ADVERTISEMENT

ഒരു വർഷത്തേക്ക് ആർക്കും എന്നെ തൊടാനാകില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞത് 2018 ജൂണിൽ. കോൺഗ്രസ്– ജനതാദൾ (എസ്) സഖ്യ സർക്കാർ എത്രകാലം നിലനിൽക്കുമെന്ന ചോദ്യത്തിനുള്ള മറുപടി. ആ പ്രസ്താവനയ്ക്ക് ഒരു വയസ്സ് പിന്നിട്ട വേളയിലാണു കുമാരസ്വാമി സർക്കാരിന്റെ ആയുസ്സ് കയ്യാലപ്പുറത്തായതും ആടിയാടി ഒടുവിൽ നിലംപതിക്കുന്നതും. ബിജെപിയും ബി.എസ്.യെഡിയൂരപ്പയും ‘ഓപ്പറേഷൻ താമര’യുമായി വലവിരിച്ചതോടെ കർണാടകയുടെ രാഷ്ട്രീയഭാവി അത്യന്തം നാടകീയമായി. അടവുകളെല്ലാം പയറ്റിയിട്ടും തോൽവിയേറ്റു വാങ്ങാനായിരുന്നു ഭരണപക്ഷത്തിന്റെ വിധി.

ഗവർണർ നൽകിയ സമയപരിധി സർക്കാരും സ്പീക്കറും മൂന്നു തവണയാണു ലംഘിച്ചത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ച കഴിഞ്ഞ വ്യാഴാഴ്ച തന്നെ വോട്ടെടുപ്പ് വേണമെന്നു ബിജെപി ശഠിച്ചു. അതുപോലെ തന്നെ ഗവർണർ വാജുഭായ് വാല ഉത്തരവിട്ടു. സഭയ്ക്കു മുകളിലെ അധികാരപ്രയോഗത്തിനെതിരെ വിമർശനങ്ങളുയർന്നു. ഗവർണറെ സർക്കാർ പരിഗണിച്ചുമില്ല. ബിജെപി ഏജന്റാണെന്ന് ഗവർണറെ വിമർശിക്കാനും മടിച്ചില്ല. നിയമസഭയിൽ ഭരണപക്ഷ എംഎൽഎമാരുടെ ചർച്ചകൾ നീണ്ടു. ഇഷ്ടം പോലെ സംസാരിക്കാൻ സ്പീക്കർ സമ്മതവും നൽകി. ബിജെപി സഭയിൽ ധർണയിരുന്നു.

കർണാടകയിൽ തിങ്കളാഴ്ചതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട്, ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എംഎൽഎമാരായ ആർ.ശങ്കറും എച്ച്.നാഗേഷും ഞായറാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. വിപ്പ് നൽകാനുള്ള രാഷ്ട്രീയ കക്ഷികളുടെ അവകാശത്തിൽ വ്യക്തത ആവശ്യപ്പെട്ടു മുഖ്യമന്ത്രി കുമാരസ്വാമിയും പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും സുപ്രീംകോടതിയിലെത്തി. മുഖ്യമന്ത്രി കുമാരസ്വാമിക്ക് അനുകൂലമായി വോട്ടു ചെയ്യാൻ ബിഎസ്പി എംഎഎൽഎ എൻ.മഹേഷിന് പാർട്ടി അധ്യക്ഷ മായാവതി നിർദേശം നൽകി.

BS-Yeddyurappa-trust-vote

മുംബൈയിലുള്ള വിമതരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ എംഎൽഎമാരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും നേരിട്ടുകണ്ട് അനുനയത്തിനു ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിപദം കോൺഗ്രസിനു നൽകി വിമതരെ അനുനയിപ്പിക്കാൻ കുമാരസ്വാമി ശ്രമിക്കുന്നതായും സൂചന വന്നു. സിദ്ധരാമയ്യ, ജി.പരമേശ്വര, ഡി.കെ.ശിവകുമാർ എന്നീ കോൺഗ്രസ് നേതാക്കളിൽ ആരെങ്കിലും മുഖ്യമന്ത്രിയായാൽ പ്രശ്നം തീർന്നേക്കുമെന്നായിരുന്നു റിപ്പോർട്ട്. ഭരണപക്ഷ ക്യാംപിനെ നിരാശരാക്കി, വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന തീരുമാനം ആവർത്തിച്ച് വിമതർ പുതിയൊരു വിഡിയോ പുറത്തുവിട്ടു.

