ADVERTISEMENT

കടൽത്തീരങ്ങളും പർവതനിരകളും നിറഞ്ഞ മനോഹര രാജ്യമാണു ഡൊമിനിക്കൻ റിപ്പബ്ലിക്ക്. കരീബിയൻ മേഖലയിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഇപ്പോൾ ‘ദുരൂഹദേശം’ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സഞ്ചാരികൾക്കു നേരെയുള്ള ക്രൂരമായ ആക്രമണങ്ങൾ, വിദേശികൾക്കു പിടിപെടുന്ന രോഗങ്ങൾ, അവിചാരിത മരണങ്ങൾ തുടങ്ങിയവയാണ് ഈ രാജ്യത്തിനുമേൽ ഭയത്തിന്റെ കരിമ്പടം പുതച്ചത്. 2018 ജനുവരിക്കു ശേഷം മാത്രം ഇവിടെ 36 അമേരിക്കൻ ടൂറിസ്റ്റുകൾ മരിച്ചെന്ന വിവരമാണു ലോകത്തെ പേടിപ്പിക്കുന്നത്. ഇരട്ടിയിലേറെപ്പേർ പേക്കിനാവുകളുടെ തടവറയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

തിരിച്ചറിയാനാകാത്ത അസുഖങ്ങൾ ബാധിച്ചാണു മരണങ്ങളിലേറെയും എന്നു ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളം മുതൽ കോസ്മെറ്റിക് സർജറിയിലെ പിഴവു വരെയും മരണകാരണമാണ്. മുൻപു കേട്ടിട്ടില്ലാത്ത പ്രതിഭാസമാണിതെന്നു സഞ്ചാരികളും നാട്ടുകാരും പറയുന്നു. വൈവിധ്യ സമ്പന്നമായ രാഷ്ട്രം എന്നതാണു ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രത്യേകത. മിയാമിയിൽനിന്ന് രണ്ടു മണിക്കൂറും ന്യൂയോർക്കിൽനിന്ന് നാലു മണിക്കൂറും പ്രമുഖ യൂറോപ്യൻ നഗരങ്ങളിൽനിന്ന് എട്ടു മണിക്കൂറും ദൂരമേയുള്ളൂ എന്നതിനാൽ ഇവിടേക്കു സഞ്ചാരികൾ ഒഴുകിയിരുന്നു.

Dominican Republic
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ടൂറിസത്തിന്റെ ഭാഗമായി അണിഞ്ഞൊരുങ്ങുന്ന കലാകാരൻ.

യുഎസിൽനിന്നു മാത്രം 2.7 ദശലക്ഷത്തിലേറെ ടൂറിസ്റ്റുകളാണു വർഷംതോറും വരുന്നത്. പക്ഷേ തുടർച്ചയായുള്ള ദുർമരണങ്ങൾ സഞ്ചാരികളുടെ എണ്ണം കുറച്ചു. രാജ്യത്ത് മുൻവർഷത്തെ അപേക്ഷിച്ച് 74% ഇടിവാണു ടൂറിസത്തിലുണ്ടായത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ബുക്കിങ്ങുകൾ ഭൂരിഭാഗവും റദ്ദാക്കി. മേയിൽ മേരിലാൻഡിൽനിന്നുള്ള രണ്ടുപേരെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതോടെയാണു ഡൊമിനിക്കൻ റിപ്പബ്ലിക്കിനുള്ളിൽ അനുചിതമായതെന്തോ നടക്കുന്നതായി വാർത്ത പരന്നത്. പിന്നീടുള്ള ദിവസങ്ങളിലെ തുടർമരണങ്ങളും സംഭവങ്ങളും ഭീതി ജനിപ്പിച്ചുകൊണ്ടേയിരുന്നു.

