ADVERTISEMENT

വൂഡ്സ്റ്റോക് (കാനഡ) ∙ ശുശ്രൂഷിക്കാനെത്തുന്ന നഴ്സ്, മാലാഖയല്ല മരണത്തിന്റെ ദൂതയായ ‘സീരിയൽ കില്ലർ’ ആണെന്ന് ഒരാൾക്കു പോലും സംശയം തോന്നിയില്ല. എട്ടു പേരെ മനഃപൂർവം മരണത്തിലേക്കു തള്ളിയിട്ടിട്ടും ആരുമറിഞ്ഞതേയില്ല. നഴ്സ് കുറ്റസമ്മതം നടത്തിയതിനാൽ മാത്രം പുറംലോകം അറിഞ്ഞ കൊലപാതകങ്ങൾ. രാജ്യത്തെ ആദ്യ സീരിയൽ കില്ലർ നഴ്സായ എലിസബത്ത് വെറ്റ്ലാഫർ എന്ന 52കാരിയുടെ ചിത്രം കാണുമ്പോൾ കാനഡക്കാരുടെ കണ്ണുകളിൽ ഭയം ഇരച്ചുകയറുന്നു.

മെഡോ പാർക്ക് നഴ്സിങ് ഹോമിൽ 2014ൽ‌ ജോലിയിൽ പ്രവേശിക്കുമ്പോൾ എലിസബത്ത് വെറ്റ്ലാഫറുടെ ബയോഡേറ്റയിലെ റഫറൻസുകളെല്ലാം തിളക്കമുള്ളതായിരുന്നു. നല്ല ജോലിക്കാരി, മിടുക്കിയായ പ്രചോദക, അറിവുള്ള അധ്യാപിക, ഏവർക്കും പ്രിയങ്കരി തുടങ്ങിയ പ്രശംസകളാണ് ഏവർക്കും പറയാനുണ്ടായിരുന്നത്. തെറ്റായ പരിചരണത്തിനും മെഡിക്കൽ വീഴ്ചകൾക്കും അറിവില്ലായ്മയ്ക്കും നിരവധി തവണ നടപടി നേരിട്ടുവെന്നതു സൂപ്പർവൈസർമാർ ഉൾപ്പെടെ ആരും വെളിപ്പെടുത്തിയില്ല.

ആളുമാറി ഇൻസുലിൻ കുത്തിവച്ചെന്ന സംഭവം പോലും മറച്ചുവയ്ക്കപ്പെട്ടു. പെരുമാറ്റത്തിലെ അസ്വാഭാവികത ചിലരിൽ സംശയമുണ്ടാക്കിയപ്പോഴും എലിസബത്തിന്റെ പൂർവകാല ചരിത്രം പരിശോധിക്കപ്പെട്ടില്ല. കൂടെ ജോലി ചെയ്തിരുന്നവരും ഇരുണ്ട ഭൂതകാലത്തെപ്പറ്റി സൂചന നൽകിയില്ല. 2016 മുതൽ ടൊറന്റോയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ എലിസബത്ത് സന്ദർശിച്ചിരുന്നു. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സംശയകരമായ ചില പരാമർശങ്ങളാണു തുമ്പായത്.

ചികിൽസയുടെ ഭാഗമായി, നേരിടുന്ന മാനസിക പ്രയാസങ്ങളെപ്പറ്റി കടലാസി‍ൽ പകർത്താൻ എലിസബത്തിനിനോടു നിർദേശിച്ചു. അങ്ങനെയെഴുതിയ നാലു പേജ് കുറിപ്പിൽനിന്നാണു മെഡിക്കൽ കൊലപാതകങ്ങൾ ചുരുളഴിഞ്ഞത്. ആശുപത്രി അധികൃതർ കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ നഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2007നും 2016നും ഇടയിൽ കാനഡയിലെ ഒൻഡാരിയോയിൽ എട്ട് പ്രായമായ രോഗികളെ കുത്തിവപ്പിലൂടെ കൊന്നു എന്നാണു കേസ്. സംഭവം അന്വേഷിക്കാൻ സർക്കാർ നിയമിച്ച കമ്മിഷണറുടെ കണ്ടെത്തൽ ഏവരേയും ഞെട്ടിച്ചു.

‘എലിസബത്ത് കുറ്റസമ്മതം നടത്തിയതു കൊണ്ടുമാത്രമാണു കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. എട്ടു പേരും അസുഖം കൂടി സ്വഭാവികമായി മരിച്ചതെന്നാണ് ഏവരും വിശ്വസിച്ചിരുന്നത്. നഴ്സിനെപ്പറ്റിയോ അവരുടെ ശുശ്രൂഷയെപ്പറ്റിയോ ആരോപണമുണ്ടായിരുന്നില്ല. ഒൻഡാരിയോയുടെ രോഗീപരിചരണ സംവിധാനത്തിൽ കാലക്രമേണ വന്ന പിഴവുകളാണു സീരിയൽ കില്ലർക്കു വിഹരിക്കാനുള്ള സാഹചര്യമൊരുക്കിയത്. ഇതാവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം.’– കമ്മിഷണർ ഐലീൻ ഇ.ഗില്ലെസെ പറഞ്ഞു.

