം, എംപിക്കു കാർ വാങ്ങാൻ പിരിവു നടത്തിയതിനെതിര കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. രമ്യയ്ക്കു കാര്‍ വാങ്ങാന്‍ വായ്പ ലഭിക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com