ഒരേ ഹോട്ടൽ, താമസക്കാർക്ക് ഒരേ അസുഖം

49കാരി സിന്തിയ ആൻ ഡേ, പ്രതിശ്രുത വരൻ 63കാരൻ നതാനിയേൽ ഹോംസ് എന്നിവർ വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ യാത്രയ്ക്കായി കണ്ടുവച്ചതു ഡൊമിനിക്കൻ റിപ്പബ്ലിക്കായിരുന്നു. മേയ് 25ന് പ്ലായ നോവ റൊമാന റിസോർട്ടിലെ ഗ്രാൻഡ് ബാഹിയ പ്രിൻസിപ്പെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ബോട്ടിങ് നടത്തി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ രണ്ടുപേരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അഞ്ചു ദിവസത്തിനുശേഷം പ്രിൻസ് ജോർജ് കൗണ്ടിയിൽനിന്നുള്ള ഈ ദമ്പതികൾ ഹോട്ടൽ മുറിയിൽ മരിച്ചുകിടക്കുന്ന വിവരമാണു പുറത്തുവന്നത്. ഇതേദിവസം പെൻസിൽവാനിയയിൽ നിന്നുള്ള സൈക്കോതെറപ്പിസ്റ്റ് മിറാൻഡ ഷാഅപ്–വെർണർ (41) ഈ റിസോർട്ടിലെ മറ്റൊരു ഹോട്ടലായ ലക്ഷ്വറി ബാഹിയ പ്രിൻസിപ്പെ ബോഗൻവില്ലെയിലും മരിച്ചു.

Domincan-Republic1
നതാനിയേൽ ഹോംസ്, സിന്തിയ ആൻ ഡേ. ചിത്രം: ഫെയ്‌സ്ബുക്

ഹോട്ടലിലെ മിനിബാറിൽനിന്നു മദ്യപിച്ചശേഷം മുറിയിലെത്തിയപ്പോൾ ഭർത്താവിന്റെ കൺമുന്നിലാണു മിറാൻഡ മരിച്ചുവീണത്. മൂന്നു പേരുടെയും മരണത്തിലെ സമാനത ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചു. സിന്തിയയുടെയും ഹോംസിന്റെയും മുറിയിൽ ആക്രമണങ്ങളുടെ സൂചനകൾ ‍ഒന്നുമില്ല. ഉയർന്ന രക്തസമ്മർദത്തിനു കഴിക്കുന്ന മരുന്നുകളുടെ നിരവധി കുപ്പികൾ ചിതറിക്കിടന്നിരുന്നു. ശ്വാസകോശ പ്രശ്നങ്ങളും ശ്വാസകോശത്തിൽ നീര് കെട്ടുന്ന രോഗാവസ്ഥയുമാണു രണ്ടാളുടെയും മരണമെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. എന്നാൽ ശരീരത്തിൽ വിഷം എത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചശേഷമേ മരണകാരണം കൃത്യമായി പറയാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി. 

ഹൃദയാഘാതത്താലുള്ള മരണമെന്നാണു മിറാൻഡ ഷാഅപ്–വെർണറുടെ വിയോഗത്തെപ്പറ്റിയുള്ള വിവരം. എന്നാൽ അന്നേദിവസം മരിച്ച സിന്തിയയുടെയും ഹോംസിന്റെയും അന്ത്യലക്ഷണങ്ങൾ ഇവരും കാണിച്ചതായി ഡൊമിനിക്കൻ അധികൃതർ പറയുന്നു. മിറാൻഡയ്ക്ക് ഹൃദയപ്രശ്നം ഉള്ളതായി ഭർത്താവ് വെർണർ പറഞ്ഞെന്നാണു ഹോട്ടൽ പുറത്തുവിട്ട പ്രസ്താവനയിലുള്ളത്. എന്നാൽ, ശ്വാസകോശത്തിൽ നീര് കെട്ടി നിന്നതിനെതുടർന്നുള്ള പ്രശ്നങ്ങളാണു മരണകാരണമെന്ന് ഭർതൃസഹോദരൻ ഫോക്സ് ന്യൂസിനോടു പറഞ്ഞു. മരിച്ച മൂന്നുപേരുടെയും ശ്വാസകോശത്തിൽ പ്രത്യേക ദ്രാവകം രൂപപ്പെട്ടതാണു കുഴപ്പങ്ങൾക്കു കാരണമായത്.