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2018 മേയ് 12ന്. ഫലം വന്നത് 15ന്. ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 104 അംഗങ്ങളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിന് 78, ജെഡിഎസിന് 37 എംഎൽഎമാർ. കോൺഗ്രസും ജെഡിഎസും സഖ്യം രൂപീകരിച്ച് സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിച്ചു.  16ന് ഗവർണർ വാജുഭായ് വാല സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതാകട്ടെ ബിജെപിയെ. അപകടം മണത്ത കോൺഗ്രസ് സമയം പാഴാക്കാതെ സുപ്രീംകോടതിയെ സമീപിച്ചു.

KR Ramesh Kumar
സ്പീക്കർ കെ.ആർ.രമേഷ് കുമാർ.

അർധരാത്രിയിൽ കോടതി നടപടിയെന്ന അപൂർവത സംഭവിച്ചു. 17ന് രാവിലെ അഞ്ചര വരെ കോടതി തുറന്നിരുന്നു. ചൂടേറിയ വാദപ്രതിവാദങ്ങൾ കേട്ടു. യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യാനാവില്ലെന്നാണ് ഒടുവിൽ കോടതി വ്യക്തമാക്കിയത്. രാവിലെ 9ന് തന്നെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. അടുത്തദിവസം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നു 18ന് സുപ്രീംകോടതി ഉത്തരവിട്ടു. 19ന് വൈകിട്ട് നാലുമണിക്ക്, ‘വിശ്വാസവോട്ട് നേരിടുന്നില്ല, രാജിവയ്ക്കുന്നു’ എന്ന് യെഡിയൂരപ്പ നാടകീയമായി പ്രഖ്യാപിച്ചു. ബിജെപി സർക്കാർ വീണു, സഖ്യസർക്കാരിനു വഴിയൊരുങ്ങി. മുഖ്യമന്ത്രിയായി കുമാരസ്വാമി 23ന് സത്യപ്രതിജ്ഞ ചെയ്തു.

‘സഖ്യ സർക്കാർ സ്ഥിരതയാർന്ന ഭരണം കാഴ്ചവയ്ക്കും. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാലാവസ്ഥയും അനുകൂലമാണ്’– അന്ന് കുമാരസ്വാമി പറഞ്ഞു. പക്ഷേ ഒളിഞ്ഞുംതെളിഞ്ഞും നിന്ന കാർമേഘങ്ങൾ കൂട്ടമായി തന്റെ സർക്കാരിനു മുകളിൽ വട്ടമിട്ടപ്പോൾ കുമാരസ്വാമി നിരായുധനായി. കഴിഞ്ഞദിവസങ്ങളിൽ വിമത എംഎൽഎമാരുടെ കൂട്ടരാജി സുപ്രീംകോടതിയിൽ വിഷയമായി. സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇതിനുപിന്നാലെയാണു വിശ്വാസവോട്ട് നടന്നത്.

karnataka-vidhan-sabaha
കർണാടക നിയമസഭയിൽ ബിജെപി നേതാവ് ബി.എച്ച്.യെഡിയൂരപ്പ സംസാരിക്കുന്നു.

ഏച്ചുകെട്ടലിന്റെ അസ്വസ്ഥത സഖ്യസർക്കാരിൽ മുഴച്ചുനിന്നിരുന്നു. ബിജെപിയെ അധികാരത്തിൽനിന്ന് ഒഴിവാക്കാൻ, നേരത്തേ അവർ പയറ്റിയ തന്ത്രം കോൺഗ്രസും പ്രയോഗിക്കുകയായിരുന്നു. ഭരണം പിടിക്കാൻ സാധ്യമായ സഖ്യം എന്ന നിലയ്ക്കാണു ജെഡിഎസുമായി കൈകോർത്തത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകി. മുൻ‌മുഖ്യമന്ത്രി സിദ്ധരാമയ്യ തൊട്ടുള്ള നേതാക്കൾ ഇതിൽ അതൃപ്തരായിരുന്നു. മാരത്തൺ ചർച്ചകൾക്കൊടുവിലാണു വകുപ്പുവിഭജനം പൂർത്തിയായത്. ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വരയെ കൂടാതെ കോൺഗ്രസിൽ നിന്നു 14 പേരും, മുഖ്യമന്ത്രി കുമാരസ്വാമിയെ കൂടാതെ ദളിൽ നിന്ന് ഒൻപതു പേരും ആദ്യ മന്ത്രിസഭയിൽ ഉൾപ്പെട്ടു.

