ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ വിശ്വാസവോട്ടെടുപ്പിന്റെ തുണയില്ലാതെ കുമാരസ്വാമി സർക്കാർ വീണതോടെ ബിജെപി ക്യാംപിൽ ആഹ്ലാദം. ബിജെപി ഓഫിസിനു മുൻപിൽ പ്രവർത്തകർ ആഘോഷപ്രകടനം നടത്തി. ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്നു സർക്കാർ പതിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

വികസനത്തിന്റെ പുതിയ യുഗം കര്‍ണാടകയില്‍ വരും, വരുംദിനങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നു യെഡിയൂരപ്പ പറഞ്ഞു. ബുധനാഴ്ച ബിജെപി നിയമസഭാകക്ഷിയോഗം ചേരും.

ബിജെപി സർക്കാർ രൂപീകരിച്ചതിനു ശേഷമേ മുംബൈയിൽ ഹോട്ടലിൽ തങ്ങുന്ന വിമത എംഎൽഎമാർ കർണാടകയിലേക്ക് തിരിച്ചെത്തുകയുള്ളൂ എന്നാണു സൂചന. ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎമാർ സന്തോഷവന്മാരാണെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്ത ശേഷമെ എംഎൽഎമാർ പാർട്ടിയിൽ ചേരുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുവെന്നു ബിജെപി നേതാവ് ജഗദീഷ് ഷെട്ടർ പറഞ്ഞു.

കേന്ദ്രസർക്കാർ, ഗവർണർ വാജുഭായ് വാല, മഹാരാഷ്ട്ര സംസ്ഥാന സർക്കാർ, ബിജെപി കേന്ദ്ര നേതൃത്വം എന്നിവർ ഒത്തൊരുമിച്ചാണ് കർണാടകയിലെ ദൾ–കോൺഗ്രസ് സഖ്യസർക്കാരിനെ വീഴ്ത്തിയതെന്നു കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. ബിജെപിയുടെ അധാർമിക നീക്കത്തിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്യാൻ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമുണ്ടായിരുന്നിട്ടും വിശ്വാസ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന ബിഎസ്പി എം‌എൽ‌എ എൻ.മഹേഷിനെ പാർട്ടി പുറത്താക്കി. പാർട്ടി നിർദേശങ്ങൾ ലംഘിച്ചതു ഗൗരവകരമായ വീഴ്ചയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തര നടപടിയെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com