സിന്തിയയുടെയും ഹോംസിന്റെയും ശരീരത്തിനുള്ളിൽ, പാൻക്രിയാസിൽ ഉൾപ്പെടെ രക്തസ്രാവം ഉണ്ടായി. ഹോംസിന്റെ ഹൃദയത്തിനു വികാസവും കരളിനു വീക്കവും സംഭവിച്ചു. സിന്തിയയുടെ തലച്ചോറിലും ദ്രാവകം കണ്ടെത്തി. ‘ഒരേ ഹോട്ടലിലെ താമസക്കാർക്ക് ഒരു പോലെ അസുഖം വന്ന് പൊടുന്നനെ മരിച്ചതിൽ പൊരുത്തക്കേടുണ്ട്. ഭയപ്പെടേണ്ടതെന്തോ ഇതിലുണ്ടെന്നാണു കരുതുന്നത്. എന്താണു സംഭവിച്ചതെന്നു ഞങ്ങൾക്കറിയണം. അന്വേഷിച്ചു കണ്ടെത്തണം’– മിറാൻഡയുടെ ഭർതൃസഹോദരൻ ജെയ് മക്ഡൊണാൾഡ് ആവശ്യപ്പെട്ടു. ഈ മരണങ്ങളിൽ മാത്രം ഒതുങ്ങിയെല്ലന്നതാണു ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ കരിനിഴലിലാക്കിയത്.

miranda-schaup-werner
മിറാൻഡ ഷാഅപ്–വെർണർ. ചിത്രം: ട്വിറ്റർ

പെട്ടെന്ന് തകരാറിലായ വൃക്ക

സമാന അനുഭവങ്ങൾ നിരവധിപ്പേർക്കുണ്ടായി. പ്രിയപ്പെട്ടവർ കൺമുന്നിൽ രോഗബാധിതരാകുക, ചികിൽസ ഫലപ്രദമാകാതെ മരിക്കുക തുടങ്ങിയ സംഭവങ്ങൾ ദ്വീപുരാജ്യത്തിലെ ഹോട്ടലുകളിൽ ആവർത്തിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരിക്കുശേഷം ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കു പോയ 16 അമേരിക്കക്കാരെ അകാലമരണം കവർന്നെടുത്തു. ആഡംബര ഹോട്ടലുകളിൽ മുറിയെടുത്തു താമസിച്ചവരെയാണു മരണം തട്ടിയെടുത്തതെന്നു ബന്ധുക്കൾ പറയുന്നു.

മേയിൽ ഭർതൃസഹോദരന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയതാണു ഡോണറ്റ് എഡ്ജ് കാനൻ (38). സൺസ്കേപ് ബാവറോ ബീച്ച് പുന്റ കാന റിസോർട്ടിലാണു താമസിച്ചത്. പൂളിനോടു ചേർന്നുള്ള ബാറിൽനിന്നു മദ്യം രുചിച്ചും കേക്ക് മുറിച്ചും ജന്മദിനം ആഘോഷിച്ചു. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് അത്താഴം കഴിച്ചു. പാട്ടുപാടലും നൃത്തവും അരങ്ങു കൊഴുപ്പിച്ചു. പാതിരാത്രിയോടെ ശുഭരാത്രി നേർന്ന് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോൾ ഡോണറ്റ് അസ്വസ്ഥതയോടെ ഉണർന്നു.