ത്രിശങ്കു ഫലത്തിനുശേഷം കോൺഗ്രസിനു പിന്തുണ നൽകാമെന്നു വാഗ്ദാനം നൽകിയെങ്കിലും കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നു ഗുലാം നബി ആസാദും അശോക് ഗെലോട്ടും നിർബന്ധം പിടിച്ചെന്നു ദൾ ദേശീയ അധ്യക്ഷനും കുമാരസ്വാമിയുടെ പിതാവുമായ എച്ച്.ഡി.ദേവെഗൗഡ ആദ്യവെടി പൊട്ടിച്ചു. തനിക്കു ഭൂരിപക്ഷം നൽകാത്ത ജനതയുടെ കാരുണ്യത്തിലല്ല, കോൺഗ്രസിന്റെ കാരുണ്യത്തിലാണു ഭരണമെന്നു കുമാരസ്വാമിയും പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ‘അട്ടിമറി’ തുടങ്ങിയ ബിജെപി, സുപ്രീംകോടതിയുടെ ഇടപെടലും വിശ്വാസവോട്ടിനും പിന്നാലെ കുറച്ചുസമയം നിശബ്ദരായിരുന്നു.

സഖ്യസർക്കാർ സ്വയമേവ ഇല്ലാതാകുമെന്ന് അമിത് ഷാ പറഞ്ഞതു ചിലതെല്ലാം ലക്ഷ്യമിട്ടായിരുന്നു. സംസ്ഥാന നേതൃത്വം വീണ്ടും കരുക്കൾ നീക്കി. എട്ടുമാസത്തെ ശാന്തതയ്ക്കു ശേഷം റിസോർട്ട് രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ചു. ഭരണ അസ്ഥിരതയ്ക്കുള്ള സാധ്യത തുറന്നിട്ട് ഒരു മന്ത്രി ഉൾപ്പെടെ രണ്ടു കക്ഷിരഹിതർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കോൺഗ്രസ് എംഎൽഎമാരിൽ എല്ലാവരും ക്യാംപിൽ ഉണ്ടെന്ന് ഉറപ്പുപറയാൻ നേതാക്കൾക്കായില്ല. ചിലരെ കാണാതായതായി നേതാക്കൾ സമ്മതിച്ചു. ദൾ–കോൺഗ്രസ് സഖ്യത്തിനു കേവല ഭൂരിപക്ഷമുണ്ടെന്നും അഞ്ചു വർഷം തികച്ചും ഭരിക്കുമെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അപ്പോഴും അവകാശപ്പെട്ടു.

ഓപ്പറേഷൻ താമര ലക്ഷ്യമല്ലെന്നു പുറമേക്കു പറഞ്ഞെങ്കിലും തങ്ങളുടെ 106 എംഎൽഎമാരിൽ നൂറിലേറെ പേരെയും മുംബൈയിലെ റിസോർട്ടിലേക്ക് എത്തിച്ച് ബിജെപി ഒരുങ്ങിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായിരുന്നു ആ നിർണായക നീക്കം. രാഹുൽ ഗാന്ധിയുടെ നേതൃശക്തിയിൽ കോൺഗ്രസിന് അന്നത്തെ അട്ടമറിശ്രമം പ്രതിരോധിക്കാനായി. പരമാവധി പിടിച്ചുനോക്കിയെങ്കിലും ഭരണപക്ഷത്തുനിന്നു കാര്യമായി ആരും അടർന്നുവരാത്തതിനാൽ ഏതാനും ദിവസങ്ങൾക്കകം ‘ഓപ്പറേഷൻ’ അവസാനിപ്പിച്ച് എംഎൽഎമാരുമായി യെഡിയൂരപ്പ ബെംഗളൂരുവിലേക്കു മടങ്ങി. ബിജെപിയുടെ കളികൾ ഇനി നടക്കില്ലെന്നു കോൺഗ്രസ്– ദൾ ക്യാംപ് ആത്മവിശ്വാസത്തിലായി.

