ADVERTISEMENT

ബെംഗളൂരു∙ സഭാനടപടികളിലെ അനിശ്ചിതത്വം സൃഷ്ടിച്ച ഉദ്ദ്വേഗത്തിന് അവസാനമിട്ട് കർണാടക നിയമസഭ തിങ്കളാഴ്ച അർധരാത്രിയോടെ പിരിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.

അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തതോടെയാണ് കർണാടക നിയമസഭയിലെ നടപടികളിൽ അനിശ്ചിതത്വം പടർന്നത്.  നടപടികൾ പൂർത്തിയാക്കാൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കറും അർധരാത്രി വരെ കാത്തിരിക്കാൻ സമ്മതമെന്ന് ബിജെപി നേതാവ് യെഡിയൂരപ്പയും പറഞ്ഞതോടെ സഭാതലത്തിൽ സസ്പെൻസ് നിറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനമെടുക്കുകയായിരുന്നു.

വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതല്‍ സമയം ചോദിച്ചപ്പോള്‍ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.

K. R. Ramesh Kumar
കെ.ആർ. രമേശ് കുമാർ

അതേസമയം, കര്‍ണാടകയില്‍ സ്വതന്ത്ര എംഎൽഎമാരുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരും. വിശ്വാസ വോട്ടെടുപ്പ് നീട്ടുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. വിമതരുടെ വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടിയാണ് സ്പീക്കറും കോൺഗ്രസും ഇതിൽ കക്ഷിചേരുന്നത്. കോണ്‍ഗ്രസിനുവേണ്ടി കപിൽ സിബൽ ഹാജരാകും. അഭിഷേക് മനു സിങ്‌വി സ്പീക്കര്‍ക്കുവേണ്ടി ഹാജരാകും. 

ഇതിനിടെ, വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

വിശ്വാസ പ്രമേയ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സ്വരം കടുപ്പിച്ച് സ്പീക്കര് രംഗത്തെത്തിയിരുന്നു‍. ഓരോ അംഗത്തിനും സംസാരിക്കാനുള്ള സമയം പത്തുമിനിറ്റാക്കി ചുരുക്കാന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ നിര്‍ദേശം നല്‍കി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെയുണ്ടായേക്കാമെന്ന സൂചനകള്‍ ബലപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേരത്തെ അഭ്യര്‍ഥിച്ചിരുന്നെങ്കിലും  സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com