ഇരകൾ വയോധികർ, ‘വിഷം’ ഇൻസുലിൻ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണു ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നത്. പ്രമേഹ രോഗികൾക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കാറുണ്ട്. ഇങ്ങനെ രക്ഷയേകുന്ന ഇൻസുലിനെയാണ് എലിസബത്ത് സമർഥമായി വിഷമായി മാറ്റിയെടുത്തത്. പ്രായമേറിയവരായിരുന്നു ഇവർ ഇരകളിൽ കൂടുതലെന്നതു കാര്യങ്ങൾ എളുപ്പമാക്കി. 2007 ജൂൺ 25നും ഡിസംബർ 31നും ഇടയിൽ വൂഡ്സ്റ്റോക്കിലെ കെയർസന്റ് കെയർ ഹോമിൽ നഴ്സായി ജോലി നോക്കുമ്പോഴാണ് എലിസബത്തിനെതിരായ ആദ്യ ആരോപണം.

കോൾട്ടിൽഡെ അഡ്രിയാനോ എന്ന 87കാരിക്കാണ് ഇൻസുലിൻ കുത്തിവച്ചത്. ഇവർ 2008 ജൂലൈ 30ന് മരിച്ചു. ഇതേ കാലയളവിൽ അൽബിന ഡെമെഡൈറോസിനെയും എലിസബത്ത് ഇരയാക്കി. 2010 ഫെബ്രുവരി 25ന് 91–ാം ജന്മദിനത്തിൽ അൽബിന മരിച്ചു. 2007 ഓഗസ്റ്റ് 11ന് ജെയിംസ് സിൽകോക്സ് എന്ന 84കാരനെയും കുത്തിവയ്പ്പുകൊലയ്ക്കു വിധേയമാക്കി. രണ്ടാംലോക യുദ്ധത്തിൽ റോയൽ കനേഡിയൻ സൈന്യത്തിൽ അംഗമായിരുന്നയാളാണു സിൽകോക്സ്.

ഡിസംബർ 22നും 23നും ഇടയ്ക്കാണ് അടുത്ത കൊലപാതകം. മൗറിസ് ഗ്രനറ്റിനെ (84) ആണു കുത്തിവച്ചത്. 2008 ജനുവരി ഒന്നിനും 2009 ഡിസംബർ 31നും ഇടയിൽ മിഖായേൽ പ്രിഡിൽ (63) കുത്തിവയ്ക്കപ്പെട്ടു. 64–ാം വയസ്സിൽ മരിച്ചു. 2008 സെപ്റ്റംബർ ഒന്നിനും ഡിസംബർ 31നും ഇടയിൽ വൈയ്നെ ഹെഡ്ജസിനെ കുത്തിവച്ചു. അടുത്ത ജനുവരിയിൽ 57–ാം വയസ്സിൽ ഹെഡ്ജസ് മരിച്ചു. 2011 ഒക്ടോബർ 13–14 തീയതികളിൽ ഗ്ലാഡിസ് മില്ലാർഡ് (87), 2011 ഒക്ടോബർ 25– 26 തീയതികളിൽ 95കാരി ഹെലെൻ മത്തെസൺ എന്നിവരും കൊല്ലപ്പെട്ടു.

നവംബർ 6–7 തീയതികളിൽ മേരി സുറാവിൻസ്കി (96), 2013 ജൂലൈ 13–14 തീയതികളിൽ ഹെലൻ യങ് (90), 2014 മാർച്ച് 22–28 തീയതികളിൽ മൗറീൻ പിക്കറിങ് (79), ഓഗസ്റ്റ് 23–31 തീയതികളിൽ മെഡോ പാർക്കിൽ അർപദ് ഹൊർവത് (75), 2015 സെപ്റ്റംബർ 1– 30 തീയതികളിൽ ടെൽഫർ പ്ലേസിൽ സാന്ദ്ര ടൗവ്‍ലർ (77), 2016 ഓഗസ്റ്റ് 1– 30 തീയതികളിൽ ഇംഗർസോളിൽ ബെവർളി ബെർത്രാം (68) എന്നിവരുമാണു ഇൻസുലിൻ കുത്തിവയ്പ്പിനെ തുടർന്നു മരിച്ചതെന്നു പൊലീസ് പറഞ്ഞു. 14 മരണങ്ങളാണു സംശയകരമായിട്ടുള്ളത്. തെളിവുകളുടെ പിൻബലത്തിൽ എട്ടെണ്ണത്തിൽ 2016 ഒക്ടോബർ 25ന് എലിസബത്തിനെതിരെ നരഹത്യയ്ക്കു കേസെടുത്തു.