സഖ്യഭരണമെന്നാൽ വിട്ടുവീഴ്ച ചെയ്തേ മുന്നോട്ടു പോകാനാവൂ എന്നു കോൺഗ്രസ് മറന്നതോടെ വിള്ളലുകൾ രൂപപ്പെട്ടു. അമിത് ഷാ പറഞ്ഞതുപോലെ, ഭരണപക്ഷം സ്വയം മുറിവുകളുണ്ടാക്കി രോഗഗ്രസ്തരായി, ക്ഷീണിച്ചു. പാർട്ടിയിലെ എതിരാളികൾ മന്ത്രിമാരായി സുഖിക്കുന്നതും സാമ്പത്തിക ലാഭം കൊയ്യുന്നതും ‘വെറും എംഎൽഎ’മാരായ ചിലർക്കു സഹിച്ചില്ല. കോൺഗ്രസിന്റെ നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും ചെവി കൊടുക്കാത്ത രാഷ്ട്രീയകക്ഷിയായ ജെഡിഎസ് മുഖ്യമന്ത്രിപദത്തിൽ ഇരിക്കുന്നതും പ്രയാസമുണ്ടാക്കി. പരസ്യ വിമർശനങ്ങളുമായി രംഗത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ നിലയ്ക്കു നിർത്തണമെന്നു കുമാരസ്വാമിതന്നെ സൂചിപ്പിച്ചതോടെ പൊട്ടലുംചീറ്റലും കടുത്തതായി.

മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ അതൃപ്തിയൊന്നും ശേഷിക്കുന്നില്ലെന്നും പാർട്ടി എംഎൽഎമാർ ആരും ബിജെപിയുമായി കൈകോർക്കില്ലെന്നും സിദ്ധരാമയ്യ ആശ്വാസവാക്കു പറഞ്ഞു. എന്നാൽ, കുമാരസ്വാമി സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയും ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സഖ്യ സർക്കാരിന്റെ നിലനിൽപിൽ സംശയം പ്രകടിപ്പിച്ചുമുള്ള സിദ്ധരാമയ്യയുടെ വിഡിയോ പുറത്തുവന്നു. സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കും വിധം പരാമർശങ്ങൾ നടത്തരുതെന്നു സിദ്ധരാമയ്യയ്ക്കു ഉപമുഖ്യമന്ത്രി ജി.പരമേശ്വര മുന്നറിയിപ്പു നൽകി. 

ഇതിനിടെ, സഖ്യസർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മന്ത്രി ഡി.കെ.ശിവകുമാറിനെതിരെ ബിജെപിയും കേന്ദ്ര സർക്കാരും തിരിഞ്ഞു. ആദായനികുതി വകുപ്പ് ശിവകുമാറിനെതിരെ സാമ്പത്തിക ക്രമക്കേട് കേസുകൾ ഒന്നിനുപിറകെ മറ്റൊന്നായി ഫയൽ ചെയ്തു. റെയ്ഡുകളും നടന്നു. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ റിസോർട്ടിൽ താമസിപ്പിച്ചതു മുതൽ ഡികെയോടു പകപോക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു.

ബിജെപിയിലേക്കു കൂറുമാറാൻ 30 കോടി രൂപയും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തതായി കർണാടക കോൺഗ്രസ് വനിതാ വിഭാഗം അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കർ എംഎൽഎ വെളിപ്പെടുത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ. 15 ദിവസത്തിനകം സംസ്ഥാന രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ സതീഷ് ജാർക്കിഹോളി തുറന്നടിച്ചതും ഇതേ മാസം. സഹോദരനും മന്ത്രിയുമായ രമേഷ് ജാർക്കിഹോളിക്കൊപ്പം 12 എംഎൽഎമാർ ഉണ്ടെന്നും സതീഷ് അവകാശപ്പെട്ടു. ഭീഷണിയില്ലെന്നും അഞ്ചു ബിജെപി എംഎൽഎമാരെ ദിവസങ്ങൾക്കുള്ളിൽ രാജിവയ്പിക്കാൻ തനിക്കു സാധിക്കുമെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ കലാപം നയിക്കാൻ ജനങ്ങളോട് ആവശ്യപ്പെടാനും തനിക്കു കഴിയുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായി. ഗവർണർക്കും ഡിജിപിക്കും ബിജെപി പരാതി നൽകി. അസ്വാരസ്യങ്ങൾക്കിടയിലും ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്നു കോൺഗ്രസും ജനതാദളും (എസ്) തീരുമാനിച്ചു. എന്നാൽ, മോദി തരംഗത്തിൽ ബിജെപി സീറ്റുകൾ തൂത്തുവാരി. മുൻ പ്രധാനമന്ത്രിയായ എച്ച്.ഡി.ദേവെഗൗഡയെപ്പോലും വിജയിപ്പിക്കാൻ സഖ്യത്തിനായില്ല. വമ്പൻ ഭൂരിപക്ഷത്തിൽ ബിജെപിയും നരേന്ദ്ര മോദിയും കേന്ദ്രത്തിൽ അധികാരത്തുടർച്ച തേടി. ഇതോടെ കർണാടകയുടെ അടിത്തട്ടിൽ വീണ്ടും കനലെരിഞ്ഞു തുടങ്ങി.