കടുത്ത വയറുവേദന വന്നു നിലവിളി തുടങ്ങിയ ഡോണറ്റ്, മുറിയിലാകെ ഛർദിച്ചു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും വൃക്ക തകരാറിലായിരുന്നു. ഡയാലിസിന് ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ ഡോണറ്റ് മരിച്ചു– കുടുംബം അറിയിച്ചു. വൃക്കയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി നേരത്തെ സൂചനകളിലില്ലായിരുന്നുവെന്നും പെട്ടെന്ന് അസുഖം ബാധിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും ഡോണറ്റിന്റെ സഹോദരി കാൻഡേസ് എഡ്ജ് ജോൺസൺ വിലപിച്ചു. 

ത്രസിപ്പിക്കുന്ന നാട്, പേക്കിനാവിന്റെയും

വടക്ക് അറ്റ്ലാന്റിക് സമുദ്രവും തെക്ക് കരീബിയൻ കടലും അതിരായി കിടക്കുന്ന സ്വർഗരാജ്യമെന്നാണു റിപ്പബ്ലിക്കൻ ഡൊമിനിക്കയുടെ വിശേഷണം. 1,609 കിലോമീറ്റർ നീളത്തിൽ കടൽത്തീരം. 402 കിലോമീറ്ററിൽ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ബീച്ചുകളും റിസോർട്ടുകളും ഹോട്ടലുകളും. സ്പോർട്സ്, വിനോദം എന്നിവയ്ക്കായി വിപുലമായ സംവിധാനങ്ങൾ. ശൃംഗാരച്ചുവയുള്ള സാൽസ ഉൾപ്പെടെ ത്രസിപ്പിക്കുന്ന നൃത്തങ്ങൾക്കുള്ള ഇടം. സാഹസികരെ കാത്തിരിക്കുന്ന ഗിരിശൃംഗങ്ങളും നദികളും. കൊതി പിടിപ്പിക്കുന്ന കാഴ്ചകളുടെ ദേശം പക്ഷേ ഇരുട്ടിന്റെ കോട്ടയിലായോ?

ബീച്ചിനോടു ചേർന്നുള്ള റിസോർട്ടുകളിൽ മരണങ്ങൾ മാത്രമല്ല, ദുഃസ്വപ്നങ്ങളും കാത്തിരിപ്പുണ്ടായിരുന്നു. ജൂണിൽ ഒക്​ലാഹോമിൽനിന്നുള്ള വിദ്യാർഥിസംഘത്തിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. ഡീർ ക്രീക്ക് ഹൈസ്കൂൾ ബിരുദ വിദ്യാർഥി ലിബി മക്​ലോഫ്‍‌ലിൻ ഉൾപ്പെടെ ഏഴുപേരാണ് അസ്വാഭാവിക ലക്ഷണങ്ങളോടെ ആശുപത്രിയിലായത്. കടുത്ത വയറുവേദനയും വയറിളക്കവുമാണു വിദ്യാർഥികളെ കുഴപ്പത്തിലാക്കിയതെന്നാണു ആശുപത്രി അധികൃതർ പറയുന്നത്.

‘എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. വെള്ളത്തിന്റെയാണോ ഐസിന്റെയാണോ ഭക്ഷണത്തിന്റെയാണോ പ്രശ്നം? അതോ വിഷാംശം വല്ലതും അകത്തെത്തിയോ? കുട്ടികളുടെ ആ നേരത്തെ ശരീരചലനങ്ങൾ കണ്ടപ്പോൾ ഭയന്നുപോയി’– ലിബിയുടെ മാതാവ് ലിസ് പറഞ്ഞു. അന്നുരാത്രി ഫയർഫാക്സിൽനിന്നുള്ള അതിഥി ആമി ബുർബാക് ജെൻസനും കുടുംബത്തിനും ഇതേ പ്രശ്നങ്ങളുണ്ടായി. കുടുംബാംഗങ്ങൾക്ക് വയറുവേദനയും അതിസാരവും പിടിച്ചു. ആമിയുടെ മകൻ 18കാരൻ ബെന്നിന്റെ ചേഷ്ടകൾ ഏവരെയും പേടിപ്പിച്ചു. ഭ്രാന്തുപിടിച്ച് കരഞ്ഞ ബെൻ, നിലത്തു കിടന്നുരുണ്ടു. കുറെനേരം ഷവറിനു കീഴിൽ നിലത്തുകിടന്നു. ആരെയും തൊടാൻ സമ്മതിച്ചില്ല. മകന് അനങ്ങാൻ പറ്റുന്നില്ലായിരുന്നെന്നും ആമി ഓർക്കുന്നു.