ചുവപ്പ് തിരമാല ആഞ്ഞടിക്കും

എലിസബത്ത് കുറ്റക്കാരിയാണെന്നു 2017 ജൂൺ ഒന്നിനു കോടതി കണ്ടെത്തി. എങ്ങനെയാണ് ഇത്രയും കൊലപാതകങ്ങൾ ആരുമറിയാതെ നടത്തിയത് എന്നറിയാൻ 2018 ജൂൺ അഞ്ചിന് അന്വേഷണ കമ്മിഷനെ നിയമിച്ചു. 50 സാക്ഷികളിൽനിന്നു മൊഴിയെടുത്തു. 42,000 രേഖകൾ പരിശോധിച്ചു. ബുധനാഴ്ചയാണു അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തിയത്. രോഗികളുടെ ഒറ്റയടിക്കുള്ള മരണമല്ല എലിസബത്ത് മിക്കപ്പോഴും ആഗ്രഹിച്ചത്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ്, അസുഖം മൂർച്ഛിച്ചുള്ള മരണമാണെന്നു ബന്ധുക്കളും ആശുപത്രി അധികൃതരും വിശ്വസിക്കുന്ന തരത്തിലുള്ള കൊലകളാണ് ആസൂത്രണം ചെയ്തത്. തനിക്കെതിരെ സംശയക്കണ്ണുകൾ നീളാതിരിക്കാൻ ഇൻസുലിനെ ‘സ്ലോ പോയിസൺ’ ആയാണ് എലിസബത്ത് ഉപയോഗിച്ചത്.

ആവശ്യമില്ലാത്ത രോഗിക്ക് ഇൻസുലിൻ കുത്തിവയ്ക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ തോതിൽ താഴേക്കു പോകും. ഇതേ കാരണത്താലാണു എട്ടുപേരും മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പൊലീസിനോട് ഓരോ മരണത്തെപ്പറ്റിയും എലിസബത്ത് പിന്നീടു വിശദീകരിച്ചു. ‘2007ൽ വിവാഹബന്ധം തകർന്നപ്പോൾ എല്ലാത്തിനോടും ദേഷ്യമായി. ജോലിയോടും ജീവിതത്തോടും വെറുപ്പ്. ചില നേരങ്ങളിൽ ‘ചുവപ്പ് തിരമാല’ ഉള്ളിൽ ആഞ്ഞടിക്കുന്നതായി തോന്നും. അപ്പോഴാണ് മറ്റുള്ളവരുടെ ജീവനെടുക്കുന്നത്. ഓരോ കൊലപതാകവും വലിയ മനഃസുഖം സമ്മാനിച്ചു’– എലിസബത്തിന്റെ വാക്കുകൾ.

Elizabeth-Wettlaufer
എലിസബത്ത് വെറ്റ്ലാഫർ

1995ൽ നഴ്സായപ്പോൾ മുതൽ എലിസബത്തിന്റെ പെരുമാറ്റത്തിൽ ദുഃസൂചനകൾ ഉണ്ടായിരുന്നതായി സഹപാഠികൾ പറഞ്ഞു. ഉൽകണ്ഠാ രോഗത്തിനുള്ള മരുന്നുകൾ മോഷ്ടിച്ചതിനും അതു കഴിച്ച് ഉന്മാദാവസ്ഥയിലായതിനും ഒൻഡാരിയോ ആശുപത്രിയിൽനിന്ന് ഇവരെ പുറത്താക്കിയിരുന്നു. നഴ്സുമാരുടെ യൂണിയന്റെ പ്രതിഷേധമുണ്ടാകാതിരിക്കാൻ, വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പുറത്താക്കുന്നു എന്നാണ് നഴ്സിങ് ഹോം നോട്ടിസിൽ പറഞ്ഞത്. ‘എലിസബത്ത് ജയിലിലായി എന്നതിനർഥം നമ്മുടെ ആരോഗ്യ സംവിധാനം സീരിയർ കില്ലർമാരിൽനിന്നു മുഴുവനായി മോചിതമായി എന്നല്ല. ഒരാളിൽനിന്നു മാത്രം രക്ഷപ്പെട്ടു എന്നാണ്’– കമ്മിഷണർ ഐലീൻ ഇ.ഗില്ലെസെയുടെ വാക്കുകൾ ഒട്ടും ആശ്വാസകരമല്ല കാനഡയ്ക്ക്.

English Summary: Canada Serial Killer Nurse Was Caught Only Because Of Confession: Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com