ജൂലൈ ആറിന് കോൺഗ്രസ് – ജനതാദൾ (എസ്) ഭരണസഖ്യത്തിലെ 14 എംഎൽഎമാർ രാജിവച്ചതോടെ സർക്കാർ പതനത്തിന്റെ വക്കിലായി. രാജിവച്ചവരിൽ 11 പേർ കോൺഗ്രസാണ്; 3 പേർ ജെഡിഎസും. അതിനു ദിവസങ്ങൾക്കുമുമ്പ് കോൺഗ്രസ് എംഎൽഎ ആനന്ദ്സിങ്ങും രാജി നൽകിയിരുന്നു. രാജിവച്ച 10 എംഎൽഎമാർ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു തിരിച്ചതോടെ റിസോർട്ട് രാഷ്ട്രീയ നാടകങ്ങൾക്കും തുടക്കമായി. രാജി സ്വീകരിക്കാതെ സ്പീക്കർ ഒഴിയാൻ ശ്രമിച്ചപ്പോൾ വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും പിന്നാലെ ഹർജി നൽകി.

വിമത എംഎൽഎമാരെ നിയമസഭാ നടപടികളിൽ പങ്കെടുക്കണമെന്നു നിർബന്ധിക്കാൻ പാടില്ലെന്നും ഇവരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരുന്നു വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പിന് കളമൊരുങ്ങിയത്. കുമാരസ്വാമി പ്രമേയം അവതരിപ്പിച്ചു. ഇതിന്മേലുള്ള ചർച്ച നീണ്ടു. ഗവർണറുടെ ശാസനവും ബിജെപിയുടെ പ്രതിഷേധവും വകവയ്ക്കാതെ ചർച്ചയെന്ന പിടിവള്ളിയിൽ തൂങ്ങി പിടിച്ചുനിൽക്കാനുള്ള സർക്കാരിന്റെ അവസാനശ്രമം.

15 വിമത എംഎൽഎമാരടക്കം 21 പേർ ആദ്യദിവസം സഭാ നടപടികളിൽനിന്ന് വിട്ടുനിന്നു. വെള്ളിയാഴ്ചയും സമവായശ്രമങ്ങളും ചർച്ചയും തുടർന്നു. ശനിയും ഞായറും സഭയുണ്ടായിരുന്നില്ല. മൊബൈൽ ഫോൺ നിഷേധിച്ചും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ബിജെപി സ്വന്തം പക്ഷത്തെ എംഎൽഎമാരെ ‘കൂട്ടിലിട്ടു’. മുംബൈയിലുള്ള വിമത എംഎൽഎമാരെ കോൺഗ്രസിനു ബന്ധപ്പെടാനുമായില്ല. 

ജൂലൈ 23 ബുധനാഴ്ച കർണാടക നിയമസഭയിലെ നിലവിലെ സംഭവവികാസങ്ങളിൽ മനംമടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാൻ തയാറാണെന്നും എച്ച്.ഡി.കുമാരസ്വാമി സഭയിൽ വ്യക്തമാക്കി.. സർക്കാരിന് ഈ അവസ്ഥയിൽ മുന്നോട്ടു പോകാനാകില്ല. വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കാൻ താൽപര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചർച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടർന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടു. സഭയിൽ വിശ്വാസം തെളിയിക്കാനാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ രാജി അനിവാര്യമായി.സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദമുന്നയിച്ചേക്കും. 

വിശ്വാസവോട്ടെടുപ്പിനെ തുടർന്ന് അധികാരത്തിലെത്തിയ സർക്കാർ, ഒരു വർഷത്തിനിപ്പുറം മറ്റൊരു വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് പടിയൊഴിയുന്നു. കർണാടകയിലെ സഖ്യസർക്കാരിനു മുകളിൽ തറഞ്ഞ ആണി, ചോരതെറിപ്പിച്ചതു പക്ഷേ ജനാധിപത്യത്തിന്റെ ശിരസ്സിലാണ്! ഭൂരിപക്ഷം തെളിയിക്കാനാകാതെ കുമാരസ്വാമി സർക്കാർ പടിയിറങ്ങി. കർണാടക നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ്- ദൾ സഖ്യത്തിന് 99 വോട്ടും ബിജെപി പക്ഷത്തിന് 105 വോട്ടും. 

English Summary: HD Kumaraswamy Government Falls; BJP Says 'Game Of Karma'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com