ADVERTISEMENT

ലക്നൗ ∙ ഉന്നാവ് പീഡനക്കേസിൽ ഇരയെ നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചതായി തെളിഞ്ഞു. കുല്‍ദീപ് സിങ് ക്യാമറ സ്ഥാപിച്ചത് ഇരയുടെ വീട്ടിലെ ദൃശ്യങ്ങള്‍ക്കായാണ്. അയല്‍ക്കാരനായ  പ്രതിയുടെ വീടിന്‍റെ ചുമരിലാണ് ക്യാമറ കണ്ടെത്തിയത്. ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ഇരയുടെ വീട്ടിലേക്കും. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാകുകയും രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്ത ദുരൂഹ വാഹനാപകടക്കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനും പത്ത് പേർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.

പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് ബന്ധുക്കളുടെ ശവസംസ്കാരം നടന്നു. ഇതിൽ ഒരാൾ പീഡനക്കേസിൽ സാക്ഷി ആയിരുന്നു. അതേസമയം, വെന്റിലേറ്ററിലുള്ള പെൺകുട്ടിയുടെയും അഭിഭാഷന്റെയും ആരോഗ്യനിലയിൽ പുരോഗതിയില്ല.

ഉന്നാവ് കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിനെ സംരക്ഷിക്കാൻ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ശ്രമിക്കുകയാണെന്ന് ആക്ഷേപം ശക്തമായതിനു പിന്നാലെയാണ് ദുരൂഹമായ വാഹനാപകടക്കേസും സിബിഐ ഏറ്റെടുത്തത്. പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിലും പെൺകുട്ടിയുടെ പിതാവ് ജയിലിൽ വച്ച് കൊല്ലപ്പെട്ട കേസിലും ആ കേസിലെ മുഖ്യസാക്ഷി പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിച്ചതിലും സിബിഐ അന്വേഷണം തുടരവേയാണ് നാലാമത്തെ കേസും ദേശീയ ഏജൻസിയെ ഏൽപ്പിക്കുന്നത്.  

അതേസമയം, ലക്‌നൗവിലെ കിംഗ്‌ ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള പെൺകുട്ടിയുടെ നിലയിൽ ആശാവഹമായ പുരോഗതി ഇല്ല. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.  തലച്ചോറിലുണ്ടായ രക്തസ്രവം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽപെട്ട ഇവരുടെ അഭിഭാഷകന്റെയും ആരോഗ്യസ്ഥിതിയും മോശമായി. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പെൺകുട്ടിയുടെ അമ്മാവന് ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. പീഡനം ചോദ്യം ചെയ്തതിനെ തുടർന്ന് കള്ളക്കേസിൽപ്പെടുത്തി അമ്മാവനെ ജയിലിൽ അടച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com