വലിയ സഞ്ചാരിയായ കലിഫോർണിയയിൽ നിന്നുള്ള റോബർട്ട് വാലസിനും (65) ഇവിടെ വന്നപ്പോൾ അസ്വസ്ഥയുണ്ടായി. ആകാശച്ചാട്ടം ഉൾപ്പെടെ നടത്തി ആരോഗ്യവാനായ വാലസ്, ഡൊമനിക്കൻ റിപ്പബ്ലിക്കിലെ ഹോട്ടൽ മുറിയിൽ കിടന്നപ്പോഴാണു പ്രശ്നങ്ങളാരംഭിച്ചത്. പെട്ടെന്ന് അവശനായി മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാലസ് മൂന്നുദിവസം കഴിഞ്ഞപ്പോൾ മരിച്ചു. ന്യൂമോണിയയും ആന്തരികാവയവങ്ങൾ കൂട്ടത്തോടെ തകരാറിലായതുമാണു മരണകാരണം. ‘ ആരോഗ്യവാനായിരുന്നു അദ്ദേഹം. അസുഖങ്ങളൊന്നുമില്ലായിരുന്നു. മറ്റൊരാൾക്കും ഇങ്ങനെ സംഭവിക്കരുത്. ഞങ്ങൾക്ക് നിരവധി ചോദ്യങ്ങളുണ്ട്’– വാലസിന്റെ ബന്ധു ക്ലോ അർനോൾഡ് ഫോക്സ് ന്യൂസിനോടു പറഞ്ഞു.

മേരിലാൻഡിൽനിന്നുള്ള ഡേവിഡ് ഹാരിസൺ (45) ജൂലൈയിലാണു ടൂറിസ്റ്റായി എത്തിയത്. വയറിലെ അസ്വസ്ഥതയായിരുന്നു ആദ്യം. പിന്നീട് ശ്വാസകോശത്തിലെ നീർക്കെട്ടും ഹൃദയാഘാതവും വന്നു മരണം സംഭവിച്ചു. നേരത്തേയും സമാന സാഹചര്യത്തിൽ വിദേശികൾ മരിച്ചതിനാൽ ഡേവിഡിന്റെ മരണവും അന്വേഷിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ‘അതിഥികളുടെ ആരോഗ്യം, സുരക്ഷ, വൃത്തി എന്നിവയ്ക്ക് ഇപ്പോൾ മാത്രമല്ല തുടക്കം തൊട്ടേ മുന്തിയ പരിഗണനയാണു ഞങ്ങൾ നൽകുന്നത്. എന്നാൽ മരണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല’– ദ് ഹാർഡ് റോക്ക് ഹോട്ടൽ വക്താവ് പറഞ്ഞു.

വില്ലൻ മദ്യമോ മെത്തനോളോ?

മരണവും അസുഖങ്ങളും മാത്രമല്ല, ആക്രമണങ്ങളും ഈ രാജ്യത്തെ നീരാളിക്കൈകളാൽ പിടിമുറുക്കിയിരിക്കുന്നു. യുഎസ് സംസ്ഥാനമായ ഡെലവറിൽനിന്നുള്ള ടാമി ലോറൻസ് ഡാലി എന്ന 51കാരി ആണ് ക്രൂരമായ ആക്രമണത്തിനു വിധേയമായവരിൽ ഒരാൾ. പുന്റ കാനയിലെ മജസ്റ്റിക് എലഗൻസ് റിസോർട്ടിലാണു സംഭവം. റിസോർട്ടിലെ യൂണിഫോം ധരിച്ചൊരാൾ പ്രകോപനമൊന്നുമില്ലാതെ ടാമിയെ ഒരു മണിക്കൂറോളം ആക്രമിക്കുകയായിരുന്നു. മൂക്ക് പൊട്ടി ചോരയൊഴുകി. കയ്യൊടിഞ്ഞു. വായ് മുറിഞ്ഞു. കേൾവിക്കു തകരാറുണ്ടായി. 

tammy-lawrence-daley
ടാമി ലോറൻസ് ഡാലി. ചിത്രം: ഫെയ്‌സ്ബുക്

ആക്രമണത്തെ അപലപിക്കുന്നതിനു പകരം ടാമിയെ അപകീർത്തിപ്പെടുത്താനാണു ഹോട്ടൽ അധികൃതർ ശ്രമിച്ചത്. തനിക്കെതിരായ ആക്രമണത്തിൽ നീതി തേടി മൂന്ന് മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകിയിരിക്കുകയാണ് ടാമി. ഇവർക്കെതിരായ ആക്രമണമുണ്ടായ മേയിൽ, ഇതേ റിസോർട്ടിൽവച്ച് രണ്ടുപേർ ന്യൂ കാസിലിൽനിന്നുള്ള റോബർട്ട് വാക്കറെ രണ്ടുപേർ മർദിച്ചു. നാലു മൈൽ അകലെ, ജൂണിൽ ഓഷ്യൻ ബ്ലൂ ആൻഡ് സാൻഡ് റിസോർട്ടിൽ വിദേശിയെ പീഡിപ്പിച്ച് രണ്ടാംനിലയിൽനിന്ന് പുറത്തെറിഞ്ഞ സംഭവവുമുണ്ടായി. സഞ്ചാരികളെ ഭയപ്പെടുത്തുന്ന തരത്തിൽ റോഡ് അപകട മരണങ്ങളും മുങ്ങിമരണങ്ങളും വെടിവയ്പും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സമീപദിവസങ്ങളിലുണ്ടായി.

മിനിബാറിൽനിന്ന് മദ്യപിച്ചവരാണു ദുരൂഹമായി മരിച്ചവരിലേറെയും. ഇതിനാൽ മദ്യമാണോ വില്ലൻ എന്ന് സംശയമുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഹോട്ടലുകളിൽ വിളമ്പിയ മദ്യങ്ങൾ ഏതെല്ലാം? ആരാണ് വിതരണം ചെയ്തത് തുടങ്ങിയ കാര്യങ്ങൾ പൊലീസും അധികൃതരും അന്വേഷിക്കുന്നുണ്ട്. മദ്യത്തിൽ വിഷവസ്തുക്കൾ ചേർത്തിട്ടുണ്ടോ എന്നതാണു പ്രധാനമായും പരിശോധിക്കുന്നത്.

മരിച്ചവരുടെ അന്ത്യനിമിഷങ്ങൾക്കു മെത്തനോളോ കീടനാശിനിയോ മദ്യത്തിൽ കലർന്നതിന്റെ രോഗലക്ഷണങ്ങളുമായി പൊരുത്തമുണ്ട്. അതാണ് ഈ വഴിക്കുള്ള അന്വേഷണത്തിനു പിന്നിൽ. ഹാർഡ് റോക്ക് ഉൾപ്പെടെയുള്ള ഹോട്ടലുകളിലെ മദ്യങ്ങൾ മാറ്റി. ഭക്ഷണപദാർഥങ്ങൾ പരിശോധിക്കാൻ യുഎസ് ലാബിന്റെ സഹായം തേടിയിരിക്കുകയാണ് ഹോട്ടൽ അധികൃതർ.

Dominican Republic
ഡൊമിനിക്കൻ റിപ്പബ്ലിക് ബീച്ച്

English Summary: Inside the reports of deaths, sickness that have consumed Dominican Republic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com