ADVERTISEMENT

ശ്രീനഗർ∙ കശ്മീർ പ്രശ്നം പരിഹരിക്കുന്നതു തടസ്സപ്പെടുത്താന്‍ ഭൂമിയിൽ ഒരു ശക്തിക്കും സാധിക്കില്ലെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീർ എന്റെ ഹൃദയത്തിലാണ്. ഇന്ത്യയുടേതല്ല, മറിച്ചു ലോകത്തിന്റെ തന്നെ സ്വർഗമാക്കി കശ്മീരിനെ മാറ്റുകയെന്നതാണു സർക്കാരിന്റെ ആവശ്യം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ‌ എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിയാം– കഠ്‍വയിൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തു കശ്മീരിലെ നേതാക്കളെ ചർച്ചയ്ക്കു വിളിച്ച സമീപനം ഇപ്പോഴും തുടരുന്നതായി രാജ്നാഥ് സിങ് വ്യക്തമാക്കി. കശ്മീരിന്റെ അതിവേഗത്തിലുള്ള വികസനവും സമൃദ്ധിയുമാണ് സർക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ കഠ്‍വയിലും സാമ്പയിലുമായി രണ്ടു പാലങ്ങൾ പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു. അതിർത്തി പ്രദേശത്തെ സൈനിക നീക്കം  സുഗമമാക്കാൻ ഇരു പാലങ്ങളും സഹായകമാകും.

ദൂരപ്രദേശങ്ങളിലെ വികസനത്തിൽ പാലങ്ങളും പ്രധാനമാണെന്നു പ്രതിരോധമന്ത്രി പറഞ്ഞു. മോശം കാലാവസ്ഥയുൾപ്പെടെയുള്ള പ്രശ്നങ്ങളെ മറികടന്നു പാലം നിർമാണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിലാണ് കശ്മീരിലെ പദ്ധതികൾ പുരോഗമിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമ്പർക്ക് പദ്ധതിയിലുൾപ്പെടുത്തിയാണ് അതിർത്തിക്കു സമീപം രണ്ടു പാലങ്ങളും ഇന്ത്യ നിര്‍മിച്ചത്. ഉജ് നദിക്കു മുകളിൽ 50 കോടി ചെലവഴിച്ചു നിർമിച്ച പാലം 1,000 മീറ്റർ നീളമുള്ളതാണ്. ബസന്ദർ നദിക്കു കുറകെ 41.7 കോടി ചെലവിട്ടു നിർമിച്ച പാലത്തിന്റെ നീളം 617 മീറ്റർ. മൺസൂൺ കാലത്ത് പ്രദേശവാസികളുടെ സഞ്ചാരം എളുപ്പമാക്കുന്നതിനും പാലം ഉപകരിക്കുമെന്നു പ്രതിരോധ വക്താവ് പറഞ്ഞു.

English Summary: Kashmir resolution is bound to happen, no power on earth can stop it: Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com