കാറോടിച്ചത് ശ്രീറാം തന്നെയെന്ന് പൊലീസ് സ്ഥിരീകരണം; സിസിടിവി ദൃശ്യം പുറത്ത്

SHARE

തിരുവനന്തപുരം ∙ സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടസമയത്ത് കാറോടിച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിന്റെ സ്ഥിരീകരണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീറാമും വഫയും ഇതുതന്നെയാണ് പൊലീസിൽ അറിയിച്ചതെന്നും കമ്മിഷണർ പറഞ്ഞു. കാറോടിച്ചിരുന്നത് വഫയാണെന്ന് ശ്രീറാമും വഫയും മ്യൂസിയം പൊലീസിന് മൊഴി നൽകിയെന്ന റിപ്പോർട്ടുകൾ തളളിയാണ് കമ്മിഷണറുടെ വിശദീകരണം.

അപകടസമയത്ത് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്നാണ് ദൃക്സാക്ഷികളും പറഞ്ഞിരുന്നത്. കാറിൽ ഇടതുവശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്തെ സിസിടിവി പരിശോധിക്കും. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ എല്ലായിടത്തും സിസിടിവി വയ്ക്കാനാവില്ലെന്നായിരുന്നു കമ്മിഷണറുടെ മറുപടി. അപകടത്തിൽ ഫൊറൻസിക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Car Accident Thiruvandipuram

അപകടത്തിൽപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിൾ എടുക്കാത്തത് വീഴ്ചയായെന്ന വിലയിരുത്തലുണ്ട്. ജനറൽ ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമനെ എത്തിച്ച സമയത്ത് മദ്യപിച്ചതിന്റെ മണം ഉണ്ടായിരുന്നെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. രക്തപരിശോധന നടത്തണമെങ്കിൽ പൊലീസ് ആവശ്യപ്പെടേണ്ടതുണ്ട്. ദേഹപരിശോധന നടത്തണമെന്നു മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും അതു മാത്രമാണ് ചെയ്തതെന്നും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചതായും ഡോക്ടർ പറഞ്ഞു.

കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും പിന്നാലെ അപകടത്തിൽപ്പെടുകയായിരുന്നെന്നും ദൃക്സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷഫീഖ് പറഞ്ഞു. അതേസമയം അപകടത്തിനു ശേഷം പൊലീസ് വഫയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയില്ലെന്നും ആക്ഷേപം ഉയർന്നു.

പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫയെ പൊലീസ് കസ്റ്റഡിയിൽ എടുക്കാതെ ആദ്യം വിട്ടയച്ചു. തുടർന്ന് മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇവരെ ഫോണിൽ വിളിച്ച് വീണ്ടും സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയത്. ഗൾഫിൽ മോഡലിങ് രംഗത്ത് പ്രവർത്തിച്ചു വരികയാണ് വഫ.

മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയിൽ വരികയായിരുന്നു. അപകടത്തിൽ കൈയ്ക്കു പരുക്കേറ്റ ശ്രീറാം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA