ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസിലെ നെഹ്‌റുകുടുംബത്തിന്റെ അടുത്ത സുഹൃത്തും രാജ്യസഭാ എംപിയുമായിരുന്ന സഞ്ജയ് സിങ് കോൺഗ്രസിൽ നിന്നു രാജിവച്ചു. നാളെ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയും യുപി മുൻ എംഎൽഎയുമായിരുന്ന അമിത സിങും കോൺഗ്രസിൽ നിന്നു രാജിവച്ചിട്ടുണ്ട്. പ്രഫഷനൽ കോൺഗ്രസിന്റെ യുപിയിലെ നേതാവായിരുന്നു അമിത. 2 തവണ അമേഠിയിൽ നിന്ന് എംഎൽഎ ആയിരുന്നു.

അമേഠി രാജകുടുംബാംഗമായ സഞ്ജയ്, രാജീവ് ഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു. 84–ൽ കോൺഗ്രസിൽ ചേർന്ന സിങ് 88ൽ വിപി സിങിനൊപ്പം പാർട്ടി വിട്ടിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്നു. 2003ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. 98–ൽ ബിജെപി ടിക്കറ്റിൽ അമേഠിയിൽ നിന്നു ജയിച്ചിട്ടുണ്ട്. ’89–ൽ രാജീവ് ഗാന്ധിയോടും ’99ൽ സോണിയ ഗാന്ധിയോടും തോറ്റു.

അസമിൽ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ്സിങിന് അടുത്ത വർഷം വരെ കാലാവധിയുണ്ടായിരുന്നു. രാജി ഉപരാഷ്ട്രപതി സ്വീകരിച്ചതായി സഞ്ജയ് സിങ് പറഞ്ഞു. ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻപുരിൽ നിന്നു മേനകാ ഗാന്ധിയോട് സഞ്ജയ്സിങ് തോറ്റിരുന്നു. 

നേതാവു പോലുമില്ലാത്ത കോൺഗ്രസിൽ ഒന്നും നടക്കുന്നില്ലെന്നും താൻ പാർട്ടി വിട്ടതു കൊണ്ട് കോൺഗ്രസിന് ഒന്നുമുണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വികസനനയങ്ങളിൽ ആകൃഷ്ടനായാണു ബിജെപിയിലേക്കു പോകുന്നത്.

ബാഡ്മിന്റൻ താരം സയ്യിദ് മോഡിയുടെ കൊലപാതകക്കേസിൽ സഞ്ജയ്സിങും അന്ന് മോഡിയുടെ ഭാര്യയായിരുന്ന അമിതയും ആരോപണ വിധേയരായിരുന്നു. പിന്നീട് അമിതയെ സഞ്ജയ് വിവാഹം ചെയ്തു. കേസിൽ നിന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ആദ്യഭാര്യ ഗരിമയിൽ നിന്നു വിവാഹമോചനം നേടിയായിരുന്നു അമിതയുമായുള്ള വിവാഹം. 2017ൽ അമേഠി നിയമസഭാ മണ്ഡലത്തിൽ അമിതയെ തോൽപിച്ചത് ഗരിമ സിങ്ങായിരുന്നു. അമിത 2002ൽ ബിജെപി ടിക്കറ്റിലും 2007ൽ കോൺഗ്രസ് ടിക്കറ്റിലുമാണ് അമേഠിയിൽ നിന്നു ജയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com