ADVERTISEMENT

ന്യൂഡല്‍ഹി∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. 5 മാസം കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. കോണ്‍ഗ്രസിനു തീരാനഷ്ടമാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.

പഞ്ചാബുകാരിയായ ഷീലയെ കോൺഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കർ ദീക്ഷിതിന്റെ മകന്‍ വിനോദ് ദീക്ഷിത് ആണു വിവാഹം കഴിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചത്. മകന്‍ മുന്‍ എംപി സന്ദീപ് ദീക്ഷിത്, മകള്‍ ലതിക സെയ്ദ്.

ഗാന്ധികുടുംബവുമായുള്ള അടുപ്പമാണ് ഷീലാ ദീക്ഷിതിനു രാഷ്ട്രീയത്തിൽ നേട്ടങ്ങൾ നൽകിയത്. രാജീവ് ഗാന്ധി അവരെ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രിയാക്കി. 1991ൽ രാജീവ് വധിക്കപ്പെട്ടശേഷം കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ പി.വി.നരസിംഹറാവുവിനെ വെല്ലുവിളിച്ചു സോണിയ ഗാന്ധിക്കൊപ്പം നിന്നവരിൽ പ്രധാനിയാണ് അവർ. 1998ൽ സോണിയ കോൺഗ്രസിന്റെ ചുമതലയേറ്റശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏൽപിച്ചു. അന്നു പ്രദേശ് കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ അപ്രതീക്ഷിതമായാണു മുഖ്യമന്ത്രി സ്ഥാനാർഥിയായത്. 

പഞ്ചാബിലെ കപൂര്‍ത്തല ജില്ലയില്‍ 1938 മാര്‍ച്ച് 31 ന് ജനിച്ച ഷീല വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും ഡല്‍ഹിയിലാണ്. ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്‌കൂളിലായിരുന്നു 12-ാം ക്ലാസുവരെ. തുടര്‍ന്ന് മിറാന്‍ഡാ ഹൗസ് കോളേജില്‍. ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സ്വാതന്ത്യ്ര സമര സേനാനിയും കേന്ദ്ര മന്ത്രിയും ഗവര്‍ണറുമായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ കുടുംബത്തിലെ മരുമകളായപ്പോഴാണു ഷീലയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 

1984 ല്‍ യുപിയിലെ കനൗജ് മണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു ലോക്സഭയിലെത്തി. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യം സഹമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിപിസിസി പ്രസിഡന്റായിരിക്കെ 1998 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച് ഷീലാ ദീക്ഷിത് ഡല്‍ഹിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി.

1998 ഡിസംബര്‍ മൂന്നിനാണു മുഖ്യമന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 2003 ഡിസംബര്‍ 15 നു രണ്ടാം തവണയും. മറ്റൊരു ചരിത്രമുഹുര്‍ത്തത്തില്‍ മുന്നാമതും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. 15 വര്‍ഷം തുടര്‍ച്ചയായി ആ കസേരയില്‍ തുടര്‍ന്നു. 1998-ലും 2003-ലും ഗോലെ മാര്‍ക്കറ്റ് നിയോജക മണ്ഡലത്തില്‍നിന്നും 2008-ല്‍ ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍നിന്നുമാണു നിയമസഭയിലെത്തിയത്. ജെസിക്കാ ലാല്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി മനു ശര്‍മയ്ക്ക് പരോള്‍ അനുവദിച്ചതു വിവാദമായി. തുടര്‍ന്ന് 2010-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഷീലയ്‌ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നുവന്നു.

ആംആദ്മിപാർട്ടിയിൽ നിന്നു കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്നു സജീവ രാഷ്ട്രീയത്തിൽ നിന്നു മാറിനിൽക്കുകയായിരുന്നു. കേരള ഗവർണർ ഉൾപ്പെടെയുള്ള പദവികൾ വഹിച്ച ശേഷമാണു വീണ്ടും രാഷ്ട്രീയത്തിലേക്കെത്തിയത്. തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു തുടക്കം എഎപിയുടെ ഉയർച്ചയിൽ നിന്നാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തറപറ്റി.

ന്യൂഡൽഹി മണ്ഡലത്തിൽ എഎപി നേതാവായ അരവിന്ദ് കേജ്‍രിവാളിനു കിട്ടിയതിന്റെ പകുതി വോട്ടും പോലും നേടാനാകാതെ വന്നു ഷീലയ്ക്ക്. പിന്നീടു കേരള ഗവർണറും ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിന്ന ഷീലയെ ഡിപിസിസി അധ്യക്ഷയായി നിയമിച്ചതിനു പിന്നിൽ സാഹചര്യങ്ങളുടെ സമ്മർദവുമുണ്ട്. അജയ് മാക്കനു പകരം നേതൃത്വമേറ്റെടുക്കാൻ പ്രാപ്തിയുള്ളവരെ തിരഞ്ഞ കോൺഗ്രസിന് പാർട്ടിയിലെ ഏറ്റവും മുതിർന്ന വനിതയെ തന്നെ ആശ്രയിക്കേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com